
ഹൃദ്രോഗ ചികിത്സയിൽ ഏഷ്യയിലെ തന്നെ ഏറ്റവും മികച്ച ഡോക്ടർമാരിൽ ഒരാളായ ഡോ. ജി.വിജയരാഘവന്റെ വിയോഗം കേരളത്തിന്റെ ആരോഗ്യമേഖലയ്ക്ക് ഒരു വലിയ നഷ്ടം തന്നെയാണ്. ഹൃദയ ചികിത്സ ശൈശവ ദശയിലായിരുന്ന കാലത്ത് കടന്നുവന്ന ചികിത്സകനായ അദ്ദേഹം ആ മേഖലയെ നൂതനവും ആധുനികവുമായ പുതിയ തലത്തിലേക്ക് ഉയർത്തുന്നതിൽ മെഡിക്കൽ കോളേജിലെ കാർഡിയോളജി വിഭാഗത്തിന്റെ തലവനായി പ്രവർത്തിച്ച കാലത്ത് വഹിച്ച പങ്ക് നിസ്തുലമാണ്. എൺപതുകളിലും തൊണ്ണൂറുകളിലും ഹൃദയസംബന്ധമായ അസുഖങ്ങൾ വരുന്ന സംസ്ഥാനത്തെ എല്ലാ പ്രമുഖരുടെയും ഏക ആശ്രയമായിരുന്നു ഡോ.വിജയരാഘവൻ. ഹൃദ്രോഗ രംഗത്തെ മികവിന് 2009ൽ രാജ്യം പദ്‌മശ്രീ നൽകി ആദരിച്ചിരുന്നു. കിംസ് ആശുപത്രി സ്ഥാപക ഡയറക്ടറും വൈസ് ചെയർമാനുമാണ്. എ.കെ.ജി, പത്രാധിപർ കെ. സുകുമാരൻ, ഇ.കെ.നായനാർ, സി.അച്യുതമേനോൻ, ബേബിജോൺ തുടങ്ങി നിരവധി പ്രമുഖരെ ചികിത്സിച്ചിട്ടുണ്ട്.
സംസ്‌കൃത പണ്ഡിതനായ എം.കെ.ഗോവിന്ദന്റെയും ഗൗരിക്കുട്ടിയുടെയും മകനായി 1942 സെപ്തംബർ 18ന് കൊല്ലം പെരുമ്പുഴയിൽ ജനിച്ച അദ്ദേഹം എൺപത്തിനാലാം വയസിലാണ് വിടപറഞ്ഞത്. സ്‌കൂൾ പഠനവും എം.ബി.ബി.എസ്, എം.ഡി പഠനവും പൂത്തിയാക്കിയത് തിരുവനന്തപുരത്തായിരുന്നു. വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജിൽ നിന്ന് കാർഡിയോളജിയിൽ ഡി.എമ്മും നേടി. തിരുവനന്തപുരം, കോഴിക്കോട്, കോട്ടയം മെഡിക്കൽ കോളേജുകളിൽ അസോസിയേറ്റ് പ്രൊഫസറായും വകുപ്പ് മേധാവിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1998ൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കാർഡിയോളജി വിഭാഗം മേധാവിയായിരിക്കെ സർവീസിൽ നിന്ന് വിരമിച്ചശേഷം വിദേശങ്ങളിലും ജോലി നോക്കി. പിന്നീടാണ് തിരുവനന്തപുരത്ത് കിംസ് ആശുപത്രി സ്ഥാപിക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ചത്.
ഹൃദയ ചികിത്സയിൽ കേരളത്തിൽ ഒരു പുതിയ പാത വെട്ടിത്തുറന്നത് വിജയരാഘവനായിരുന്നു. ഹൃദ്രോഗ ചികിത്സയ്ക്ക് വിശ്രമം മൂന്നാഴ്ചയിൽ നിന്ന് മൂന്ന് ദിവസമായി കുറയ്ക്കാൻ അദ്ദേഹത്തിന്റെ നൂതന രീതിയിലുള്ള ചികിത്സാ പദ്ധതിയിലൂടെ സാധിച്ചു.
കേരളത്തിലെ ആദ്യത്തെ കാർഡിയോളജി ഐ.സി യൂണിറ്റ്, ആദ്യത്തെ ഡിജിറ്റൽ കാത്ത് ലാബ് എന്നിവയുടെ ശില്പിയായ അദ്ദേഹം ഓപ്പൺ ഹാർട്ട് സർജറിയുടെ സൂത്രധാരനുമായിരുന്നു. രോഗ നിർണയത്തിന് ഇലക്ട്രോഗ്രാം ആദ്യം ഉപയോഗിച്ചതും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലായിരുന്നു. എക്കോ കാർഡിയോഗ്രാഫിയെക്കുറിച്ചുള്ള നിരവധി ആധികാരിക ഗ്രന്ഥങ്ങളുടെ കർത്താവാണ്. കാർഡിയോളജി സംബന്ധിച്ച് ലോകത്ത് നടന്നിട്ടുള്ള പ്രമുഖ സെമിനാറുകളിൽ പ്രസംഗിക്കുകയും പ്രബന്ധങ്ങൾ അവതരിപ്പിക്കുകയും ചെയ്തിട്ടുള്ള അദ്ദേഹം ജൂനിയർ ഡോക്ടർമാരുടെ സംശയ നിവാരണത്തിനുള്ള റഫറൻസ് ഗ്രന്ഥം പോലെയാണ് ഒരുകാലത്ത് പ്രവർത്തിച്ചിരുന്നത്. സ്വദേശത്തും വിദേശത്തും ഹൃദയാരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന മലയാളികളായ വലിയ ഡോക്ടർമാരുടെ ശിഷ്യസമ്പത്തിനും ഉടമയാണ് അദ്ദേഹം.
കാർഡിയോളജിയുമായി ബന്ധപ്പെട്ട ഡോക്ടറുടെ പ്രഭാഷണങ്ങളും സംവാദങ്ങളും ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്നവർക്ക് മാത്രമല്ല അതിന് പുറത്തുള്ളവർക്കും വിജ്ഞാനം പകരുന്നതായിരുന്നു. രോഗത്തിന്റെ പേരിലുള്ള ശാരീരിക മാനസിക ബുദ്ധിമുട്ടുകളുമായി വരുന്നവർ ഡോ.വിജയരാഘവനെ സന്ദർശിച്ചുകഴിഞ്ഞാൽ അവരുടെ പകുതി രോഗം മാറിയതായ തോന്നൽ ഉണ്ടാകുമായിരുന്നു എന്നാണ് അനുഭവസ്ഥർ പറഞ്ഞിട്ടുള്ളത്. അത്രമാത്രം ആശ്വാസം പകരുന്ന രീതിയിൽ സൗമ്യമായാണ് അദ്ദേഹം രോഗികളോട് ഇടപെട്ടിരുന്നത്. ആ അർത്ഥത്തിൽ രോഗികളുടെ ഹൃദയം കവരുന്ന ചികിത്സകൻ കൂടിയായിരുന്നു അദ്ദേഹം. സൗമ്യതയും വിനയവും ലാളിത്യവുമായിരുന്നു അദ്ദേഹത്തിന്റെ മുഖമുദ്ര. രോഗികളോടുള്ള പെരുമാറ്റം, ക്ളിനിക്കൽ പരിശോധനകൾ തുടങ്ങിയവയെല്ലാം കണ്ടുപഠിക്കേണ്ട ഒരു മാതൃക കൂടിയായിരുന്നു ആ വലിയ ഭിഷഗ്വരൻ. ഹൃദയാരോഗ്യ രംഗത്തെ ഒരു സമർപ്പിത ജീവിതത്തിനാണ് ഡോ. വിജയരാഘവന്റെ വിയോഗത്തോടെ അന്ത്യമായിരിക്കുന്നത്. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ കേരളകൗമുദിയും പങ്കുചേരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |