
കൊല്ലം ജില്ലയിലെ തീരദേശ മേഖല വൻതോതിലുള്ള ധാതുസമ്പത്തിനാൽ അനുഗ്രഹീതമാണ്. കേന്ദ്ര സർക്കാരിനും സംസ്ഥാന സർക്കാരിനും മാത്രമായിരുന്നു ഇതുവരെ മണൽ ഖനനവുമായി ബന്ധപ്പെട്ട കമ്പനികളും ഫാക്ടറികളും നടത്താൻ അവകാശമുണ്ടായിരുന്നത്. മറ്റേതെങ്കിലും രാജ്യത്തായിരുന്നുവെങ്കിൽ ഈ കമ്പനികൾ ലോകപ്രസിദ്ധമായി മാറുകയും സംസ്ഥാനത്തിന് വരുമാനത്തിന്റെ വലിയ പങ്ക് നേടിത്തരുകയും ചെയ്യുമായിരുന്നു. എന്നാൽ വർഷങ്ങൾ പ്രവർത്തിച്ചിട്ടും ഈ മേഖലയിൽ പ്രവർത്തിക്കുന്ന കേന്ദ്ര - സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങൾ പറയത്തക്ക ഒരു നേട്ടവും സംസ്ഥാനത്തിന് നേടിത്തന്നിട്ടില്ല. ആധുനിക സാങ്കേതികവിദ്യ ഖനനത്തിന് ആവശ്യമാണ്. അതിന്റെ കുറവാണ് പൊതുമേഖലാ സ്ഥാപനങ്ങളെ പിറകോട്ടടിച്ചത്. വിദേശത്തു നിന്നും ആധുനിക ടെക്നോളജി കൊണ്ടുവന്ന് ഖനനം നടത്താൻ വൻകിട സ്വകാര്യ കമ്പനികൾക്കാണ് മികച്ച രീതിയിൽ കഴിയുക. രാജ്യത്തിന്റെ വലിയ സമ്പത്താണ് ധാതുക്കൾ എന്നതുകൊണ്ട് അത് കുഴിച്ചെടുക്കാൻ പൊതുമേഖലാ സ്ഥാപനങ്ങളെ മാത്രമേ അനുവദിക്കൂ എന്നത് ശരിയായ നയമല്ല, മറിച്ച് അതിന് യോഗ്യതയുള്ള പ്രൊഫഷണൽ കമ്പനികളെ ഏൽപ്പിക്കുന്നതാണ് ഉത്തമമെന്ന് വൈകിയെങ്കിലും തിരിച്ചറിഞ്ഞതിന്റെ ഫലമായാണ് സ്വകാര്യ കമ്പനികളെയും സ്വാഗതം ചെയ്യാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്.
2002-ലെ ഒഫ് ഷോർ ഏരിയാസ് മിനറൽ ആക്‌ടിൽ 2023-ൽ ഭേദഗതി കൊണ്ടുവന്നതിനു പിന്നാലെയാണ് രാജ്യത്ത് 13 ബ്ളോക്കുകളിലായി കടലിൽ ധാതുഖനനത്തിന് കേന്ദ്ര ഖനിമന്ത്രാലയം ടെൻഡർ ക്ഷണിച്ചത്. ടെൻഡർ സമർപ്പിക്കാനുള്ള സമയപരിധി ഏപ്രിൽ 2 വരെ നീട്ടിയിട്ടുമുണ്ട്. രാജ്യത്ത് ആദ്യമായി കടൽമണൽ ഖനനം നടത്തുന്നത് കേരളത്തിലെ കൊല്ലം ജില്ലയിലെ തങ്കശ്ശേരി മുതൽ ചവറ വരെയാകുമെന്നാണ് ഇതുസംബന്ധിച്ച് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. തങ്കശ്ശേരി മുതൽ വടക്കോട്ട് കടലിൽ 27 മുതൽ 33 കിലോമീറ്റർ വരെ ദൂരെയാണ് ആദ്യ ഖനന മേഖല.
മണൽ ഖനനത്തിനെതിരെ കോൺഗ്രസും മത്സ്യത്തൊഴിലാളി കോൺഗ്രസും സമരവുമായി മുന്നോട്ട് വന്നിട്ടുണ്ട്. ഖനനം വന്നാൽ മത്സ്യബന്ധനം തടയപ്പെടുമെന്നും മത്സ്യസമ്പത്ത് കുറയുമെന്നുമാണ് ആശങ്ക. ലോകത്ത് പല രാജ്യങ്ങളിലും കടലിൽ ഖനനം നടക്കുന്നുണ്ട്. ഇവിടങ്ങളിലെ നിജസ്ഥിതി എന്താണെന്ന് ആശങ്ക പുലർത്തുന്ന മത്സ്യത്തൊഴിലാളികളെ ബോധിപ്പിക്കാൻ കേന്ദ്ര - സംസ്ഥാന സർക്കാരുകൾ വിദഗ്ദ്ധരെ നിയോഗിക്കേണ്ടതാണ്.
ഒരു പുതിയ പദ്ധതി വരുമ്പോൾ ധാരാളം വ്യാജ പ്രചാരണങ്ങളും അതിന്റെ ഭാഗമായി നടക്കുന്ന നാടാണ് നമ്മുടേത്. മത്സ്യബന്ധനത്തിന് ആദ്യമായി ബോട്ടുകൾ ഉപയോഗിച്ചപ്പോൾ വള്ളങ്ങളിൽ മത്സ്യബന്ധനത്തിന് പോകുന്നവർ എതിർക്കുകയും അത് തടയുകയും ചെയ്തിരുന്നു. ബോട്ടിന്റെ ശബ്ദം കേട്ട് മത്സ്യങ്ങളെല്ലാം ഓടിപ്പോകുമെന്നും തങ്ങൾക്ക് മത്സ്യം കിട്ടില്ലെന്നുമുള്ള ന്യായമായിരുന്നു അന്നവർ പറഞ്ഞിരുന്നത്. ഇതെല്ലാം തെറ്റാണെന്ന് പിന്നീട് കാലം തെളിയിച്ചു. അതുപോലെ ഖനനം നടന്നാൽ കടലിന്റെ അടിത്തട്ട് മുഴുവൻ ഇളകി മറിയുമെന്നുള്ള പ്രചാരണങ്ങൾ ഇപ്പോഴെ തുടങ്ങിയിട്ടുണ്ട്. ഖനനവുമായി ബന്ധപ്പെട്ട ആശങ്കകൾ ദൂരീകരിക്കാനും വസ്‌തുതകൾ ബോദ്ധ്യപ്പെടുത്താനുമുള്ള ശ്രമം അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായില്ലെങ്കിൽ വികാരപരമായി ജനങ്ങളെ ഇളക്കിവിട്ട് വ്യാജ പ്രചാരണങ്ങളിലൂടെ ഖനന പദ്ധതി അപ്പാടെ തുരങ്കം വയ്ക്കാനുള്ള പ്രവർത്തനങ്ങൾ ത്വരിതപ്പെടും. വിഴിഞ്ഞത്തെ തുറമുഖത്തിനെതിരെയും ഇത്തരം പ്രചാരണങ്ങൾ തുടക്കകാലത്ത് നടന്നിരുന്നതാണ്. ഇതിന്റെയൊക്കെ പിന്നിൽ പ്രവർത്തിക്കുന്നവർ നാട്ടുകാർ ആവണമെന്ന് നിർബന്ധമില്ല. കൂടംകുളം ആണവ നിലയത്തിനെതിരെയുള്ള സമരത്തിന് പിന്നിൽ അമേരിക്ക ആയിരുന്നു എന്നത് പിന്നീട് ജനങ്ങൾക്ക് ബോദ്ധ്യപ്പെട്ട കാര്യമാണ്. അതിനാൽ കടൽമണൽ ഖനനത്തിന്റെ കാര്യത്തിൽ അവധാനതയോടെയുള്ള സമീപനം പുലർത്താനുള്ള ജാഗ്രത സമൂഹം പുലർത്തേണ്ടതാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |