SignIn
Kerala Kaumudi Online
Tuesday, 23 June 2026 8.58 PM IST

അമ്മയിലെ തർക്കങ്ങൾ

READ ENGLISH VERSION
amma-association

താരസംഘടനയായ 'അമ്മ'യിലെ അടി നിരാശപ്പെടുത്തുന്നതാണ്. റിലീസ് ചെയ്യുന്നതിന്റെ പിന്നാലെ ആളില്ലാതെ തിയേറ്ററുകളിൽ നിന്ന് സിനിമ മാറ്റുന്നതുപോലെ അധികാരമേറ്റ് വളരെ വൈകാതെ പുതിയ ഭരണസമിതി കൂട്ടമായി രാജിവച്ചിരിക്കുകയാണ്. ഇതൊന്നും ജനങ്ങളെ നേരിട്ട് ബാധിക്കുന്ന കാര്യങ്ങളല്ലെങ്കിലും സമൂഹത്തിലെ സാമ്പത്തികമായി വിഷമത അനുഭവിക്കുന്ന ഒട്ടേറെ നടീനടന്മാരെ സഹായിക്കുന്ന വലിയ ഒരു ക്ഷേമസംഘടന കൂടിയായ അമ്മ തല്ലിപ്പിരിയുന്നത് അത്ര സുഖകരമായ ഒന്നല്ല. അടിസ്ഥാനപരമായ വലിയ പ്രശ്നങ്ങളല്ല; ചെറിയ സൗന്ദര്യപ്പിണക്കങ്ങളും ഈഗോ ക്ളാഷുകളുമാണ് അമ്മയെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. ഇത്തരം പ്രശ്നങ്ങളൊന്നുമില്ലാത്ത ഒരു സംഘടനയും എവിടെയുമില്ല. എന്നാൽ, അത്തരം പ്രശ്നങ്ങൾ ചർച്ചകളിലൂടെയും നേതൃപദവിയിലുള്ളവരുടെ ഇടപെടലുകളിലൂടെയും പരിഹരിക്കപ്പെടുന്നതാണ് ജനാധിപത്യത്തിന്റെ ശക്തിയും സൗന്ദര്യവും. ഈ രണ്ട് ഗുണങ്ങളും അമ്മയ്ക്ക് നഷ്ടപ്പെട്ടിരിക്കുന്നു എന്നതാണ് ഏറ്റവും ഒടുവിലത്തെ സംഭവവികാസങ്ങൾ തെളിയിക്കുന്നത്.

വലിയ തിരക്കുള്ള നായക നിരകളിൽ നിറഞ്ഞു നിൽക്കുന്നവരായിരുന്നു ഇതിനുമുമ്പ് അമ്മയെ നയിച്ചിരുന്നത്. അന്നും പ്രശ്നങ്ങൾ ഉയർന്നിട്ടുണ്ട്. പക്ഷേ അതൊക്കെ അവരുടെ ഇടപെടലുകളിലൂടെയും സഹായങ്ങളിലൂടെയും രമ്യമായി പരിഹരിച്ചിരുന്നു. അമ്മയിൽ പുരുഷാധിപത്യമാണെന്ന ആരോപണങ്ങൾ ഉയർത്തിക്കൊണ്ട് ഒരു സംഘം വനിതാ സിനിമാപ്രവർത്തകർ സംഘടനയിൽനിന്ന് പിരിഞ്ഞുപോയി ഡബ്ളിയു.സി.സി രൂപീകരിക്കുക പോലും ചെയ്തിരുന്നു. നടി ആക്രമിക്കപ്പെട്ട സംഭവമാണ് അതിനൊക്കെ പശ്ചാത്തലമായത്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയുണ്ടായ വിവാദങ്ങളെത്തുടർന്ന് മോഹൻലാൽ പ്രസിഡന്റായ കമ്മിറ്റി ഒഴിഞ്ഞപ്പോഴാണ് താക്കോൽ സ്ഥാനത്ത് വനിതകൾക്ക് പ്രാമുഖ്യമുള്ള പുതിയ ഭരണസമിതി സ്ഥാനമേറ്റത്. മുൻനിര നായക നടന്മാരെ അപേക്ഷിച്ച് താരതമ്യേന തിരക്ക് കുറഞ്ഞവരാകയാൽ ഇവർ 'അമ്മ'യുടെ ഭരണത്തിന് കൂടുതൽ സമയം ചെലവഴിക്കുകയും പുതിയ മാതൃക സൃഷ്ടിച്ച് സംഘടനയെ കൂടുതൽ ഉയരങ്ങളിലേക്ക് നയിക്കുകയും ചെയ്യുമെന്ന പ്രതീക്ഷയാണ് അന്ന് പൊതുവേ ഉയർന്നിരുന്നത്. എന്നാൽ അതെല്ലാം അസ്ഥാനത്താക്കിക്കൊണ്ട് ശ്വേതമേനോൻ പ്രസിഡന്റായ ഭരണസമിതി കൂട്ടത്തോടെ ഒഴിയുകയാണുണ്ടായത്.

ഏതൊരു രംഗത്തെ ഭരണസമിതിക്കും വെല്ലുവിളികൾ നിറഞ്ഞ പ്രശ്നങ്ങൾ നേരിടേണ്ടിവരും. അപ്പോൾ ഭരണസമിതി രാജിവച്ചൊഴിയുന്നത് ഒരു എളുപ്പമാർഗമാണെങ്കിലും അമ്മ എന്ന സംഘടനയുടെ വിശാലമായ താത്‌പര്യങ്ങൾ പരിഗണിക്കുമ്പോൾ അത് ഒരു വൈകാരികമായ തീരുമാനമായിപ്പോയോ എന്ന് ചിലരെങ്കിലും സംശയിക്കാതിരിക്കില്ല. ജനറൽ ബോഡിയോഗം തുടങ്ങുംമുമ്പേ തന്നെ ഭരണസമിതിക്കെതിരെ ചിലർ അവിശ്വാസപ്രമേയത്തിൽ ഒപ്പുശേഖരണം തുടങ്ങിയിരുന്നു. യോഗത്തിൽ ജനറൽ സെക്രട്ടറി കുക്കു പരമേശ്വരൻ വാർഷിക റിപ്പോർട്ടും കണക്കും അവതരിപ്പിച്ചതിന് പിന്നാലെയാണ് തർക്കം മൂത്തത്. ട്രഷററെ ഈ യോഗം വരെ മാറ്റിനിറുത്തിയതിനാലാണ് ജനറൽ സെക്രട്ടറി കണക്ക് അവതരിപ്പിച്ചത്. കണക്കിൽ വ്യക്തതയില്ലെന്ന് സിദ്ദിഖ്, ബാബു‌രാജ്, ഇടവേള ബാബു തുടങ്ങിയവർ ആരോപിച്ചു. കണക്കുകളെപ്പറ്റി അറിയില്ലെന്ന് ട്രഷറർ ഉണ്ണി ശിവപാലും പൊരുത്തക്കേടുകൾ ഓഡിറ്ററും ചൂണ്ടിക്കാട്ടിയതോടെ റിപ്പോർട്ട് അംഗീകരിക്കപ്പെടാത്ത സാഹചര്യം സംജാതമായി.

പിഴവ് തിരുത്താൻ പ്രസിഡന്റ് സമയം ചോദിച്ചെങ്കിലും എതിർഭാഗം അനുവദിച്ചില്ല. ഇതിനിടെ ശ്വേതക്കെതിരെ ബാബുരാജ് കോടികൾ വാങ്ങിയെന്ന ആരോപണം ഉയർത്തി. ഇതേത്തുടർന്നാണ് രാജിവച്ചുകൊണ്ട് സംഘടന കുറ്റാരോപിതർ പിടിച്ചെടുക്കാൻ ശ്രമിക്കുകയാണെന്ന് ശ്വേത ആരോപിച്ചത്. ബാബുരാജ് ഭാരവാഹിയായിരുന്നപ്പോഴുള്ള കണക്കിലാണ് കുഴപ്പമെന്ന് അവർ പറയുകയും ചെയ്തു. രാജിക്ക് പിന്നാലെ രമേഷ് പിഷാരടി കൺവീനറായി ഒൻപതംഗ അഡ്‌ഹോക്ക് കമ്മിറ്റി ചുമതലയേറ്റിരിക്കുകയാണ്. പ്രശ്നങ്ങൾ കൂടുതൽ വഷളാക്കാതെ നോക്കാനും സോഷ്യൽ മീഡിയയിലെ തുറന്നുപറച്ചിലിന് പരിധികൾ സൂക്ഷിക്കാനും അമ്മയിലെ എല്ലാ അംഗങ്ങൾക്കും ഒരുപോലെ ചുമതലയുണ്ട്. അമ്മയിൽ തോറ്റതിന് അങ്ങാടിയിലേക്ക് ഇറങ്ങുന്ന പ്രവണത ആത്യന്തികമായി സംഘടനയുടെ നാശത്തിനേ വഴിവയ്ക്കൂ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AMMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY