SignIn
Kerala Kaumudi Online
Friday, 27 March 2026 7.51 PM IST

വൈദ്യുതി ബില്ലിന് തീപിടിക്കുമ്പോൾ

Increase Font Size Decrease Font Size Print Page
a

ലോകം ഒരു കാൽപ്പന്തോളമല്ല,​ കൈവെള്ളയിലെ നെല്ലിക്കയോളം ചുരുങ്ങിയ കാലത്താണ് നമ്മുടെ ജീവിതമെന്ന് നിത്യവും ഓ‌ർമ്മിപ്പിക്കുന്നതാണ് പശ്ചിമേഷയിൽ അവസാനമില്ലാതെ തുടരുന്ന സംഘർഷം. യു.എസും ഇസ്രയേലും ഇറാനും കൂടി നടത്തുന്ന അസംബന്ധനാടകത്തിൽ നമുക്ക് പ്രത്യേകിച്ച് ഒരു വേഷവും ഇല്ലാതിരിക്കെ,​ പാചകവാതക ക്ഷാമം കാരണം അടുക്കള മുടങ്ങുന്നതും,​ അതുകാരണം വൈദ്യുതി സ്റ്റൗവിലേക്ക് പാചകം മാറ്രേണ്ടിവരുന്നതും,​ അതിനാൽ സംസ്ഥാനത്തിന്റെ പ്രതിദിന വൈദ്യുതി ഉപഭോഗം കുതിച്ചുയരുന്നതും,​ പുറത്തുനിന്ന് കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങേണ്ടിവന്നാൽ അതിന്റെ ഭാരം പിന്നീട് നമ്മുടെ വൈദ്യുതി ബില്ലിൽ സർചാർജ് ആയി പ്രതിഫലിക്കുന്നതുമൊക്കെ,​ ഏതു ലോകസാഹചര്യവും ഓരോ സാധാരണ മനുഷ്യന്റെയും ജീവിതത്തെ എങ്ങനെയെല്ലാം ബാധിക്കുമെന്നതിന്റെ പ്രത്യക്ഷമായ അനുഭവമാണ്.

ഹോട്ടലുകൾ പൂട്ടുന്നു,​ വിമാന യാത്രാ നിരക്ക് വർദ്ധിക്കുന്നു,​ സ്വർണവില കുതിക്കുന്നു,​ പെട്രോൾ- ‌ഡീസൽ വില ഉയർന്നേക്കുമെന്ന് ആശങ്ക പടരുന്നു... ഒരു ചക്രവ്യൂഹത്തിൽ നിന്ന് രക്ഷപ്പെടാനാകാത്ത വണ്ണം യുദ്ധം വിദൂരരാജ്യങ്ങൾക്കു മേൽ പോലും അതിന്റെ അദൃശ്യമായ വിരലുകൾകൊണ്ട് വേവലാതിയുടെ ഇരുണ്ട ചിത്രം വരയ്ക്കുകയാണ്. എൽ.പി.ജി സിലിണ്ടർ നിയന്ത്റണവും,​ വൈദ്യുതി ഉപോഭാഗത്തിലെ കുതിച്ചുകയറ്റവുമാണ് പശ്ചിമേഷ്യൻ യുദ്ധസാഹചര്യം മലയാളിക്കു മേൽ ഇടിത്തീവീഴ്‌ത്തുന്നതിന്റെ ആദ്യ മാതൃകകൾ. ഗ്യാസ് ക്ഷാമം പേടിച്ച് പാചകത്തിന് ഇൻഡക്ഷൻ കുക്കറുകൾ വ്യാപകമായി ഉപയോഗിക്കുന്നതു മാത്രമല്ല,​ കൊടുംവേനലിലെ ഉഷ്ണത്തിന്റെ കാഠിന്യം കാരണം എയർ കണ്ടിഷണറുകളുടെ ഉപയോഗം കൂടിയതും ചേർന്നാണ് സംസ്ഥാനത്തിന്റെ വൈദ്യുതി ഉപഭോഗത്തെ സർവകാല റെക്കാഡിൽ എത്തിച്ചിരിക്കുന്നത്.

'വൈദ്യുതിക്ക് തീപിടിക്കുന്നു" എന്ന ശീർഷകത്തിൽ ഇന്നലെ ഒന്നാംപേജ് മുഖ്യവാർത്തയായി ഞങ്ങൾ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ,​ ഇക്കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ട് ആറു മുതൽ രാത്രി 10 വരെയുള്ള പീക്ക് സമയത്തെ ഉപഭോഗം 5621 മെഗാവാട്ട് ആണെന്ന് വ്യക്തമാക്കിയിരുന്നു. അതേ റിപ്പോർട്ടിൽത്തന്നെ,​ പീക്ക് സമയത്തെ വൈദ്യുതി ഉപഭോഗത്തിലെ എന്നത്തെയും റെക്കാഡ് 2024 മേയ് മാസത്തിലെ 5797 മെഗാവാട്ട് ആണെന്നും കണക്ക് നല്കിയിട്ടുണ്ട്. എന്നാൽ,​ ഇക്കഴിഞ്ഞ ബുധനാഴ്ച ആയപ്പോഴേക്കും നമ്മുടെ വൈദ്യുതി ഉപഭോഗം 5802 മെഗാവാട്ട് എന്ന സർവകാല റെക്കാഡിൽ എത്തിയിരിക്കുകയാണ്. വെന്തുരുകുന്ന ഏപ്രിലും മേയ് മാസവും ബാക്കി കിടക്കെയാണ്,​ മാർച്ച് അവസാനവാരം തന്നെ ഇപ്പോഴത്തെ 'കറണ്ട് തീറ്റ"യെന്ന് ഓർക്കണം! വർഷാവർഷം വൈദ്യുതി ഉപഭോഗം വർദ്ധിച്ചുവരികയാണെങ്കിലും ബദൽ ഊർജ്ജ സ്രോതസുകൾ വികസിപ്പിച്ചെടുക്കുന്നതിൽ വൈദ്യുതി ബോർഡ് കാട്ടുന്ന അമാന്തത്തിനു പിന്നിൽ ഒറ്റക്കാരണമേയുള്ളൂ- അധികവിലയ്ക്ക് പുറത്തുനിന്ന് വൈദ്യുതി വാങ്ങി,​ ആ നഷ്ടം സർചാർജ് ആയി ഉപഭോക്താക്കളുടെ ചുമലിൽ വച്ചുകൊടുക്കുന്നതാണ് ബോ‌ർഡിന് ലാഭം!

അല്ലെങ്കിൽ,​ സൗരോർജ്ജം ഉപയോഗിച്ചു മാത്രം പൂർണമായും പ്രവർത്തിക്കുന്ന ലോകത്തെ ഏറ്റവും വലിയ രാജ്യാന്തര വിമാനത്താവളം നെടുമ്പാശേരി എയർപോർട്ട് ആയിരിക്കെ,​ പുരപ്പുറ സോളാർ പദ്ധതിയോടു പോലും കെ.എസ്.ഇ.ബി മുഖംതിരിക്കുന്നത് എന്തുകൊണ്ടാണ്?​ വയനാട്ടിലെ ബാണാസുര സാഗർ റിസർവോയറിൽ വിജയകരമായി പ്രവർത്തിക്കുന്ന ഫ്ളോട്ടിംഗ് സോളാർ പ്ളാന്റ് പ്രതിദിനം ഉത്പാദിപ്പിക്കുന്നത് 500 കിലോവാട്ട് വൈദ്യുതിയാണ്. ഈ മാതൃകയിൽ സംസ്ഥാനത്തെ മറ്റ് അണകളിലും ഫ്ളോട്ടിംഗ് സോളാർ പ്ളാന്റുകൾ സ്ഥാപിക്കുമെന്ന് വർഷങ്ങൾക്കു മുമ്പേ നടത്തിയ പ്രഖ്യാപനം പോലും എങ്ങുമെത്താതെ കിടക്കുന്നത് എന്ത്?​ നിർമ്മാണം മുക്കാലും കഴിഞ്ഞ നിലയിൽ,​ പാതിവഴിയിൽ ഉപേക്ഷിക്കപ്പെട്ട ജലവൈദ്യുതി പദ്ധതികളും വേണ്ടത്രയുണ്ട്. ഇത്തരം ചെറുകിട ജലവൈദ്യുതി,​ സൗരവൈദ്യുതി പദ്ധതികൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കിയാൽ പുറംവൈദ്യുതിയുടെ നിരക്കുഭാരം ഒഴിവാക്കാവുന്നതേയുള്ളൂ.

TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.