SignIn
Kerala Kaumudi Online
Tuesday, 26 May 2026 12.46 PM IST

സ്വയംഭൂവായ ശിവലിംഗം,​ വർഷത്തിൽ മൂന്നു ഉത്സവങ്ങൾ നടക്കുന്ന അപൂർവ ക്ഷേത്രങ്ങളിലൊന്ന്

thirunaklkra

കോട്ടയത്തെ പ്രശസ്തമായ ക്ഷേത്രങ്ങളിൽ ഒന്നാണ് തിരുനക്കര മഹാദേവ ക്ഷേത്രം. അഞ്ഞൂറു വർഷം പഴക്കമുള്ള ഈ ക്ഷേത്രം കോട്ടയം നഗരത്തിന്റെ ഹൃദയ ഭാഗത്താണ് സ്ഥിതി ചെയ്യുന്നത്. പതിനാറാം നൂറ്റാണ്ടിൽ തെക്കുംകൂർ രാജാവാണ് ക്ഷേത്രം പണികഴിപ്പിച്ചത്. പരശുരാമൻ പ്രതിഷ്ഠ നടത്തിയ 108 ശിവക്ഷേത്രങ്ങളിൽ ഒന്നാണിത്. തിരുനക്കര തേവർ എന്നാണ് ശിവൻ അറിയപ്പെടുന്നത്.

സ്വയംഭൂവാണ് ഇവിടുത്തെ ശിവലിംഗം. സ്വർണ അങ്കി കൊണ്ട് അതിനെ പൊതിഞ്ഞിരിക്കുന്നു. ഇടതുവശത്ത് പാർവതീ വിഗ്രഹമുണ്ട്. വരദവും ശൂലവും കപാലവും അഭയവും ധരിച്ച മഹാദേവനാണ് ഇവിടെയുള്ളത്. നാല് കൈകളിൽ ഒരു ഇടത്തേ കൈയിൽ ചെന്താമരപ്പൂവുണ്ട്. ഇടത് വശത്തിരിക്കുന്ന ശ്രീപാർവതി ദേവിയെ ആലിംഗനം ചെയ്തിരിക്കുന്നു എന്നതാണ് മൂർത്തീ സങ്കല്പം. ആണ്ടു തോറും മൂന്നു തവണ ഉത്സവം നടത്തിവരുന്ന അപൂർവ്വം ചില ക്ഷേത്രങ്ങളിൽ ഒന്നാണിത്. പൈങ്കുനി, അൽപശി, ആനി ഉത്സവങ്ങളാണിത്

പൈങ്കുനി ഉത്സവകാലത്ത് വൻ ഭക്തജനതിരക്കാണ്. ശിവലിംഗം കണ്ട സ്ഥലത്ത് ജ്യോതിഷ വിധിപ്രകാരം ഒരു മീനം ഒന്നിന്ന് ക്ഷേത്രം നിർമ്മിച്ച് പ്രതിഷ്ഠാകലശം നടത്തിയതിന്റെ വാർഷിക ആഘോഷമാണ് പൈങ്കുനി ഉത്സവം.

പള്ളിവേട്ട ദിവസമാണ് തിരുനക്കര പകൽപൂരം. എട്ടാം ഉത്സവദിവസത്തിൽ നടത്തിവരുന്ന വലിയ വിളക്ക് തിരുനക്കര പ്രദേശവാസികളുടെ ദേശവിളക്കാണ്. ഒൻപതാം ഉത്സവ ദിവസത്തെ പള്ളിവേട്ടയ്ക്ക് പിറ്റേന്നാണ് തിരുനക്കര മഹാദേവന്റെ ആറാട്ട്. ഇവിടെ വടക്കുംനാഥന്റെ ഉപദേവാലയം ഉണ്ട്. വടക്കുംനാഥ സാന്നിദ്ധ്യമുള്ളതു കൊണ്ടാണ് തിരുനക്കരയിൽ പകൽപൂരം നടത്തുന്നത്.

ഒരു തെക്കുംകൂർ രാജാവിന് വടക്കുംനാഥനോടുണ്ടായ ആരാധനയാണ് തിരുനക്കര ക്ഷേത്ര നിർമ്മിതിക്ക് കാരണം. തെക്കുംകൂർ രാജവംശത്തിന്റെ ഭരണത്തിന്റെ ഒരു ഘട്ടത്തിലാണ് ക്ഷേത്രം പണിതത്. അതിന് മുൻപ് ഇവിടം നക്കരകുന്ന് ആയിരുന്നു. കുന്നുകളും കാടുകളും നിറഞ്ഞ സ്ഥലത്ത് ക്ഷേത്രം വന്നതോടെ ദേവസൂചകമായ തിരുനക്കര ആയിമാറി.

hir

മൂന്ന് ഉത്സവങ്ങൾ


തിരുനക്കര മഹാദേവക്ഷേത്രത്തിൽ ആണ്ടിൽ മൂന്ന് ഉത്സവങ്ങളാണ് . തുലാമാസത്തിൽ അൽപശി ഉത്സവം തൃക്കേട്ട നാളിൽ കൊടിയേറി രണ്ടു ദിവസം നീണ്ടു നിൽക്കും. മീനമാസത്തിൽ പൈങ്കുനി ഉത്സവം: മീനം ഒന്നിന് കൊടിയേറി പത്താം തീയതി ആറാട്ടോടു കൂടി സമാപിക്കുന്നു. പ്രധാന ഉത്സവം ഇതാണ്. മിഥുനമാസത്തിൽ ആനി ഉത്സവം: ഉതൃട്ടാതി നക്ഷത്രത്തിൽ കൊടിയേറി തിരുവാതിര നാളിൽ ആറാട്ട് ഏഴുദിവസം മാത്രം. ഇവയിൽ തുലാത്തിലേയും മിഥുനത്തിലേയും ഉത്സവങ്ങൾ ആർഭാടം കൂടാതെ വൈദികതാന്ത്രിക ചടങ്ങുകൾ മാത്രം യഥാവിധി നിർവ്വഹിച്ച് നടത്തുന്നു. ആറാടുന്നത് തിരുനക്കര ക്ഷേത്രക്കുളത്തിലാണ്. എന്നാൽ പൈങ്കുനി ഉത്സവം ആർഭാടമായി അതത് വർഷം തിരഞ്ഞെടുക്കപ്പെടുന്ന കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തുന്നു. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ചുമതലയിലാണ് ക്ഷേത്രഭരണം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: TEMPLE, SIVALINGAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN SPIRITUAL
PHOTO GALLERY
TRENDING IN SPIRITUAL