
അഞ്ചാലുംമൂട്: ബൈപ്പാസിൽ കുരീപ്പുഴ പാലത്തിന് സമീപം ഒരേ ദിശയിൽ സഞ്ചരിക്കുകയായിരുന്ന കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു. ബൈക്ക് യാത്രക്കാരനായ വെള്ളിമൺ ചെറുമൂട് ലിജു ഭവനത്തിൽ പരേതനായ രാജുവിന്റെയും ലീലയുടെയും മകൻ ലിജുവാണ് (32) മരിച്ചത്.
കൂടെയുണ്ടായിരുന്ന ആനക്കോട്ടൂർ ആനയം തടവിള വടക്കത്തിൽ സുഭാഷിന് (34) ഗുരുതരമായി പരിക്കേറ്റു. കാർ ഓടിച്ചിരുന്ന കോട്ടയ്ക്കകം കല്ലുവിള വീട്ടിൽ ഹരിശങ്കർ (45) നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഇന്നലെ രാവിലെ 10.30ഓടെയായിരുന്നു അപകടം.
ഹാർബറിൽ ചൂണ്ടയിടാനായി പോവുകയായിരുന്നു ലിജുവും സുഭാഷും. ഇവർ സഞ്ചരിച്ച ബൈക്ക് ബൈപ്പാസിൽ നിന്ന് പുറത്തേക്ക് കടക്കുന്നതിനായി തിരിക്കുന്നതിനിടെ ഒരേ ദിശയിൽ അമിതവേഗതയിലെത്തിയ കാർ ബൈക്കിലേക്ക് ഇടിക്കുകയായിരുന്നു.
തലയ്ക്കും കാലിനും ഗുരുതരമായി പരിക്കേറ്റ യുവാക്കളെ ഉടൻ മൈലാപ്പൂരിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ലിജു വൈകിട്ടോടെ മരിച്ചു. കാറും ബൈക്കും ഭാഗികമായി തകർന്നു. അഞ്ചാലുംമൂട് പൊലീസ് കേസെടുത്തു.
മരിച്ച ലിജുവിന്റെ സഹോദരൻ രഞ്ജിത്ത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |