SignIn
Kerala Kaumudi Online
Tuesday, 13 October 2026 3.01 AM IST

നെടുമ്പാശേരിയിലെ വാഹനാപകടം

1

കേരളത്തിൽ ഓരോ വലിയ അപകടങ്ങളുണ്ടാകുമ്പോഴും പരിശോധനകളും ചർച്ചകളും മുന്നറിയിപ്പുകളുമൊക്കെ ഉണ്ടാകുമെങ്കിലും പിന്നീട് കാര്യങ്ങളൊക്കെ പഴയപടിയാവുകയും റോഡപകടങ്ങൾ തുടരുകയുമാണ് ചെയ്യുന്നത്. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് നെടുമ്പാശേരിയിൽ മദ്യലഹരിയിൽ ഓടിച്ച ആഡംബര കാറിടിച്ച് മൂന്നുപേരുടെ ജീവൻ പൊലിഞ്ഞ സംഭവം. നമ്മുടെ റോഡ് സുരക്ഷാ സംവിധാനങ്ങളുടെയും ഡ്രൈവിംഗ് സംസ്‌കാരത്തിന്റെ അപചയത്തിന്റെയും വീഴ്‌ചകൾ തുറന്നുകാട്ടുന്നതു കൂടിയായി ഈ അപകടം. മദ്യപിച്ചും മയക്കുമരുന്ന് ഉപയോഗിച്ചും വാഹനമോടിക്കുന്നതും പരിധിവിട്ട വേഗതയുമാണ് റോഡുകളിൽ നിരപരാധികളുടെ ജീവൻ ഏറ്റവും കൂടുതൽ കവർന്നെടുക്കുന്നത്. നെടുമ്പാശേരിയിൽ അത്താണി എയർപോർട്ട് സിഗ്‌നൽ കവലയ്ക്ക് സമീപം ഞായറാഴ്ച പുലർച്ചെ രണ്ടുമണിയോടെയാണ് അപകടമുണ്ടായത്. ഇയ്യാസ് (22), ദേവിക (21), ഗോപിക (22) എന്നിവരാണ് തൽക്ഷണം മരണമടഞ്ഞത്.

മൂന്നുപേരും സാമ്പത്തികമായി ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന കുടുംബങ്ങളിൽ നിന്നുള്ളവരാണ്. അപകടത്തിന് കാരണമായ കാർ ഓടിച്ചിരുന്നത് അതിസമ്പന്ന കുടുംബാംഗവും പത്തൊൻപതുകാരനുമായ സുഹൈൽ സജീവാണ്. ഇയാൾ മദ്യലഹരിയിൽ അമിത വേഗതയിലാണ് കാർ ഓടിച്ചിരുന്നതെന്നാണ് പൊലീസ് എടുത്ത കേസിൽ പറയുന്നത്. സുഹൃത്തുമായി എയർപോർട്ടിലേക്കുള്ള യാത്രയ്ക്കിടെ മൂന്ന് ബാറുകളിൽ കയറി മദ്യപിച്ച ശേഷമാണ് പ്രതി കാറിൽ 120 മൈലോളം സ്‌പീഡിൽ ചീറിപ്പാഞ്ഞതെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. ട്രാഫിക് നിയമങ്ങൾ കാറ്റിൽപ്പറത്തി അപകടങ്ങൾ സൃഷ്ടിച്ചാൽപോലും പണംകൊണ്ടോ സ്വാധീനം കൊണ്ടോ രക്ഷപ്പെടാമെന്ന ചിന്ത ഇത്തരം ആഡംബര കാറുകൾ ഓടിക്കുന്ന ചെറുപ്പക്കാരിൽ ഭൂരിഭാഗവും പുലർത്തുന്നുണ്ട് എന്നത് ഒരു യാഥാർത്ഥ്യമാണ്. ശക്തമായ നടപടികളിലൂടെയും മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുന്നതിലൂടെയും മാത്രമേ ഇത്തരം ചിന്താഗതിയെ തടയാനാകൂ.

കഴിഞ്ഞ ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് റോഡപകട നിരക്ക് കുറയ്ക്കാൻ ഹൈക്കോടതിയുടെ കർശന ഇടപെടലുണ്ടായത്. റോഡ് സുരക്ഷാ പ്രശ്നങ്ങൾ നിരന്തരം നിരീക്ഷിക്കാനും സ്വമേധയാ കേസെടുക്കാനും ചീഫ് ജസ്റ്റിസിന്റെ അനുമതി തേടിയിരിക്കുകയാണ് ഡിവിഷൻ ബെഞ്ച്. ഇതിനായി ആറുമാസത്തിനകം ഒരു ജി.ഐ.എസ് അധിഷ്ഠിത പ്ളാറ്റ്‌ഫോം സജ്ജമാക്കാൻ കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ അപകടമരണ നിരക്ക് 50 ശതമാനം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ പുതിയ സാക്ഷരതാ മിഷനും രൂപം നൽകിയിട്ടുണ്ട്. ഇത്തരം നടപടികൾ ഒരുവശത്ത് നടക്കുന്നുണ്ടെങ്കിലും റോഡപകടങ്ങൾ വർദ്ധിക്കുന്നതല്ലാതെ കുറയുന്നില്ല. നിയമങ്ങൾ ഉണ്ടായാൽ മാത്രംപോരാ, അതനുസരിക്കാൻ വണ്ടി ഓടിക്കുന്നവർ തയ്യാറാവുക കൂടി വേണം. അത്തരമൊരു റോഡ് സംസ്കാരം കേരളത്തിൽ ഇനിയും ഉണ്ടായിട്ടില്ല. ഓരോ വ്യക്തിയും ഉത്തരവാദിത്വമുള്ള ഒരു ഡ്രൈവിംഗ് സംസ്കാരം വളർത്തിയെടുക്കാതെ ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാനാവില്ല.

കേരളത്തിൽ പതിവായി അപകടം നടക്കുന്നത് 323 റോഡുകളിലെ 2200 കിലോമീറ്റർ ഭാഗത്താണെന്ന നാറ്റ്‌പാക്കിന്റെ റിപ്പോർട്ട് അടിയന്തരശ്രദ്ധ ആവശ്യപ്പെടുന്നതാണ്. ഇവിടെ ഓരോ 100 റോഡപകടങ്ങളിലും 11പേർ വീതം മരിക്കുകയും 112പേർക്ക് പരിക്കേൽക്കുകയും ചെയ്യുന്നുണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. കഴിഞ്ഞ പത്തുവർഷമായി അപകടങ്ങൾ പതിവായ 4592 ബ്ളാക്ക് സ്‌പോട്ടുകളുണ്ട്. ഈ ഇടങ്ങളിൽ മുന്നറിയിപ്പ് ബോർഡ് വച്ചതുകൊണ്ട് മാത്രം കാര്യമില്ല. പകരം അപകടകരമായ റോഡ് ഭാഗങ്ങൾ പുനർനിർമ്മിക്കുകയോ മറ്റ് സുരക്ഷാ മാർഗങ്ങൾ നടപ്പാക്കുകയോ ആണ് വേണ്ടത്. നെടുമ്പാശേരി അപകടത്തിന്റെ പശ്ചാത്തലത്തിലെങ്കിലും മദ്യപിച്ചും മറ്റ് ലഹരികൾ ഉപയോഗിച്ചുകൊണ്ടും വാഹനമോടിച്ച് അപകടമുണ്ടാക്കുന്നവർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കാൻ നിയമത്തിൽ മാറ്റം വരുത്താൻ സർക്കാർ തയ്യാറാകണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEDUMBASSERY, ACCIDENT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION