
സാധാരണ വൈദ്യുതിമുടക്കം ജോലികൾ വൈകിപ്പിക്കുകയോ സേവനങ്ങൾ താത്കാലികമായി സ്തംഭിപ്പിക്കുകയോ ചെയ്‌തേക്കാം. എന്നാൽ, ഒരു രോഗിയുടെ നെഞ്ചിടിപ്പ് നിലയ്ക്കാതിരിക്കാൻ യന്ത്രങ്ങൾ കാവലിരിക്കുന്ന ആശുപത്രിമുറികളിൽ വൈദ്യുതി നിലച്ചാൽ, അതിന്റെ പ്രത്യാഘാതം നേരിട്ട് ജീവനെത്തന്നെ ബാധിക്കും. പ്രത്യേകിച്ചും, ആയിരക്കണക്കിന് സാധാരണക്കാർ ആശ്രയകേന്ദ്രമായി കാണുന്ന മുളങ്കുന്നത്തുകാവ് ഗവ. മെഡിക്കൽ കോളേജ് പോലുള്ള ഒരു വലിയ സംവിധാനത്തിൽ, വൈദ്യുതിവിതരണം തടസപ്പെടുന്നത് കേവലം ഒരു സാങ്കേതിക തകരാറല്ല. അത് നമ്മുടെ ആരോഗ്യ സംവിധാനത്തിന്റെ ജീവനാഡിയെത്തന്നെ ബാധിക്കുന്ന സുരക്ഷാ വീഴ്ചയാണ്. കഴിഞ്ഞദിവസം തൃശൂർ മെഡിക്കൽ കോളേജിൽ സംഭവിച്ച ആ ഇരുട്ടടി ഈ യാഥാർത്ഥ്യത്തെ ഗൗരവത്തോടെ നമ്മെ ഓർമ്മിപ്പിക്കുന്നു.
നൂറുകണക്കിന് രോഗികൾ ചികിത്സ തേടിയെത്തുന്നിടത്ത്, വൈദ്യുതി വിതരണം തടസപ്പെടുന്നത് സാങ്കേതികമായി മാത്രം കാണേണ്ട വിഷയമല്ല. അത് ആരോഗ്യസംവിധാനത്തിന്റെ അടിസ്ഥാന സുരക്ഷയുമായി ബന്ധപ്പെട്ട വിഷയമാണ്. മുളങ്കുന്നത്തുകാവ് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ അടുത്തിടെയുണ്ടായ വൈദ്യുതി പ്രതിസന്ധി ഈ യാഥാർത്ഥ്യം ഗൗരവത്തോടെ ഓർമ്മപ്പെടുത്തുന്നു. വൈദ്യുതി വിതരണം മണിക്കൂറുകളോളം തടസപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലെ പതിവ് ചികിത്സ മുടങ്ങി. മുൻകൂട്ടി നിശ്ചയിച്ചിരുന്ന നിരവധി ശസ്ത്രക്രിയകൾ മാറ്റി. അടിയന്തര സ്വഭാവമുള്ള ശസ്ത്രക്രിയകൾക്ക് മാത്രമാണ് മുൻഗണന നൽകിയത്. ഏകദേശം 230 ശസ്ത്രക്രിയകളാണ് മാറ്റിവച്ചത്. ന്യൂറോ, ഓർത്തോപീഡിക്‌സ്, ഒഫ്താൽമോളജി, ഒ.എം.എസ്.എസ്, ഡെന്റൽ തുടങ്ങിയ വിഭാഗങ്ങളുടെ പ്രവർത്തനത്തെയും ബാധിച്ചു.
ഓരോ രോഗിക്ക് പിന്നിലും ഒരു കുടുംബമുണ്ട്. ശസ്ത്രക്രിയയ്ക്കായി ദിവസങ്ങളോ ആഴ്ചകളോ കാത്തിരുന്ന രോഗി, ആവശ്യമായ പരിശോധനകൾ പൂർത്തിയാക്കി ആശുപത്രിയിൽ പ്രവേശിച്ച രോഗി, ദൂരസ്ഥലങ്ങളിൽനിന്ന് യാത്ര ചെയ്ത് എത്തിയ രോഗി ഇവരുടെയെല്ലാം ചികിത്സ സംബന്ധിച്ച കണക്കുകൂട്ടലാണ് പാടെ തെറ്റിയത്. തൃശൂർ മെഡിക്കൽ കോളേജിൽ ജില്ലയ്ക്ക് പുറമേ സമീപജില്ലകളിൽ നിന്നും നിരവധി രോഗികളെത്തും. ഗുരുതര രോഗങ്ങൾക്കും സങ്കീർണമായ ശസ്ത്രക്രിയകൾക്കും വിദഗ്ദ്ധ ചികിത്സയ്ക്കുമായി സാധാരണക്കാർ ആശ്രയിക്കുന്നത് മെഡിക്കൽ കോളേജിനെയാണ്. വൈദ്യുതി തടസം നേരിട്ടാൽ നൂറുകണക്കിനാളുകളെ അത് നേരിട്ട് ബാധിക്കും.
വൈദ്യുതി തടസപ്പെട്ടതോടെ ഒ.പി പ്രവർത്തനങ്ങളും വിവിധ പരിശോധനാ സംവിധാനങ്ങളും തടസപ്പെട്ടു. കാത്ത് ലാബ്, ശീതീകരണ സംവിധാനങ്ങൾ ഉൾപ്പെടെ തകരാറിലായി. ഒരാശുപത്രിയിൽ പെട്ടെന്ന് വൈദ്യുതി ഇല്ലാതായാൽ അത് ഫാനോ ലൈറ്റോ മാത്രമല്ല തകരാറിലാക്കുക മറിച്ച് ആ ആതുരാലയത്തിന്റെ ആകെ മൊത്തം സംവിധാനത്തെയാണ്. ആദ്യഘട്ടത്തിൽ വൈദ്യുതി തകരാറിന്റെ കാരണം സംബന്ധിച്ച് വ്യത്യസ്ത വിവരങ്ങൾ പുറത്തുവന്നിരുന്നു. പിന്നീട് നടത്തിയ പരിശോധനയിലാണ് ആശുപത്രിയിലേക്ക് വൈദ്യുതി സ്വീകരിക്കുന്ന സംവിധാനത്തിലെ എയർ സർക്യൂട്ട് ബ്രേക്കറെന്ന എ.സി.ബി സ്വിച്ചിലുണ്ടായ തകരാറാണ് പ്രധാന കാരണമെന്ന് വ്യക്തമായത്. അത്താണി സബ്സ്റ്റേഷനിൽനിന്നുള്ള പ്രത്യേക ഫീഡർ വഴിയാണ് ആശുപത്രിയിലേക്ക് വൈദ്യുതിയെത്തുന്നത്. ആശുപത്രിക്കുള്ളിലെ പ്രത്യേക സബ്സ്റ്റേഷനിലെ എ.സി.ബിയിലായിരുന്നു പ്രശ്‌നം.
സാങ്കേതിക തകരാർ പൂർണമായും ഒഴിവാക്കാനാകില്ല. ഏറ്റവും മികച്ച സംവിധാനത്തിലും ഏതെങ്കിലും ഉപകരണം തകരാറിലാകാം. എന്നാൽ ആശുപത്രി പോലുള്ള നിർണായക സ്ഥാപനങ്ങളിൽ ഒരു ഉപകരണത്തിന്റെ തകരാർ മുഴുവൻ ചികിത്സാ സംവിധാനത്തെയും ബാധിക്കുന്ന അവസ്ഥ ഒഴിവാക്കേണ്ടതാണ്.
ബാക് അപ്പ് സംവിധാനം വേണം
മെഡിക്കൽ കോളേജ് ആശുപത്രിയിൽ ജനറേറ്റർ സംവിധാനമുണ്ടായിരുന്നു. വൈദ്യുതി മുടങ്ങിയപ്പോഴും അടിയന്തര വിഭാഗങ്ങളും ജീവൻരക്ഷാ ഉപകരണങ്ങളും ജനറേറ്ററിന്റെ സഹായത്തോടെ പ്രവർത്തിപ്പിക്കാനായി. കാഷ്വാലിറ്റിയിലെ അടിയന്തര ശസ്ത്രക്രിയാ തിയേറ്ററിന്റെ പ്രവർത്തനവും തുടരാനായി. പിന്നീട് അധിക ജനറേറ്റർ എത്തിച്ചു. ഇതൊക്കെ അടിയന്തര സാഹചര്യത്തിൽ ആശുപത്രി അധികൃതർ സ്വീകരിച്ച നടപടികളാണ്.
എന്നാൽ ജനറേറ്റർ ഉണ്ടെന്നതിനാൽ ആശുപത്രിയുടെ വൈദ്യുതി സുരക്ഷ ഉറപ്പാക്കപ്പെടുന്നില്ല. ഒരു വലിയ മെഡിക്കൽ കോളേജിന്റെ വൈദ്യുതി ആവശ്യകത വളരെ വലുതാണ്. ഓപ്പറേഷൻ തിയേറ്ററുകൾ, തീവ്രപരിചരണ വിഭാഗങ്ങൾ, പരിശോധനാ സംവിധാനങ്ങൾ, കാത്ത് ലാബ്, ശീതീകരണ സംവിധാനങ്ങൾ, ഐ.ടി ശൃംഖല, മരുന്നുകളുടെയും മറ്റ് മെഡിക്കൽ ഉപകരണങ്ങളുടെയും സംഭരണം തുടങ്ങി നിരവധി മേഖലകൾക്ക് തുടർച്ചയായ വൈദ്യുതി ആവശ്യമാണ്.
സംസ്ഥാനത്തെ എല്ലാ പ്രധാന സർക്കാർ ആശുപത്രികൾക്കും ബാധകമായ വിഷയമാണിത്.
മുൻഗണനകൾ മാറേണ്ടതുണ്ട്
ആശുപത്രികളുടെ വികസനത്തെക്കുറിച്ച് സംസാരിക്കുമ്പോൾ സാധാരണയായി പുതിയ കെട്ടിടങ്ങൾ, പുതിയ ഉപകരണങ്ങൾ, പുതിയ ചികിത്സാ വിഭാഗങ്ങൾ, പുതിയ പദ്ധതികൾ എന്നിവയാണ് മുന്നിലെത്തുക. എന്നാൽ ആ കെട്ടിടങ്ങളും ഉപകരണങ്ങളും പ്രവർത്തിക്കാൻ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളുടെ പരിപാലനം പലപ്പോഴും ചർച്ചയിൽ വരാറില്ല. കോടികൾ ചെലവഴിച്ച് സ്ഥാപിച്ച ഒരു മെഡിക്കൽ ഉപകരണം വൈദ്യുതി ലഭിക്കാത്തതിനാൽ ഉപയോഗിക്കാനാകാത്ത അവസ്ഥയുണ്ടായാൽ?. .. ആശുപത്രിയുടെ വൈദ്യുതിസംവിധാനം ഒരു സാധാരണ കെട്ടിടത്തിന്റെ വൈദ്യുതി സംവിധാനമായി കാണരുത്. അവിടെ വൈദ്യുതി സുരക്ഷയ്ക്ക് പ്രത്യേക മാനദണ്ഡം ആവശ്യമാണ്. പ്രധാന പാനലുകൾ, എ.സി.ബി, ട്രാൻസ്‌ഫോർമറുകൾ, ജനറേറ്ററുകൾ, കേബിളുകൾ, ഓട്ടോമാറ്റിക് ചേഞ്ചോവർ സംവിധാനം എന്നിവയെല്ലാം കൃത്യമായ ഇടവേളകളിൽ പരിശോധിക്കണം. ഉപകരണം തകരാറിലായശേഷം അറ്റകുറ്റപ്പണി നടത്തുന്നതിനു പകരം തകരാറിന്റെ സാദ്ധ്യത നേരത്തേ കണ്ടെത്തുന്ന പ്രതിരോധ പരിപാലനം വേണം.
വേണം വൈദ്യുതി ഓഡിറ്റ്
സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിലും പ്രധാന സർക്കാർ ആശുപത്രികളിലും സമഗ്രമായ വൈദ്യുതി സുരക്ഷാ ഓഡിറ്റ് നടത്തുന്നത് ഉചിതമായിരിക്കും. ഓരോ ആശുപത്രിയുടെയും വൈദ്യുതി സംവിധാനത്തിന്റെ ശേഷി, ബാക്കപ്പ് സംവിധാനം, പ്രധാന ഉപകരണങ്ങളുടെ കാലാവധി, പരിപാലനം, അടിയന്തര സാഹചര്യത്തിലെ പ്രവർത്തനം എന്നിവ പരിശോധിക്കണം. വൈദ്യുതി പൂർണമായി നിലച്ചാൽ എന്തുചെയ്യണമെന്നതിനെക്കുറിച്ച് വ്യക്തമായ ധാരണ ആശുപത്രികൾക്കുണ്ടാകണം. ഏത് വിഭാഗത്തിനാണ് ആദ്യം വൈദ്യുതി നൽകേണ്ടത്? ജനറേറ്റർ എങ്ങനെ ലോഡ് വിഭജിക്കും? എത്ര സമയത്തിനുള്ളിൽ ബാക് അപ്പ് പ്രവർത്തനക്ഷമമാക്കണം? തീവ്രപരിചരണ വിഭാഗത്തിലെ രോഗികളെ എങ്ങനെ സംരക്ഷിക്കണം? പുനഃസ്ഥാപിച്ചശേഷം ഉപകരണങ്ങളുടെ പ്രവർത്തനം...ഇതെല്ലാം പരിശോധിക്കണം. ഇലക്ട്രിക്കൽ വിഭാഗത്തിലെ ജീവനക്കാർക്ക് അടിയന്തര തകരാർ കൈകാര്യം ചെയ്യാനുള്ള പരിശീലനവും നൽകണം.
രോഗികളോടുള്ള ആശയവിനിമയം
ശസ്ത്രക്രിയ മാറ്റിവയ്‌ക്കേണ്ടിവന്നാൽ രോഗിയെയും ബന്ധുക്കളെയും എത്രയും വേഗം അറിയിക്കണം.
മറ്റു ജില്ലകളിൽനിന്ന് എത്തുന്ന രോഗികൾക്ക് യാത്ര, താമസം, ഭക്ഷണം, മരുന്ന് എന്നിവയ്ക്കായി അധിക ചെലവ് വരും.
ചിലർ ദിവസങ്ങളോളം ആശുപത്രിയിൽ കഴിയാനുള്ള തയ്യാറെടുപ്പോടെയാകും എത്തുക.
ചികിത്സാ തീയതി പെട്ടെന്ന് മാറ്റേണ്ടിവരുമ്പോളുണ്ടാകുന്ന സാമ്പത്തികവും മാനസികവുമായ ബുദ്ധിമുട്ട് ചെറുതല്ല.
അടിയന്തര സാഹചര്യങ്ങളിൽ രോഗികളുമായി ആശയവിനിമയം നടത്താനുള്ള കൃത്യമായ സംവിധാനവും ആശുപത്രിയുടെ ദുരന്തനിവാരണ പദ്ധതിയുടെ ഭാഗമാകണം.
ഏകദേശം 230 ശസ്ത്രക്രിയകൾ മാറ്റിവയ്‌ക്കേണ്ടിവന്ന ഒരു വൈദ്യുതി തടസത്തെ ഒരു ദിവസത്തെ സാങ്കേതിക പ്രശ്‌നമായി മാത്രം കണ്ട് മറക്കരുത്.
വൈദ്യുതി പോലെയുള്ള അടിസ്ഥാന സൗകര്യത്തിലെ ഒരു തകരാർ ചികിത്സയെ തടസപ്പെടുത്തുന്ന സാഹചര്യം ഒഴിവാക്കണം.
വെദ്യുതി മുടങ്ങാം, യന്ത്രങ്ങൾ തകരാം. സാങ്കേതിക പ്രശ്‌നങ്ങൾ ഉണ്ടാകാം. പക്ഷേ രോഗിയുടെ ചികിത്സ സുരക്ഷിതമായി തുടരാനാകണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |