മൂലമറ്റം: വാഗമൺ- മൂലമറ്റം റോഡിൽ മൂലമറ്റം തേക്കിൻ കൂപ്പിന് സമീപം ചാക്കിൽ പൊതിഞ്ഞ നിലയിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തി. ഇന്നലെ രാവിലെ റോഡിൽ നിന്ന് 500 മീറ്റർ മാറി കനാലിനോട് ചേർന്നാണ് മൃതദേഹം കണ്ടത്. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ട്. കൊലപാതകമാണെന്ന നിഗമനത്തിലാണ് പൊലീസ്. വാഹനത്തിൽ കൊണ്ടു വന്ന് ഇറക്കി, വലിച്ചു കൊണ്ടു വന്നാണ് മൃതദേഹം ഉപേക്ഷിച്ചതെന്ന് സംശയമുണ്ട്. ആരുടേതാണ് മൃതദേഹമെന്ന് തിരിച്ചറിയാനുള്ള ശ്രമം പൊലീസ് തുടരുകയാണ്. മേലുകാവിൽ നിന്ന് ഒരാളെ കാണാതായതായി മേലുകാവ് പൊലീസ് സ്റ്റേഷനിൽ പരാതിയുണ്ട്. ഇതുമായി ബന്ധമുണ്ടോയെന്ന് പൊലീസ് അന്വേഷിച്ച് വരികയാണ്. പാലാ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ മേലുകാവ് പൊലീസും തൊടുപുഴ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ കാഞ്ഞാർ പൊലീസും സംഭവ സ്ഥലത്തെത്തി പരിശോധനകൾ നടത്തി. തൊടുപുഴ ഡിവൈ.എസ്.പി ഇമ്മാനുവേൽ പോൾ, പാലാ ഡിവൈ.എസ്.പി സദൻ,മേലുകാവ് എസ്.എച്ച്.ഒ അഭിലാഷ്,മുട്ടം എസ്.എച്ച്.ഒ സോൾജി മോൻ എന്നിവർ സ്ഥലത്തെത്തി. മൃതദേഹം കണ്ട സ്ഥലത്ത് ഡോഗ് സ്‌ക്വാഡും ഫോറൻസിക് വിദഗ്ദ്ധരും പരിശോധന നടത്തി. കാഞ്ഞാർ എസ്.എച്ച്.ഒ ശ്യാംകുമാറും സംഘവും ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ് മോർട്ടം നടപടികൾക്കായി ഇടുക്കി മെഡിക്കൽ കോളേജിലേക്ക് മാറ്റി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |