SignIn
Kerala Kaumudi Online
Friday, 23 October 2026 4.20 AM IST

വന്യജീവി ആക്രമണം, ആവാസ വ്യവസ്ഥയും അപകടങ്ങളുടെ വരവും

a

കേരളത്തിൽ മനുഷ്യ- വന്യമൃഗ സംഘർഷം ഭീതിജനകമായ രീതിയിൽ വർദ്ധിച്ചു വരികയാണ്. വയനാട്ടിൽ മാത്രം കടുവയുടെ ആക്രമണത്തിൽ കഴിഞ്ഞ 10 വർഷത്തിനിടെ മരണമടഞ്ഞവരുടെ എണ്ണം എട്ടാണ്. പുതുവർഷത്തിൽ ഇതിനകംതന്നെ രണ്ടുപേർ കാട്ടാനയുടെ ആക്രമണം മൂലം മരിച്ചു. വന്യമൃഗങ്ങൾ മനുഷ്യജീവനും, വളർത്തു മൃഗങ്ങൾക്കും, കൃഷിക്കും ഉണ്ടാക്കുന്ന നഷ്ടം ഭീമമാണ്. വനമേഖലകളുമായി ചേർന്ന പ്രദേശങ്ങളിലാണ് വനം- വന്യജീവി സംഘർഷം വളരെ കൂടുതൽ. അടുത്തിടെ ഇതുമായി ബന്ധപ്പെട്ട് ഒരു ഹൈക്കോടതി ജഡ്ജി നടത്തിയ പരാമർശം പ്രസക്തമാണ്. ശീതീകരിച്ച മുറികളിലിരുന്ന് പരിഹരിക്കേണ്ട പ്രശ്നമല്ല ഇത്. പ്രായോഗിക തലത്തിൽ ജനങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ മനസിലാക്കി,​ സത്വര പരിഹാരം കാണേണ്ടതുണ്ട്.

വയനാട് ജില്ലയിലെ പ്രശ്നങ്ങൾ അതിസങ്കീർണമാണ്. കഴിഞ്ഞ ദിവസം, കാപ്പിത്തോട്ടത്തിൽ കൃഷിപ്പണിക്കു പോയ നാല്പത്തിയഞ്ചുകാരി രാധയാണ് കടുവയുടെ ആക്രമണത്തിൽ അതിദാരുണമായി കൊല്ലപ്പെട്ടത്! കർഷകർക്കും കർഷകത്തൊഴിലാളികൾക്കും കൃഷിയിടത്തിൽ ജോലി ചെയ്യാനോ വിളവെടുക്കാനോ സാധിക്കുന്നില്ല. ഇടുക്കിയിലും, വനമേഖലയോടു ചേർന്ന മറ്റു പ്രദേശങ്ങളിലും ഇതുതന്നെയാണ് സ്ഥിതി. വയനാട് ജില്ലയിൽ കാട്ടാനയുടെയും കടുവയുടെയും പുള്ളിപ്പുലിയുടെയും ആക്രമണം വർദ്ധിച്ചു വരുമ്പോൾ മറ്റു മേഖലകളിൽ മയിലും കുരങ്ങുകളും കാട്ടുപന്നികളും കരടിയും വിളകൾക്ക് ഉണ്ടാക്കുന്ന നഷ്ടങ്ങൾ ചെറുതല്ല.

കുരങ്ങുകളുടെ എണ്ണത്തിൽ ഭീമമായ വർദ്ധനവാണ് വയനാട് മേഖലയിൽ ഉണ്ടായിരിക്കുന്നത്. കർഷകർക്ക് നാളികേരം ലഭിക്കുക ദുഷ്‌കരമായിരിക്കുന്നു. പാകമാകും മുമ്പ് കരിക്കുകളിലെ വെള്ളം ഊറ്റിക്കുടിച്ച് കുരങ്ങുകൾ മുഴുവൻ നശിപ്പിക്കുകയാണ്. വാഴ, പച്ചക്കറി കൃഷിയിലും ഇതു തന്നെയാണ് അവസ്ഥ. കുരങ്ങുകളും മയിലും വിളകളെയും പഴവർഗങ്ങളെയും നശിപ്പിക്കുന്നു. സാഹചര്യത്തിന്റെ ഗൗരവസ്ഥിതി വിലയിരുത്തി,​ വന്യമൃഗ- മനുഷ്യസംഘർഷം നിയന്ത്രിക്കാനായി സുസ്ഥിര പരിപാടികൾ ആവിഷ്കരിച്ച് കാര്യക്ഷമമായി നിർവഹിക്കേണ്ടതുണ്ട്. ജനവാസ മേഖലകളിലേക്ക് വന്യമൃഗങ്ങൾ ഇറങ്ങുന്നത് നിയന്ത്രിച്ച്,​ അവയെ അവയുടെ ആവാസ വ്യവസ്ഥയിൽത്തന്നെ തടഞ്ഞുനിറുത്തുവാനുമുള്ള സത്വര നടപടികളാണ് ആവശ്യം. വന്യമൃഗ പരിരക്ഷ മനുഷ്യ ജീവന് ഭീഷണി സൃഷ്ടിക്കുന്നതാകരുത്. ഇതിനാവശ്യമായ നയരൂപീകരണത്തിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ഒരുമിച്ച് തീരുമാനമെടുക്കണം.

സാങ്കേതിക വിദ്യകൾ

ഉപയോഗിക്കാം

കണ്ണൂർ ജില്ലയിലെ ആറളം മേഖലയിൽ മാത്രം കാട്ടാനകളുടെ ആക്രമണത്തിൽ 2023- 24 ൽ പതിനാറോളം മനുഷ്യ ജീവനാണ് പൊലിഞ്ഞത്. ആഫ്രിക്ക ഉൾപ്പെടെ പല രാജ്യങ്ങളിലും വന്യമൃഗ ആക്രമണത്തെ നേരിടാൻ നേരത്തെ തന്നെ മുന്നറിയിപ്പ് നൽകുന്ന 'ഏർളി വാണിംഗ് സിസ്റ്റം" നിലവിലുണ്ട്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സെൻസറുകൾ, ഇന്റർനെറ്റ് ഒഫ് തിങ്സ്, ഓട്ടോമേഷൻ സാങ്കേതികവിദ്യകൾ ഇതിനായി ഫലപ്രദമായി അനുവർത്തിച്ചു വരുന്നു. ജനവാസ മേഖലയിലേക്ക് വന്യമൃഗങ്ങളെത്തുമ്പോഴും, വളർത്തുമൃഗങ്ങൾ ആക്രമണങ്ങളെ നേരിടുമ്പോഴും ഇതിലുള്ള അലാറം പ്രവർത്തനക്ഷമമാകും. ജനവാസ, ഗ്രാമീണ, നഗരപ്രദേശങ്ങളിലേക്കുള്ള വന്യമൃഗങ്ങളുടെ വരവ് സംബന്ധിച്ചുള്ള ഇത്തരം മുന്നറിയിപ്പുകൾ പ്രാവർത്തികമാക്കണം.

വനപ്രദേശങ്ങളോടു ചേർന്നുള്ള മുളകു കൃഷി, തേനീച്ച വളർത്തൽ എന്നിവ കാട്ടാനകളെ അകറ്റിനിറുത്തുമെന്ന് ഇന്റർനാഷണൽ എലിഫന്റ് ഫൗണ്ടേഷന്റെ ഗവേഷണ പഠനങ്ങൾ വ്യക്തമാക്കുന്നു. വനാതിർത്തിയിൽ ശക്തമായ വേലിക്കുള്ള നിർദേശങ്ങളുണ്ടായിട്ടും വനം വകുപ്പ് അവ അവഗണിക്കുകയാണ്.

വനം വകുപ്പിന്റെ അനാസ്ഥയാണ് പ്രശ്നങ്ങൾ ഇത്ര സങ്കീർണമാക്കുന്നത്. ആവശ്യത്തിന് ജീവനക്കാരില്ല. പരിശീലനമോ, തൊഴിൽ നൈപുണ്യമോ ഇല്ലാത്ത വനംവകുപ്പ് പ്രശ്നബാധിത മേഖലകളിൽ നോക്കുകുത്തിയാകുന്നതാണ് സ്ഥിതി.

സാങ്കേതിക രംഗത്ത് ഇത്രയധികം മുന്നേറ്റമുണ്ടായിട്ടും ഏതെല്ലാം സാങ്കേതികവിദ്യകൾ ഫലപ്രദമായി ഉപയോഗിക്കാം എന്ന കാര്യത്തിൽ വനംവകുപ്പ് ജീവനക്കാർ തീർത്തും അജ്ഞരാണ്. വനത്തെക്കുറിച്ചോ വന്യമൃഗങ്ങളുടെ ആവാസവ്യവസ്ഥയെക്കുറിച്ചോ ഭൂരിഭാഗം പേർക്കും ശാസ്ത്രീയ അറിവുകളില്ല. കർഷകർക്ക് കൃഷിയിടത്തിൽ പോകാനും, കുട്ടികൾക്ക് സ്‌കൂളുകളിൽ പോകാനുമുള്ള ബുദ്ധിമുട്ട്, ജനങ്ങൾക്കു പുറത്തിറങ്ങാൻ തടസം തുടങ്ങി എല്ലാ അർത്ഥത്തിലും വന്യമൃഗങ്ങൾ സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ അനുദിനം സങ്കീർണമായിക്കൊണ്ടിരിക്കുകയാണ്. എന്നാൽ പ്രശ്നാധിഷ്ഠിതമായ ഒരു സമീപനം അധികാരികളുടെ ഭാഗത്തുനിന്ന് ഉണ്ടാകാത്തതാണ് ദൗർഭാഗ്യകരം.

ആവാസ വ്യവസ്ഥ

സുപ്രധാനം

ഇതുമായി ബന്ധപ്പെട്ട് ആവാസ വ്യവസ്ഥയെക്കുറിച്ച് പഠിക്കാൻ ഗവേഷകരും തയ്യാറാകുന്നില്ലെന്നതാണ് മറ്റൊരു ദുര്യോഗം. ദുരന്തങ്ങൾക്കുശേഷം ആചാരപരമായ അനുശോചനങ്ങൾക്കപ്പുറം സത്വരവും സുസ്ഥിരവുമായ നടപടികൾ സ്വീകരിക്കുന്നതിൽ വനംവകുപ്പിന്റെയും ബന്ധപ്പെട്ട അധികാരികളുടെയും ഉദാസീനത,​ പ്രശ്നത്തെ കുറേക്കൂടി സങ്കീർണമാക്കുന്നു. കാടിനോടു ചേർന്ന് ഉപജീവനം നടത്തുന്ന ആദിവാസി സമൂഹവും, മറ്റു ജനവിഭാഗങ്ങളും കടുത്ത ഭീഷണിയിലാണ്. നഗരങ്ങളിൽ താമസിക്കുന്ന പരിസ്ഥിതിവാദികൾ ഇനിയെങ്കിലും

പ്രശ്നത്തിന്റെ നിജസ്ഥിതിയും ഗൗരവസ്വഭാവവും മനസിലാക്കണം. പരിസര വാസികളുടെ ജീവനും ജീവനോപാധികളുമാണ് നഷ്ടമാകുന്നത്.

മനുഷ്യ- വന്യമൃഗ സംഘർഷം ഒഴിവാക്കാൻ പ്രാദേശിക തലത്തിലുള്ള പദ്ധതികൾ ആവിഷ്‌കരിക്കുന്നത് പ്രധാനമാണ്. ഓരോ ആവാസവ്യവസ്ഥയിലെയും പ്രശ്നങ്ങൾ വ്യത്യസ്തവും നിരവധിയുമാണ്. പ്രശ്നാധിഷ്ഠിത ഗവേഷണം യുദ്ധകാലാടിസ്ഥാനത്തിൽ നടപ്പിലാക്കണം. സാങ്കേതിക വിദ്യ ഫലപ്രദമായി അവലംബിക്കണം. വന്യമൃഗങ്ങളുടെ ആവാസ വ്യവസ്ഥയിലേക്ക് മനുഷ്യരുടെ കടന്നുകയറ്റം ഒഴിവാക്കണം. റിസ്‌ക് വിലയിരുത്തിയുള്ള മുന്നറിയിപ്പ് രീതികൾ പ്രദേശവാസികൾക്കായി നടപ്പിലാക്കണം. ടൂറിസം മേഖലയെ വ്യക്തമായി വേർതിരിക്കണം. ഇതു മനസിലാക്കാതെയുള്ള വിനോദസഞ്ചാരികളുടെ വനയാത്രകൾ അപകടം ക്ഷണിച്ചു വരുത്തും. വാഹനങ്ങൾക്കും,​ സ്ഥിതി വിലയിരുത്തി പ്രത്യേക സീസണിലോ സമയങ്ങളിലോ നിയന്ത്രണം ഏർപ്പെടുത്തണം.

വന്യമൃഗങ്ങളുടെ വരവിനെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്ന അലാറം, മൊബൈൽ അധിഷ്ഠിത സന്ദേശം എന്നിവ പ്രാദേശികവാസികൾക്ക് ലഭ്യമാക്കണം. റിസ്‌ക് വിലയിരുത്തിയുള്ള പ്രോട്ടോകോളുകൾ പ്രസിദ്ധീകരിക്കണം. യുവാക്കൾക്കും പരിസരവാസികൾക്കും ബോധവത്കരണ,​ നൈപ്യുണ്യ വികസന പദ്ധതികൾ നടപ്പിലാക്കണം. ഇവർക്ക് ഇൻഷുറൻസ് പരിരക്ഷ,​ ചികിത്സ എന്നിവ ഉറപ്പുവരുത്തണം. വിളകൾക്കും ഇൻഷുറൻസ് പരിരക്ഷ നൽകണം. കാലാവസ്ഥാമാറ്റം ആവാസ വ്യവസ്ഥയിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ പഠന വിധേയമാക്കണം. വന്യജീവി സംരക്ഷണ നിയമത്തിൽ ആവശ്യമായ ഭേദഗതി വരുത്താൻ ഇനിയും വൈകരുത്.

(ബംഗളൂരുവിലെ ട്രാൻസ്ഡിസിപ്ലിനറി യൂണിവേഴ്സിറ്റി ഒഫ് ഹെൽത്ത് സയൻസസ് ആൻഡ് ടെക്‌നോളജി പ്രൊഫസർ ആണ് ലേഖകൻ)

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WILD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION