
പത്തൊമ്പതു വർഷം മുമ്പാണ്. 2005 മേയ് 18-ന് ആലപ്പുഴ ആശ്രമം വാർഡിലെ നട്ടുച്ചനേരം. അവധിക്കാല ട്യൂഷനു പോയ മൂന്നാംക്ളാസുകാരൻ രാഹുൽ വീട്ടിലേക്ക് ഓടിക്കിതച്ചെത്തി. അടുത്തുള്ള ഗ്രൗണ്ടിൽ ക്രിക്കറ്റു കളിക്ക് പോകാനുള്ള വരവാണ്. ഉച്ചയൂണു കഴിഞ്ഞ് പോകാമെന്ന് അമ്മ പറഞ്ഞെങ്കിലും അവൻ ഗ്രൗണ്ടിലേക്കോടി. ആദ്യത്തെ രണ്ടു റൗണ്ട് കളിക്കു ശേഷം ഭക്ഷണം കഴിക്കാൻ രാഹുൽ വീട്ടിലെത്തി. വീണ്ടും കളിക്കാനിറങ്ങിയ രാഹുൽ, അമ്മ വിലക്കിയെങ്കിലും വഴങ്ങിയില്ല.
വൈകുന്നേരം നാലു മണിയായപ്പോൾ വെള്ളം കുടിക്കാനായി ഗ്രൗണ്ടിൽ നിന്ന് വീട്ടിലേക്കു മടങ്ങിയ രാഹുൽ ഈ പത്തൊമ്പതു വർഷത്തിനു ശേഷവും തിരികെയെത്തിയിട്ടില്ല! രാഹുൽ എവിടെയെന്ന് ആർക്കുമറിയില്ല. ആശ്രമം വാർഡിൽ 'രാഹുൽ നിവാസി"ൽ രാജുവിന്റെയും മിനിയുടെയും മകനായ രാഹുലിനായി നടത്താത്ത അന്വേഷണമില്ല. സി.ബി.ഐ വരെ എത്തിയിട്ടും ഫലമുണ്ടായില്ല. അന്ന്, സി.സി ടിവി ക്യാമറകളോ മൊബൈൽ ഫോൺ തെളിവുകളോ പിന്തുടരാനില്ലാതിരുന്നത് അന്വേഷണത്തിനു തടസമായി. കേസ് ഒടുവിൽ അന്വേഷിച്ച സി.ബി.ഐയിലെ ഉദ്യോഗസ്ഥർ സൂചിപ്പിച്ചതുപോലെ, രാഹുലിന് ഒന്നും സംഭവിച്ചിട്ടുണ്ടാകില്ലെന്ന വാക്കുകളിൽ പ്രതീക്ഷയർപ്പിച്ച് കാത്തിരിക്കുകയാണ് അമ്മ മിനിയും അനുജത്തി ശിവാനിയും (രാഹുലിന്റെ തിരോധാനത്തിനു ശേഷം രാജുവിനും മിനിക്കും പിറന്ന കുഞ്ഞാണ് ശിവാനി. മകനെ തിരികെക്കിട്ടുമെന്ന പ്രതീക്ഷകൾ കൈവിട്ടൊരു നേരത്ത് ഒടുവിൽ, രണ്ടരവർഷം മുമ്പ് രാജു ആത്മഹത്യ ചെയ്തു).
അന്വേഷണത്തിലെ
ആദ്യ വീഴ്ച
വൈകുന്നേരമായിട്ടും കളിസ്ഥലത്തു നിന്ന് വീട്ടിലേക്ക് മകൻ വരാൻ വൈകിയപ്പോൾ ഒരു വടിയുമായി മിനി ഗ്രൗണ്ടിലേക്കു പോയി. രാഹുൽ വീട്ടിലേക്കു മടങ്ങിയിട്ട് കുറേ സമയമായി എന്നായിരുന്നു കൂട്ടുകാരുടെ മറുപടി. ഇതോടെ വീട്ടിലും പരിസരത്തുമെല്ലാം അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. അച്ഛൻ രാജു അന്ന് ഗൾഫിൽ ജോലി ചെയ്യുകയായിരുന്നു. രാഹുലിനെ കാണാതായ അന്നുതന്നെ മിനിയും ബന്ധുക്കളും പൊലീസിൽ പരാതി നൽകിയെങ്കിലും കാര്യമായ അന്വേഷണമുണ്ടായില്ല.
വീട്ടിൽനിന്ന് സ്വർണമോ പണമോ മറ്റോ കാണാതായിട്ടുണ്ടോ എന്നായിരുന്നു പൊലീസ് ആദ്യം തിരക്കിയത്. രാഹുൽ നാടുവിട്ടു പോയെന്ന മട്ടിലായിരുന്നു അന്വേഷണവും വീട്ടുകാരെ ചോദ്യം ചെയ്യലുമെല്ലാം. കുട്ടിയെ തട്ടിക്കൊണ്ടുപോകാനുള്ള സാദ്ധ്യത ആദ്യഘട്ടത്തിൽ പൊലീസ് പരിശോധിച്ചതേയില്ല. രാഹുലിനെ കാണാതായ ദിവസം വൈകിട്ട് ഭിക്ഷക്കാരനെന്നു തോന്നിക്കുന്ന ഒരു താടിക്കാരനെ പ്രദേശത്ത് കണ്ടവരുണ്ട്. ഇയാൾക്കൊപ്പം രാഹുൽ പോകുന്നതു കണ്ടതായി ഒരു കൂട്ടുകാരൻ ആദ്യഘട്ടത്തിൽ മൊഴി നൽകിയിരുന്നു. ഇതേക്കുറിച്ച് അന്വേഷണം നടത്തിയെങ്കിലും ഒരു തുമ്പും ലഭിച്ചില്ല.
അങ്ങനെയൊരു താടിക്കാരനെ കണ്ടിട്ടേയില്ലെന്നാണ് കുട്ടി പിന്നീട് പറഞ്ഞത്. കുട്ടിയെ ഇടയ്ക്കിടെ പൊലീസ് വിളിപ്പിക്കുമെന്നു ഭയന്ന രക്ഷിതാക്കൾ നിർബന്ധിച്ച് മൊഴിമാറ്റിക്കുകയായിരുന്നു എന്നും ആരോപണമുണ്ട്. പിന്നീട് അന്വേഷണം സി.ബി.ഐ ഏറ്റെടുത്തു. ചെന്നൈ, മുംബൈ, കൊച്ചി യൂണിറ്റുകളിൽ നിന്നാണ് ഉദ്യോഗസ്ഥരെത്തിയത്. 35 പേരെ ചോദ്യം ചെയ്തു. അന്വേഷണത്തിൽ കാര്യമായ ഒരു പുരോഗതിയുമുണ്ടാക്കാൻ സാധിക്കാതെ വന്നതോടെ തോൽവി സമ്മതിച്ച് സി.ബി.ഐ മടങ്ങി.
രാഹുലിന്റെ തിരോധാനത്തിനു പിന്നാലെ ഗൾഫിൽ നിന്ന് നാട്ടിലേക്കു മടങ്ങിയ രാജു പിന്നീട് ഒരു തവണ മാത്രമാണ് ജോലിക്കായി വിദേശത്തേക്കു പോയത്. മകനെ കണ്ടെത്താൻ താൻ നാട്ടിൽ വേണമെന്നു നിർബന്ധമുണ്ടായിരുന്ന രാജു വിദേശത്തെ ജോലി ഉപേക്ഷിച്ച് നാട്ടിൽത്തന്നെ തുടർന്നു. പൊലീസിന്റെയും സി.ബി.ഐയുടെയും അന്വേഷണങ്ങൾ നടക്കുമ്പോഴും രാജുവും മിനിയും മകനുവേണ്ടി
കേരളത്തിലുടനീളം അലഞ്ഞു. രാഹുലിന്റെ രൂപസാദൃശ്യമുള്ള കുട്ടിയെ കണ്ടുവെന്ന് അറിയിച്ച് ഒട്ടേറെ ഫോൺ കാ ളുകളും കത്തുകളും അന്നൊക്കെ ദിവസംപ്രതി വീട്ടിലേക്ക് വന്നുകൊണ്ടിരുന്നു. ആ സ്ഥലങ്ങളിലെല്ലാം അന്വേഷിച്ചു ചെന്നെങ്കിലും നിരാശയായിരുന്നു ഫലം. 2022 മേയ് 23 ന് രാജുവിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
ക്രിമിനലിന്റെ
കുബുദ്ധി
രാഹുലിനെ കൊന്നത് താനാണെന്നു പറഞ്ഞ് രംഗത്തെത്തിയ ക്രിമിനലും പൊലീസിനെയും വീട്ടുകാരെയും വട്ടംചുറ്റിച്ചു. രാഹുലിനെ താനാണ് കൊലപ്പെടുത്തിയതെന്നും, മൃതദേഹം പരിസരത്തെ കാട്ടിൽ കുഴിച്ചിട്ടെന്നുമായിരുന്നു നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കൃഷ്ണപിള്ളയുടെ അവകാശവാദം. അയാൾ പറഞ്ഞ പ്രദേശം മുഴുവൻ പരിശോധിച്ചെങ്കിലും ഒരു തുമ്പും ലഭിച്ചില്ല. രാഹുലിന്റെ അച്ഛൻ മരിക്കുന്നതിനു തൊട്ടുമുമ്പ് വസുന്ധരാദേവി എന്നൊരു സ്ത്രീ എഴുതിയ കത്തും പ്രതീക്ഷയ്ക്ക് വകനൽകിയിരുന്നു. എന്നാൽ വസുന്ധരാദേവി കത്തിൽ സൂചിപ്പിച്ച കുട്ടിയെ അന്വേഷണ സംഘം മിനിയെ കാണിച്ചെങ്കിലും രാഹുലുമായി സാമ്യമില്ലായിരുന്നു.
സി.ബി.ഐ ഉൾപ്പെടെ വിവിധഏജൻസികൾ വർഷങ്ങൾ പലതെടുത്ത് അന്വേഷിച്ചിട്ടും യാതൊരു സൂചനയും ലഭിക്കാതെ വന്നെങ്കിലും, മകൻ എവിടെയെങ്കിലും ജീവനോടുണ്ടാകുമെന്നാണ്, കൺസ്യൂമർഫെഡ് ജീവനക്കാരിയായ അമ്മ മിനിയുടെ വിശ്വാസം. രാഹുലിന്റെ കാൽപ്പെരുമാറ്റത്തിനു കാതോർത്തു കഴിയുകയാണ് അമ്മയും ജ്യേഷ്ഠനെ ഒരുനോക്കു പോലും കണ്ടിട്ടില്ലാത്ത ഒരു കുഞ്ഞനുജത്തിയും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |