SignIn
Kerala Kaumudi Online
Friday, 23 October 2026 1.30 PM IST

ഈ ക്രിമിനലുകളോ നാളത്തെ മാലാഖമാർ !

ragging

'ഭൂമിയിലെ മാലാഖമാർ" എന്നു ലോകം മുഴുവൻ നഴ്സുമാരെ വിശേഷിപ്പിക്കുന്നത് രോഗികളോട് അവർ കാട്ടുന്ന സ്നേഹവും കരുതലും കൊണ്ടാണ്. മൂന്നുമാസം കൂടി കഴിഞ്ഞാൽ നഴ്സുമാരായി ആതുരശുശ്രൂഷ നടത്തേണ്ടിയിരുന്ന കോട്ടയം ഗവൺമെന്റ് നഴ്സിംഗ് കോളേജിലെ അഞ്ചു നരാധമന്മാർ കാട്ടിക്കൂട്ടിയ കൊടുംക്രൂരതകളുടെ വീഡിയോ കണ്ടു ഞെട്ടിതരിച്ചവർക്കെല്ലാം പറയാനുള്ളത് ക്രിമിനലുകളായ ഈ മനുഷ്യമൃഗങ്ങൾ നഴ്സുമാരായി ഒരിക്കലും പുറത്തുവരരുതെന്നാണ്.

''വേദനകൊണ്ട് പുളഞ്ഞാണ് പല രാത്രികളും തള്ളിനീക്കുന്നത്. ഞങ്ങൾ എന്ത് തെറ്റ് ചെയ്തു. നിരവധി സ്വപ്നങ്ങളുമായാണ് ഇവിടേക്കെത്തിയത്. പക്ഷേ, പലപ്പോഴും പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാകുന്നില്ല. സഹികെട്ടിട്ടാണ് പരാതി നൽകിയത്"". സമാനതകളില്ലാത്ത ക്രൂരതയ്ക്കിരയായ വിദ്യാർത്ഥിയുടെ വാക്കുകളാണിത്. വയനാട്ടിൽ സിദ്ധാർത്ഥന് സംഭവിച്ച ദുരന്തത്തിന്റെ തുടർച്ചയായി കോട്ടയം നഴ്സിംഗ് കോളേജിലെ റാഗിംഗ് ക്രൂരതയെ കാണാം. സി.പി.എം അനുകൂല വിദ്യാർത്ഥി സംഘടനകളിൽപ്പെട്ടവരായിരുന്നു രണ്ടിടത്തും പ്രതിസ്ഥാനത്തു വന്നത്. കോട്ടയത്തെ ഒന്നാം പ്രതി രാഹുൽ രാജ് കേരള സ്റ്റുഡന്റ് നഴ്സസ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറിയും മറ്റു നാലു പ്രതികളായ സാമുവൽ ജോൺസൺ, എൻ.എസ്. ജീവ, സി. റിജിൽ ജിത്ത്, എൻ.വി വിവേക് എന്നിവർ അസസോസിയേഷൻ അംഗങ്ങളുമായിരുന്നു. പട്ടികജാതി വിദ്യാർത്ഥികൾക്കു വേണ്ടിയുള്ള ഹോസ്റ്റലിൽ കൊലപാതകത്തിന്റെ വക്കുവരെ എത്തിയ ക്രൂരത എന്തെങ്കിലും ശത്രുതയ്ക്കുള്ള പ്രതികാരം വീട്ടലിനായിരുന്നില്ല. ശരാശരി ഇരുപതുവയസുള്ള അഞ്ചു നഴ്സിംഗ് വിദ്യാ‌ത്ഥികൾ ചേർന്ന് സമപ്രായക്കാരനായ ഒരു വിദ്യാർത്ഥിയെ ഇങ്ങനെ പീഡിപ്പിച്ചത്, മദ്യപിക്കാൻ പണം കിട്ടാത്തതു കൊണ്ടായിരുന്നു.

നേതാവായ സീനിയർ വിദ്യാർത്ഥിയുടെ പിറന്നാൾ അടിച്ചുപൊളിക്കാനുള്ള പാർട്ടിക്കു ചെലവിന് പണം നൽകാൻ ജൂനിയർ വിദ്യാർത്ഥിക്കു കഴിയാതെ വന്നതോടെയായിരുന്നു. ശരീരം മുഴുവൻ കോമ്പസും ഡിവൈഡറും കൊണ്ട് വരച്ചും വായിൽ ലോഷ്യനും ശരീരഭാഗങ്ങളിൽ ക്രീമും ഫെവിക്കോളും ഒഴിച്ചും സ്വകാര്യഭാഗങ്ങളിൽ ഭാരമുള്ള ഡമ്പൽ വെച്ചും..... സഹജീവി വേദനയിൽ പുളയുന്നത് കണ്ട് ആർത്ത് അട്ടഹസിച്ച് കേരളം ഇതുവരെ കാണാത്ത ക്രൂരത നടത്തി ആസ്വദിച്ചവരെ എന്തു വിളിക്കണം?

എന്തുചെയ്താലും ഭരിക്കുന്ന പാർട്ടിയുടെ പിൻബലമുണ്ടെന്ന അഹങ്കാരമായിരുന്നു ഈ കുട്ടി ഗുണ്ടാസംഘത്തിന്റെ ശക്തി. മദ്യലഹരിയിൽ ഒരു സംഘം സീനിയർ വിദ്യാർത്ഥികൾ മാസങ്ങളോളം അഴിഞ്ഞാടിയിട്ടും ഞങ്ങളൊന്നും അറിഞ്ഞില്ല. കുട്ടികളാരും പരാതി തന്നില്ലെന്നു പറഞ്ഞു പീലാത്തോസിനെ പോലെ കൈ കഴുകുകയാണ് കോളേജ്, ഹോസ്റ്റൽ അധികൃതർ. ഇവർക്കെന്താണ് പിന്നെ ജോലി എന്നാണ് ചോദിക്കേണ്ടത്. പ്രതികളുടെ കൈവശമുള്ള മൊബൈൽ ഫോണുകൾ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ശാസ്ത്രീയ പരിശോധന റിപ്പോർട്ടു പുറത്തുവരുന്നതോടെ കരൾ പിളരും ക്രൂരതകളാകും ഇനിയും വെളിച്ചത്താക്കുക.

അഞ്ചു പ്രതികളിൽ രണ്ടുപേർക്കെതിരെ നേരത്തേ പ്രകൃതി വിരുദ്ധ പീഡന പരാതികൾ ഉയർന്നപ്പോൾ കുട്ടികളെ കേസിൽ നിന്ന് രക്ഷിച്ചത് വല്യ സഖാക്കളായിരുന്നുവെന്നാണ് ഒരു അദ്ധ്യാപകന്റെ വെളിപ്പെടുത്തൽ. പാർട്ടി നേതാക്കളുടെ പിൻബലമുണ്ട് പിന്നെ എന്തു കാട്ടിയാലും ആന്റീ റാഗിംഗ് നിയമത്തിൽ നിന്ന് രക്ഷപെടാൻ കഴിയുമെന്ന് പ്രതികൾ വിശ്വസിച്ചിരിക്കാം. അല്ലെങ്കിൽ പച്ച മാംസത്തിൽ ഡിവൈഡറും കോമ്പസും കുത്തിയിറക്കി രസിക്കില്ലായിരുന്നു.

ഹോസ്റ്റൽ ചുമതലയുള്ള ഉദ്യോഗസ്ഥൻ രാത്രി ഉണ്ടാകാറില്ല. ഗാന്ധിനഗറിലെ ബാറുകളിൽ സ്ഥിരം സന്ദർശകരായിരുന്ന ക്രിമിനലുകൾക്ക് എന്തു ഗുണ്ടായിസവും കാണിക്കാമെന്ന സ്ഥിതിയായി.

മദ്യപിക്കാൻ പണം ചോദിച്ചിരുന്നുവെന്നതിന്റെ തെളിവായി ഗൂഗിൾ പേ വഴി പണം വാങ്ങിയതിന്റെ രേഖകളും പൊലീസിന് കിട്ടി. പ്രതികളെ കോളേജിൽ നിന്ന് സസ്പെൻഡ് ചെയ്തു. അസോസിയേഷനിൽ നിന്നും പുറത്താക്കി. രാഷ്ട്രീയ പിൻബലമുള്ളതിനാൽ ഇതുകൊണ്ട് നടപടികൾ അവസാനിക്കാം!

 3 വർഷം പഠനവിലക്ക്

റാഗിംഗ് നടത്തിയ വിദ്യാർത്ഥിക്ക് അത് തെളിയിക്കപ്പെട്ടാൽ രണ്ടുവർഷം വരെ തടവ് ശിക്ഷയും 10,000 രൂപ പിഴയും ലഭിക്കും. പിന്നീട് വരുന്ന മൂന്ന് വർഷത്തേക്ക് മറ്റൊരു വിദ്യാഭ്യാസ സ്ഥാപനത്തിലും തുടർന്ന് പഠിക്കുവാനും സാധിക്കില്ല.

നിയമമുണ്ട്, പക്ഷേ...

റാഗിംഗിനെതിരെ ശക്തമായ കേരള റാഗിംഗ് നിരോധന നിയമം നിലവിലുണ്ടെങ്കിലും വിദ്യാഭ്യാസ സ്ഥാപനത്തിന്റെ റെപ്യൂട്ടേഷൻ, രാഷ്ട്രീയക്കാരുടെയും അദ്ധ്യാപക സംഘടനകളുടേയും വിദ്യാർത്ഥി യൂണിയനുകളുടേയും മറ്റും ഇടപെടലുകൾ, കുറ്റക്കാരായ കുട്ടികളുടെ ഭാവി നശിക്കാൻ ഇടവരുന്നത് തുടങ്ങിയ കാര്യങ്ങളാൽ ശക്തമായ നടപടികളിൽ നിന്ന് അധികൃതരെ പിന്തിരിപ്പിക്കുന്നത് പലപ്പോഴും അക്രമികൾക്ക് അഴിഞ്ഞാടാൻ അവസരമൊരുക്കുകയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KOTTAYAM, RAGGING
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION