
ചരിത്രത്തിലെ ഏറ്റവും വലിയ ആഗോള പ്രതിസന്ധിയുടെ ഘട്ടത്തിൽ, 2008-ൽ കടുത്ത സാമ്പത്തിക മാന്ദ്യം ഒഴിവാക്കാൻ കഴിഞ്ഞ ചുരുക്കം സമ്പദ് വ്യവസ്ഥകളിൽ ഒന്നാണ് ഇന്ത്യ. ആ കാലഘട്ടത്തിൽ പല ലോക നേതാക്കളും, അന്ന് പ്രധാനമന്ത്രിയായിരുന്ന ഡോ. മൻമോഹൻസിംഗിന്റെ കാഴ്ചപ്പാടുകളെയും അർപ്പണബുദ്ധിയേയും പ്രശംസിച്ചു. 'മൻമോഹൻ സിംഗ് സംസാരിക്കുമ്പോൾ ലോകം കാതോർക്കുന്നു" എന്നാണ് മുൻ അമേരിക്കൻ പ്രസിഡന്റ് ഒബാമ ആ അവസരത്തിൽ പറഞ്ഞത്. ഇക്കഴിഞ്ഞ ഡിസംബർ 26-ന് അന്തരിച്ച ഡോ. മൻമോഹൻസിംഗിന്റെ അക്കാലത്തെ നേതൃത്വവും സാമ്പത്തിക പരിഷ്കാരങ്ങളുമാണ് ആഗോള ആരോഗ്യ സംരക്ഷണത്തിൽ ഇന്ത്യയുടെ ഉയർച്ചയ്ക്ക് അടിത്തറയിട്ടത്.
മാറ്റത്തിനുള്ള
രാസത്വരകം
1991-ലെ സാമ്പത്തിക പരിഷ്കാരങ്ങളിൽ ഡോ. സിംഗിന്റെ പങ്ക് ഇന്ത്യയുടെ ഫാർമസ്യൂട്ടിക്കൽ മേഖലയ്ക്ക് ഒരു പുതിയ കാഴ്ചപ്പാട് സമ്മാനിച്ചു. സമ്പദ്വ്യവസ്ഥയെ ഉദാരവൽക്കരിക്കുന്നതിലും, സ്വകാര്യ നിക്ഷേപത്തെയും വിദേശ വ്യാപാരത്തെയും പ്രോത്സാഹിപ്പിക്കുന്നതിലും ഈ പരിഷ്കാരങ്ങൾ പ്രധാന വഴിത്തിരിവായി. ആഗോള മത്സരത്തിൽ നിന്ന് വളരെക്കാലമായി സംരക്ഷിക്കപ്പെട്ടിരുന്ന ഇന്ത്യയുടെ ഫാർമസ്യൂട്ടിക്കൽ മേഖല അതിവേഗം അന്താരാഷ്ട്ര വിപണികളിലേക്ക് പ്രവേശനം നേടി. ഡോ. സിംഗിന്റെ പരിഷ്കാരങ്ങൾ ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ കമ്പനികളെ നൂതന സാങ്കേതികവിദ്യകൾ സ്വീകരിക്കാനും ഉത്പാദനം വർദ്ധിപ്പിക്കാനും ആഗോള വിപണികളിൽ സാന്നിദ്ധ്യം ഉറപ്പിക്കാനും സഹായിച്ചു.
1995-ൽ, ഇന്ത്യ വേൾഡ് ട്രേഡ് ഓർഗനൈസേഷനിൽ (WTO) അംഗമായപ്പോൾ, ട്രിപ്സ് (TRIPS) കരാറിന്റെ ഭാഗമായി പേറ്റന്റ് നിയമങ്ങളിൽ ഭേദഗതികൾ നടപ്പിലാക്കേണ്ടതായി വന്നു. ഈ പരിഷ്കാരങ്ങളിൽ, ഡോ. സിംഗിന്റെ നേതൃത്വത്തിന് പ്രധാന പങ്കുണ്ടായിരുന്നു. ഉയർന്ന നിലവാരമുള്ള, കുറഞ്ഞ വിലയുള്ള ജനറിക് മരുന്നുകൾ ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ കമ്പനികൾ ലോകമാകെ വിതരണം ചെയ്യാൻ തുടങ്ങി. ഏഷ്യയും ആഫ്രിക്കയും ഉൾപ്പെടുന്ന പല രാജ്യങ്ങൾക്കും, ജീവൻരക്ഷാ മരുന്നുകൾ സുലഭമായി കിട്ടാൻ ഇത് സഹായിച്ചു.
മൻമോഹൻസിംഗിന്റെ പരിഷ്കാരങ്ങൾ, ഇന്ത്യയുടെ ആന്റി റിട്രോവൈറൽ (ARV) മരുന്നുകളുടെ വിതരണത്തിൽ, ആഫ്രിക്കയിലെ പല രാജ്യങ്ങളിലും വിവിധ വികസ്വര രാജ്യങ്ങളിലും താങ്ങാനാവുന്ന വിലയിൽ വിൽക്കാൻ സാധിച്ചതിനാൽ, എച്ച്.ഐ.വി /എയ്ഡ്സ് ചികിത്സയ്ക്കായുള്ള മരുന്നുകളുടെ ഒരു മുൻനിര വിതരണക്കാരനായി ഇന്ത്യ രൂപപ്പെട്ടു. ആഗോള ആരോഗ്യരംഗത്ത്, എച്ച്.ഐ.വിക്കെതിരെ നടത്തിയ പോരാട്ടത്തിൽ ഇന്ത്യയുടെ പങ്ക് ഒരു നാഴികക്കല്ലായി കണക്കാക്കപ്പെടുന്നു. ഇതോടെ ഇന്ത്യ, ബയോസിമിലറുകൾ (ബയോളജിക് മരുന്നുകളുടെ ജനറിക് പതിപ്പുകൾ) വികസിപ്പിക്കുന്നതിൽ ഒരു പ്രധാന കേന്ദ്രമായി മാറി.
മികവിലേക്കുള്ള
സഞ്ചാരവഴി
ചെറുതും വലുതുമായ പതിനായിരത്തിലധികം ഫാർമസ്യൂട്ടിക്കൽ കമ്പനികൾ ഇന്ത്യയിൽ മരുന്ന് ഉത്പാദിപ്പിക്കുന്നുണ്ട്. ഇന്ന് ഇന്ത്യയിൽ 650-ൽപ്പരം യു.എസ്.എഫ്.ഡി.എ (യു.എസ് ഫുഡ് ആൻഡ് അഡ്മിനിസ്ട്രേഷൻ) അംഗീകൃത ഫാർമസ്യൂട്ടിക്കൽ കമ്പനികളുണ്ട്. ഇതിലൂടെ ഇന്ത്യ അമേരിക്ക കഴിഞ്ഞാൽ, ഏറ്റവും കൂടുതൽ യു.എസ്.എഫ്.ഡി.എ അംഗീകൃത ഫാർമസ്യൂട്ടിക്കൽ കമ്പനികൾ ഉള്ള രാജ്യമായി മാറിക്കഴിഞ്ഞു. കൂടാതെ, 700-ലധികം ഇന്ത്യൻ കമ്പനികൾ യൂറോപ്യൻ മെഡിസിൻസ് ഏജൻസി (EMA) അല്ലെങ്കിൽ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളുടെ ദേശീയ നിയന്ത്രണ അതോറിറ്റികളിൽ നിന്ന് അംഗീകാരം നേടിയിട്ടുണ്ട്. ഉത്പാദനശേഷിയിലുള്ള നമ്മുടെ മികവും മൂല്യനിർണയത്തിലുള്ള സൂക്ഷ്മമായ സമീപനവുമാണ് ഇതിലൂടെ തെളിയിക്കപ്പെടുന്നത്.
ഇന്ത്യയിൽ നിർമ്മിക്കുന്ന ഉയർന്ന നിലവാരമുള്ള മരുന്നുകൾ, ആഗോള ആരോഗ്യ സംരക്ഷണ വ്യവസ്ഥയിൽ വലിയ പങ്കു വഹിക്കുന്നു. അമേരിക്കയിലും യൂറോപ്പിലും ഏഷ്യ- പസഫിക് മേഖലയിലും വിൽക്കുന്ന 30 മുതൽ 40 ശതമാനം ജനറിക് മരുന്നുകളും ഇന്ത്യയിൽ ഉത്പാദിപ്പിക്കുന്നവയാണ്. ഒരു 'ആക്സിഡന്റൽ ഫാർമസിസ്റ്റ്" എന്ന നിലയിൽ ഈ ലേഖകൻ ഔദ്യോഗികജീവിതം ആരംഭിച്ചത് ഈ പരിവർത്തന കാലഘട്ടത്തിലാണ്. സാങ്കേതിക മുന്നേറ്റങ്ങൾ മുതൽ, നിയന്ത്രണ പരിഷ്കരണങ്ങളും, ബിസിനസ് പരിവർത്തനങ്ങളും വരെയുള്ള ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ വ്യവസായത്തിലെ ചലനാത്മക മാറ്റങ്ങൾ നേരിട്ടു കാണാനും, ആ വളർച്ചയുടെ ഒരു ഭാഗമാകാനും എനിക്ക് ഭാഗ്യം ലഭിച്ചു.
ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ ഉദാരവൽക്കരണത്താൽ നയിക്കപ്പെട്ട വിപ്ളവകരമായ ഒരു സാങ്കേതിക പരിവർത്തനത്തിനാണ് ആ കാലഘട്ടത്തിൽ ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ വ്യവസായം സാക്ഷ്യം വഹിച്ചത്.
യൂറോപ്പ്, ചൈന, ഏഷ്യ എന്നിവിടങ്ങളിലെ ഫാർമസ്യൂട്ടിക്കൽ വ്യവസായങ്ങളുമായുള്ള നേരിട്ടുള്ള അനുഭവവും, അറിവും വച്ച് ഇന്ത്യൻ കമ്പനികൾ കൈവരിച്ച ശ്രദ്ധേയമായ പുരോഗതിയെക്കുറിച്ച് വിലയിരുത്താൻ എനിക്ക് ഒരുപരിധി വരെ സാധിച്ചു. സമ്പദ് വ്യവസ്ഥയുടെ ഉദാരവൽക്കരണത്തിനു ശേഷം ഇന്ത്യയുടെ ഫാർമസ്യൂട്ടിക്കൽ വ്യവസായം ലോകോത്തര നിലവാരത്തിലേക്ക് ഉയർന്നതിന് ചുവടെ പറയുന്ന നിരവധി പ്രധാന ഘടകങ്ങളുണ്ട്.
ലോക നിലവാരം:
പ്രധാന ഘടകങ്ങൾ
ഷെഡ്യൂൾ എം (ഫാർമസ്യൂട്ടിക്കൽ ഉത്പന്നങ്ങൾക്കായി നിർമ്മാണ രീതികൾ നിർദ്ദേശിക്കുന്നു) ആഗോള മാനദണ്ഡങ്ങളുമായി പൊരുത്തപ്പെടുന്ന രീതിയിൽ നവീകരിച്ചു. ഈ നവീകരണം ഉയർന്ന ഗുണനിലവാരവും, സുരക്ഷിതത്വവും ഉറപ്പാക്കി.
ഗ്ളോബൽ റെഗുലേറ്ററി മാനദണ്ഡങ്ങളുടെ പാലനം: ലോകാരോഗ്യ സംഘടന, യൂറോപ്യൻ യൂണിയൻ, അമേരിക്കൻ ഫാർമസ്യൂട്ടിക്കൽ അഡ്മിനിസ്ട്രേഷൻ, ഇന്റർനാഷണൽ കോൺഫറൻസ് ഓൺ ഹാർമനൈസ്ഡ് റഗുലേറ്ററി റിക്വയർമെന്റ്സ് തുടങ്ങിയ പ്രമുഖ റഗുലേറ്ററി സമിതികളുടെ മാനദണ്ഡങ്ങൾ പാലിക്കുന്നതിലൂടെ ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ വ്യവസായം ഒരു മികച്ച നിലവാരത്തിലേക്ക് എത്തി.
ഫാർമസ്യൂട്ടിക്കൽ, ബയോടെക്നോളജി മേഖലകളിൽ ആഗോള നിലവാരത്തിലുള്ള നിർമ്മാണ സൗകര്യങ്ങൾ വികസിപ്പിക്കുകയും ഈ മേഖലയിൽ കർശനമായ മൂല്യനിർണയ മാനദണ്ഡങ്ങൾ പാലിക്കുകയും ചെയ്തു.
ഉത്പാദന സംവിധാനത്തിൽ ഗുണനിലവാരം ഉറപ്പാക്കുന്നതിന് സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജ്യേഴ്സ് കൂടുതൽ കാര്യക്ഷമമാക്കി നവീകരിച്ചു.
അന്താരാഷ്ട്ര വിപണിയിലേക്ക് കയറ്റുമതി ചെയ്യുന്ന ഉത്പന്നങ്ങളുടെ ഗുണനിലവാരവും സ്ഥിരതയും ഉറപ്പാക്കുന്നതിനായി ഉത്പാദനത്തിൽ നിരീക്ഷണങ്ങൾ ഊർജ്ജിതമാക്കി.
രണ്ടായിരത്തിന്റെ തുടക്കത്തിൽ, ഇന്ത്യയിൽ ക്ളിനിക്കൽ പരീക്ഷണങ്ങളുടെ പ്രാധാന്യം വർദ്ധിച്ചു. ഇന്ത്യൻ കമ്പനികളും അന്തർദേശീയ ഫാർമസ്യൂട്ടിക്കൽ കമ്പനികളും രാജ്യത്തിനുള്ളിൽ പരീക്ഷണങ്ങൾ ആരംഭിച്ചു. ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ കമ്പനികൾ തങ്ങളുടെ വ്യാപ്തി വിപുലീകരിക്കുന്നതിനും പുതിയ സാങ്കേതികവിദ്യങ്ങൾ നേടുന്നതിനുമായി ബഹുരാഷ്ട്ര ആസ്തികൾ ഏറ്റെടുക്കാൻ തുടങ്ങിയതോടെ, ബിസിനസ് മേഖലയിൽ ലയനങ്ങളും ഏറ്റെടുക്കലുകളും വർദ്ധിച്ചു.
കോൺട്രാക്ട് റിസർച്ച് ആൻഡ് മാനുഫാക്ചറിംഗ് സർവീസിന്റെ ഉയർച്ച കാരണം ആഗോള ഫാർമസ്യൂട്ടിക്കൽ കമ്പനികൾക്ക് ഇന്ത്യ, കരാർ നിർമ്മാണ - ഗവേഷണ സേവനങ്ങൾ നൽകാൻ തുടങ്ങി. ഔട്ട്സോഴ്സ് ചെയ്ത ഫാർമസ്യൂട്ടിക്കൽ സേവനങ്ങളുടെ ആഗോള കേന്ദ്രമായി ഇന്ത്യ മാറി. സാമ്പത്തിക ഉദാരവൽക്കരണത്തിന്റെ ആദ്യ വർഷങ്ങളിൽ ജനറിക് മരുന്നുകളുടെ ഉത്പാദനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചപ്പോൾ, വ്യവസായം നൂതനമായ ഗവേഷണ - വികസനത്തിൽ കൂടുതൽ നിക്ഷേപം നടത്താൻ തുടങ്ങി. ഇത് ഇന്ത്യയെ ഒരു സുപ്രധാന ബയോസിമിലറും ജനറിക് ഡ്രഗ് ഡെവലപ്പറുമായി ഉയർന്നുവരാൻ സഹായിച്ചു.
ഫാർമസ്യൂട്ടിക്കൽ കമ്പനികൾ പുതിയ മരുന്നുകൾ വികസിപ്പിക്കുന്നതിന് അത്യാധുനിക ഗവേഷണ സൗകര്യങ്ങൾ സ്ഥാപിക്കാൻ തുടങ്ങി. മേൽപ്പറഞ്ഞ സുപ്രധാന ഘടകങ്ങളാണ് ഇന്ത്യൻ മരുന്നു വ്യവസായ രംഗത്തെ ലോകോത്തര നിലവാരത്തിലേക്ക് കൈപിടിച്ചുയർത്തിയത്. ആഗോള വാക്സിൻ വിതരണത്തിന്റെ 60 ശതമാനവും ഇന്ത്യയിൽ ഉത്പാദിപ്പിക്കപ്പെടുന്നവയാണ്. ലോകമെമ്പാടുമുള്ള രാജ്യങ്ങൾക്ക്, പ്രത്യേകിച്ച് ആഫ്രിക്ക, ലാറ്റിൻ അമേരിക്ക, തെക്കുകിഴക്കൻ ഏഷ്യ തുടങ്ങിയ മേഖലകൾക്ക് താങ്ങാനാവുന്ന വിലയിൽ, ഗുണനിലവാരമുള്ള വാക്സിനുകൾ നൽകുന്നതിൽ ഇന്ന് ഇന്ത്യ ഒരു പ്രധാന പങ്ക് വഹിക്കുന്നു.
കൊവിഡ് പകർച്ചവ്യാധിയുടെ സമയത്ത് ഇന്ത്യയിലെ കൊവിഷീൽഡ് പോലുള്ള വാക്സിനുകളുടെ സമയോചിതവും വൻതോതിലുള്ളതുമായ ഉത്പാദനവും കയറ്റുമതിയും ലോക ജനതയ്ക്ക് വാക്സിനേഷൻ നൽകാൻ സഹായിച്ചു.
സമ്പദ്വ്യവസ്ഥയുടെ ഉദാരവൽക്കരണത്തിനു ശേഷം ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ വ്യവസായം അതിവേഗം ആഗോളവൽക്കരിക്കപ്പെട്ടു. ആഫ്രിക്ക, തെക്കുകിഴക്കൻ ഏഷ്യ, ലാറ്റിൻ അമേരിക്ക എന്നിവിടങ്ങളിലെ വിപണികളിലേക്കും, കൂടുതലായി അമേരിക്കയിലേക്കും യൂറോപ്പിലേക്കും ഓസ്ട്രേലിയയിലേക്കും കാനഡയിലേക്കും ദക്ഷിണാഫ്രിക്കയിലേക്കും ഗുണനിലവാരമുള്ള വാക്സിനുകളും ജീവൻരക്ഷാ മരുന്നുകളും ഇന്ത്യ സ്ഥിരമായി വിതരണം ചെയ്യാൻ തുടങ്ങി. അതോടുകൂടി ഇന്ത്യയുടെ ഫാർമസ്യൂട്ടിക്കൽ വ്യവസായം 'ലോകത്തിന്റെ ഫാർമസി" എന്ന അന്താരാഷ്ട്ര അംഗീകാരം നേടി.
ഇക്കഴിഞ്ഞ ഡിസംബർ 27-ന്, വെള്ളിയാഴ്ച പ്രാർത്ഥനയ്ക്കു ശേഷം, നമ്മുടെ അയൽ രാജ്യമായ പാകിസ്ഥാനിലെ ഗാഫ് എന്ന കൊച്ചുനഗരം സാക്ഷ്യംവഹിച്ചത് ഒരു കൗതുക ദൃശ്യത്തിനാണ്! മത, ദേശഭേദങ്ങളില്ലാത്ത ഒരു മനുഷ്യസ്നേഹിയുടെ ആത്മാവിന്റെ നിത്യശാന്തിക്കു വേണ്ടിയുള്ള പ്രാർത്ഥനയായിരുന്നു അത്! 'ചരിത്രം എന്നോട് ദയ കാണിക്കും" ഡോക്ടർ മൻമോഹൻസിംഗ് പറഞ്ഞത് എങ്ങനെ മറക്കും?
(ഫാർമസ്യൂട്ടിക്കൽ പ്രൊഫഷണൽ ആണ് ലേഖകൻ)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |