SignIn
Kerala Kaumudi Online
Sunday, 19 July 2026 9.16 PM IST

ആ മുറിവിൽ, മരണത്തിന്റെ ഉപ്പുതേച്ചതാരാണ് ?

manu

അതെ, നമ്മുടെ പൊലീസിന് ഇതെന്തു പറ്റി?. ദേശീയപാതയ്ക്കരികിലെ വനത്തിൽ ചോര വാർന്ന നിലയിൽ കണ്ടെത്തിയ ആദിവാസി ബാലനായ പതിനൊന്നുകാരനെ ഒന്ന് ആശുപത്രിയിൽ കൊണ്ടുപോകാൻ പൊലീസ് അൽപ്പം കരുണ കാണിച്ചിരുന്നെങ്കിൽ പൊൻകുഴി കാട്ടുനായ്ക്ക ഉന്നതിയിലെ ബിനുവിനും ചിക്കിക്കും മകനെ നഷ്ടപ്പെടുമായിരുന്നില്ല. കൃഷ്ണനും മണിക്കും കൂടപ്പിറപ്പിനെ നഷ്ടപ്പെടുമായിരുന്നില്ല. ഇതെന്ത് നാടാണ് ?. കഴിഞ്ഞ ചൊവ്വാഴ്ച കോഴിക്കോട് കൊല്ലഗൽ 766 ദേശീയപാതയിൽ മുത്തങ്ങയ്ക്കടുത്ത പൊൻകുഴിയിലാണ് മനുഷ്യ മനഃസാക്ഷിയെ ഞെട്ടിക്കുന്ന തരത്തിൽ ഒരു ആദിവാസി ബാലന്റെ മരണം ഉണ്ടായത്.

വനമേഖലയിലെ കല്ലൂർ ജി.എച്ച്.എസ്.എസിലെ ആറാം ക്ലാസ് വിദ്യാർത്ഥിയാണ് മനു. ദേശീയപാതയിൽ നിന്ന് മുപ്പത് മീറ്റർ മാത്രം മാറിയുളള വനത്തിലെ നടപ്പാതയിലാണ് മനുവിനെ രക്തം വാർന്ന് അവശനിലയിൽ ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെ കണ്ടെത്തുന്നത്. സൈക്കിളിൽ നിന്ന് തെറിച്ചുവീണ് പരിക്കേറ്റാണ് അപകടമെന്നാണ് പൊലീസ് പറയുന്നത്. സൈക്കിൾ നിയന്ത്രണം വിട്ട് സമീപത്തെ മരക്കുറ്റിയിൽ ഇടിച്ച് കുഴിയിലേക്ക് വീണായിരുന്നു അപകടം.

സ്കൂൾ വിട്ടുവന്ന മനു മറ്റ് രണ്ട് കുട്ടികൾക്കൊപ്പം സൈക്കിളോടിച്ച് കളിക്കുകയായിരുന്നു. മനുവിന് പരിക്കേറ്റ വിവരം ഒപ്പമുണ്ടായിരുന്ന കുട്ടിയാണ് അറിയിച്ചത്. വിവരം അറിഞ്ഞ് ഓടിയെത്തിയ അച്ഛൻ ബിനു കണ്ടത് ചോര വാർന്ന് അവശനിലയിൽ വനത്തിലെ നടവഴിക്കരികെയുള്ള മരത്തിൽ അവശനായി ചാരി ഇരിക്കുന്നതാണ്. തൊട്ടടുത്ത് തന്നെ സൈക്കിളുണ്ടായിരുന്നു, ഒരു ചെരിപ്പും. ഒരു ചെരുപ്പ് കിട്ടിയത് റോഡിൽ നിന്നാണ്. ഉടനെ ആംബുലൻസ് വിളിച്ച ശേഷം മനുവിനെയും തോളിലേറ്റി ബിനു ദേശീയ പാതയ്ക്കരികെയെത്തി. അതുവഴി സുൽത്താൻ ബത്തേരി ഭാഗത്തേക്ക് കടന്നുപോയ മുഴുവൻ വാഹനങ്ങൾക്കും മകനെ തോളിലേറ്റി കൊണ്ട് തന്നെ മനു കൈകാണിച്ചു. ആരും നിറുത്തിയില്ല. അപ്പോഴും ചോര ഒലിച്ച് കൊണ്ടേയിരുന്നു. മകനെയും കൊണ്ട് ദേശീയപാതയ്ക്കരികെ കാത്ത് നിൽക്കുമ്പോഴാണ് ഹൈവേ പൊലീസ് എത്തുന്നത്. വിവരം എന്താണെന്ന് തിരക്കി. മകനെ എങ്ങനെയെങ്കിലും ഒന്ന് ആശുപത്രിയിൽ എത്തിക്കണമെന്ന് ബിനു പൊലീസുകാരോട് യാചിച്ചു. എന്നാൽ ചോര ഒലിക്കുന്നത് കൊണ്ട് ആംബുലൻസ് വരട്ടെയെന്നായി പൊലീസ്. അവർ അപകടം പറ്റിയ കുട്ടിക്കരികെ നിലയുറപ്പിച്ചു. വൈകിട്ട് ആറരയോടെയാണ് ആംബുലൻസെത്തുന്നത്. പൊൻകുഴിയിൽ നിന്ന് പതിനഞ്ച് മിനിറ്റ് കൊണ്ട് സുൽത്താൻ ബത്തേരിയിലെ താലൂക്ക് ആശുപത്രിയിൽ എത്താം. അതിനായാണ് ഒരു മണിക്കൂറോളം പൊലീസ് വാഹനം ഉണ്ടായിട്ടും അതിൽ കൊണ്ടുപോകാതെ ആംബുലൻസിനായി കാത്തുനിന്നത്. ആശുപത്രിയിൽ എത്തുമ്പോഴും മനു സംസാരിക്കുന്നുണ്ടായിരുന്നു.

ഏഴിന് മനുവിനെയും കൊണ്ട് ആശുപത്രിയിലെത്തി. അവിടെയെത്തുമ്പോഴേക്കും മനു അവശനായി. അതിനിടെ തനിക്ക് ചോറ് വേണമെന്ന് മനു അച്ഛൻ ബിനുവിനോട് ആവശ്യപ്പെട്ടു. മകന്റെ ആഗ്രഹ പ്രകാരം ചോറ് വാങ്ങാനായി പോകാൻ തയ്യാറെടുത്തപ്പോൾ മനു അച്ഛനോടായി പറഞ്ഞു. ''അല്ലെങ്കിൽ വേണ്ട. അച്ഛൻ എന്റെ അടുത്ത് ഇരുന്നാൽ മതി. എനിക്ക് അച്ഛനെ കണ്ടുകൊണ്ട് ഇരിക്കണം.'' മനു അതുപറഞ്ഞ് അധികം നേരമായില്ല. ഏവരെയും സങ്കടക്കത്തിലാഴ്ത്തി ഈ ലോകത്തോട് വിടപറഞ്ഞു.

 ആരാണ് മരണത്തിന് ഉത്തരവാദി?

ഇനി പറയൂ, ഈ മരണത്തിന് ആരാണ് ഉത്തരവാദി?. മനുവിന്റെ അവസ്ഥ കണ്ടയുടൻ തന്നെ ഡ്യൂട്ടി ഡോക്ടർ ചോദിച്ചു.''ഒരു അഞ്ച് മിനിറ്റ് മുമ്പെങ്കിലും എത്തിച്ചിരുന്നെങ്കിൽ.....''മനുവിന്റെ അച്ഛൻ ബിനു പൊട്ടിക്കരഞ്ഞു. അവർക്ക് അതിന് പോലും അവകാശമില്ല. കാരണം സമൂഹത്തിന്റെ ഏറ്റവും അടിത്തട്ടിലുളള കാട്ടുനായ്ക്ക വിഭാഗത്തിൽപെട്ടവരാണ് ഇവർ. പുറം ലോകത്തുളളവരുമായി അധികമൊന്നും അടുപ്പമില്ലാത്തവർ. സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് വരാൻ ഭയപ്പെടുന്നവർ. അങ്ങനെയുളള ബിനു ചോര വാർന്ന് ഒലിക്കുന്ന മനുവിനെയും തോളിലേറ്റി ദേശീയ പാതയിൽ മണിക്കൂറുകളോളം പൊലീസ് വാഹനത്തിന് അരികെ, ആംബുലൻസിനായി മണിക്കൂറുകൾ കാത്തിരുന്നത് അത് കൊണ്ടൊക്കെയാണ്. പക്ഷേ അത് മനസിലാക്കാനുളള വിവേകം നമ്മുടെ പൊലീസ് ഏമാന്മാർക്ക് ഇല്ലാതായിപ്പോയി. സ്വന്തം കുഞ്ഞിനെയെങ്കിലും ഒരു നിമിഷം ഓർത്തിരുന്നുവെങ്കിൽ ഇന്ന് മനു നമ്മുടെയൊപ്പം ഉണ്ടാകുമായിരുന്നു. ബിനുവിനും ചിക്കിക്കും മകനെ നഷ്ടപ്പെടില്ലായിരുന്നു. ഇടതുകാലിന്റെ തുടയിലെ മുറിവിൽ നിന്നും രക്തം വാർന്നാണ് മരണമെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്.

''എന്റെ കൊച്ചിനെ പൊലീസുകാർ കൃത്യസമയത്ത് ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിൽ അവൻ മരിക്കില്ലായിരുന്നു. ഞാൻ എത്തുമ്പോൾ രക്തത്തിൽ കുളിച്ചുകിടക്കുകയായിരുന്നു അവൻ. പൊലീസ് ജീപ്പിൽ ആശുപത്രിയിൽ കൊണ്ടുപോകുമോ എന്ന് ഞാൻ ചോദിച്ചപ്പോൾ അവർ അതിന് വഴങ്ങിയില്ല. എനിക്ക് ആവശ്യപ്പെടാനല്ലേ പറ്റൂ. ഞാൻ യാചിച്ചു. കേട്ടില്ല. പിന്നെന്ത് പറയാനാ....'' ബിനു കരഞ്ഞുകൊണ്ട് പറഞ്ഞു.

 സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മിഷൻ

സംഭവം നടന്നിട്ട് ഒരാഴ്ച കഴിഞ്ഞു. ഇതേച്ചൊല്ലി ആരും ഒന്നും മിണ്ടുന്നില്ല. ബിനുവിന്റെ കുടുംബത്തിന് തീരാ നഷ്ടം സംഭവിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാനും നിജസ്ഥിതി അറിയാനും ബിനുവിനും കുടുംബത്തിനും ആഗ്രഹമുണ്ട്. ഉത്തരം കിട്ടാത്ത കുറെ ചോദ്യങ്ങളുണ്ട്. മനുവിന്റെ സൈക്കിളിന്റെ വലത് ബ്രേക്ക് പൊട്ടിയിരുന്നുവെന്നും അത് കൊണ്ടായിരിക്കാം അപകടം ഉണ്ടായതെന്നുമാണ് പൊലീസ് പറയുന്നത്. സൈക്കിളിന്റെ ഹാൻഡിലിൽ ഘട‌ിപ്പിച്ച ഭാഗം മനുവിന്റെ ഇടത്തെ തുടയിൽ തുളഞ്ഞ് കയറി ഞരമ്പ് മുറിഞ്ഞെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. എന്നാൽ ഇത് കുടുംബം വിശ്വസിക്കുന്നില്ല. സൈക്കിൾ ഇടിച്ചതിന്റെയോ മറിഞ്ഞതിന്റെയോ ലക്ഷണങ്ങളൊന്നും സമീപത്ത് കാണാനുമില്ല. സൈക്കിളിന്റെ വലത് ബ്രേക്ക് പൊട്ടിയതല്ലാതെ മറ്റ് കാര്യമായ കേടുപാടുകൾ ഇല്ല. ടയറുകൾക്കോ മറ്റ് ഭാഗങ്ങളിലോ നാശം സംഭവിച്ചിട്ടുമില്ല. പിന്നെന്ത് പറ്റി?. ആർക്കും അറിയില്ല. ഏതായാലും മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. 15 ദിവസത്തിനുളളിൽ റിപ്പോർട്ട് സമർപ്പിക്കാൻ വയനാട് ജില്ലാ പൊലീസ് മേധാവിയോട് ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് ഉത്തരവിട്ടിട്ടുണ്ട്. ആഗസ്റ്റ് 14ന് സുൽത്താൻ ബത്തേരിയിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DEATH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION