SignIn
Kerala Kaumudi Online
Thursday, 22 October 2026 7.49 PM IST

യു.എസ്.ടി : വേറിട്ട ചിന്തയിൽ വേരുറച്ച വിജയം

ust

വടക്കൻ പറവൂരിൽ നിന്ന് യു.എസിലെത്തിയ സംരംഭകൻ, ജി.എ. മേനോൻ എന്ന ഗോപാല അച്യുത മേനോൻ കണ്ട ഒരു സ്വപ്നം. ഒറ്റയ്ക്ക് വഴി വെട്ടിത്തെളിക്കവേ തെറ്റുകൾ പാഠമാക്കി. ആ പാഠങ്ങൾ പിന്നീട് ലക്ഷക്കണക്കിനു സംരംഭകർക്ക് വെളിച്ചമായി. 1999- ൽ ജി.എ. മേനോൻ തുടക്കമിട്ട യു.എസ്.ടി എന്ന ഐ.ടി സംരംഭം ലോകോത്തര ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ സൊല്യൂഷൻ സ്ഥാപനമായി വളർന്നു. റീട്ടെയിൽ, ഹെൽത്ത്കെയർ, ബാങ്കിംഗ്, ഫിനാൻഷ്യൽ സർവീസസ്, സെമികോൺ ആൻഡ് ടെലികോം തുടങ്ങിയ മേഖലകളിൽ കെെയൊപ്പു പതിച്ചു. കമ്പനിയുടെ വളർച്ചയെയും ഭാവി പ്രതീക്ഷകളെയും പറ്റി യു.എസ്.ടി ചീഫ് ഓപ്പറേറ്രിംഗ് ഓഫീസർ ആയ (സി.ഒ.ഒ) അലക്സാണ്ടർ വർഗീസ് 'കേരളകൗമുദി"യോട്സംസാരിക്കുന്നു...


?​ യു.എസ്.ടിയുടെ വിജയമന്ത്രം.

യു.എസ്.ടി ആരംഭിക്കുമ്പോൾ കച്ചവട താത്പര്യത്തേക്കാൾ ഉപഭോക്താക്കളുമായി ഊഷ്മള ബന്ധം നിലനിറുത്തുന്നതിനും മാനുഷിക മൂല്യങ്ങൾക്കുമായിരുന്നു മുൻഗണന. വലിയൊരു അമേരിക്കൻ മൾട്ടിനാഷണൽ കോർപ്പറേഷനായിരുന്നു യു.എസ്.ടിയുടെ ആദ്യ കസ്റ്റമർ. അന്ന് യു.എസ്.ടിയിൽ ഉണ്ടായിരുന്നത് വെറും പതിനാലു ജീവനക്കാരാണ്. മറ്റു കമ്പനികളിലൊന്നും കാണാത്ത എന്തോ പ്രത്യേകത,​ ചെറിയ കമ്പനിയായിരുന്നിട്ടും യു.എസ്.ടിയിൽ ആ എം.എൻ.സി കണ്ടിരിക്കണം. അന്നത്തെ പതിനാലു പേരിൽ നിന്ന് 30,000 ജീവനക്കാരിലേക്ക് എത്തിനിൽക്കുമ്പോൾ ആ വിശ്വാസ്യത കൂടിയിട്ടേയുള്ളൂ.


?​ യു.എസ്.ടിയുടെ തൊഴിൽ അന്തരീക്ഷം.

കളേഴ്സ് ഫ്രെയിംവർക്കിലൂടെയാണ് യു.എസ്.ടി പ്രവർത്തിക്കുന്നത്. ഓരോ നിറവും ഓരോ മേഖലകളെ പ്രതിനിധീകരിക്കുന്നു.! ഉദാഹരണത്തിന്,​ ഇൻഡിഗോ നിറം ഇന്നൊവേഷനാണ്. പർപ്പിൾ പീപ്പിളും. ഓരോരുത്തർക്കും താത്പര്യമുള്ള മേഖലകൾ കണ്ടെത്തി കഴിവു തെളിയിക്കാം. നേതൃപാടവം വളർത്തുന്നതിനും സ്വതന്ത്രമായി തീരുമാനമെടുക്കുന്നതിനും യു.എസ്.ടിയിലെ തൊഴിൽ അന്തരീക്ഷം സഹായിക്കും. ജീവനക്കാർക്ക് സി.ഇ.ഒയുമായി പോലും ബന്ധപ്പെടാം. മെസേജ് ചെയ്യാം,​ ആശയങ്ങൾ പങ്കിടാം. മറ്റു പല ഓഫീസുകളിലുമുള്ള അധികാരശ്രേണി ഇല്ലാതാക്കാനാണ് ശ്രമിക്കുന്നത്. ആരും ആരെയും 'സർ'എന്ന് വിളിക്കാൻ പാടില്ല. അങ്ങനെ വിളിച്ചാൽ പിഴയുണ്ട്! ജീവിതത്തെക്കുറിച്ചുള്ള കാഴ്ചപ്പാടു തന്നെ മെച്ചപ്പെടുത്താൻ ഇതൊക്കെ സാധിക്കും.


?​ തിരുവനന്തപുരത്തെ യു.എസ്.ടി ക്യാമ്പസ് മറ്റിടങ്ങളിലേതിൽ നിന്ന് എങ്ങനെ വ്യത്യസ്തമാകുന്നു.

 പ്രകൃതിയുമായി ഇണങ്ങിനിൽക്കുന്ന ലീഡ്സ് ഗോൾസ് സർട്ടിഫൈഡ് ബിൽഡിംഗാണ് തിരുവനന്തപുരത്തേത്. ആകെ 36ഏക്കറിൽ 13 ഏക്കർ ഫേസ് - വൺ ആണ്. അതിൽ അഞ്ചര ഏക്കറോളം ഒരു തടാകമാണ്. ഹെർബൽ ഗാർഡൻ, മിയാവാക്കി വനം, ജിം, സ്വിമ്മിംഗ് പൂൾ, ക്രിക്കറ്റ് ഗ്രൗണ്ട്, മൾട്ടിലെവൽ കാർ പാർക്കിംഗ്, ഹെൽത്ത് ക്ലിനിക്ക്, ഡെന്റൽ ക്ലിനിക്ക്... അങ്ങനെ നീളുന്നു സൗകര്യങ്ങൾ. ദമ്പതികൾ ജോലി ചെയ്യുമ്പോൾ കുട്ടികളെ നോക്കാൻ ഡേകെയർ ഉണ്ട്. ജീവനക്കാരുടെ മാനസിക,​ ശാരീരിക ആരോഗ്യത്തിനും തുല്യപ്രാധാന്യം നൽകുന്നു.


?​ കേരളത്തിലെ ആദ്യ യൂണികോൺ ആണ് യു.എസ്.ടി. ഒരു യൂണികോൺ, ഐ.ടി ആവാസവ്യവസ്ഥയെ പ്രോത്സാഹിപ്പിക്കുന്നത് എങ്ങനെ.

നൂറുകോടി ഡോളറോ അതിൽ കൂടുതലോ മൂല്യം നേടി അപൂർവനേട്ടം കൈവരിക്കുന്ന സ്വകാര്യ സ്റ്റാർട്ടപ്പാണ് യൂണികോൺ. യൂണികോണിന്റെ വളർച്ച മറ്റു കമ്പനികളെയും നിക്ഷേപകരെയും സ്വാധീനിക്കും. നിലവിൽ യു.എസ്.ടിക്ക് കേരളത്തിൽത്തന്നെ 10,​000-ത്തിൽ അധികം ജീവനക്കാരുണ്ട്. യു.എസ്.ടി വന്നപ്പോൾ ടെക്നോപാർക്കിൽ മുപ്പിതിൽ താഴെ കമ്പനികളേ ഉണ്ടായിരുന്നുള്ളൂ. ഇവിടെ നിന്ന് തൊഴിൽ പഠിച്ചു പുറത്തിറങ്ങി,​ സ്വന്തമായി കമ്പനി തുടങ്ങി വിജയിച്ച ധാരാളം സി.ഇ.ഒമാരെ യു.എസ്.ടി സൃഷ്ടിച്ചിട്ടുണ്ട്. ടി സൃഷ്ടിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് ആദ്യ ജി.സി.സി (ഗ്ലോബൽ കേപ്പബിലിറ്റി സെന്റർ) കൊണ്ടുവന്നത് ഞങ്ങളാണ്. എന്നാൽ ഇന്ന് എന്തുകൊണ്ട് ജി.സി.സി തിരുവനന്തപുരത്ത് എത്തിക്കൂടാ എന്നായി പൊതുമനോഭാവം. മൾട്ടി നാഷണൽ കമ്പനികളെ ഇങ്ങോട്ട് കൊണ്ടുവന്നതും യു.എസ്.ടി ആണ്.

?​ പുതിയ സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കാൻ...

യു.എസ്.ടി ആരംഭിച്ചതും സ്റ്റാർട്ടപ്പായി ആണല്ലോ. അതുകൊണ്ട് സ്റ്റാർട്ടപ്പുകളെ നന്നായി പ്രോത്സാഹിപ്പിക്കുന്നുണ്ട്. 2018- നു മുൻപ് പ്രോഡക്ടുകളിൽ നടത്തിയ നിക്ഷേപങ്ങൾ കൊവിഡ്കാലത്ത് ഗുണം ചെയ്തു. കൊവിഡിനു ശേഷം ഡിജിറ്റൽ ആക്സലറേഷൻ വർദ്ധിച്ചു. അതിനു സാധിച്ചത് കമ്പനികൾ സ്റ്റാർട്ടപ്പുകളിൽ നിക്ഷേപിക്കാൻ തുടങ്ങിയതോടെയാണ്. വലിയൊരു ഇൻഡസ്ട്രിക്കു വേണ്ട ചെറുതും ഫലപ്രദവുമായ പരിഹാരങ്ങൾ സ്റ്റാർട്ടപ്പുകൾ നിർദ്ദേശിക്കും. സ്റ്റാ‌ർട്ടപ്പുകളുമായി സഹകരിക്കാനും അവയെ ഏറ്റെടുക്കാനും യു.എസ്.ടി ശ്രമിക്കും. വിവിധ രംഗങ്ങളിലുള്ള 300-ലേറെ സ്റ്റാർട്ടപ്പുകളുമായി സഹകരിക്കുന്നുണ്ട്.


?​ ജീവനക്കാരെ തിരഞ്ഞെടുക്കുന്നതിലെ മാനദണ്ഡങ്ങൾ മാറിയിട്ടുണ്ടോ.

തീർച്ചയായും. നിർമ്മിതബുദ്ധിയുടെ സ്വാധീനം അടക്കം തീരുമാനത്തെ ബാധിക്കുന്നുണ്ട്. സിലിക്കൺ വാലി വന്നത് സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയുടെ പിന്തുണയിലാണല്ലോ. അതിനാൽ ഇൻഡസ്ട്രിയ- അക്കാഡമിക്ക് ബന്ധങ്ങൾക്ക് നല്ല പ്രാധാന്യമുണ്ട്. കഴിവുള്ള പല കുട്ടികൾക്കും അറിയാത്തത്,​ എങ്ങനെയാണ് തങ്ങൾ കണ്ടെത്തിയ ആശയം സമൂഹത്തിലേയ്ക്ക് എത്തിക്കുക എന്നതാണ്. അവരെ അതിനായി പ്രാപ്തരാക്കുകയാണ് ഞങ്ങൾ ചെയ്യുന്നത്. പരിശീലനത്തിന്റെ ആദ്യ നാലുമാസം ഡിജിറ്റൽ സ്കില്ലിംഗിനാണ് ഉപയോഗിക്കുന്നത്. എന്നാൽ ഇപ്പോൾ എ.ഐ, ഡേറ്റ ഉൾപ്പെടെയുള്ള കാര്യങ്ങളും പരിശീലിപ്പിക്കുന്നു.


 വരും വർഷങ്ങളിൽ കേരളത്തിൽ യു.എസ്.ടിയുടെ നിക്ഷേപവും തൊഴിലവസരങ്ങളും...

തൊഴിലവസരങ്ങളുടെ കൃത്യമായ കണക്ക് പ്രവചിക്കാൻ പ്രയാസമാണ്. 2030-ഓടെ കേരളത്തിൽ മാത്രം 18,000 ജീവനക്കാരുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു. 1999 മുതൽ 2024 വരെ സംസ്ഥാനത്ത് നിക്ഷേപിച്ചത് 13, 500 കോടിയാണ്. ക്യാപിറ്റൽ എക്സ‌്‌പെൻഡിച്ചർ മാത്രം 1000 കോടി. അടുത്ത അഞ്ചുവർഷത്തെ നിക്ഷേപം 7800 കോടിയാണ്.


?​ എത്ര രാജ്യങ്ങളിൽ നിന്നുള്ള ക്ലയന്റുകളുണ്ട്.

31 രാജ്യങ്ങളുമായി ബിസിനസ് ചെയ്യുന്നുണ്ട്. ഏറ്റവും കൂടുതൽ പേരെത്തുന്നത് നോർത്ത് അമേരിക്കൻ ഭൂഖണ്ഡത്തിൽ നിന്നാണ്. പിന്നെ,​ യൂറോപ്പും ഏഷ്യാ പസഫിക്കും.


?​ സി.എസ്.ആർ പ്രവർത്തനങ്ങൾ.

സി.എസ്.ആർ പ്രവർത്തനങ്ങൾ പൂർണമായും യു.എസ്.ടി ഫൗണ്ടേഷൻ വഴിയാണ്. ചീഫ് വാല്യൂസ് ഓഫീസർ സുനിൽ ബാലകൃഷ്ണനാണ് അതിന്റെ നേതൃത്വം. ആരോഗ്യം, വിദ്യാഭ്യാസം, പരിസ്ഥിതി, ദുരന്തം, ഇ.എസ്.ജി തുടങ്ങി അഞ്ചു മേഖലകളിലാണ് പ്രവർത്തനം. കഴക്കൂട്ടം മേഖലയിൽ പതിനെട്ട് സ്കൂളുകളിൽ വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും മെന്റർഷിപ്പ് കൊടുക്കുന്നുണ്ട്. ആർ.സി.സി, മാനസികാരോഗ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലും ശ്രദ്ധ ചെലുത്തുന്നു.


?​ സർക്കാർ മുൻഗണന നൽകേണ്ടത് എന്തിനാണ്.

സ്റ്റാർട്ടപ്പ് ആവാവസവ്യവസ്ഥ മെച്ചപ്പെടുത്താൻ സർക്കാർ നൽകുന്ന പിന്തുണയിൽ സന്തുഷ്ടരാണ്. മുഖ്യമന്ത്രി ഉൾപ്പെടുന്ന പത്തുപേരടങ്ങുന്ന ഹൈപവർ അഡ്വൈസറി കമ്മിറ്റിയിൽ ഞാനും അംഗമാണ്. അതേസമയം, സോഷ്യൽ ഇൻഫ്രാസ്ട്രക്ചർ മെച്ചപ്പെടാനുണ്ട്. സർക്കാർ സ്വന്തം ക്യാമ്പസുകളിൽ നിക്ഷേപിക്കുന്നതു കുറച്ച്,​ പബ്ലിക്ക്- പ്രൈവറ്റ് പാർട്ണർഷിപ്പ് കൊണ്ടുവരണം. അടിസ്ഥാനസൗകര്യങ്ങൾ എത്തിക്കുന്നതാവണം സർക്കാരിന്റെ ദൗത്യം. കസ്റ്റമേഴ്സിനെ ആകർഷിക്കുന്നത് സ്വകാര്യകമ്പനികളുടെ ജോലിയാകണം. ഐ.ടിയെ വ്യവസായമായി അംഗീകരിക്കണമെന്നതും കമ്പനികളുടെ ദീർഘകാല ആവശ്യമാണ്.

?​ യു.എസ്.ടിയുടെ ഭാവി പ്രതീക്ഷകൾ.

കൊച്ചിയിൽ കേരളത്തിലെ രണ്ടാമത്തെ ക്യാമ്പസ് വരുന്നുണ്ട്. രണ്ടുതരം എക്സ്‌പാൻഷനാണ് ഉദ്ദേശിക്കുന്നത്. 10-20 ശതമാനത്തിന്റെ സ്വാഭാവിക വളർച്ച പ്രതീക്ഷിക്കുന്നു. അതല്ലാതെ,​ കൂടുതൽ കമ്പനികളിൽ നിക്ഷേപിക്കും. ഓസ്ട്രേലിയയിലും ന്യൂസിലൻഡിലും സാന്നിദ്ധ്യം വ്യാപിപ്പിക്കും. സൗദിയിലും യു.എ.ഇയിലും ജോയിന്റ് വെൻച്വറുകൾ ചെയ്യും. മറ്റുള്ളവരുടെ ഒപ്പമെത്തുന്നതിനേക്കാൾ,​ അവരെക്കാൾ നന്നായും വ്യത്യസ്തമായും എന്തെങ്കിലും ചെയ്യുക എന്നതാണ് അടുത്ത അഞ്ചുവർഷത്തെ ലക്ഷ്യം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: INTERVIEW
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION