SignIn
Kerala Kaumudi Online
Thursday, 22 October 2026 10.44 AM IST

"പാലക്കാട് "സൗഭാഗ്യങ്ങളുടെ പറുദ്ദീസ

s

ലോട്ടറി പ്രേമികൾക്ക് അവരുടെ ഭാഗ്യനാടാണ് പാലക്കാട്. ഭാഗ്യദേവത അവിടെ തങ്ങളെയും കാത്തുനിൽപ്പുണ്ടെന്നാണ് ഓരോരുത്തരുടെയും വിശ്വാസം. കഴിഞ്ഞ കുറേക്കാലമായി ഭാഗ്യദേവത പാലക്കാട് തന്നെ നിന്നു കളിക്കുകയാണ്. അതുകൊണ്ട് പാലക്കാട് നിന്ന് കേരള സർക്കാരിന്റെ ലോട്ടറി ടിക്കറ്റ് വാങ്ങിയാൽ ഏതെങ്കിലുമൊരു സമ്മാനം കിട്ടാതിരിക്കില്ലെന്നത് ലോട്ടറി ആരാധകർക്കിടയിലുള്ള ഒരു വിശ്വാസമാണ്. അത് ഒന്നുകൂടി ഉറപ്പിക്കുന്നതാണ് സമീപകാലത്തെ ബംബർ റിസൾട്ടുകൾ. ഈ വർഷത്തെ പൂജാ ബംബറിന്റെ ഒന്നും രണ്ടും സമ്മാനങ്ങളായ 12 കോടിയും ഒരു കോടിയും പാലക്കാട്ട് വിറ്റ ടിക്കറ്റുകൾക്കായിരുന്നു.

പാലക്കാട് മുനിസിപ്പൽ സ്റ്റാൻഡിനു പിന്നിലെ കിംഗ് സ്റ്റാർ ലോട്ടറി ഏജൻസി വിറ്റ JD 545542 എന്ന നമ്പർ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. ഇതിനു സമീപമുള്ള ശ്രീ മൂകാംബിക ലക്കി സെന്റർ വിറ്റ ടിക്കറ്റ് രണ്ടാം സമ്മാനം നേടിയവയിൽ ഉൾപ്പെടുന്നു. ഈ വർഷം അച്ചടിച്ച 40 ലക്ഷം ടിക്കറ്റിൽ 39.10 ലക്ഷം ടിക്കറ്റാണ് വിറ്റുപോയത്.

കേരളത്തിലെ ലോട്ടറി വിൽപ്പനയുടെ കണക്കുകളിലേക്ക് കണ്ണോടിച്ചാൽ അതിശയിച്ചപോകും നമ്മൾ. മൂന്നരക്കോടി ജനങ്ങളുള്ള കേരളത്തിൽ പ്രതിദിനം ചെലവാകുന്നത് 90 ലക്ഷത്തോളം ടിക്കറ്റുകളാണെന്നാണ് കണക്ക്. ആളോഹരി ടിക്കറ്റ് കണക്കാക്കിയാൽ മൂന്നിൽ ഒരാളെങ്കിലും ദിനംപ്രതി ടിക്കറ്റുകൾ വാങ്ങുന്നുണ്ടെന്ന് മനസിലാക്കാം. നിലവിൽ ദിനം പ്രതി 1.08 കോടി ടിക്കറ്റുകൾ അച്ചടിക്കാനുള്ള അനുവാദമാണ് സംസ്ഥാന ലോട്ടറി വകുപ്പിന് ധനവകുപ്പ് നൽകിയിട്ടുള്ളത്. അച്ചടിക്കുന്ന ടിക്കറ്റുകളിൽ ശരാശരി അഞ്ച് ശതമാനത്തോളം ടിക്കറ്റുകൾ മാത്രമേ വിൽക്കാതെ വരുന്നുള്ളൂ. ഏതാണ്ട് 55,000 ഏജന്റുമാരും ഒന്നര ലക്ഷത്തിലേറെ വിൽപ്പനക്കാരുമാണ് കേരള ലോട്ടറിക്കുള്ളത്.

 ജാക്പോട്ട് ജംഗ്ഷനായി വാളയാർ

കേരള - തമിഴ്നാട് അതിർത്തിയിൽ പാലക്കാട്‌ - കോയമ്പത്തൂർ ഹൈവേയിലെ ചെറിയ പട്ടണമായ വാളയാർ ഒരു ചെക്ക്‌പോസ്റ്റ് പട്ടണം മാത്രമല്ല. കേരളത്തിന്റെ സ്വന്തം ജാക്ക്‌പോട്ട് ജംഗ്ഷൻ കൂടിയാണ്. നിയോൺ ലൈറ്റുകൾ പ്രകാശിക്കുന്ന തിങ്ങിനിറഞ്ഞ ലോട്ടറി സ്റ്റാളുകളുടെ ഭൂപ്രദേശം. എണ്ണമറ്റ തെരുവ് കച്ചവടക്കാരും 130ലധികം പെട്ടിക്കടകളും ഇവിടെ കേരള ലോട്ടറികൾ വിൽക്കുന്നു. ഇത് വാളയാറിനെ സ്വപ്നങ്ങളുടെയും നിരന്തരമായ പ്രതീക്ഷയുടെയും മിന്നുന്ന ലോകമാക്കി മാറ്റുന്നു. വാളയാറിലേതുപോലുള്ള ഒരു പ്രദേശത്ത് ഇത്രയധികം സ്റ്റാളുകളും തെരുവ് വിൽപ്പനക്കാരും കേന്ദ്രീകരിച്ചിരിക്കുന്ന മറ്റൊരു സ്ഥലം കേരളത്തിൽ കാണില്ല. വാളയാറിലെ മിക്കവാറും എല്ലാ സ്റ്റാളുകളിലും ഒരുദിവസം 500ലധികം ടിക്കറ്റുകൾ വിൽക്കപ്പെടുന്നു. തമിഴ്നാട്ടിൽ നിന്നുള്ളവർ വൻതോതിൽ എത്തുന്ന ഞായറാഴ്ചകളിൽ ഈ സംഖ്യ 1000 കവിയും. വാളയാറിലെ ലോട്ടറി വ്യാപാരത്തിന്റെ വ്യാപ്തിയെ ഇങ്ങനെ ലളിതമായി വിശദീകരിക്കാം.

വാളയാർ മാത്രമല്ല, കേരളത്തിലേക്കു കടന്നുവരുന്ന അതിർത്തി ചെക്ക്‌പോസ്റ്റുകൾക്കു സമീപമെല്ലാം നിറഞ്ഞുനിൽക്കുന്നതു ലോട്ടറി കടകളാണ്. ഗോവിന്ദാപുരം, മീനാക്ഷിപുരം, ഗോപാലപുരം, ഒഴലപ്പതി, വേലന്താവളം, ആനക്കട്ടി പ്രദേശങ്ങളിലെല്ലാം അതിർത്തികളെ അലങ്കരിക്കാൻ ലോട്ടറി കച്ചവടക്കാരുണ്ട്. ഇവിടെയും ലക്ഷങ്ങളുടെ വിൽപ്പനയുണ്ട്.

വാളയാർ സ്റ്റാളുകൾ ചെന്നൈ, ബെംഗളൂരു, സേലം എന്നിവിടങ്ങളിൽ നിന്നുള്ള സ്ഥിരം ഉപഭോക്താക്കൾക്ക് വാട്സ്ആപ്പ് വഴിയും മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴിയും ടിക്കറ്റ് നമ്പറുകളും അതിന്റെ ഫോട്ടോകളും നൽകും. കൂടാതെ വാങ്ങുന്നവർ പലപ്പോഴും ഡിജിറ്റൽ പേയ്‌മെന്റ് ആപ്പുകൾ വഴി പണം കൈമാറും. ' ഇത് ഏതാണ്ട് പൂർണമായും വിശ്വാസത്തിൽ അധിഷ്ഠിതമായ ഒരു വ്യാപാരമാണ്. രസീതുകളില്ല, ഗ്യാരണ്ടികളില്ല, എഴുതപ്പെടാത്ത ഒരു കോഡിലുള്ള പരസ്പര വിശ്വാസം മാത്രം. വ്യക്തമായും, തമിഴ്നാട് പശ്ചാത്തലമുള്ള വിൽപ്പനക്കാർക്ക് കൂടുതൽ ഓൺലൈൻ ഉപഭോക്താക്കളുണ്ട്.

 വിശ്വാസങ്ങൾ പലത്

ചിലർ ചില ഭാഗ്യ സംഖ്യകളിൽ വിശ്വസിക്കുന്നു. പലരും പ്രത്യേക ദിവസങ്ങളിൽ വിശ്വസിക്കുന്നു. അതേസമയം, വലിയൊരു വിഭാഗം വാങ്ങുന്നവർ ടിക്കറ്റ് സെറ്റുകളിലും (ഒരു സെറ്റ് 12 ബുക്കുകൾ ഒന്നിച്ച് ) ബുക്കുകളിലും (ഒരു ബുക്ക് 25 ടിക്കറ്റുകൾ ഒന്നിച്ചുള്ളത്) വിശ്വസിക്കുന്നു. ബുക്കുകളുടെയും സെറ്റുകളുടെയും ലഭ്യതയും ആളുകൾ വാളയാറിലേക്ക് ഒഴുകിയെത്താനുള്ള ഒരു കാരണമാണ്.

തിരക്കേറിയ ഒരു സ്ഥലമായതിനാൽ ദേശീയപാതയിലെ സർവീസ് റോഡിലും പോക്കറ്റ് റോഡുകളിലും സ്‌കൂട്ടർ, ബൈക്ക്, കാർ എന്നിവകൊണ്ട് നിറഞ്ഞിരിക്കുന്നു, അവയിൽ ഭൂരിഭാഗവും തമിഴ്നാട് രജിസ്‌ട്രേഷനാണ്, വാളയാറിൽ വിശാലമായ പലചരക്ക് കടയോ വസ്ത്രക്കടയോ മെഡിക്കൽ ഷോപ്പോ പച്ചക്കറി കടയോ ധനകാര്യ സ്ഥാപനമോ ഇല്ല. അവിടെ ഏത് ചെറിയ കടകൾ സ്ഥിതി ചെയ്യുന്നുവോ, അവയെല്ലാം ലോട്ടറി ടിക്കറ്റുകൾ വിൽക്കുന്നു. ഇവിടെ ഒന്നുമില്ല. ലോട്ടറി വിൽപ്പന മാത്രം. കെട്ടിടങ്ങളുടെയും സ്റ്റാളുകളുടെയും 40 ശതമാനമെങ്കിലും തമിഴ്നാട്ടിൽ നിന്നുള്ളവരുടെ ഉടമസ്ഥതയിലാണ്. റോഡരികിലെ ഭൂമിയുടെ വില സെന്റിന് 12 ലക്ഷം രൂപയായി കുതിച്ചുയർന്നു. പക്ഷേ, വിൽക്കാൻ ഒരു ഇഞ്ച് പോലും ലഭ്യമല്ല.

 പിന്നിലെ രഹസ്യം

പാലക്കാടിന് കോടികളും ലക്ഷങ്ങളുമൊക്കെ എപ്പോഴും സമ്മാനം ലഭിക്കുന്നതിന്റെ രഹസ്യമെന്താണ്? മറ്റൊന്നുമല്ല, ദിവസേനയുള്ള ലോട്ടറിയായാലും ബംബർ ലോട്ടറിയായാലും ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിൽക്കുന്നത് പാലക്കാട്ടാണ്. ഇത്തവണത്തെ ഓണം ബംപറിൽ കേരളം ആകെ വിറ്റഴിച്ചത് 75 ലക്ഷത്തോളം ടിക്കറ്റുകളാണ്. ഇതിൽ 11,70,050 ലക്ഷം ടിക്കറ്റുകൾ വിറ്റത് പാലക്കാട് ജില്ലയിലാണ്. മറ്റ് ജില്ലകളിലും പാലക്കാട്ടെ ലക്ഷക്കണക്കിന് ടിക്കറ്റുകൾ വിറ്റുപോയിട്ടുണ്ട്. ഇത് ഓണം ബംപറിന്റെ മാത്രം കഥയല്ല, എല്ലാ ലോട്ടറികളും ഏറ്റവും കൂടുതൽ വിൽക്കുന്നത് പാലക്കാട്ടാണ്. ശരാശരി ഒൻപത് ലക്ഷത്തിനും 12 ലക്ഷത്തിനും ഇടയിലാണ് ഓരോ ലോട്ടറിയും പാലക്കാട്ട് ജില്ലയിൽ മാത്രം വിറ്റഴിഞ്ഞ് പോകുന്നത്. അപ്പോൾ പിന്നെ സ്വാഭാവികമായും ഏറ്റവും കൂടുതൽ സമ്മാനങ്ങൾ കിട്ടുന്നതും കിട്ടാനുള്ള സാദ്ധ്യതയും പാലക്കാട്ട് തന്നെയായിരിക്കുമല്ലോ. അതിൽ കവിഞ്ഞ മറ്റൊരു രഹസ്യവും ഇതിന് പിന്നിലില്ലെന്നതാണ് വസ്തുത.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PALAKKAD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION