SignIn
Kerala Kaumudi Online
Friday, 17 July 2026 2.02 AM IST

കർക്കടക ചികിത്സ: കാവലും കരുതലും

health

കർക്കടക മാസത്തിൽ നമ്മുടെ നാട്ടിൽ സജീവമാകുന്ന ഒന്നാണ് കർക്കടക ചികിത്സ. എന്നാൽ പലരും ധരിച്ചുവച്ചിരിക്കുന്നതു പോലെ ഇതൊരു സുഖചികിത്സയല്ല, കൃത്യമായ ശാസ്ത്രീയ അടിത്തറയുള്ള അസുഖ പ്രതിരോധ ചികിത്സാരീതിയാണ്. നമ്മുടെ ശരീരത്തെയും മനസിനെയും ഒരുപോലെ വീണ്ടെടുക്കാൻ സഹായിക്കുന്ന കർക്കടക ചികിത്സയുടെ പ്രധാന വശങ്ങളും അതിന്റെ പശ്ചാത്തലവും അറിഞ്ഞിരിക്കേണ്ടതുണ്ട്. കർക്കടക ചികിത്സ പ്രധാനമായും രണ്ട് അടിസ്ഥാന തത്വങ്ങളിലാണ് കെട്ടിപ്പടുത്തിരിക്കുന്നത്:


1.സർവതല ശുദ്ധി

കേവലം ശരീരത്തിന്റെ ബാഹ്യമായ ശുദ്ധീകരണം മാത്രമല്ല കർക്കടക ചികിത്സകൊണ്ട് ഉദ്ദേശിക്കുന്നത്. ശരീരം, മനസ്, വാക്ക്, ചിന്ത, പരിസരം എന്നിവയെല്ലാം ഒരുപോലെ സംശുദ്ധമാക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. ഈ ഒരുസമഗ്ര ശുദ്ധീകരണ പ്രക്രിയയിൽ നിന്നാണ് ആയുർവേദത്തിലെ പഞ്ചകർമ്മ ചികിത്സകളും മറ്റ് കേരളീയ ചികിത്സാരീതികളും രൂപപ്പെട്ടിട്ടുള്ളത്. മനസിനെ ശുദ്ധമായും സമനിലയിലും നിറുത്തുക എന്നത് ഇതിൽ വളരെ പ്രധാനമാണ്. കർക്കടക മാസത്തിൽ അന്തരീക്ഷത്തിൽ സൂര്യപ്രകാശം കുറയുകയും ഇരുട്ടും തണുപ്പും കൂടുകയും ചെയ്യുമ്പോൾ മനുഷ്യരിൽ സ്വാഭാവികമായും ഒരു 'വിഷാദഭാവം' ഉണ്ടാകാൻ സാദ്ധ്യതയുണ്ട്. ഇതാണ് പല രോഗങ്ങളുടെയും അടിസ്ഥാനം. ഈ മന:ശാസ്ത്രപരമായ പ്രതിസന്ധിയെ മറികടക്കാനും മനസിന് ശാന്തി നൽകാനുമാണ് കർക്കടകത്തിൽ നല്ല കഥകൾ കേൾക്കുന്നതും രാമായണ പാരായണം നടത്തുന്നതുമെല്ലാം.


2.അഗ്നിയുടെ സംരക്ഷണം

ആയുർവേദ ശാസ്ത്രപ്രകാരം ഒരാളുടെ 'അഗ്നി' തന്നെയാണ് അയാളുടെ ജീവൻ. ശരീരത്തിൽ നടക്കുന്ന എല്ലാവിധ ഉപാപചയ പ്രവർത്തനങ്ങളെയുമാണ് (മെറ്റബോളിസം) അഗ്നിയെന്ന് വിശേഷിപ്പിക്കുന്നത്. ഒരാളുടെ മെറ്റബോളിക് ഹെൽത്ത് അഥവാ ജൈവാഗ്നിയാണ് അയാളുടെ ജീവിതനിലവാരവും ആയുസിന്റെ ദൈർഘ്യവും നിശ്ചയിക്കുന്നത്. ഈ ജൈവാഗ്നിക്ക് തകരാർ സംഭവിക്കുമ്പോഴാണ് ശരീരത്തിന്റെ രോഗപ്രതിരോധശേഷി കുറയുന്നതും രോഗങ്ങൾ പിടിപെടുന്നതും. അതുകൊണ്ട്, മന്ദഗതിയിലാകുന്ന ജൈവാഗ്നിയെ ജ്വലിപ്പിച്ചു നിറുത്തുക എന്നതും കർക്കടക ചികിത്സയുടെ പ്രധാന ലക്ഷ്യമാണ്.


കർക്കടകത്തിന്റെ പശ്ചാത്തലം

പഴയകാലത്തെ കർക്കടകത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ എം.ടി.വാസുദേവൻനായരുടെ കഥകളിൽ കാണുന്നതുപോലെ കൂരിരുട്ടും കടുത്ത തണുപ്പും നിറഞ്ഞൊരു പശ്ചാത്തലമാണ് മനസിൽ വരിക. പ്രകൃതി ഒരുക്കുന്ന ഈ ലോക്ക്ഡൗൺ കാലത്താണ് കർക്കടക ചികിത്സ പ്രസക്തമാകുന്നത്. മഴക്കാലമാകുന്നതോടെ ഭൂമിയുടെയും മനുഷ്യന്റെയും സസ്യലതാദികളുടെയും രാസഘടനയിൽ പ്രകൃത്യാ മാറ്റങ്ങൾ വരുന്നുണ്ട്.

കനത്ത മഴയും തണുപ്പും പകർച്ചവ്യാധികളും ഇഴജന്തുക്കളുടെ ശല്യവുംകാരണം പണ്ടുകാലത്ത് ആളുകൾക്ക് പുറത്തിറങ്ങാൻ കഴിയുമായിരുന്നില്ല. ഈ സാഹചര്യത്തിൽ സ്വന്തം ശരീരത്തിന് കരുതലും കാവലും ശക്തിയുമേകാൻ സ്വയം പരിചരിച്ചുകൊണ്ട് വീട്ടിലിരിക്കുക എന്ന ചിന്തയിൽ നിന്നാണ് ഈ ചികിത്സാരീതി ഉണ്ടായത്. കഠിനമായ കൃഷിപ്പണികളില്ലാത്ത കർക്കടക കാലയളവ് കർഷകർക്ക് നഷ്ടപ്പെട്ട ഊർജ്ജം തിരിച്ചുപിടിക്കാനും, വരാനിരിക്കുന്ന കാലത്തെ ജോലികൾക്കായി സജീവമാകാനുമുള്ള ഒരുക്കത്തിന്റെകൂടി സമയമായിരുന്നു. ഇന്നത്തെപോലെ സ്റ്റാർ ആശുപത്രികളോ ആന്റിബയോട്ടിക്കുകളോ ഇല്ലാതിരുന്ന കാലത്ത്, രോഗങ്ങൾക്കെതിരെ സ്വയമൊരു കാവലും കരുതലുമാകാൻ മനുഷ്യൻ നടത്തിയ പ്രയത്നത്തിന്റെ ഫലമാണ് ഈ ആയുർവേദ ശീലങ്ങൾ.

ആഹാരം തന്നെയാവണം ഔഷധം

കർക്കടക കാലത്ത് കഴിക്കുന്ന ഔഷധങ്ങളെല്ലാം ആഹാരംപോലെ ശരീരത്തിന് പഥ്യമായിരിക്കണം, ശരീരത്തോട് അലിഞ്ഞുചേരണം. ആഹാരത്തെ ഔഷധമാക്കുകയും ഔഷധത്തെ ആഹാരമാക്കുകയും ചെയ്യുന്ന പ്രക്രിയയാണ് കർക്കടകക്കഞ്ഞി പോലുള്ള ശീലങ്ങളിലൂടെ നടക്കുന്നത്. അതുപോലെതന്നെ തണുത്ത അന്തരീക്ഷത്തിൽ ശരീരത്തിലെ രക്തപ്രവാഹം മന്ദഗതിയിലാവുകയും നാഡീവ്യൂഹങ്ങൾ തളരുകയും ചെയ്യാം. ഇതിനെ പ്രതിരോധിക്കാനും, രക്തപ്രവാഹം കൂട്ടി നാഡികൾക്ക് ബലം നൽകാനുമാണ് എണ്ണതേച്ചു കുളിക്കുന്നത്.


വ്യക്തികേന്ദ്രീകൃതമാണ്, പാക്കേജല്ല!

കർക്കടക ചികിത്സ എന്നത് എല്ലാവർക്കും ഒരുപോലെ ചെയ്യാവുന്ന ഒരു 'റെഡിമെയ്ഡ് പാക്കേജ്' അല്ല.

ഓരോ വ്യക്തിയുടെയും ശരീരപ്രകൃതി (വാത, പിത്ത, കഫ അവസ്ഥകൾ), അവർക്കുള്ള രോഗങ്ങൾ (പ്രമേഹം, കൊളസ്‌ട്രോൾ, തൈറോയ്ഡ് തുടങ്ങിയവ) എന്നിവ കൃത്യമായി മനസിലാക്കി മാത്രമേ ചികിത്സ നിശ്ചയിക്കാവൂ. അഭ്യംഗം, കിഴി, പിഴിച്ചിൽ, സ്വേദനം (ആവിപിടിക്കൽ), വസ്തി തുടങ്ങിയ ചികിത്സകൾ ഓരോരുത്തരുടെയും ശരീരഘടനയും രോഗാവസ്ഥയും അനുസരിച്ച് മാത്രമേ ചെയ്യാവൂ, അല്ലാതെ എല്ലാവർക്കും ഒരുപോലെയല്ല നൽകേണ്ടത്.

കൃത്യമായ ചികിത്സയിലൂടെ ശരീരത്തിലെ ഓരോ അവയവങ്ങളുടെയും പ്രവർത്തനക്ഷമത വർദ്ധിക്കും. രക്തത്തിലെ കൊളസ്‌ട്രോൾ കുറയുമ്പോൾ ഹൃദയത്തിന്റെ പ്രവർത്തനം സുഗമമാകുന്നു. ശ്വാസകോശം നിർമ്മലമാകുന്നതിലൂടെ കൂടുതൽ ഓക്സിജൻ ശരീരത്തിന് ലഭിക്കുന്നു. ദഹനം മെച്ചപ്പെടുകയും കാഴ്ചശക്തിയും ശ്രവണശക്തിയും വർദ്ധിക്കുകയും ചെയ്യുന്നു.

ആരോഗ്യം എന്നത് അങ്ങാടിയിൽനിന്നോ കമ്പോളത്തിൽനിന്നോ പണംകൊടുത്തു വാങ്ങാൻ കിട്ടുന്ന ഒന്നല്ല. അത് നമ്മുടെ ശരീരത്തിനുവേണ്ടി നമ്മൾ തന്നെ ഉണ്ടാക്കിയെടുക്കേണ്ട ഒന്നാണ്. സ്വന്തം ശരീരത്തോട് കാവലും കരുതലുമായി മാറാൻ ആയുർവേദത്തിന്റെ ഈ ശാസ്ത്രീയ വഴി പിന്തുടരാം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY