SignIn
Kerala Kaumudi Online
Wednesday, 17 June 2026 6.51 AM IST

രോഗങ്ങളുടെ പെരുമഴക്കാലം: ചികിത്സിക്കാൻ ആളില്ല

k

നിപയും ഷിഗെല്ലയും പനിയും ഉൾപ്പെടെ സംസ്ഥാനത്ത് രോഗവ്യാപനം തുടരുമ്പോൾ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ ഉൾപ്പെടെ ആവശ്യത്തിന് ജീവനക്കാരില്ലാത്തത് ആരോഗ്യ മേഖലയിൽ വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നു. ഡോക്ടർമാരും നഴ്സുമാരും അടക്കമുള്ള ജീവനക്കാർ കുടുംബാരോഗ്യ കേന്ദ്രങ്ങളിലും ജില്ല ആശുപത്രികളിലും കുറവാണ്. മറ്റു ജില്ലകളിലെ രോഗികൾ പോലും ആശ്രയിക്കുന്ന കോഴിക്കോട് മെഡിക്കൽ കോളേജിലും ഇതാണ് സ്ഥിതി.

ജീവൻരക്ഷാ മരുന്നുകളും ഉപകരണങ്ങളും ഇല്ലാത്തതിനെ തുടർന്ന് ശസ്ത്രക്രിയ മുടങ്ങുന്ന സാഹചര്യമുണ്ടെന്ന് ഈയിടെ കോഴിക്കോട് സന്ദർശിച്ച ആരോഗ്യ മന്ത്രി കെ. മുരളീധരൻ പറഞ്ഞിരുന്നു. കോഴിക്കോട് നഗരത്തിലും പരിസരത്തുമുള്ളവർ കൂടുതലും ആശ്രയിക്കുന്ന ബീച്ച് ജനറൽ ആശുപത്രിയും കോഴിക്കോട് മെഡിക്കൽ കോളേജും സന്ദർശിച്ച ശേഷമാണിത്. കോടികളുടെ കുടിശികയാണ് മരുന്നു വിതരണ കമ്പനികൾക്ക് നൽകാനുള്ളത്. ഇതേ തുടർന്ന് മെഡിക്കൽ കോളേജിൽ നിന്ന് സൗജന്യമായി നൽകുന്ന മരുന്നുകൾ അർഹരായ രോഗികൾക്കും കിട്ടാതായി. രക്തജന്യ രോഗമായ തലസീമിയ രോഗികൾക്ക് നൽകിവന്നിരുന്ന ഫിൽട്ടർ സെറ്റും ഇപ്പോൾ മെഡിക്കൽ കോളേജിൽ കിട്ടാനില്ല. കരാർ കമ്പനിക്ക് കുടിശിക നൽകാത്തതിനെ തുടർന്നാണിത്. ടെൻഡറിൽ പോലും കമ്പനികൾ പങ്കെടുക്കാത്ത സാഹചര്യമാണ് കോഴിക്കോട് മെഡിക്കൽ കോളേജിലുള്ളത്.

മെഡിക്കൽ കോളേജുകൾ ഒഴികെ ജില്ലയിലുള്ള ആശുപത്രികളിൽ 32 ഡോക്ടർമാർ പുതുതായി വേണമെന്ന് കേരള ഗവ. മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ പറയുന്നു. അസി. സർജ്ജൻ/ചീഫ് മെഡിക്കൽ ഓഫീസർ തസ്തികയിൽ 16 പേർ കൂടി പുതുതായി വേണം. സ്പെഷ്യലിസ്റ്റുകൾ പത്ത് പേരും. അഡ്മിനിസ്ട്രേറ്റീവ് വിഭാഗത്തിൽ ആറു പേരും വേണം. മറ്റു ജില്ലകളിലെയും ഹെൽത്ത് സർവീസിൽ ഇതാണ് സ്ഥിതി. മെഡിക്കൽ കോളേജുകളിലുംഡോക്ടർമാരും നഴ്സുമാരും കുറവാണ്. പുതിയ നിയമനം നടത്താതെ ഫലപ്രദമായ ചികിത്സ തക്ക സമയത്ത് നൽകാനാവില്ല.

കുടുംബാരോഗ്യ കേന്ദ്രങ്ങൾ മുതൽ ജില്ല ജനറൽ ആശുപത്രികൾ വരെ സംസ്ഥാനത്ത് പുതിയ എണ്ണൂറോളം ഡോക്ടർമാരും 7,500 ഓളം നഴ്സുമാരം വേണമെന്നാണ് ഡോക്ടർമാരുടെയും നഴ്സുമാരുടെയും സംഘടനാ ഭാരവാഹികൾ പറയുന്നത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ സർജറി വിഭാഗത്തിൽ മാത്രം എട്ട് ഒഴിവുണ്ട്. നാല് പ്രൊഫസർമാരുണ്ടായതിൽ ഒരാളെ മറ്റൊരിടത്തേക്ക് മാറ്റി. കോഴിക്കോട് മെഡിക്കൽ കോളേജിൽ വേണ്ടത്ര ജീവനക്കാരുണ്ടെന്ന ധാരണയാണ് നിലനിൽക്കുന്നതെന്ന് ഡോക്ടർമാർ പറയുന്നു. ഇതേ തുടർന്ന് മറ്റ് ജില്ലകളിലെ ഒഴിവുകളിലേക്കും ഇവിടെയുള്ളവരെ സ്ഥലം മാറ്റി നിയമിക്കുന്ന പതിവുണ്ട്. കോഴിക്കോടിന് പുറമേ പാലക്കാട്, മലപ്പുറം, വയനാട്, കണ്ണൂർ, തൃശൂർ ജില്ലകളിലുള്ളവരും കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയ്ക്കെത്തുന്നുണ്ട്. ഇത് കൂടി പരിഗണിച്ച് ഇവിടത്തെ പോരായ്മകൾ പരിഹരിക്കണമന്ന ആവശ്യം ശക്തമാണ്.

തുടരുന്നത് പഴയ

സ്റ്റാഫ് പാറ്റേൺ

1960ലെ സ്റ്റാഫ് പാറ്റേണാണ് ഇപ്പോഴും തുടരുന്നത്. കാലം മാറി. ജീവിത ശെെലി രോഗം പെരുകി. രോഗികളുടെ എണ്ണത്തിലും ക്രമാതീതമായ വർദ്ധനവ്. അതിനാൽ രോഗികളുടെ എണ്ണത്തിന് ആനുപാതികമായി ഡോക്ടർമാർ ഉൾപ്പെടെ ജീവനക്കാരെ നിയമിക്കണമെന്ന ആവശ്യം അധികാരികൾ ചെവിക്കൊള്ളുന്നില്ലെന്നാണ് ഡോക്ടർമാരുടെ പരാതി. കെട്ടിടങ്ങളും മറ്റ് പശ്ചാത്തല സൗകര്യങ്ങളും വാർഡുകളുമൊക്കെ മിക്കവാറും ആശുപത്രികളിൽ പുതുതായി തുടങ്ങിയിട്ടുണ്ട്. കേന്ദ്രസർക്കാർ ഫണ്ടുപയോഗിച്ചും ഇത്തരം നിർമ്മാണ പ്രവർത്തനം നടത്തിയിട്ടുണ്ടെങ്കിലും ജീവനക്കാരുടെ തസ്തികകളിൽ മാറ്റമുണ്ടാക്കിയില്ല.

2017ലാണ് തരക്കേടില്ലാത്ത തരത്തിൽ തസ്തിക സൃഷ്ടിക്കൽ നടന്നത്. അതിനു മുൻപ് നേരിയ തോതിൽ നടന്നിരുന്നു. അതിന് ശേഷം രോഗികളുടെ എണ്ണത്തിൽ വലിയ വർദ്ധനവുണ്ടായിട്ടുണ്ട്. വിരമിക്കുന്ന ജീവനക്കാർക്ക് പകരം ആളുകളെ നിയമിക്കുന്നതിലും കാലതാമസമുണ്ടാകുന്നു. കോഴിക്കോട് ഡി.എം.ഒ ഡോ. രാജാറാം വിരമിച്ചെങ്കിലും പകരം നിയമനമായിട്ടില്ല. അഡിഷണൽ ഡി.എം.ഒയ്ക്കാണ് ചുമതല. കോഴിക്കോട് മെഡിക്കൽ കോളേജിൽ 250 പുതിയ നഴ്സുമാർ വേണമെന്ന് കേരള ഗവ. നഴ്സസ് അസോസിയേഷൻ ഭാരവാഹികൾ പറയുന്നു. സ്ഥിരം, താത്കാലിക ജീവനക്കാരടക്കം 700 ഓളം പേരാണ് മെഡിക്കൽ കോളേജിലുള്ളത്. കണ്ണൂർ, കാസർകോട്, വയനാട്, പാലക്കാട്, ഇടുക്കി ജില്ലകളിലാണ് ഡോക്ടർമാർ ഏറ്റവും കുറവുള്ളത്. സംസ്ഥാനത്ത് 14,000 സ്ഥിരം നഴ്സുമാരും 10,000 താത്കാലിക നഴ്സുമാരുമുണ്ട്. 7,500 പേരെങ്കിലും പുതുതായി വേണം. മരുന്നു കമ്പനികൾക്കുള്ള കുടിശ്ശിക കൊടുത്തു തീർക്കുകയും വേണം.

കോടികളുടെ

കുടിശിക

മരുന്ന് കമ്പനികൾക്ക് നൽകാനുള്ള തുകയുൾപ്പെടെ ആറായിരം കോടി ഖജനാവിൽ ബാക്കിവച്ചാണ് തങ്ങൾ അധികാരമൊഴിയുന്നതെന്നാണ് മുൻ ധനമന്ത്രി പറഞ്ഞത്. എന്നാൽ ഖജനാവ് കാലിയാണെന്ന് പുതിയ സർക്കാർ പറയുന്നു.

മരുന്ന് കമ്പനികൾക്ക് 476 കോടിയും കാരുണ്യ പദ്ധതിയിൽ 2017 കോടിയും ഉപകരണങ്ങൾ വാങ്ങിയതിൽ 150 കോടിയും കുടിശികയുണ്ടെന്ന് ആരോഗ്യമന്ത്രി പറഞ്ഞിരുന്നു. കുടിശികയുള്ളതിനാൽ ഉപകരണങ്ങളുടെയടക്കം വിതരണം കമ്പനികൾ നിറുത്തി. മരുന്നുകളുടെ ലഭ്യതക്കുറവിനും ഇത് കാരണമാകുന്നു. കുടിശികയുള്ളതിനാൽ മെഡിക്കൽ സർവീസസ് കോർപ്പറേഷന്റെ ടെൻഡറിൽ പങ്കെടുക്കാൻ രണ്ട് വർഷമായി മരുന്ന് കമ്പനികൾ തയ്യാറാവുന്നില്ല. പ്രശ്നം ഉടൻ പരിഹരിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY