SignIn
Kerala Kaumudi Online
Friday, 23 October 2026 2.32 AM IST

സ്വർണച്ചേന മുതൽ 'ഓഫർ സ്കൂട്ടർ' വരെ

scotter

അനന്തുകൃഷ്ണന്റെ പാതിവില തട്ടിപ്പിൽ അമ്പരക്കുകയാണ് മലയാളി. 'ഇതൊക്കെ എങ്ങനെ സാധിക്കുന്നെടാ" എന്ന ഗദ്ഗദം ഉള്ളിന്റെ ഉള്ളിലുമുണ്ട്! ഓർമ്മയൊന്ന് റിവേഴ്സ് ഗിയറിലിട്ടാൽ,​ അനന്തുകൃഷ്ണന് തട്ടിപ്പ് നടത്താനുള്ള സാഹചര്യം എങ്ങനെ വന്നുചേർന്നുവെന്ന് പിടികിട്ടും. മലയാളികളെ സമർത്ഥമായി പറ്റിച്ച കേസുകൾ അങ്ങനെ നീണ്ടുകി​ടക്കുകയാണല്ലോ! 2020-ൽ പുരാവസ്തു തട്ടിപ്പുവീരൻ മോൻസൺ മാവുങ്കൽ എന്ന അതി​ബുദ്ധി​മാൻ കളിച്ച കളിയൊന്നും മറ്റാരും കളി​ച്ചി​ട്ടി​ല്ല. സാക്ഷാൻ സംസ്ഥാന പൊലീസ് മേധാവി വരെ കറങ്ങിവീണ മോൻസൺ മുതൽ ടോട്ടൽ ഫോർ യൂ തട്ടിപ്പുകാരൻ ശബരിനാഥ് വരെ നീളുന്നതാണ് അനന്തുകൃഷ്ണന്റെ 'ഗുരുക്കന്മാർ."

ഓഫർ സ്കൂട്ടറും

അനന്തുവും

മലയാളികളുടെ ഓഫർ ഭ്രമത്തിലേക്ക് തട്ടിപ്പിന്റെ സ്കൂട്ടർ ഓടിച്ചു കയറിച്ചെന്ന വിരുതനാണ് അനന്തുകൃഷ്ണൻ. മുൻഗാമികളായ മണി ചെയിൻ തട്ടിപ്പുകാരുടെ രീതി പുത്തൻ രൂപത്തിൽ അവതരിപ്പിച്ച് രണ്ടു വർഷത്തിനിടെ ഈ 29കാരനും സംഘവും കൈക്കലാക്കിയത് ആയിരം കോടിരൂപ! രാഷ്ട്രീയ പാർട്ടികളും രാഷ്ട്രീയക്കാരുമായി അടുത്ത ബന്ധം സൂക്ഷിച്ചും ഇവരെ ഉദ്ഘാടകരാക്കിയുമൊക്കെയാണ് തട്ടിപ്പിന് കളമൊരുക്കിയത്. പത്താം ക്ലാസിൽ പഠിക്കെ കൂൺകൃഷിയിലൂടെ വരുമാനമുണ്ടാക്കി ഏവരെയും ഞെട്ടിച്ചയാളാണ് അനന്തുകൃഷ്ണൻ. അന്ന് എല്ലാവരും പറഞ്ഞു- ചെറുക്കൻ മിടുമിടുക്കൻ! പ്രസംഗിക്കാനും ക്ലാസെടുക്കാനുമുള്ള കഴിവ് പ്രശംസിക്കപ്പെട്ടു. അന്ന് അനന്തുവിൽ നല്ല ഭാവി പ്രതീക്ഷിച്ച നാട്ടുകാരെല്ലാം ഇന്ന് അമ്പരന്നിരിക്കുകയാണ്.

കേന്ദ്ര സർക്കാരിനു കീഴിൽ പ്രവർത്തിക്കുന്ന ഭാരത് സേവക് സമാജവുമായി ബന്ധപ്പെട്ടാണ് അനന്തു കൃഷ്ണന്റെ തുടക്കം. പിന്നീട് ഡോ. കലാം യൂത്ത് ഫൗണ്ടേഷൻ എന്ന സന്നദ്ധ സംഘടന തുടങ്ങി. സാമൂഹിക സേവന, കാർഷിക മേഖലകളിൽ കാര്യമായി ഫണ്ട് ലഭ്യമാകുന്ന പദ്ധതികളെക്കുറിച്ച് അനന്തു കൃഷ്ണന് വ്യക്തമായ ധാരണയുണ്ടായിരുന്നു. ഇതിനി​ടെ വണ്ടിച്ചെക്ക് കേസിലും മറ്റും കുടുങ്ങി അകത്തായി. സായിഗ്രാമം ഗ്ലോബൽ ട്രസ്റ്റ് ചെയമാൻ കെ.എൻ. ആനന്ദകുമാറിനെ പരിചയപ്പെട്ട ശേഷം സംസ്ഥാനത്തെമ്പാടും എൻ.ജി.ഒകൾ സ്ഥാപിച്ച് പാതിവില തട്ടിപ്പിന് തിരികൊളുത്തി. മുന്നിൽ നിന്നതെല്ലാം അനന്തു തന്നെ.

തയ്യൽ മെഷീൻ വിതരണത്തിന് പ്രചാരണം ഏറെക്കിട്ടി. പിന്നാലെ ലാപ് ടോപ്പ് നൽകാൻ തുടങ്ങി. ജനങ്ങൾക്കിടയിൽ ശ്രദ്ധിക്കപ്പെട്ടതോടെയാണ് പാതിവിലയ്ക്ക് സ്കൂട്ടർ എന്ന പുത്തൻ നമ്പറുമായി എത്തുന്നത്. 60,​000 രൂപ വാങ്ങി 1,​20,​000 വിലമതിക്കുന്ന സ്കൂട്ടറുകൾ നൽകുന്നതിലെ സാങ്കേതിക പ്രശ്നങ്ങളൊന്നും മലയാളി ചിന്തിച്ചതേയില്ല. സ്വർണം പണയംവച്ചും കടംവാങ്ങിയും വരെ ആളുകൾ പണം നൽകി. പണം കുമിഞ്ഞുകൂടിയതോടെ ആഡംബരവും സ്ഥലം വാങ്ങിക്കൂട്ടലുമായി. ഇടപാട് എന്നെങ്കിലും പൊളിയുമെന്ന് അനന്തുകൃഷ്ണന് ഉറപ്പുണ്ടായിരുന്നു. ചോദ്യംചെയ്യവേ ഇയാൾ പറഞ്ഞത്,​ ഇന്നു പിടിച്ചില്ലായിരുന്നുവെങ്കിൽ രണ്ടുമാസം കൂടി തള്ളിനീക്കാനുള്ള പണം അക്കൗണ്ടിൽ വരുമായിരുന്നു എന്നാണ്!

ആട്. മാഞ്ചിയം,​

അംശവടി...

തമിഴ്‌നാട്ടിൽ കണ്ണെത്താത്തത്രയും ഭൂമി. അവിടെ ലക്ഷങ്ങൾ വിലയുള്ള തേക്കും മാഞ്ചിയവും. കുറഞ്ഞ നിക്ഷേപങ്ങൾകൊണ്ട് ഭൂഉടമയും വലിയ തോട്ടമുടമയും ഒന്നിച്ചാകാമെന്നു വിശ്വസിപ്പിച്ച് കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് നിക്ഷേപങ്ങൾ ഒഴുകിയെത്തിയ കഥയാണ് എച്ച്.വൈ.എസ്- തേക്ക്, മാഞ്ചിയം തട്ടിപ്പുകേസിന്റെ മൂലകഥ. 1995-96 കാലയളവിലാണ് ആട്, തേക്ക്, മാഞ്ചിയം എന്നിവയുടെ പേരിൽ സംസ്ഥാനത്തെ ആദ്യ സംഘടിത സാമ്പത്തിക തട്ടിപ്പ് എന്നുകരുതുന്ന കുറ്റകൃത്യം അരങ്ങേറിയത്.

ആയിരം രൂപ നിക്ഷേപിച്ചാൽ അഞ്ചുവർഷംകൊണ്ട് 25 ഇരട്ടി ലാഭമായിരുന്നു വാഗ്ദാനം. ആട്, കോഴി ഫാമുകളിൽ നിക്ഷേപം നടത്തി വരുമാനം ഇരട്ടിയാക്കാമെന്ന വാഗ്ദാനങ്ങൾ നൽകിയും മറ്റു ചില സംഘങ്ങളും കൂണുപോലെ മുളച്ചു. പിന്നീട്, ആട്‌, തേക്ക്, മാഞ്ചിയം തട്ടിപ്പു കേസെന്ന പേരിലാണ് ഈ കേസുകൾ അറിയപ്പെട്ടത്. ഇനി തട്ടിപ്പിൽ വീഴില്ലെന്ന് ഉറപ്പിച്ച മലയാളികളെ വൈകാതെ വെറും പത്തൊമ്പതുകാരൻ ശബരിനാഥൻ കറക്കിവീഴ്ത്തി. ടോട്ടൽ ഫോർ യു എന്ന തട്ടിപ്പിൽ നഷ്ടമായത് മലയാളികളുടെ 200 കോടി രൂപ. ഒരു ലക്ഷം രൂപ നിക്ഷേപിച്ചവർക്ക് മൂന്നുമാസത്തിനു ശേഷം രണ്ടുലക്ഷം മടക്കിനൽകി ശബരീനാഥ് ഒട്ടേറെപ്പേരുടെ വിശ്വാസം ആദ്യം പിടിച്ചുപറ്റി.

സംഗതി കേട്ട് ഒട്ടേറെപ്പേർ ലക്ഷങ്ങളുമായി ഓടിയെത്തി. കോടികളുടെ ആസ്തിയുള്ള ബിസിനസുകാർ, സർക്കാർ ജീവനക്കാർ, ദിവസ വേതനക്കാർ, സാമ്പത്തിക പരാധീനതയിൽ നട്ടംതിരിഞ്ഞിരുന്നവർ.... ഇവർക്കെല്ലാം പണംപോയി. കെട്ടുകാഴ്ചകൾകൊണ്ടും വാഗ്ദാനങ്ങൾ കൊണ്ടും അധികാരകേന്ദ്രങ്ങളെയും അതുവഴി സമൂഹത്തെയും കബളിപ്പിക്കാൻ കഴിയുന്ന തട്ടിപ്പുകാരുടെ പട്ടികയിലാണ് സരിതയും മോൻസണുമെല്ലാം. ഭരണകൂടത്തെ പിടിച്ചുലച്ച സോളാർ തട്ടിപ്പ് കേസും മലയാളി മറക്കാൻ സമയമായിട്ടില്ല. സൗരോർജ പ്ലാന്റുകൾ സ്ഥാപിച്ചുനൽകാമെന്ന് വാഗ്ദാനം നൽകി പലരിൽ നിന്നായി കോടികളാണ് ഇവർ വെട്ടിച്ചത്. ഉമ്മൻ ചാണ്ടി സർക്കാരിനെ വെട്ടിലാക്കിയ തട്ടിപ്പായിരുന്നു ഇത്.

2021-ൽ മോശയുടെ അംശവടി മുതൽ ടിപ്പുവിന്റെ സിംഹാസനംവരെ വ്യാജൻ ഇറക്കിയായി​രുന്നു മോൻസൺ മാവുങ്കലി​ന്റെ വി​ളയാട്ടം. മോൻസൺ മോഡൽ തട്ടിപ്പിൽ ഉന്നതർ ഉൾപ്പെടെ തലകുത്തിവീണു. പോക്‌സോ കേസിലടക്കം പ്രതിയായി മോൻസൺ ഇപ്പോൾ ജയിലിലാണ്. അമൂല്യ പുരാവസ്തുക്കളുടെ ഇടപാടിലൂടെ വിദേശത്തുനിന്ന് വരാനുള്ള ശതകോടി​കൾ ഫെമ (ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ട്) പ്രകാരം തടഞ്ഞുവച്ചെന്ന് അറിയിച്ചാണ് മോൻസൺ മാവുങ്കൽ പണം തട്ടിയിരുന്നത്. സ്വന്തമായി പാസ്‌പോർട്ട് പോലും ഇല്ലാത്ത മോൻസൺ വിദേശത്തു പോയെന്നു പറഞ്ഞ് ആളുകളെ പറഞ്ഞു പറ്റിച്ചു.

നിക്ഷേപിച്ച് പണം ഇരട്ടിയാക്കാൻ മാത്രമല്ല, വെറുതെ തന്നെ സമ്പത്ത് ഇരട്ടിയാകാനും കാശ് കുമിഞ്ഞുകൂടാനും മലയാളികൾ എന്തും ചെയ്യും. ഇതിന് കോടികൾ മുടക്കാനും തയ്യാർ. ഇത് മുതലെടുക്കാൻ തട്ടിപ്പുകാർ അരയും തലയും മുറുക്കി രംഗത്തുണ്ട്. സ്വർണച്ചേന, വെള്ളിമൂങ്ങ, ഇരുതലമൂരി, നാഗമാണി​ക്യം, ഇറി​ഡി​യം... ഇങ്ങനെ നീളുന്നു,​ ധനാഗമന തന്ത്രങ്ങൾ. പണം സമ്പാദിക്കാനും മറ്റുള്ളവരെ വശീകരിക്കാനുമായി വെള്ളിമൂങ്ങ, നക്ഷത്രആമ, ഇരുതലമൂരി, റൈസ് പുള്ളർ എന്നിവ ഉപയോഗിച്ചുള്ള മന്ത്രവാദങ്ങൾ പ്രചരി​ച്ചതോടെയാണ് തട്ടിപ്പുകാർ ഇതിലും പിടിമുറുക്കിയത്.

നാളെ: ആർത്തിക്കുണ്ടോ അവസാനം?​

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CRIME, SCOOTER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION