SignIn
Kerala Kaumudi Online
Wednesday, 25 March 2026 6.19 PM IST

രണ്ട് ജസ്റ്റിസുമാരുടെ വ്യത്യസ്ത അഭിപ്രായങ്ങൾ

Increase Font Size Decrease Font Size Print Page
a

സുപ്രീംകോടതി ബാർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഡൽഹിയിൽ സംഘടിപ്പിച്ച ചടങ്ങിൽ രണ്ട് സുപ്രീംകോടതി ജഡ്‌ജിമാർ നടത്തിയ പ്രസംഗങ്ങൾ ശ്രദ്ധേയമായ തുടർ ചർച്ചകൾക്ക് വിധേയമാകേണ്ടതാണ്.

കേസുകൾ തീർപ്പാകാതെ കിടക്കുന്നതിൽ വിമർശനം ഉന്നയിക്കുന്ന സർക്കാർ തന്നെ അതിന് കാരണമാകുന്നു എന്നാണ് സുപ്രീംകോടതി ജസ്റ്റിസ് ബി.വി. നാഗരത്ന ചൂണ്ടിക്കാട്ടിയത്. ഒട്ടേറെ ഹർജികളും അപ്പീലുകളും നൽകി കേസുകളുടെ ബാഹുല്യത്തിന് സർക്കാരും കാരണമാകുന്നു. എല്ലാ കേസിലും അപ്പീൽ നൽകുകയെന്നത് സർക്കാർ ഉദ്യോഗസ്ഥർക്ക് സ്ഥിരം രീതിയായി മാറിയിരിക്കുന്നു. ഇന്ന് ഫയൽ ചെയ്ത കേസ് നാളെ മുതൽ തീർപ്പാകാത്ത കേസുകളുടെ കൂട്ടത്തിലാണ് ഉൾപ്പെടുത്തുന്നതെന്നും ജസ്റ്റിസ് നാഗരത്ന പറഞ്ഞു.

രാഷ്ട്രീയത്തിന്റെ പേരിലുള്ള വേർതിരിവുകളും പ്രതികാരവും മറ്റുമാണ് പല പ്രമുഖ സ്ഥാനങ്ങളിലിരിക്കുന്നവർക്കെതിരെയും നിയമ നടപടികളുമായി മുന്നോട്ട് നീങ്ങാൻ അതാത് സർക്കാരുകളെ പ്രേരിപ്പിക്കുന്നത്. ഭരിക്കുന്ന കക്ഷി മാറിയത് കൊണ്ട് സർക്കാരിന്റെ ഈ പൊതുസ്വഭാവത്തിന് മാറ്റം വരാറില്ല. ഗവർണറുടെ ഉത്തരവ് പ്രകാരം സാങ്കേതിക സർവകലാശാലയുടെ വി.സിയായി സ്ഥാനമേറ്റെടുത്ത സിസാ തോമസിന് പെൻഷൻ ആനുകൂല്യങ്ങൾ നൽകാതെ തടഞ്ഞുവച്ച നടപടി സർക്കാർ നടത്തുന്ന ഇത്തരം അനാവശ്യ നിയമ വ്യവഹാരങ്ങൾക്ക് എവിടെയും ഉയർത്തിക്കാട്ടാൻ പറ്റുന്ന ഉത്തമമായ ഒരു ഉദാഹരണമാണ്. അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവിട്ടിട്ട് പോലും അവർക്ക് അർഹതപ്പെട്ട ആനുകൂല്യങ്ങൾ സർക്കാർ നൽകിയില്ല. അവസാനം ഹൈക്കോടതിയുടെ അന്ത്യശാസനം വേണ്ടിവന്നു ആനുകൂല്യം അനുവദിക്കാൻ. രാഷ്ട്രീയ വൈര്യത്തിന്റെ പേരിൽ ന്യായമായ ആനുകൂല്യം നിഷേധിക്കുകയും അപ്പീലിനുമേൽ അപ്പീലുകളുമായി കോടതികൾ കയറിയിറങ്ങി സമയം ദീർഘിപ്പിക്കുകയും ചെയ്യുന്ന ഈ പ്രവണത ആദ്യം അവസാനിപ്പിക്കേണ്ടത് തിരഞ്ഞെടുക്കപ്പെട്ട ജനകീയ സർക്കാരുകളാണ്. ഇത് എൽ.ഡി.എഫ് സർക്കാരിന്റെ മാത്രം പ്രത്യേകതയല്ല. രാഷ്ട്രീയമായി എതിർചേരിയിൽ നിൽക്കുന്നവരെ ഒതുക്കാൻ രാഷ്ട്രീയ ഭേദമന്യെ എതു സർക്കാരും പയറ്റുന്ന മുറകളാണ്. ഈ പശ്ചാത്തലത്തിൽ ജസ്റ്റിസ് നാഗരത്നയുടെ അഭിപ്രായം സർക്കാരുകൾ ഒരു സ്വയം വിമർശനത്തിനും ആത്മവിമർശനത്തിനും ഉതകിയാൽ അത് ജനാധിപത്യ മൂല്യങ്ങളെ കൂടുതൽ ശക്തിപ്പെടുത്തുന്നതായി മാറുമെന്നതിൽ സംശയമില്ല.

സുപ്രീംകോടതി ബാർ അസോസിയേഷന്റെ ചടങ്ങിൽ തന്നെ പങ്കെടുത്തുകൊണ്ട് വികസിത ഭാരതത്തിൽ ജുഡിഷ്യറിയുടെ പങ്ക് എന്ന വിഷയത്തിൽ പ്രസംഗിച്ച സുപ്രീംകോടതി ജസ്റ്റിസ് ഉജ്ജ്വൽ ഭുയാൻ ചൂണ്ടിക്കാണിച്ചത് ജാമ്യം അനുവദിക്കുന്നതിൽ കോടതികൾ പുലർത്തുന്ന തെറ്റായ സമീപനത്തെക്കുറിച്ചാണ്. നിസ്സാരമായ കുറ്റങ്ങളുടെ പേരിൽ ജാമ്യം നിഷേധിക്കുന്ന പ്രവണത രാജാവിനേക്കാൾ വലിയ രാജഭക്തി പ്രകടിപ്പിക്കുന്നതിന് തുല്യമാണെന്നും കോടതികൾ ഇത്തരം സമീപനം പുലർത്താൻ പാടില്ലെന്നുമാണ് അദ്ദേഹം അർത്ഥശങ്കയ്ക്കിടയില്ലാത്തവിധം ചൂണ്ടിക്കാട്ടിയത്. നിരോധനം ലംഘിച്ച് പ്രകടനം നടത്തുന്ന വിദ്യാർത്ഥികൾക്ക് വരെ ജാമ്യം നിഷേധിക്കപ്പെടുന്നു. സർക്കാരുകളെ വിമർശിക്കുന്ന പോസ്റ്റുകളിട്ടതിന്റെ പേരിലും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യപ്പെടുന്നു. രാജാവിനേക്കാൾ വലിയ രാജഭക്തി പുലർത്തുന്ന ചിലർ ജഡ്ജിമാരായി ഉള്ളതിനാലാണ് ചിലർക്ക് ജാമ്യം ലഭിക്കാതെ ദീർഘകാലം വിചാരണ തടവുകാരായി കഴിയേണ്ടിവരുന്നത്. 2019നും 2023നും ഇടയിൽ ഭീകരവിരുദ്ധ നിയമമായ യു.എ.പി.എ പ്രകാരം ആയിരങ്ങളാണ് അറസ്റ്റിലായത്. ഇതിൽ ശിക്ഷിക്കപ്പെട്ടത് വെറും 5 ശതമാനത്തിൽ താഴെ മാത്രം. മാത്രമല്ല ഇത്തരം കേസുകൾ പോലും സുപ്രീംകോടതി വരെ എത്തുന്ന സ്ഥിതിയാണ് നിലവിലുള്ളത്. ഇത് തീർച്ചയായും ഒഴിവാക്കപ്പെടേണ്ടതാണ് എന്നാണ് ജസ്റ്റിസ് ഉജ്ജ്വൽ ഭുയാൻ അഭിപ്രായപ്പെട്ടത്.

രണ്ട് ജസ്റ്റിസുമാരുടെയും വ്യത്യസ്ത അഭിപ്രായങ്ങൾ ഇന്ത്യൻ ജുഡിഷ്യറിക്ക് പുതിയ ദിശാബോധം പകരാൻ ഉതകുന്നത് തന്നെയാണ്.

TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.