SignIn
Kerala Kaumudi Online
Friday, 06 November 2026 11.48 AM IST

പല്ല് തേക്കുന്നതിനിടെ അബദ്ധത്തിൽ ടൂത്ത്ബ്രഷ് വിഴുങ്ങി 50കാരൻ: ശസ്ത്രക്രിയ കൂടാതെ അത്ഭുതകരമായി പുറത്തെടുത്ത് ഡോക്ടർമാർ

man-swallows-toothbrush
രാജേന്ദ്ര മാലുസാരെ വിഴുങ്ങിയ ബ്രഷ് പുറത്തെടുത്തപ്പോൾ

മുംബയ്: പല്ല് തേക്കുന്നതിനിടെ അബദ്ധത്തിൽ ടൂത്ത്ബ്രഷ് വിഴുങ്ങിയ അമ്പതുവയസുകാരനെ ശസ്ത്രക്രിയ ഇല്ലാതെ രക്ഷപ്പെടുത്തി ഡോക്ടർമാർ. മഹാരാഷ്ട്രയിലെ പെൻ സ്വദേശിയും ഓട്ടോറിക്ഷ ഡ്രൈവറുമായ രാജേന്ദ്ര മാലുസാരെയാണ് 19 സെന്റീമീറ്റർ നീളമുള്ള ടൂത്ത് ബ്രഷ് വിഴുങ്ങിയത്. തുടർന്ന് കഠിനമായ വയറുവേദനയും ബുദ്ധിമുട്ടും അനുഭവപ്പെട്ടതോടെ രാജേന്ദ്ര ആദ്യം അടുത്തുള്ള പ്രാദേശിക ഡോക്ടറെ കണ്ടു. തുടർന്ന് എക്സറേ എടുത്തെങ്കിലും ബ്രഷ് കണ്ടെത്താനായില്ല.

തുടർന്ന് വിദഗ്ധ പരിശോധനയ്ക്കായി രാജേന്ദ്രയെ കുടുംബം നവി മുംബയിലെ മെഡിക്കോവ‌ർ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഇവിടെ നടത്തിയ എൻഡോസ്കോപ്പിയിലൂടെയാണ് ടൂത്ത് ബ്രഷ് വയറ്റിനുള്ളിൽ കിടക്കുന്നത് ഡോക്ടർമാർ കണ്ടെത്തിയത്. നീളമുള്ളതിനാൽ ബ്രഷ് സ്വാഭാവികമായ രീതിയിൽ പുറത്തേക്ക് വരുന്നത് അസാദ്ധ്യമായിരുന്നുവെന്ന് ഡോക്ടർമാർ പറയുന്നു.

മാത്രമല്ല ഇത് കുടലിൽ തങ്ങിനിന്ന് ആന്തരിക മുറിവുകൾക്കോ മറ്റ് ആരോഗ്യപ്രശ്നങ്ങൾക്കോ കാരണമായേക്കാമെന്ന വലിയ വെല്ലുവിളിയും തങ്ങൾക്ക് മുന്നിലുണ്ടായിരുന്നുവെന്ന് ഡോക്ടർമാർ പറയുന്നു. എന്നാൽ ശസ്ത്രക്രിയ ഒഴിവാക്കാൻ തീരുമാനിച്ച മെഡിക്കൽ സംഘം എൻഡോസ്കോപ്പിയിലൂടെ തന്നെ ബ്രഷ് പുറത്തെടുക്കാൻ തീരുമാനിക്കുകയായിരുന്നു. ആമാശയത്തിന്റെയും അന്നനാളത്തിന്റെയും ഇടുങ്ങിയ ഭാഗങ്ങളിൽ കുടുങ്ങികിടന്നതിന് തുടർന്ന് പലതവണ രാജേന്ദ്രന്റെ കിടപ്പ് വശംമാറ്റിയാണ് ഡോ‌ക്ടർമാ‌ർ ബ്രഷിനെ തൊണ്ടയിലെത്തിച്ചത്.

ഒടുവിൽ 30 മിനിറ്റ് നീണ്ട അതീസങ്കീർണമായ പ്രക്രിയയിലൂടെ ബ്രഷ് വിജയകരമായി പുറത്തെടുക്കുകയായിരുന്നു. രാജേന്ദ്രന്റെ ആന്തരികാവയവങ്ങൾക്ക് യാതൊരുവിധ പരിക്കുകളും സംഭവിച്ചിട്ടില്ലെന്ന് ഡോക്ടർമാർ പറഞ്ഞു. ഏതാനും മണിക്കൂറുകൾക്ക് ശേഷം പൂർണ ആരോഗ്യവാനായ രാജേന്ദ്ര മാലുസാരെ ആശുപത്രി വിടുകയായിരുന്നു. ഇത്തരത്തിൽ വലിയ വസ്തുക്കൾ അബദ്ധത്തിൽ വിഴുങ്ങിയാൽ സ്വയം ഛർദിപ്പിക്കാനോ മറ്റു ഭക്ഷണങ്ങൾ കഴിച്ച് ഉള്ളിലേയ്ക്ക് തള്ളിവിടാനോ ശ്രമിക്കരുതെന്നും എത്രയും വേഗം വിദഗ്ധ ചികിത്സ തേടണമെന്നും ഡോക്ടർമാർ നിർദേശം നൽകി.

English Summary

A 50-year-old auto-rickshaw driver in Maharashtra, Rajendra Malusare, accidentally swallowed a 19 cm toothbrush. Doctors at Medicover Hospital, Navi Mumbai, successfully removed the brush using an endoscopy procedure, avoiding complex surgery. The 30-minute operation resulted in no internal injuries, and Malusare was discharged healthy, hours after the incident.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MAN SWALLOWS, MAN SWALLOWS TOOTHBRUSH, DOCTORS REMOVE TOOTHBRUSH WITHOUT SURGERY, MEDICAL MIRACLE, MAHARASHTRA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360