SignIn
Kerala Kaumudi Online
Friday, 23 October 2026 5.28 PM IST

കാത്തുരക്ഷിക്കണം സമുദ്ര ജീവജാലങ്ങളെ

sea

വനവിഭവങ്ങളെപ്പോലെ സമുദ്ര വിഭവങ്ങളെയും സംരക്ഷിച്ചില്ലെങ്കിൽ വരാനിരിക്കുന്നത് പാരിസ്ഥിതിക ദുരന്തം മാത്രമായിരിക്കില്ല, സാമ്പത്തിക ദുരന്തം കൂടിയാണ്. അതിനുള്ള ഏറ്റവും നല്ല ഉദാഹരണങ്ങളിലൊന്നാണ് കടലാമ. ഏറെ പാരിസ്ഥിതിക പ്രാധാന്യമുളള കടലാമകളെ വലയിൽ കുരുങ്ങാതെ രക്ഷിക്കാനുള്ള ‘ടർട്ടിൽ എക്‌സ്‌ക്ലൂഡർ ഡിവൈസ്’ ഘടിപ്പിക്കാത്തതിനാൽ ആറുവർഷമായിട്ടും ഇന്ത്യയിലെ കടൽച്ചെമ്മീനിനുള്ള നിരോധനം അമേരിക്ക നീക്കിയിട്ടില്ല. മറ്റു രാജ്യങ്ങളിലേക്ക് അടക്കം ചെമ്മീൻ കയറ്റുമതി കുറയാനും കോടികളുടെ നഷ്ടത്തിനും നിരോധനം കാരണമായി. ഇതുമൂലം ആറുവർഷമായി കോടികളുടെ നഷ്ടമാണ് രാജ്യത്തിനുണ്ടായത്. ഈ നഷ്ടത്തിന്റെ ഭൂരിഭാഗവും കേരളത്തിനാണ്. കാരണം, ചെമ്മീൻ കയറ്റുമതിയുടെ നല്ലൊരു പങ്കും കേരളത്തിൽ നിന്നായതു കൊണ്ടുതന്നെ!

ടർട്ടിൽ എക്‌സ്‌ക്ലൂഡർ ഡിവൈസിന് 20,000 ഓളം രൂപ വിലയുണ്ട്. മത്സ്യലഭ്യത പ്രതിവർഷം കുറഞ്ഞു കൊണ്ടിരിക്കുമ്പോൾ ഉപകരണം എങ്ങനെ വാങ്ങുമെന്നാണ് മത്സ്യത്തൊഴിലാളികൾ ചോദിക്കുന്നത്. എന്നാൽ, കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സൗജന്യമായോ സബ്സിഡിയോടെയോ ഉപകരണം നൽകിയിട്ടുമില്ല. ഇന്ത്യയിലെങ്ങും ഉപകരണമില്ല. ട്രോളിംഗ് വലകളിലും പെലാജിക് വലകളിലുമാണ് കടലാമകൾ അകപ്പെടുന്നത്. മീൻ കൂടിക്കിടക്കുന്ന ഭാഗത്ത് നിശ്ചിത അളവിൽ ഡിവെെസ് ഉറപ്പിച്ചാൽ വലയിൽ നിന്ന് കടലാമകൾക്ക് പുറത്തുകടക്കാം. മീൻ പുറത്തുപോകുകയുമില്ല. വലകളിൽ കുടുങ്ങിയാണ് കടലാമകളേറെയും നശിക്കുന്നത്. ചെമ്മീൻ, ലോബ്സ്റ്റർ, ട്യൂണ തുടങ്ങിയ വിലയേറിയ സമുദ്രജീവികൾക്ക് പ്രയോജനപ്പെടുന്ന കടൽപ്പുല്ലുകളുടെയും പവിഴപ്പുറ്റുകളുടെയും ആരോഗ്യത്തിന് കടലാമകൾ വേണം. ടൂറിസം മൂല്യവുമുണ്ട്. അതിനാൽ തന്നെ അമേരിക്കയിൽ കടലാമ സംരക്ഷണത്തിന് വൻ പ്രാധാന്യമാണ് നൽകുന്നത്. ഇന്ത്യയിലും കടലാമ സംരക്ഷണത്തിന് ഏറെ പ്രാധാന്യം നൽകേണ്ടതുണ്ടെന്നാണ് ഡെറാഡൂണിലെ വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇന്ത്യയുടെ കടലാമ പ്രൊജക്ടിൽ റിസർച്ച് അസോഷ്യേറ്റ് പാർവതി നമ്പ്യാർ പറയുന്നത്.

അമേരിക്കയുടെ

വഴിയേ മറ്റ് രാജ്യങ്ങളും

അമേരിക്കയ്ക്ക് പിന്നാലെ യൂറോപ്യൻ യൂണിയനും ജപ്പാനും ചൈനയും അടക്കമുള്ള രാജ്യങ്ങൾ വില കുറച്ചാണ് കടൽച്ചെമ്മീനെടുക്കുന്നത്. മറ്റു ചെമ്മീനുകൾക്ക് നിരോധനമില്ല. ഒരു വർഷം അമേരിക്ക ഇറക്കുമതി ചെയ്യുന്ന ചെമ്മീനിന്റെ 30 ശതമാനത്തിലേറെ ഇന്ത്യയിലേതാണ്. ഇതിൽ 60 ശതമാനത്തോളം കേരളത്തിലേതും. കേരളത്തിൽ കൂടുതൽ കടലാമകളുള്ളത് തൃശൂരിലെ ചാവക്കാട് ബ്ളാങ്ങാട്, ഇരട്ടപ്പുഴ മേഖലയിലാണ്. അഴിമുഖവും കാലാവസ്ഥാ അനുകൂല ഘടകങ്ങളുമാണ് കാരണം. 2007 മുതൽ ഈ മേഖലയിൽ കടലാമ സംരക്ഷണം തുടരുന്നുണ്ട്. ആമകളുടെ മുട്ടകൾ സംരക്ഷിച്ച് കടലിലേക്ക് ഒഴുക്കിവിടും. വനംവകുപ്പും ഫൈറ്റേഴ്‌സ് ടർട്ടിൽ ക്ലബ് അടക്കമുള്ള സംഘടനകളുമാണ് സംരക്ഷിക്കുന്നതെന്ന് ക്ളബ് ഭാരവാഹി സജിൻ ആലുങ്കൽ പറയുന്നു. ഈ സീസണിൽ മാത്രം മുട്ട സംരക്ഷിക്കാനെത്തുന്നത് 30 ഓളം പേരാണ്. ഒരു ആമയിടുന്ന മുട്ടകൾ 100 മുതൽ 150 എണ്ണം വരെയാണ്. വിരിയാനെടുക്കുന്ന സമയം 45 ദിവസമാണ്.

2019-മുതലാണ് പ്രധാനമായും കടലാമ സംരക്ഷണത്തിന്റെ പേരിൽ അമേരിക്ക ഇന്ത്യയിൽ നിന്നുള്ള കടൽച്ചെമ്മീൻ കയറ്റുമതി നിറുത്തിയത്. രാജ്യത്ത് കടലോരമേഖലയുള്ള ഒൻപത് സംസ്ഥാനങ്ങളും വീഴ്ചവരുത്തിയതിന്റെ ദുരന്തമാണ് മത്സ്യത്തൊഴിലാളികൾ ഇന്ന് അനുഭവിക്കുന്നത്. ടർട്ടിൽ എക്‌സ്‌ക്ലൂഡർ വലകളിൽ ഉൾപ്പെടുത്തുന്നത് ചർച്ചചെയ്യാൻ മുംബയിൽ മത്സ്യമേഖലയിലുള്ളവരുടെ യോഗം നടന്നു. പക്ഷേ, സർക്കാർ അനുകൂല നടപടികൾ എടുത്തിട്ടില്ല.

അമേരിക്കയിൽ ഏറ്റവും ഡിമാൻഡുള്ളത് ചെമ്മീനിനാണ്. കയറ്റുമതി ഇല്ലാതായതോടെയാണ് ചെമ്മീന് വിലയിടിഞ്ഞത്. നിരോധിത വലകൾ ഉപയോഗിച്ച് നടത്തുന്ന അശാസ്ത്രീയ മീൻപിടിത്തം സർക്കാർ കർശനമായി തടയണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. ചെമ്മീനുമായി ബന്ധപ്പെട്ട് മത്സ്യബന്ധന മേഖലകളിലുള്ളവർ പലരും ജോലി ഉപേക്ഷിച്ച നിലയുണ്ടായി. ചില കയറ്റുമതി കേന്ദ്രങ്ങൾ പൂട്ടുകയും ചെയ്തു. ചെമ്മീൻ കയറ്റുമതിയിൽ ലോകത്ത് തന്നെ ഏറ്റവും മുൻപന്തിയിൽ നിന്ന രാജ്യമാണ് ഇന്ത്യ.

കേരളം ആമകളുടേയും നാട്
ആമകളുടെ സ്വന്തം നാടാണ് കേരള തീരം. ആയിരക്കണക്കിന് കിലോമീറ്റർ അകലെനിന്ന് വംശവർദ്ധനയ്ക്കായി വർഷംതോറും മുടങ്ങാതെ കേരളതീരം തേടിയെത്തുന്നവരാണ് വംശനാശഭീഷണി നേരിടുന്ന ഒലീവ് റിഡ്‌ലി കടലാമകൾ. സുരക്ഷിത ഇടങ്ങൾ കണ്ടെത്തി നൂറുകണക്കിന് മുട്ടകളിട്ട ശേഷം അവ നീന്തിയെത്തിയ മഹാസമുദ്രങ്ങളിലേക്ക് മടങ്ങും. 45 ദിവസം കഴിഞ്ഞാൽ മുട്ടയുടെ തോട് പൊട്ടിച്ച് നേരിയ നനവുള്ള മണലിലൂടെ കടലിലേക്കു ആമക്കുഞ്ഞുങ്ങൾ ഇറങ്ങും.

വനംവകുപ്പിന്റെ സഹകരണത്തോടെയാണ് കേരളതീരങ്ങളിൽ കടലാമ സംരക്ഷണ പ്രവർത്തനങ്ങൾ നടക്കുന്നത്. തൃശൂർ ജില്ലയിലെ ചാവക്കാട് ബ്ലാങ്ങാട്, മന്ദലാംകുന്ന്, പുത്തൻകടപ്പുറം എന്നിവിടങ്ങളിൽ നടക്കുന്ന സംരക്ഷണപ്രവർത്തനങ്ങളിലൂടെ മുക്കാൽലക്ഷം കടലാമ കുഞ്ഞുങ്ങളെയെങ്കിലും ഇതുവരെ വിരിയിച്ചു കടലിലേക്കു വിടാനായിട്ടുണ്ടെന്നാണ് വനംവകുപ്പ് അധികൃതർ പറയുന്നത്.

ഒരു കടലാമ സംരക്ഷണ സമിതിയിൽ അറുപതിലേറെ പ്രവർത്തകരുണ്ടാകും. രാത്രികളിലാണ് മുട്ടയിടാനായി ഇവ തീരത്ത് എത്തുക. സുരക്ഷിതമായ പ്രദേശത്ത് മണലിൽ ഒരടിയോളം താഴ്ചയിൽ കുഴിയെടുത്താണ് മുട്ടയിടുന്നത്. മുട്ടയിടൽ പൂർത്തിയാകാൻ നാലു മണിക്കൂറോളം സമയമെടുക്കും. സംരക്ഷണ പ്രവർത്തകർ മുട്ടകൾ ശേഖരിച്ചു താത്ക്കാലിക ഹാച്ചറികളിലേക്കു മാറ്റും.

നായ, കുറുക്കൻ, പരുന്ത് തുടങ്ങിയവ മുട്ടകൾ നശിപ്പിക്കാതിരിക്കാനാണിത്. വലയുപയോഗിച്ച് കൂടാരം പോലെ കെട്ടിത്തിരിച്ച ഹാച്ചറികളിൽ ഇരുമ്പുകൂടുകൾക്കുള്ളിൽ മണലിൽ കുഴിയെടുത്ത് സ്വാഭാവിക രീതിയിൽ തന്നെയാണ് മുട്ടകൾ സൂക്ഷിക്കുക. മുട്ടയിടാനായി കടലാമകളെത്തുന്ന മാസങ്ങളിൽ മത്സ്യബന്ധനത്തിനായി പോകുന്നവരോട് കൂടുതൽ ശ്രദ്ധിക്കണമെന്നും കടലാമകൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതികൾ അവലംബിക്കരുതെന്നും കടലാമ സംരക്ഷണ സമിതി പ്രവർത്തകർ ആവശ്യപ്പെടാറുണ്ട്.

ഒലീവ് റിഡ്‌ലിഏഴ് വിഭാഗങ്ങളിലുള്ള കടലാമകളാണ് ലോകത്തുള്ളത്. അവയിൽ ഏറ്റവും ചെറുതാണ് ഒലീവ് റിഡ്‌ലി ആമകൾ. മുൻപ് ഒക്ടോബർ മുതൽ മാർച്ച് വരെയുണ്ടായിരുന്ന പ്രജനന സമയം ഇപ്പോൾ ഡിസംബർ മുതൽ മാർച്ച് വരെയായി ചുരുങ്ങിയിരിക്കുകയാണ്. കാലാവസ്ഥാ മാറ്റം ഉൾപ്പെടെ ഇതിനു കാരണമായി പറയുന്നുണ്ട്. കൂടാതെ കേരള തീരത്തിനു സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങൾ കാരണം പലയിടത്തും ആമകൾക്ക് സുഗമമായി കയറിവരാനുള്ള സാഹചര്യം ഇല്ലാതാക്കി. അതെ, ആമസംരക്ഷണം അതീവഗൗരവമായി തന്നെ കാണേണ്ടിയിരിക്കുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SEA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION