SignIn
Kerala Kaumudi Online
Friday, 23 October 2026 3.05 PM IST

മോദിയുടെ മൂന്നാമൂഴം, നഷ്ടങ്ങൾ യെച്ചൂരിയും മൻമോഹനും

modi

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മൂന്നാമൂഴത്തിനും,​ അയോദ്ധ്യ രാമക്ഷേത്ര നടതുറക്കുന്നതിനും സാക്ഷിയായ 2024,​ മൻമോഹൻസിംഗ്, സീതാറാം യെച്ചൂരി തുടങ്ങിയവരുടെ സ്‌മരണകളും അവശേഷിപ്പിച്ചാണ് വിടവാങ്ങുന്നത്.

ഏപ്രിൽ 19 മുതൽ ജൂൺ ഒന്നു വരെ ഏഴു ഘട്ടങ്ങളിലായി 44 ദിവസങ്ങളിലായി നടന്ന ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ പ്രക്രിയ പോയ വർഷത്തെ ഏറ്റവും പ്രധാന സംഭവങ്ങളിലൊന്നായിരുന്നു. ബി.ജെ.പി ഉന്നമിട്ട 400 സീറ്റ് ലക്ഷ്യവും കേവല ഭൂരിപക്ഷവും നേടിയില്ലെങ്കിലും,​ മൂന്നാം വട്ടം പ്രധാനമന്ത്രി പദത്തിലെത്തിയ നരേന്ദ്രമോദി ജവഹർലാൽ നെഹ്റുവിന്റെ റെക്കാർഡിനൊപ്പമെത്തി,​ ടി.ഡി.പി, ജെ.ഡി.യു കക്ഷികളുടെ പിന്തുണയോടെ അധികാരത്തുട‌ർച്ച ഉറപ്പിച്ചു.

ബി.ജെ.പിയെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ രൂപീകരിച്ച കോൺഗ്രസ് നേതൃത്വത്തിലുള്ള ഇന്ത്യാ മുന്നണിക്ക് ലക്ഷ്യം പിഴച്ചു. 2019- ലെ 52 സീറ്റിൽ നിന്ന് 99-ലേക്കു കുതിച്ച് ലോക്‌സഭയിൽ പ്രതിപക്ഷ നേതൃസ്ഥാനം നേടിയ കോൺഗ്രസിനു മാത്രം നേട്ടം. വയനാട് മണ്ഡലം കൈയൊഴിഞ്ഞ് ഉത്തർപ്രദേശിലെ പരമ്പരാഗത റായ്ബറേലിയിലെ ജയം സ്വീകരിച്ച കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പ്രതിപക്ഷ നേതാവായി. രാഹുൽ ഒഴിഞ്ഞ വയനാട്ടിൽ നിന്ന് ഉപതിരഞ്ഞെടുപ്പിലെ കന്നിയങ്കത്തിൽ ജയിച്ച സഹോദരിയും എ.ഐ.സി.സി ജനറൽ സെക്രട്ടറിയുമായ പ്രിയങ്കാ ഗാന്ധി ലോക്‌സഭയിലെത്തുകയും ചെയ്തു.

 ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന ഒഡിഷയിൽ ബി.ജെ.പിയും ആന്ധ്രാപ്രദേശിൽ ടി.ഡി.പിയും ഭരണം പിടിച്ചു. ഒഡിഷയിൽ ബി.ജെ.ഡി നേതാവ് നവീൻ പട്‌നായിക്കിന്റെ തുടർച്ചയായ 24 വർഷ ഭരണത്തിന് അന്ത്യം.

 കോൺഗ്രസ്, ശിവസേന(ഉദ്ധവ് താക്കറെ), എൻ.സി.പി (ശരദ് പവാർ) പാർട്ടികളുടെ മഹാവികാസ് അഘാഡിയെ അമ്പരപ്പിച്ച് മഹാരാഷ്‌ട്രയിൽ ബി.ജെ.പി നേതൃത്വത്തിലുള്ള മഹായുതി തുടർഭരണത്തിൽ. ബി.ജെ.പി നേതാവ് ദേവേന്ദ്ര ഫഡ്‌നവിസ് വീണ്ടുംമുഖ്യമന്ത്രി.

 2019-ൽ 370-ാം വകുപ്പ് റദ്ദാക്കിയ ജമ്മു കാശ്‌മീരിൽ പത്തു വർഷത്തിനു ശേഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഒമർ അബ്‌ദുള്ളയുടെ നാഷണൽ കോൺഫറൻസിന്റെ ഉജ്ജ്വല തിരിച്ചുവരവ്.

 ബി.ജെ.പി സർക്കാരിനെതിരായ ഭരണവിരുദ്ധ വികാരം തുണയ്‌ക്കുമെന്ന കോൺഗ്രസ് പ്രതീക്ഷ ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിലും തകർന്നു. നായബ് സിംഗ് സൈനിയുടെ നേതൃത്വത്തിൽ ബി.ജെ.പി അധികാരം നിലനിറുത്തി.


 അഴിമതി ആരോപണവും ഇഡി കേസും അറസ്റ്റും അതിജീവിച്ച് ജാർഖണ്ഡിൽ ജാർഖണ്ഡ് മുക്തി മോർച്ച (ജെ.എം.എം) നേതാവ് ഹേമന്ത് സോറൻ.

 മദ്യനയ അഴിമതിക്കേസിൽ പ്രതിച്ഛായ നഷ്ടമായ അരവിന്ദ് കേജ്‌രിവാളിന്റെ ഡൽഹി മുഖ്യമന്ത്രി പദത്തിൽ നിന്നുള്ള അപ്രതീക്ഷിത പടിയിറക്കം. സഹപ്രവർത്തക അതിഷിയെ മുഖ്യമന്ത്രി പദമേൽപ്പിച്ച് നിയമസഭാ തിരഞ്ഞെടുപ്പിൽ ജയിച്ച് തിരിച്ചെത്തുമെന്ന് പ്രഖ്യാപനം.

 2023-ന്റെ നോവായ മണിപ്പൂർ പ്രശ്‌നം പരിഹാരമില്ലാത്ത കനലായി എരിയുന്നു. സമാധാന ശ്രമങ്ങൾക്കിടയിലും അക്രമ സംഭവങ്ങൾ അശാന്തി വിതച്ചു.


 ബി.ജെ.പി എന്ന രാഷ്‌ട്രീയ കക്ഷിയുടെ വളർച്ചയ്‌ക്ക് ഊർജ്ജമായിരുന്ന അയോദ്ധ്യാ രാമക്ഷേത്രം യാഥാർത്ഥ്യമായ വർഷം. ജനുവരി 22-ന് രാംലല്ലലയുടെ പ്രാണപ്രതിഷ്‌ഠാ ചടങ്ങു നടന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാന്നിദ്ധ്യത്തിൽ. ചടങ്ങ് കോൺഗ്രസ് ബഹിഷ്‌കരിച്ചത് വിവാദവുമായി.

 പശ്ചിമ ബംഗാളിലെ നോർത്ത് 24 പർഗാനാസ് ജില്ലയിലെ സന്ദേശ്ഖാലിയിൽ തൃണമൂൽ പ്രാദേശിക നേതാവ് ഷാജഹാൻ ഷെയ്ഖിനെതിരെ ഉയർന്ന ലൈംഗികാരോപണവും ആഗസ്റ്റ് 9- ന് സർക്കാർ ആർ.ജി കാർ മെഡിക്കൽ കോളേജിൽ 31-കാരിയായ ബിരുദാനന്തര ട്രെയിനി ഡോക്‌ടർ മാനഭംഗത്തെ തുടർന്ന് കൊല്ലപ്പെട്ടതും തൃണമൂൽ സർക്കാരിനെ പ്രതിരോധത്തിലാക്കി.

കിഴക്കൻ ലഡാക്കിൽ യഥാർത്ഥ നിയന്ത്രണ രേഖയിൽ നിന്ന് സേനകളെ പിൻവലിച്ച്,​ നാലുവർഷമായി തുടരുന്ന സംഘർഷാവസ്ഥയ്ക്ക് അന്ത്യം കുറിച്ച് ഇന്ത്യയും ചൈനയും.

 രാഷ്ട്രത്തിന് നികത്താനാവാത്ത നഷ്ടങ്ങളുടെ വർഷമായിരുന്നു 2024. മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്, സി.പി.എം നേതാക്കളായ സീതാറാം യെച്ചൂരി, ബുദ്ധദേവ് ഭട്ടചാര്യ, കർണാടക മുൻ മുഖ്യമന്ത്രി എസ്.എം. കൃഷ്‌ണ, ബിഹാറിലെ ബി.ജെ.പി നേതാവ് സുശീൽ കുമാർ മോഡി, തബല ഇതിഹാസം സാക്കിർ ഹുസൈൻ, വ്യവസായി രത്തൻ ടാറ്റ തുടങ്ങിയ പ്രമുഖർ ഓർമ്മയായതിന്റെ നോവുമായാണ് വർഷം കടന്നുപോകുന്നത്.

ഓർമ്മിക്കേണ്ട

സംഭവങ്ങൾ

 ഒരു രാജ്യം ഒറ്റ തിരഞ്ഞെടുപ്പ് ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ച് ജെ.പി.സിക്ക് വിട്ടു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ അംബേദ്‌കർ വിരുദ്ധ പ്രസ്‌താവനയെ ചൊല്ലി പാർലമെന്റിൽ ബഹളവും ഭരണ- പ്രതിപക്ഷ കയ്യാങ്കളിയും.

 എൻ.ടി.എയുടെ വിശ്വാസ്യത തകർത്ത് നീറ്റ് ചോദ്യപേപ്പർ ചോർച്ച. കർശന നടപടികളുമായി കേന്ദ്രം.

 അരുണാചൽ പ്രദേശിൽ ബി.ജെ.പി മൂന്നാമതും അധികാരത്തിൽ.

 32 അംഗ സിക്കിം നിയമസഭയിലെ 31 സീറ്റും നേടി സിക്കിം ക്രാന്തികാരി മോർച്ചയുടെ ആധിപത്യം.

 ലൈംഗിക ആരോപണമുയർന്ന മുൻ ഗുസ്‌തി ഫെഡറേഷൻ അദ്ധ്യക്ഷൻ ബ്രിജ്ഭൂഷൺ സിംഗിനെതിരായ സമരത്തിന് നേതൃത്വം നൽകിയ ഒളിമ്പ്യന്മാരായ വിനേഷ് ഫോഗട്ടും ബജ്റംഗ് പൂനിയയും കോൺഗ്രസിൽ. വിനേഷ് ഹരിയാനയിലെ ജുലാനയിൽ നിന്ന് എം.എൽ.എയുമായി.

 ആന്ധ്രയിൽ ഭരണം പിടിക്കുകയും കേന്ദ്ര സർക്കാരിൽ കക്ഷിയാകുകയും ചെയ്ത ടി.ഡി.പി നേതാവ് ചന്ദ്രബാബു നായിഡുവിന്റെ തിരിച്ചുവരവ്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MODI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION