
''മറ്റു ജില്ലകളിൽ നിന്ന് വ്യത്യസ്തമായി പാലക്കാട്ട് വിഭാഗീയതയുടെ തുരുത്തുകൾ നിലനില്ക്കുന്നുണ്ട്. അതിന് കൈയും കാലും മുളയ്ക്കാൻ അനുവദിക്കില്ല. അവ പൊളിച്ചുകളയാൻ തടസങ്ങളുണ്ടെങ്കിൽ അത് ആദ്യം ഒഴിവാക്കണം. സംസ്ഥാന ഘടകത്തിൽ പൊതുവേ വിഭാഗീയത ഇല്ലാതായതിന്റെ സുഖം പാലക്കാട് ജില്ലയിലെ പ്രവർത്തകർക്ക് അനുഭവിക്കാൻ കഴിയാത്തത് ഇവിടെ ചില വിഭാഗീയ തുരുത്തുകൾ അവശേഷിക്കുന്നതു കൊണ്ടാണ്. നിർബന്ധമായും പാർട്ടിയിലുണ്ടാകേണ്ടവർ ലോക്കൽ, ഏരിയ കമ്മിറ്റി തിരഞ്ഞെടുപ്പിൽ തോറ്റിട്ടുണ്ട്. പ്രാദേശിക വിഭാഗീയതയിൽ ചിലയിടത്ത് മത്സരവും അതിൽ ജയവും തോൽവിയുമുണ്ടായി. മത്സരം ജനാധിപത്യ രീതിയാണ് കുറ്റംപറയാൻ കഴിയില്ല. പക്ഷേ, പരാജയപ്പെട്ടവരിൽ പലരും പാർട്ടിയിൽ ഏറെക്കാലത്തേക്കു വേണ്ടവരാണെന്ന് കൂടി മനസിലാക്കണം. ഈ വിഷയം അതീവഗൗരവമായാണ് പാർട്ടി കാണുന്നത്. ഇനിയും ഇക്കാര്യം ആവർത്തിക്കില്ല'' സി.പി.എം പൊളിറ്റ് ബ്യൂറോ അംഗവും മുഖ്യമന്ത്രിയുമായ പിണറായി വിജയൻ കഴിഞ്ഞ ജില്ലാ സമ്മേളനത്തിൽ പറഞ്ഞ വാക്കുകളാണിത്. മൂന്നു വർഷത്തിനിപ്പുറം വീണ്ടുമൊരു ജില്ലാ സമ്മേളനം കൂടി പൂർത്തിയായപ്പോൾ പാലക്കാട്ടെ വിഭാഗീയതയുടെ തുരുത്തുകൾ തലതാഴ്ത്തിയോ എന്നതാണ് പ്രധാന ചോദ്യം.
കരുത്ത് എത്രയുണ്ടോ അതിന്റെ ഇരട്ടി വിഭാഗീയതയും ചർച്ചയായിരുന്ന പാലക്കാട്ടെ സി.പി.എമ്മിൽ ഇത്തവണ ഭിന്നത നീങ്ങിയുള്ള ജില്ലാസമ്മേളനമായിരുന്നു എന്നത് നേതൃത്വത്തിന് ആശ്വസിക്കാം. മത്സരവും വെട്ടിനിരത്തലുമെന്ന പരാതിയില്ലാതെ ഏരിയ സമ്മേളനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാനായത് ജില്ലാ സമ്മേളനം ഭംഗിയായി ഏകോപിപ്പിക്കാൻ നേതൃത്വത്തിന് കരുത്തായി.
കലഹമൊഴിയാത്ത ഇടങ്ങളായിരുന്ന മണ്ണാർക്കാട്, ഒറ്റപ്പാലം, പുതുശ്ശേരി ഏരിയ കമ്മിറ്റിയിൽ ഇത്തവണ പേരിന് പോലും വിമർശനമില്ല. മണ്ണാർക്കാട്ടെ പാർട്ടി സംവിധാനങ്ങളിൽ പ്രബലനെന്ന് കരുതിയ പി.കെ. ശശി അച്ചടക്ക നടപടിയെത്തുടർന്ന് സകല പദവിയും നഷ്ടപ്പെട്ട് കരുത്തില്ലാതെയായി. തിരുത്തൽ ശക്തിയായി രംഗത്ത് വന്ന എൻ.എൻ. കൃഷ്ണദാസ് ഉപതിരഞ്ഞെടുപ്പ് സമയത്തെ പെട്ടി വിവാദത്തിൽ പാർട്ടിയുടെ താക്കീതിൽ ഒതുങ്ങി. ഔദ്യോഗിക വിഭാഗത്തിന് തർക്കങ്ങളില്ലാതെ ജില്ലാ സമ്മേളനം പൂർത്തിയാക്കാനായി എന്നത് വലിയ ആശ്വാസമാണ്. പാലക്കാട് മണ്ഡലത്തിൽ പാർട്ടിക്ക് വേരോട്ടമില്ലെന്ന വിമർശനവും കൊഴിഞ്ഞാമ്പാറയിലെ വിമത ശബ്ദമുണ്ടാക്കിയ നേരിയ ചലനങ്ങളും സമ്മേളനത്തിൽ വലിയ ചർച്ചയാവുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, കൊഴിഞ്ഞാമ്പാറയിലെ വിമതരെ പാർട്ടി തഴയില്ലെന്ന സന്ദേശം ആദ്യമേ നൽകിയതോടെ ഇ.എൻ. സുരേഷ് ബാബുവിനും സംഘത്തിനും അവിടെയും നില ഭദ്രമാക്കിയെടുക്കാനായി.
വിഭാഗീയതയെ
കൃത്യമായി നേരിടണം
ചിറ്റൂരിൽ നടന്ന സി.പി.എം പാലക്കാട് ജില്ലാ സമ്മേളനത്തിൽ സംഘടനാ ചർച്ചയ്ക്കിടെ സംസ്ഥാന നേതൃത്വം ജില്ലയിൽ സി.പി.എമ്മിലെ വിഭാഗീയതയുടെ തുരുത്തുകൾ തലതാഴ്ത്തിയെങ്കിലും പലയിടത്തും പ്രാദേശികമായി താഴേത്തട്ടിൽ അതു വ്യാപിച്ചതായി പരാമർശിച്ചിരുന്നു. ഇത് കൃത്യമായി നേരിടാൻ സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പാർട്ടി നേതൃത്വത്തിനും പ്രവർത്തകർക്കും നിർദേശം നൽകി. നേതാക്കൾ ഒരുതരത്തിലുമുള്ള വിഭാഗീയ നീക്കത്തിൽ പങ്കുചേരരുത്. എല്ലാ പ്രവർത്തകരുടെയും വികാരം ഉൾക്കൊണ്ടാകണം തീരുമാനങ്ങൾ സ്വീകരിക്കണ്ടത്. ആത്മനിഷ്ഠമല്ല, വസ്തുനിഷ്ഠമാകണം നടപടികൾ. സംഘടന പ്രശ്നങ്ങൾ ഇനി ഗൗരവത്തോടെ തന്നെ കൈകാര്യം ചെയ്യണമെന്നും സംസ്ഥാന സെക്രട്ടറി ആവശ്യപ്പെട്ടു.
പരമ്പരാഗത പ്രദേശങ്ങളായ ഷൊർണൂർ, മലമ്പുഴ, തുടങ്ങിയ ഇടങ്ങളിൽ പോലും ജനസ്വാധീനത്തിലുണ്ടാകുന്ന ഇടിവു ഗൗരവമായി കണ്ട് നടപടി വേണം. പാലക്കാട് മണ്ഡലത്തിൽ ജനസ്വാധീനം വർദ്ധിപ്പിക്കാനുണ്ടാക്കിയ സംഘടനാ പദ്ധതി നടപ്പാക്കാത്തതിൽ രൂക്ഷ വിമർശനമുണ്ടായി. ഉപതിരഞ്ഞെടുപ്പിൽ കോലാഹലത്തോടെ പ്രവർത്തിച്ചെങ്കിലും ഒരിഞ്ചുപോലും മുന്നോട്ടുപോകാൻ പാർട്ടിക്ക് കഴിഞ്ഞില്ലെന്നതു സംഘടനാ ദൗർബല്യമാണ് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് പരസ്യവിവാദത്തിൽ പാർട്ടിയിൽ രണ്ട് അഭിപ്രായമുണ്ടെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. മൂന്നു വർഷത്തിനിടെ ജില്ലയിൽ പ്രവർത്തനം മെച്ചപ്പെട്ടുവെന്നും പ്രാദേശിക വിഭാഗീയത ഒതുക്കാനായെന്നും ജില്ലാ സെക്രട്ടറി ഇ.എൻ.സുരേഷ് ബാബു പ്രവർത്തന റിപ്പോർട്ടിൽ പറഞ്ഞു. വരുംദിവസങ്ങളിൽ കൂടുതൽ സജീവമാകാനുള്ള പദ്ധതികൾ ആവിഷ്കരിക്കുന്നുണ്ട്.
ജില്ലാ നേതൃത്വത്തിനും
വിമർശനം
മുണ്ടൂർ, ചെർപ്പുളശ്ശേരി, പട്ടാമ്പി, തൃത്താല, കുഴൽമന്ദം ഭാഗത്തുനിന്നുള്ള പ്രതിനിധികളിൽ നിന്ന് ജില്ലാ നേതൃത്വത്തിന്റെ നിലപാടുകൾക്കെതിരെ ശക്തമായ വിമർശനമുണ്ടായി നേതാക്കൾ വ്യക്തിപരമായ ശത്രുത വച്ചുപുലർത്തുന്നതായി ചിലർ ആരോപിച്ചു. മന്ത്രി കെ. കൃഷ്ണൻകുട്ടിക്കെതിരെ ചിറ്റൂരിലെ പ്രതിനിധികൾ രൂക്ഷവിമർശനം നടത്തി. സി.പി.എമ്മിന്റെ വോട്ട് വാങ്ങി ജയിച്ച ശേഷം മണ്ഡലത്തിൽ സി.പി.എമ്മിനെ ഇല്ലാതാക്കാനുള്ള നീക്കങ്ങളാണ് മന്ത്രിയുടെയും അദ്ദേഹത്തിന്റെ പാർട്ടിയുടെയും ഭാഗത്തു നിന്നുള്ള നീക്കങ്ങൾ. തുടർച്ചയായി 75 വർഷം യു.ഡി.എഫ് ഭരിച്ച ചിറ്റൂർ നഗരസഭ ഏറെ കഷ്ടപ്പെട്ടാണ് നേടിയെടുത്തത്. സി.പി.എമ്മിന്റെ നേതൃത്വത്തിലുള്ള ചിറ്റൂർ നഗരസഭയ്ക്കു പോലും വേണ്ടത്ര സഹായം നൽകുന്നില്ല. തിരഞ്ഞെടുപ്പ് സമയങ്ങളിൽ മാത്രമാണ് സി.പി.എം ജനതാദൾ സഖ്യം മണ്ഡലത്തിൽ അനുഭവപ്പെടുന്നതെന്നും പ്രതിനിധികൾ പറഞ്ഞു.
സർക്കാരിന്റെ
പ്രവർത്തനത്തിൽ അതൃപ്തിയില്ല
നെല്ലുസംഭരണത്തിലെ പാളിച്ച സർക്കാരിനും പാർട്ടിക്ക് വലിയ തോതിൽ തിരിച്ചടിയായെന്നു പ്രതിനിധികൾ പറഞ്ഞു. എന്നാൽ, നിലവിലെ സാഹചര്യത്തിൽ സംഭരണ വില വർദ്ധനയ്ക്കു സാദ്ധ്യതയില്ലെന്നും നിലവിലെ കുടിശിക സർക്കാർ കൊടുത്തുതീർക്കുമെന്നുമാണ് സംസ്ഥാന സെക്രട്ടറി നൽകിയ മറുപടി. ഏറ്റവും ഒടുവിൽ വന്ന ബ്രൂവറി വിഷയവും സമ്മേളനത്തിൽ ചർച്ചയായി. പദ്ധതി സംബന്ധിച്ച് ജനങ്ങൾക്കുള്ള ആശങ്കകൾ പരിഹരിക്കണം. അതിന് നേതൃത്വം ഇടപെടണം. ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്ന പ്രവൃത്തികൾ ഏറ്റെടുക്കരുതെന്ന് പ്രാദേശിക നേതൃത്വം വ്യക്തമാക്കിയിരുന്നു. ഇതു കൂടാതെ പി.കെ. ശശിയെ കെ.ടി.ഡി.സി ചെയർമാൻ സ്ഥാനത്തു നിന്ന് മാറ്റണം, കേന്ദ്ര കമ്മിറ്റി അംഗം എ.കെ.ബാലൻ, സംസ്ഥാന കമ്മിറ്റി അംഗം എൻ.എൻ.കൃഷ്ണദാസ് എന്നിവർക്കെതിരെയും വിമർശനങ്ങൾ ഉയർന്നിരുന്നു. രണ്ടാം പിണറായി സർക്കാരിന്റെ പ്രവർത്തനത്തിൽ കാര്യമായ അതൃപ്തി പാലക്കാട്ടെ സമ്മേളനത്തിൽ ഉയർന്നുവന്നില്ല.
കൊഴിഞ്ഞാമ്പാറയിൽ
വിമതരെ കൂടെ നിറുത്തും
ജില്ലാ സെക്രട്ടറിക്കെതിരെ കലാപക്കൊടി ഉയർത്തി സമാന്തര പാർട്ടി ഓഫിസ് വരെ തുറന്ന വിമതരെ കൂടെ നിറുത്തി മുന്നോട്ടു പോകാൻ നേതൃത്വം തയാറാകും. അവർ തെറ്റുതിരുത്താൻ തയാറാകണം. അനുനയിപ്പിക്കാനുള്ള നീക്കം തുടരാനാണ് നേതൃത്വത്തിന്റെ തീരുമാനം. പല ഏരിയ കമ്മിറ്റികളും തങ്ങളുടെ മേഖലയിൽ വിഭാഗീയതയില്ലെന്ന് അവകാശപ്പെട്ടപ്പോൾ അതു സ്വയം ഉണ്ടായതല്ലെന്നും ജില്ലാ നേതൃത്വം ശക്തമായ ഇടപെടൽ നടത്തിയതുകൊണ്ടാണെന്നും ജില്ലാ സെക്രട്ടറി മറുപടി പറഞ്ഞു. ഓരോ സമ്മേളനവും പാർട്ടിയുടെ നവീകരണമാണ് ലക്ഷ്യമിടുന്നത്. സമ്മേളനത്തിൽ വിമർശനവും സ്വയംവിമർശനവും വേണം. അത് പാർട്ടിയെ ശക്തിപ്പെടുത്താൻ അനിവാര്യമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |