കൊച്ചി: പൊന്നുരുന്നിയിൽ 41കാരനായ ഡോക്ടറെ ക്രൂരമർദ്ദനത്തിന് ഇരയാക്കിയ സംഭവം ആസൂത്രണം ചെയ്തത് നടി അതുല്യ ചന്ദ്രയെന്ന് പൊലീസ്. അതുല്യയുടെ ബന്ധുവുമായുള്ള ഡോക്ടറുടെ സൗഹൃദമാണ് പ്രശ്നങ്ങൾക്കിടയാക്കിയത്. ബന്ധുവിനെ ഡോക്ടർ പീഡനത്തിനിരയാക്കിയതായും ഈ വിവരം പുറത്തുപറയാതിരിക്കാൻ ആറ് കോടി രൂപ അതുല്യയും ബിബിൻ പെരുമ്പിള്ളിയും സംഘവും ആവശ്യപ്പെട്ടെന്നുമാണ് സൂചനകൾ.
അത്രയും പണം നൽകാനാവില്ലെന്ന് ഡോക്ടർ അറിയിച്ചതോടെ സ്വകാര്യ ദൃശ്യങ്ങളും ചാറ്റുകളും പുറത്തുവിടുമെന്നായി ഭീഷണി. ഇതിനും വഴങ്ങാതെ വന്നതോടെ ഡോക്ടറെ ഇവർ മർദ്ദിച്ചു. ഇതിനുപിന്നാലെ ഡോക്ടർ പൊലീസിൽ പരാതി നൽകുകയായിരുന്നു. സംഭവത്തിൽ അതുല്യയുടെ ബന്ധുവിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തും. നടന്നത് ഹണിട്രാപ്പാണോ എന്നതിൽ പൊലീസ് വിശദമായ അന്വേഷണവും നടത്തും.
നടിയും അഭിഭാഷകയുമായ അതുല്യ ചന്ദ്ര (32) ഉൾപ്പെടെ മൂന്നുപേരാണ് സംഭവത്തിൽ ഇതുവരെ അറസ്റ്റിലായത്. നടനും എക്സിക്യുട്ടീവ് പ്രൊഡ്യൂസറുമായ ബി. ബിബിൻ പെരുമ്പിള്ളി (ബിബിൻ ബേബി-42), കെ.ബി. വിഷ്ണു (31) എന്നിവരാണ് അറസ്റ്റിലായ മറ്റ് പ്രതികൾ. ഒളിവിലുള്ള ഒമ്പതു പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി.
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രാക്ടീസ് ചെയ്യുന്ന 41കാരനായ ഡോക്ടർക്കാണ് മർദ്ദനമേറ്റത്. തിങ്കളാഴ്ച വൈകിട്ട് 6.30ന് പൊന്നുരുന്നി ജൂനിയർ ജനതാ റോഡിലെ എസ്സെൻ സ്പ്രിംഗ് ഡേൽ അപ്പാർട്ട്മെന്റിലായിരുന്നു സംഭവം. പ്രമുഖ യുവനടൻ തന്റെ നിർമ്മാണക്കമ്പനിയിലെ ജീവനക്കാർക്ക് താമസിക്കാൻ എടുത്ത അപ്പാർട്ട്മെന്റാണിത്.
അടുത്ത ബന്ധുവിന് അസുഖം മൂർച്ഛിച്ചെന്ന് അതുല്യ അറിയിച്ചതനുസരിച്ചാണ് കുരീക്കാട് സ്വദേശിയായ ഡോക്ടർ അപ്പാർട്ട്മെന്റിൽ എത്തിയത്. എന്നാൽ അവിടെ ബന്ധു ഉണ്ടായിരുന്നില്ല. പകരം പലഭാഗത്തായി തമ്പടിച്ചിരുന്ന പ്രതികൾ ഡോക്ടറെ വളഞ്ഞ് ആക്രമിക്കുകയായിരുന്നു. ഏതാനും ദിവസം മുമ്പ് ഡോക്ടറിൽ നിന്നുണ്ടായ പീഡനശ്രമം അടുത്ത ബന്ധു അതുല്യയോട് പറഞ്ഞിരുന്നു. തുടർന്ന് അതുല്യ സുഹൃത്തുക്കളുമായി ചേർന്ന് ഡോക്ടറെ കുടുക്കാൻ പദ്ധതിയിടുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
മർദ്ദിച്ച് അവശനാക്കിയ ശേഷം രാത്രി 10.30നാണ് ഡോക്ടറെ വിട്ടയച്ചത്. ചൊവ്വാഴ്ച ആദ്യ ഗഡുവായി 25 ലക്ഷം രൂപ നൽകാമെന്നായിരുന്നു ധാരണ. എന്നാൽ കളമശേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ ഡോക്ടർ കടവന്ത്ര പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. മൂന്ന് ലക്ഷം രൂപ വിലമതിക്കുന്ന രണ്ട് മൊബൈൽ ഫോണുകൾ, സ്മാർട്ട് വാച്ച്, ഇയർപോഡ് എന്നിവ പ്രതികൾ കവർന്നതായും പരാതിയിലുണ്ട്.
മുംബയിൽ ജനിച്ചുവളർന്ന അതുല്യ ചന്ദ്ര കൊച്ചിയിലെ പ്രമുഖ ക്രിമിനൽ അഭിഭാഷകന്റെ ജൂനിയറായി പ്രവർത്തിച്ചിട്ടുണ്ട്. മലയാളം, തെലുങ്ക്, തമിഴ് സിനിമകളിൽ അഭിനയിച്ചിട്ടുള്ള ഇവർ ഹിൽപാലസ് അൻസൽ സിറ്റി അപ്പാർട്ട്മെന്റിലാണ് താമസം.
Police suspect that actress Athulya Chandra planned the brutal assault on a 41-year-old doctor in Ponnurunni. There are allegations that the doctor sexually assaulted the relative and that Athulya, Bibin Perumpilly and their associates demanded ₹6 crore to prevent the matter from becoming public.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |