SignIn
Kerala Kaumudi Online
Wednesday, 01 July 2026 2.41 AM IST

പ്രതീക്ഷയോടെ കണ്ണൂർ

ph-1-

മലബാറിന്റെ കായിക ചരിത്രത്തിൽ പുതിയ അദ്ധ്യായം തുറക്കുന്നതായിരുന്നു യു.ഡി.എഫ് സർക്കാരിന്റെ ആദ്യ ബ‌ഡ്ജറ്റ്. മലബാറിൽ 50 കോടി രൂപ ചെലവിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഫുട്ബാൾ സ്റ്റേഡിയം പ്രഖ്യാപനം കാൽപന്തിന്റെ നാടായ കണ്ണൂരിന് നൽകുന്നത് വാനോളം പ്രതീക്ഷയാണ്. അന്താരാഷ്ട്ര നിലവാരത്തിലുള്ള ഫുട്‌ബോൾ സ്റ്റേഡിയം കണ്ണൂരിൽ തന്നെ സ്ഥാപിക്കണമെന്നാണ് ജില്ലയിലെ ഫുട്ബോൾ പ്രേമികളുടെ ആവശ്യം.നിരവധി ഫുട്ബോൾ താരങ്ങളെ സംഭാവന ചെയ്ത കണ്ണൂരിന് അർഹമായ അംഗീകാരമാണ് ഈ സ്റ്റേഡിയം. യുവതാരങ്ങൾക്ക് മികച്ച പരിശീലന സൗകര്യങ്ങളും മത്സരവേദികളും ഒരുക്കുന്നതിലൂടെ ഭാവിയിൽ ഇന്ത്യൻ ഫുട്ബോളിന് കൂടുതൽ താരങ്ങളെ സംഭാവന ചെയ്യാൻ ഈ പദ്ധതി വഴിയൊരുക്കും.

നിലവിൽ കണ്ണൂർ കോർപറേഷന്റെ നിയന്ത്രണത്തിലുള്ള ജവഹർ സ്റ്റേഡിയം ചെറിയ തുക മുടക്കിയാൽ തന്നെ അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്റ്റേഡിയമാക്കി മാറ്റാനാകും. ഫുട്ബോൾ മത്സരങ്ങളുടെ കാര്യത്തിൽ വലിയ ചരിത്ര പാരമ്പര്യം അവകാശപ്പെടാനുണ്ട് കണ്ണൂരിന്റെ കണ്ണായ ദിക്കിലെ ജവാഹർ സ്റ്റേഡിയത്തിന്. സ്വകാര്യ ചടങ്ങിലായാലും വിശ്വഫുട്ബോളർ ഡീഗോ മറഡോണ പന്തു തട്ടിയ സ്റ്റേഡിയമാണിത്.ഫെഡറേഷൻ കപ്പ് ഫുട്ബോളിൽ ഐ.എം വിജയൻ, ഇന്ത്യൻ ഫുട്ബോളർ ധനേഷ് എന്നിവർ ഈ മൈതാനത്ത് പന്ത് തട്ടിയിട്ടുണ്ട്. 30000 കാണികൾക്ക് കളികാണാൻ സാധിക്കുന്ന സ്റ്റേഡിയം നിലവിൽ കേരള സൂപ്പർ ലീഗിലെ കണ്ണൂർ വാരിയേഴ്സിന്റെ ഹോം ഗ്രൗണ്ടാണ്. ഇ.കെ നായനാർ കപ്പ് ഫുട്ബോളും ഇവിടെ നടന്നിട്ടുണ്ട്. മലബാറിന് 50 കോടി മുടക്കി ഫുട്ബോൾ സ്റ്റേഡിയം എന്ന ബഡ്ജറ്റ് പ്രഖ്യാപനം കണ്ണൂർ ജവഹർ സ്റ്റേഡിയത്തിന് ലഭിച്ചാൽ കണ്ണൂരിന്റെ കായിക ഭൂപടത്തിന്റെ മുഖഛായ തന്നെ മാറ്റും.

സ്റ്റേഡിയം സർക്കാരിന് വിട്ട് തന്നാൽ വലിയ വികസനം നടപ്പാക്കാമെന്ന് എൽ.ഡി.എഫ് സർക്കാർ നേരത്തെ കോർപറേഷന് മുന്നിൽ ഒരു പ്രെപ്പോസൽ വച്ചിരുന്നു. എന്നാൽ, കോർപറേഷന്റെ ഉടമസ്ഥാവകാശം നഷ്ടമാകുമെന്ന തിരിച്ചറിവിനെ തുടർന്ന് കരാറുമായി സഹകരിച്ചില്ല. യു.ഡി.എഫ് സർക്കാരിന്റെ നിലവിലെ ബഡ്ജറ്റ് പ്രഖ്യാപനവുമായി സഹകരിക്കാൻ യു.ഡി.എഫ് നയിക്കുന്ന കോർപറേഷൻ തയാറാകും. അങ്ങനെ നടന്നാൽ കണ്ണൂരിന്റെ ഫുട്ബോൾ ഭൂപടത്തിനും വലിയ മാറ്റമുണ്ടാക്കും. നിലവിൽ കേരള സൂപ്പർ ലീഗ്,ഡിവിഷൻ ഫുട്ബോൾ,ഫുട്ബോൾ സെലക്ഷൻ ട്രയൽസ് എന്നിവ മാത്രമാണ് സ്റ്റേഡിയത്തിൽ നടക്കുന്നത്. കെ.എസ്.എല്ലിൽ മത്സരിച്ച ടീമുകളെല്ലാം ജവാഹർ സ്റ്റേഡിയത്തിനെ കുറിച്ച് മതിപ്പ് പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. കണ്ണൂർ വാരിയേഴ്സ് എഫ്.സിയുടെ അഞ്ച് ഹോം മത്സരങ്ങളിൽ നിറഞ്ഞ് കവിഞ്ഞ ഗ്യാലറികളാണ്. ഫൈനലടക്കം ആറ് മത്സരങ്ങളിൽ നിന്ന് 92,146 പേരാണ് ജവഹർ സ്റ്റേഡിയത്തിൽ കളികാണാനെത്തിയത്. 16,000 പേർക്ക് മാത്രം ഇരിക്കാൻ സാധിക്കുന്ന ഗാലറിയിൽ എല്ലാ മത്സരങ്ങൾക്കും 15,357.6 ശരാശരി ഫുട്ബോൾ പ്രേമികൾ ഉണ്ടായിരുന്നു.

സ്റ്റേഡിയത്തിന്റെ കിഴക്ക് ഭാഗത്തെ പവലിയൻ ഇപ്പോൾ കാണികളെ കയറ്റാൻ കഴിയാത്ത നിലയിൽ ദുർബലമാണ്. സ്ഥിരം ഫൽ്ലൈറ്റുകളില്ല. ഡ്രസിംഗ് റൂം, മെഡിക്കൽ റൂം, മാച്ച് കമ്മിഷണർ റൂം, റഫറി റൂം, ശുചിമുറി എന്നിവയെല്ലാം സ്ഥിരമാക്കണം. കമ്പിവേലിയും പവലിയൻ കെട്ടിടവും മഴവെള്ള സംഭരണിയെല്ലാം ആവശ്യമാണ്. ഫുട്ബോളിന് മാത്രമായി ഒരു അന്താരാഷ്ട്ര സ്റ്റേഡിയം കണ്ണൂരിൽ ജവാഹർ സ്റ്റേഡിയത്തിലൂടെ സാധ്യമായാൽ അത് മലബാറിലെ എല്ലാ ജില്ലകൾക്കും മുതൽ കൂട്ടാകും .അന്താരാഷ്ട്ര നിലവാരത്തിലുള്ള ഒരു സ്റ്റേഡിയം കാലങ്ങളായി കണ്ണൂരിലെ കായിക പ്രേമികളും കായിക സംഘടനകളും സ്പോർട്സ് കൗൺസിലുമുൾപ്പെടെ ആവശ്യപ്പെടുന്നുണ്ട്. 50 കോടി രൂപ നീക്കിവച്ച സ്റ്റേഡിയം കണ്ണൂരിൽ ലഭിക്കുന്നതിന് സർക്കാരിൽ സമ്മ‌ർ‌ദ്ദം ചെലുത്തുമെന്ന് കണ്ണൂർ മണ്ഡലം എം.എൽ.എ ടി.ഒ. മോഹനൻ പറഞ്ഞു.

ലോകകപ്പിലും കണ്ണൂരിന്റെ കാൽവെപ്പ്

ലോകകപ്പിൽ ഖത്തർ ടീമിന് വേണ്ടി കളത്തിലിറങ്ങുന്ന മലയാളി ഫുട്‌ബോളർ തഹ്‌സീൻ മുഹമ്മദ് ജംഷീദും മലബാറിലെ കാൽപന്തിനെ ലോകതലത്തിലേക്ക് അടയാളപ്പെടുത്തുകയാണ് . ജംഷീദിന്റെ ആദ്യ മത്സരം തന്നെ അവിശ്വസനീയ പ്രകടനമാണ് കാഴ്ചവച്ചത്. സാന്റാ ക്ലാരയിലെ സാൻഫ്രാൻസിസ്‌കോ ബേ ഏരിയാ സ്റ്റേഡിയത്തിൽ ഖത്തറിന്റെയും സ്വിറ്റ്‌സർലൻഡിന്റെയും മത്സരമാരംഭിച്ചപ്പോൾ കണ്ണൂരിലെ വളപട്ടണത്ത് കാണികളുടെ ആരവമായിരുന്നു.ലോകകപ്പ് സംഘത്തിൽ ഉൾപ്പെടുന്ന ആദ്യ മലയാളിയെന്ന റെക്കോർഡാണ് ഇതോടെ തഹ്‌സീൻ മുഹമ്മദ് സ്വന്തമാക്കിയത്.പണ്ട് കാലിക്കറ്റ് യൂണിവേഴ്സിറ്റിയെ പ്രതിനിധീകരിച്ച് കളിച്ചിട്ടുള്ള, മികച്ചൊരു ഫുട്ബോൾ കളിക്കാരനും ഖത്തറില്‍ ചീഫ് അക്കൗണ്ടന്റുമായ പിതാവാണ് തലശേരി സ്വദേശി ഹിബാസിൽ ആണ് തഹ്സിന്റെ ഏറ്റവും വലിയ പ്രചോദനങ്ങളിലൊരാൾ. സ്‌കൂളുകൾ, കോളേജുകൾ, തൊഴിലാളി കൂട്ടായ്മകൾ, വായനശാലകൾ, ക്ലബുകൾ എന്നിവയിലൂടെ ഫുട്ബോൾ കണ്ണൂരിലെ ജനങ്ങളിൽ വേരുറതച്ചതാണ്. ഉത്സവ സീസണുകളിൽ നടക്കുന്ന സെവൻസ് ടൂർണമെന്റുകൾ ഉൾപ്പെടെ ആയിരക്കണക്കിന് കാണികളെയാണ് ആകർഷിക്കുന്നത്. ഫ്ളഡ്ലൈറ്റുകൾക്കു കീഴിൽ രാത്രി വൈകിയും നടക്കുന്ന മത്സരങ്ങൾ കണ്ണൂരിലെ ഫുട്‌ബോൾ ആവേശത്തിന്റെ പ്രതീകമാണ്. നിരവധി യുവതാരങ്ങൾ ഇത്തരം ടൂർണമെന്റുകളിലൂടെയാണ് ശ്രദ്ധിക്കപ്പെട്ട് ഉയർന്ന തലങ്ങളിലേക്കെത്തിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY