SignIn
Kerala Kaumudi Online
Friday, 23 October 2026 3.05 PM IST

വിൽക്കാനുണ്ട് കോളേജുകൾ

clg

പഴയ കാലത്ത് വിദ്യാഭ്യാസത്തെ ആരും കച്ചവടമായി കണ്ടിരുന്നില്ല. സാമൂഹ്യസേവനത്തിന്റെ ഭാഗമായിരുന്നു അത്. മനുഷ്യസമൂഹത്തിന്റെ വളർച്ച വിദ്യാഭ്യാസത്തിലൂടെയേ സാദ്ധ്യമാകൂ എന്നു വിശ്വസിച്ചിരുന്ന ചിലർ കേരളത്തിൽ തുടക്ക കാലത്ത് സ്‌കൂളുകളും മറ്റും തുടങ്ങിയിരുന്നത് ഭാവിയിൽ വൻ തുക വാങ്ങി സാറന്മാരെ നിയമിക്കാം എന്നു കണ്ടിട്ടല്ലായിരുന്നു. ക്രിസ്‌ത്യൻ മിഷണറികളും പണമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയല്ല വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയത്. പിന്നീട് എയിഡഡ് സ്‌കൂളും കോളേജുമൊക്കെയായതിനു ശേഷമാണ് ഇതൊരു വരുമാനമാർഗമായി മാറിയത്. അപ്പോഴും അപൂർവം ചിലത് ഒഴിച്ചാൽ മെഡിക്കൽ, എൻജിനിയറിംഗ് കോളേജുകൾ സർക്കാർ വകയായിരുന്നു. ആഗോളവത്‌കരണത്തിന്റെ ഭാഗമായി രണ്ടായിരത്തിനു ശേഷം ഇതിൽ വലിയ മാറ്റം സംഭവിച്ചു. ഇന്ത്യയിലുടനീളം പണമുള്ള ആർക്കും എൻജിനിയറിംഗ്, മെഡിക്കൽ കോളേജുകൾ തുടങ്ങാമെന്ന സ്ഥിതിയുണ്ടായി.

തുടക്കത്തിൽ എൻജനിയറിംഗ് പഠിക്കാൻ കേരളത്തിൽ നിന്ന് തമിഴ്‌നാ‌ട്, കർണാടക, ആന്ധ്ര തുടങ്ങിയ അയൽസംസ്ഥാനങ്ങളിലേക്ക് വലിയ ഒഴുക്കായിരുന്നു. ഇത് തടയാനും കേരളത്തിലെ കുട്ടികളെ ഇവിടെത്തന്നെ പിടിച്ചുനിറുത്താനും മറ്റും ഉദ്ദേശിച്ചാണ് കേരളത്തിലും അപേക്ഷിച്ച ഒരുമാതിരിപ്പെട്ട എല്ലാ സമ്പന്നർക്കും എൻജിനിയറിംഗ് കോളേജുകൾ അനുവദിച്ചത്. കച്ചവട താത്‌പര്യം മാത്രം മുൻനിറുത്തിയാണ് ഇതിൽ ഭൂരിപക്ഷം പേരും സ്വാശ്രയ വിദ്യാഭ്യാസ രംഗത്തേക്ക് ചാടിവീണത്. തുടക്കത്തിൽ കുട്ടികൾ ഉണ്ടായിരുന്നതിനാൽ എല്ലാം ഭംഗിയായി നടന്നു. കേരളത്തിൽ ഇങ്ങനെ ഡസൻകണക്കിന് എൻജിനിയറിംഗ് കോളേജുകൾ തുടങ്ങിയപ്പോൾ തമിഴ്‌നാട്ടിലെയും ആന്ധ്രയിലെയും മറ്റും നൂറുകണക്കിന് എൻജിനിയറിംഗ് കോളേജുകൾ പൂട്ടിപ്പോവുകയാണ് ചെയ്തത്. അപ്പോഴും നല്ല നിലവാരത്തിൽ പ്രവർത്തിച്ചിരുന്ന എൻജിനിയറിംഗ് കോളേജുകൾ അവിടെയും നിലനിന്നു എന്നത് മറക്കരുത്.

കേരളത്തിലും വർഷങ്ങൾക്കു മുമ്പ് തങ്ങൾകുഞ്ഞ് മുസ്ളിയാർ തുടങ്ങിയ കൊല്ലത്തെ ടി.കെ.എം എൻജിനിയറിംഗ് കോളേജ് സംസ്ഥാനത്തും പുറത്തും എൻജിനിയറിംഗ് രംഗങ്ങളിൽ നിരവധി മികവുറ്റ പ്രൊഫഷണൽ പ്രതിഭകളെ സമ്മാനിച്ചുകൊണ്ട് ഇന്നും മികവോടെ ഉയർന്നുനിൽക്കുന്നു എന്നതും മറക്കാനാവില്ല. കോളേജ് നടത്താനും വികസിപ്പിക്കാനും പ്രൊഫഷണൽ രംഗത്തെ അക്കാഡമിക് വിദഗ്ദ്ധരെ നിയോഗിക്കുകയും അതിനു വേണ്ട അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിലും മാത്രമായിരുന്നു മുസ്ളി‌യാർ ശ്രദ്ധിച്ചിരുന്നത്. എന്നാൽ പുതിയ കാലത്തെ എൻജിനിയറിംഗ് കോളേജ് ഉടമകളിൽ ഭൂരിപക്ഷവും അഡ്‌മിഷന് ക്യാപ്പിറ്റേഷൻ ഫീ വാങ്ങുന്നതിലും പണം വാങ്ങി അദ്ധ്യാപകരെ നിയമിക്കുന്നതിലും മാത്രമാണ് ശ്രദ്ധിച്ചത്. കോളേജിന്റെ നിലവാരം ഉയർത്തുന്നതിന് ശ്രമിച്ചില്ലെന്നു മാത്രമല്ല,​ അതില്ലാതാകുന്നതിനു വേണ്ടതെല്ലാം അവർ ചെയ്‌തുവയ്ക്കുകയും ചെയ്തു.

എൻട്രൻസ് പരീക്ഷയിൽ പത്തുമാർക്ക് കിട്ടുന്ന കുട്ടികളെപ്പോലും തേടിപ്പിടിച്ച് പ്രവേശനം നൽകി സീറ്റ് തികയ്ക്കാനാണ് പലരും ശ്രമിച്ചത്. ഇപ്പോഴാകാട്ടെ കേരളത്തിലെ കുട്ടികൾ പ്ളസ് ടു കഴിഞ്ഞാൽ അന്യസംസ്ഥാനങ്ങളിലോ വിദേശത്തോ പഠിക്കാനാണ് താത്‌പര്യപ്പെടുന്നത്. വൻ നഷ്ടത്തിലേക്ക് കൂപ്പുകുത്തിയതിനാൽ ഒമ്പതു വർഷത്തിനിടെ സംസ്ഥാനത്ത് 33 കോളേജുകളാണ് അടച്ചുപൂട്ടിയത്. തിരുവനന്തപുരത്ത് കരകുളത്തെ പി.എ. അസീസ് എൻജിനിയറിംഗ് കോളേജ് ഉടമ കടബാദ്ധ്യത കാരണം കോളേജ് കെട്ടിടത്തിനുള്ളിൽ ആത്മഹത്യ ചെയ്ത സംഭവം ഈ രംഗത്തെ പ്രതിസന്ധി എങ്ങനെ പരിഹരിക്കുമെന്നതിനെക്കുറിച്ച് സർക്കാരും ആലോചിച്ചു തുടങ്ങണമെന്ന് സൂചന നൽകുന്നതാണ്. പ്ളേസ്‌മെന്റ് ലഭിക്കാൻ സാദ്ധ്യതയുള്ള കോളേജുകളിൽ മാത്രമേ കുട്ടികൾ ഇപ്പോൾ പ്രവേശനത്തിന് തയ്യാറാകുന്നുള്ളൂ. വിൽക്കാനുണ്ട് കോളേജുകൾ എന്ന അവസ്ഥ സാക്ഷര കേരളത്തിന് അപമാനമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: COLLEGE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION