
''ഇന്ന് നമ്മുടെ ദീപാവലി! മനുഷ്യജീവിതത്തിൽ ആഘോഷങ്ങൾക്ക് വലിയ സ്ഥാനമുണ്ട്. അവ ജീവിതത്തിന് പുതിയ അർത്ഥവും പ്രതീക്ഷയും നൽകുന്ന സന്ദർഭങ്ങൾ കൂടിയാണ്. അത്തരത്തിൽ ഭാരതീയ സംസ്‌കാരത്തിന്റെ ആത്മീയവും, സാംസ്‌കാരികവുമായ പൈതൃകം വിളിച്ചോതുന്ന മഹത്തായ ആഘോഷമാണ് ദീപാവലി. ദീപങ്ങളുടെ ഉത്സവമെന്ന അർത്ഥത്തിൽ അറിയപ്പെടുന്ന ദീപാവലി, പ്രകാശത്തിന്റെ വിജയവും ഇരുട്ടിന്റെ പരാജയവും പ്രതീകാത്മകമായി അവതരിപ്പിക്കുന്നു! ദീപാവലിയുമായി ബന്ധപ്പെട്ട് നിരവധി ഐതിഹ്യങ്ങളുണ്ട്. ശ്രീരാമൻ വനവാസത്തിന് ശേഷം രാവണനെ വധിച്ച് സീതാദേവിയോടും ലക്ഷ്മണനോടുമൊപ്പം അയോദ്ധ്യയിൽ തിരിച്ചെത്തിയപ്പോൾ അയോദ്ധ്യാവാസികൾ ദീപങ്ങൾ തെളിയിച്ച് മധുരപലഹാരങ്ങൾ നല്കി അദ്ദേഹത്തെ വരവേറ്റെന്നാണ് ഒരു വിശ്വാസം. ശ്രീകൃഷ്ണൻ നരകാസുരനെ വധിച്ച് ജനങ്ങളെ ഭീതിയിൽ നിന്ന് മോചിപ്പിച്ചതിന്റെ സ്മരണയ്ക്കാണ് ദീപാവലി ആഘോഷിക്കുന്നതെന്നാണ് മറ്റൊരു വിശ്വാസം. ഇങ്ങനെ വ്യത്യസ്ത മത വിശ്വാസങ്ങളും പാരമ്പര്യങ്ങളും ദീപാവലിയെ തങ്ങളുടേതായ രീതിയിൽ ജനങ്ങൾ ആഘോഷിക്കുന്നു. ചെറിയ ദീപത്തിന് വലിയ ഇരുട്ടിനെ അകറ്റാൻ കഴിയും. അതുപോലെ ഒരാളുടെ ചെറിയൊരു നല്ല പ്രവൃത്തിക്ക് മറ്റൊരാളുടെ ജീവിതത്തിൽ വലിയ മാറ്റം സൃഷ്ടിക്കാൻ കഴിയും. മറ്റുള്ളവരുടെ ജീവിതത്തിലേക്ക് പ്രകാശം പകരാൻ കഴിയുന്നവരാണ് യഥാർത്ഥത്തിൽ ദീപാവലിയുടെ സന്ദേശം ഉൾക്കൊള്ളുന്നവർ''- പ്രഭാഷകൻ,സദസ്യരെ നോക്കിയപ്പോൾ, പലരും പുത്തൻ പ്രകാശത്തിലൂടെ ആത്മനിർവൃതി തേടുന്നോരു ഭാവത്തിലായിരുന്നു! വാത്സല്യത്തോടെ പ്രഭാഷകൻ തുടർന്നു-
''ശാസ്ത്രവും സാങ്കേതികവിദ്യയും വളരെയധികം പുരോഗമിച്ച ആധുനിക ലോകത്താണ് നാം ജീവിക്കുന്നത്. എന്നാൽ, മനുഷ്യമനസിൽ നിന്ന് ഇരുട്ട് പൂർണമായി അകന്നിട്ടുണ്ടോ? മതത്തിന്റെ പേരിൽ വിദ്വേഷം, സമ്പത്തിന്റെ പേരിൽ അസമത്വം, അധികാരത്തിന്റെ പേരിൽ അഹങ്കാരം,വ്യക്തി താത്പര്യങ്ങളുടെ പേരിൽ പരസ്പര വൈരാഗ്യം എന്നിവ ഇന്നും നിലനിൽക്കുന്നു. അന്യന്റെ വേദന മനസിലാക്കാനും അശരണരെ സഹായിക്കാനും ഭിന്നശേഷിക്കാരെയും വയോജനങ്ങളെയും ചേർത്തു നിറുത്താനും കഴിയുമ്പോഴാണ് ദീപാവലിയെ അതിന്റെ യഥാർത്ഥ അർത്ഥത്തിൽ ഉൾക്കൊള്ളാൻ കഴിയുന്നത്. മതങ്ങൾക്കപ്പുറം മനുഷ്യസ്‌നേഹത്തിന്റെ ആഘോഷം ! മനുഷ്യനെ മനുഷ്യനായി കാണാനും പരസ്പരം ബഹുമാനിക്കാനും വ്യത്യസ്ത വിശ്വാസങ്ങൾക്കിടയിൽ സൗഹാർദ്ദം വളർത്താനും ഇത്തരം ആഘോഷങ്ങൾ സഹായിക്കണം. വീടുകളിൽ തെളിയിക്കുന്ന ഓരോ ദീപവും മനുഷ്യർക്കിടയിലെ അകൽച്ചകൾ ഇല്ലാതാക്കാനുള്ള ഒരു പ്രതീകമായി മാറട്ടെ. ലോകത്തെ മുഴുവൻ മാറ്റാൻ നമുക്ക് കഴിഞ്ഞെന്നു വരില്ല. എന്നാൽ നമ്മുടെ ചിന്തകളിലും വാക്കുകളിലും പ്രവൃത്തികളിലും നന്മയുടെ വെളിച്ചം പകരാൻ നമുക്ക് കഴിയും.
അതിനാൽ ഈ ദീപാവലിയിൽ നമുക്ക് വീടുകളിൽ മാത്രമല്ല, ഹൃദയങ്ങളിലും ദീപങ്ങൾ തെളിയിക്കാം. വിദ്വേഷത്തിന്റെ ഇരുട്ടിനെ സ്‌നേഹം കൊണ്ടും അജ്ഞതയുടെ ഇരുട്ടിനെ അറിവുകൊണ്ടും അസമത്വത്തിന്റെ ഇരുട്ടിനെ സമത്വബോധംകൊണ്ടും അകറ്റാൻ ശ്രമിക്കാം. എല്ലാവരുടെയും ജീവിതത്തിൽ അറിവിന്റെയും സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും പ്രകാശം നിറയട്ടെ'' പ്രഭാഷകനിറങ്ങിയപ്പോൾ,പ്രേക്ഷകർ അഭൂതപൂർവമായ ആനന്ദത്തിലായിരുന്നു!
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |