SignIn
Kerala Kaumudi Online
Saturday, 31 October 2026 12.51 AM IST

സദ്ഭരണത്തിന്റെ നേട്ടവും അരാജകത്വത്തിന്റെ വിലയും

youths

ചിപ്പ് നിർമ്മാണവും നിർമ്മിതബുദ്ധിയും പോലെതന്നെ ഇന്ത്യയുടെ മുന്നോട്ടുള്ള പ്രയാണത്തിൽ നിർണായകമാണ് സദ്ഭരണവും. നല്ല ഭരണം ഒരു രാജ്യത്തിനും ജനങ്ങൾക്കും എന്തെല്ലാം നേട്ടങ്ങൾ സമ്മാനിക്കുന്നു?, ദുർഭരണത്തിന്റെ വില എത്രത്തോളം വലുതാണ്? ഈ ചോദ്യങ്ങൾ പുതിയ തലമുറ ഗൗരവത്തോടെ പരിശോധിക്കേണ്ട സമയമാണിത്. രണ്ടു പതിറ്റാണ്ടായി പൊതുപ്രവർത്തനരംഗത്തുള്ള ഒരാളെന്ന നിലയിൽ രാഷ്ട്രീയ ചർച്ചകളിൽ വന്ന മാറ്റങ്ങൾ നേരിട്ടു കണ്ടിട്ടുണ്ട്. കാലംകഴിയുന്തോറും രാഷ്ട്രീയത്തിലെ വാദപ്രതിവാദങ്ങൾ കൂടുതൽ ബഹളമയമാകുന്നു. എന്നാൽ ഒരു സാധാരണ പൗരന്റെ ജീവിതത്തെ നേരിട്ട് ബാധിക്കുന്ന അടിസ്ഥാന ചോദ്യത്തിന് വേണ്ടത്ര പ്രാധാന്യം ലഭിക്കുന്നില്ല.

2014നുശേഷം വോട്ടർമാരായവരും വരുംവർഷങ്ങളിൽ വോട്ടവകാശം നേടാനിരിക്കുന്നവരുമായ കോടിക്കണക്കിന് യുവാക്കൾക്ക് ഈ ചോദ്യത്തിന്റെ ഉത്തരം നിർണായകമാണ്. അവരുടെ തൊഴിൽസാദ്ധ്യതകളും ജീവിതനിലവാരവും ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷകളും രാജ്യത്തിന്റെ ഭരണനിലവാരവുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. അധികാര സ്ഥാനങ്ങളോടുള്ള സ്വാധീനം കൊണ്ടല്ല, കഴിവുകളാണ് അവസരങ്ങൾ നിർണയിക്കേണ്ടത്. 2004 മുതൽ 2014 വരെയുള്ള കാലഘട്ടത്തിലെ ഇന്ത്യയും ഇന്ന് വളർന്നുകൊണ്ടിരിക്കുന്ന ഇന്ത്യയും തമ്മിലുള്ള പ്രധാന വ്യത്യാസമെന്താണ്? സർക്കാർ പദ്ധതികളുടെ എണ്ണത്തിലോ പ്രഖ്യാപനങ്ങളുടെ വലിപ്പത്തിലോ മാത്രം അതിനുള്ള ഉത്തരം ഒതുങ്ങുന്നില്ല. പൗരനും ഭരണകൂടവും തമ്മിലുള്ള ബന്ധത്തിൽ സംഭവിച്ച അടിസ്ഥാനപരമായ മാറ്റമാണ് അതിന്റെ കാതൽ.

മുൻകാലത്ത് പലപ്പോഴും ഒരു യുവാവിന്റെ വിജയസാദ്ധ്യത നിർണയിച്ചിരുന്നത് അയാളുടെ കഴിവോ ആശയമോ കഠിനാദ്ധ്വാനമോ ആയിരുന്നില്ല. പകരം, അയാൾക്ക് ആരെയൊക്കെ പരിചയമുണ്ട്, അധികാരകേന്ദ്രങ്ങളുമായി എത്രത്തോളം ബന്ധമുണ്ട് എന്നതായിരുന്നു പ്രധാനം. അർഹതയ്ക്കും കാര്യക്ഷമതയ്ക്കും പകരം സ്വാധീനവും ബന്ധങ്ങളും അവസരങ്ങൾ നിർണയിക്കുന്ന സാഹചര്യം നിലനിന്നിരുന്നു. വായ്പാവിതരണത്തിലെ കേന്ദ്രീകരണവും ഇതിന്റെ ഉദാഹരണമാണ്. പത്ത് വ്യവസായ ഗ്രൂപ്പുകൾ ഇന്ത്യൻ ബാങ്കിംഗ് സംവിധാനത്തിന്റെ മൊത്തം മൂല്യത്തിന്റെ ഏകദേശം 98 ശതമാനത്തിന് തുല്യമായ തുക വായ്പയെടുത്തിരുന്നുവെന്ന 2010ലെ റിപ്പോർട്ട് സാമ്പത്തിക അവസരങ്ങളിലെ അസന്തുലിതാവസ്ഥയിലേക്കാണ് വിരൽചൂണ്ടുന്നത്.

അതേസമയം, തൃശൂരിൽ ചെറിയൊരു കട നടത്തുന്ന സ്ത്രീക്കും സൂറത്തിൽ ചെറുകിട വ്യവസായം തുടങ്ങാൻ ആഗ്രഹിക്കുന്ന യുവ എൻജിനിയർക്കും വായ്പ ലഭിക്കാത്ത സാഹചര്യമുണ്ടായിരുന്നു. ഇത് ബാങ്കിംഗ് മേഖലയിലെ ഒരു കണക്കിന്റെ മാത്രം പ്രശ്നമല്ല. രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയിൽ ആർക്കൊക്കെയാണ് പങ്കാളികളാകാൻ അവസരം ലഭിച്ചത് എന്നതിന്റെകൂടി സൂചനയാണ്. ക്ഷേമപദ്ധതികൾക്കായി സർക്കാർ ചെലവഴിക്കുന്ന ഓരോ രൂപയിലും 15 പൈസയിൽ താഴെമാത്രമാണ് അർഹരായവരിലേക്ക് എത്തിയിരുന്നതെന്ന മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ പരാമർശവും ഈ പശ്ചാത്തലത്തിൽ പ്രസക്തമാണ്. ജനങ്ങൾക്കായി നീക്കിവച്ച പണത്തിന്റെ വലിയൊരു ഭാഗം ഇടനിലക്കാരുടെ കൈകളിൽ ചോർന്നുപോകുന്ന സംവിധാനമായിരുന്നു അത്. അതിന്റെ നഷ്ടം പണത്തിൽ മാത്രം ഒതുങ്ങിയില്ല; അവസരങ്ങൾ നിഷേധിക്കപ്പെട്ട ഒരു തലമുറയുടെ ഭാവിയെയും അത് ബാധിച്ചു.

'നിങ്ങൾക്ക് എന്തുചെയ്യാൻ കഴിയും?' എന്ന ചോദ്യത്തിനാണോ 'നിങ്ങൾക്ക് ആരെയൊക്കെ പരിചയമുണ്ട്?' എന്ന ചോദ്യത്തിനാണോ ഭരണസംവിധാനം പ്രാധാന്യം നൽകുന്നത് എന്നതിലാണ് സദ്ഭരണത്തിന്റെ യഥാർത്ഥ വ്യത്യാസം. സാങ്കേതികവിദ്യയുടെ കരുത്തിൽ ജനങ്ങളിലേക്ക് നേരിട്ടെത്തുന്ന ആനുകൂല്യങ്ങൾ ജൻധൻ അക്കൗണ്ടുകൾ, ആധാർ, മൊബൈൽ സാങ്കേതികവിദ്യ എന്നിവയെ ബന്ധിപ്പിച്ച ജാം ട്രിനിറ്റി ഇന്ത്യയുടെ ഡിജിറ്റൽ ഭരണരംഗത്തെ പ്രധാന ചുവടുവയ്പായിരുന്നു. ഇത് സാങ്കേതികവിദ്യയുടെ നേട്ടം മാത്രമായിരുന്നില്ല; ക്ഷേമപദ്ധതികളിലെ ചോർച്ച തടയാനും സർക്കാർ സഹായം അർഹരായവരിലേക്ക് നേരിട്ട് എത്തിക്കാനുമുള്ള ഭരണപരിഷ്കാരം കൂടിയായിരുന്നു. ആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഷ്വറൻസ്, പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി തുടങ്ങിയവയൊക്കെ ജനങ്ങളുടെ ജീവിതത്തിൽ ദീർഘകാല മാറ്റങ്ങൾ സൃഷ്ടിക്കാൻ കഴിയുന്ന ഭരണസംവിധാനത്തിന്റെ തെളിവുകളാണ്.

കേരളത്തിന്റെ

സാമ്പത്തിക സ്ഥിതി

കേരളത്തിന്റെ സാമ്പത്തികസ്ഥിതിയും ഗൗരവമായ ചർച്ച അർഹിക്കുന്നു. 2026 ജൂണിൽ നിയമസഭയിൽ അവതരിപ്പിച്ച ധവളപത്രത്തിലെ കണക്കുകൾപ്രകാരം, കഴിഞ്ഞ പത്തുവർഷത്തെ ഇടതുഭരണകാലത്ത് സംസ്ഥാനത്തിന്റെ കടബാദ്ധ്യത 5.07 ലക്ഷം കോടിയിലെത്തി. ഈ കണക്കുകൾ കേവലം സാമ്പത്തിക വിദഗ്ദ്ധർക്കിടയിലെ ചർച്ചാവിഷയങ്ങളല്ല. കേരളത്തിലെ യുവതലമുറയുടെ ഭാവിയെ നേരിട്ട് ബാധിക്കുന്ന കാര്യങ്ങളാണ്. ദൈനംദിന ചെലവുകൾ നിറവേറ്റുന്നതിനായി കടമെടുക്കേണ്ടിവരുന്ന സാഹചര്യം രൂക്ഷമാകുമ്പോൾ, പുതിയ വ്യവസായങ്ങൾക്കും തൊഴിലവസരങ്ങൾക്കും ആവശ്യമായ അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കാനുള്ള സർക്കാരിന്റെ ശേഷി പരിമിതപ്പെടും.

രണ്ടാണ്, പ്രതിഷേധവും

അരാജകത്വവും

ജനാധിപത്യത്തിൽ പ്രതിഷേധത്തിന് നിർണായക സ്ഥാനമുണ്ട്. അനീതിക്കെതിരായ ആത്മാർത്ഥമായ പ്രതിഷേധങ്ങളും അധികാരത്തെ ചോദ്യംചെയ്യുന്ന സമരങ്ങളും ജനാധിപത്യത്തിന്റെ ജീവശ്വാസമാണ്. അത്തരം പ്രതിഷേധങ്ങളിൽ പങ്കെടുത്തിട്ടുള്ള ഒരാളെന്ന നിലയിൽ പൗരന്മാരുടെ ഈ അവകാശത്തിന്റെ പ്രാധാന്യം നന്നായി അറിയാം.

എന്നാൽ പ്രതിഷേധവും രാഷ്ട്രീയ നേട്ടത്തിനായി ബോധപൂർവം സൃഷ്ടിക്കുന്ന അരാജകത്വവും തമ്മിൽ വ്യക്തമായ വ്യത്യാസമുണ്ട്. ഭരണനിർവഹണത്തെ ആസൂത്രിതമായി തടസപ്പെടുത്തുകയും വിശ്വസനീയമായ ബദൽ നയങ്ങൾ മുന്നോട്ടുവയ്ക്കുന്നതിനുപകരം പ്രതിസന്ധികൾ സൃഷ്ടിക്കുകയും ചെയ്യുന്ന രാഷ്ട്രീയരീതി ജനാധിപത്യത്തിന് ഗുണകരമല്ല.

ബഹളവും ഏറ്റുമുട്ടലും മാത്രം രാഷ്ട്രീയ പ്രവർത്തനത്തിന്റെ അളവുകോലായി മാറുമ്പോൾ ജനാധിപത്യ സംവാദത്തിന്റെ നിലവാരം താഴുന്നു. ഇതിന്റെ ദോഷഫലം ഏറ്റവും കൂടുതൽ അനുഭവിക്കുന്നത് യുവജനങ്ങളാണ്.

സർക്കാരിന്റെ ഉത്തരവാദിത്വം എന്താണ്? ജനങ്ങളുടെ പണം എങ്ങനെയാണ് വിനിയോഗിക്കേണ്ടത്? യഥാർത്ഥ വികസനവും രാഷ്ട്രീയ പ്രചാരണവും തമ്മിലുള്ള വ്യത്യാസമെന്താണ്? ഈ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ യുവജനങ്ങൾ ശ്രമിക്കണം.

ഇത് കക്ഷിരാഷ്ട്രീയത്തിന്റെ പരിധിയിൽ ഒതുങ്ങുന്ന വിഷയമല്ല. ഒരു രാജ്യത്തിന്റെ സാമ്പത്തിക ഭാവിയുമായി ബന്ധപ്പെട്ട പ്രായോഗികമായ ചോദ്യമാണ്.

(ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷനും എം.എൽ.എയും മുൻ കേന്ദ്രമന്ത്രിയുമാണ് ലേഖകൻ)

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: YOUTH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION