SignIn
Kerala Kaumudi Online
Friday, 23 October 2026 5.06 AM IST

ക്യാൻസർ പ്രതിരോധം

READ ENGLISH VERSION
s

ക്യാൻസർ മാരകമായ രോഗമാണെങ്കിലും തുടക്കത്തിൽ കണ്ടെത്താനായാൽ ഏറെക്കുറെ പൂർണമായും ചികിത്സിച്ച് ഭേദപ്പെടുത്താൻ ആധുനിക ചികിത്സയിലൂടെ കഴിയുന്ന കാലഘട്ടമാണിത്. എന്നാൽ കൃത്യമായ ആരോഗ്യ പരിശോധനകൾ നിശ്ചിത കാലയളവുകൾ ഇടവിട്ട് നടത്തുന്നവരുടെ എണ്ണം വളരെ കുറവാണ്. താഴ്‌ന്ന വരുമാനക്കാർ അസുഖം വന്ന് ബുദ്ധിമുട്ടാകുമ്പോൾ മാത്രമാണ് ആശുപത്രികളെ സമീപിക്കാറുള്ളത്. പലപ്പോഴും മറ്റു പല ചികിത്സകളും കഴിഞ്ഞാണ് ക്യാൻസർ രോഗമാണെന്ന് ഭൂരിപക്ഷം പേരിലും കണ്ടെത്തുന്നത്. അപ്പോഴേക്കും രോഗം അതിന്റെ പ്രാരംഭ ദശകൾ പിന്നിട്ടു കഴിഞ്ഞിരിക്കും. ഇതാകട്ടെ,​ ചികിത്സാ ചെലവേറിയതും വേദനാജനകവുമായി മാറാൻ സാഹചര്യമൊരുക്കും.

ഇത്തരത്തിൽ ക്യാൻസർ രോഗത്താൽ കഷ്ടപ്പെടുന്നവരുടെ എണ്ണം സംസ്ഥാനത്ത് ഓരോ വർഷം കഴിയുന്തോറും ഭയാനകമായി കൂടിവരുന്നത് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന ആരോഗ്യ വകുപ്പ് 'ആരോഗ്യം ആനന്ദം - അകറ്റാം അർബുദം" എന്ന ജനകീയ ക്യാൻസർ പ്രതിരോധ പദ്ധതി നടത്തിവരുന്നത്. ഈ പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ 23 ദിവസമായി വിവിധ ആശുപത്രികളിൽ നടത്തിയ സ്‌ക്രീനിംഗിലൂടെ സംസ്ഥാനത്ത് 4,22,330 സ്ത്രീകളിൽ 22,605 പേർക്ക് ക്യാൻസർ ലക്ഷണം കണ്ടെത്തുകയും 78 പേർക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തിരിക്കുന്നു. ക്യാൻസർ ലക്ഷണം കണ്ടെത്തിയവരെ തുടർപരിശോധനയ്ക്കായി റഫർ ചെയ്തിരിക്കുകയാണെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് വാർത്താസമ്മേളനത്തിൽ അറിയിക്കുകയുണ്ടായി.

ബി.പി.എൽ വിഭാഗക്കാർക്ക് പൂർണമായും സൗജന്യമായും,​ എ.പി.എൽകാർക്ക് മിതമായ നിരക്കിലും സ്‌ക്രീനിംഗിനുള്ള സൗകര്യം 1398 സർക്കാർ ആശുപത്രികളിൽ ഒരുക്കിയിട്ടുണ്ട്. സ്‌ത്രീകളിൽ കൂടുതലായും ഗർഭാശയഗള അർബുദവും സ്‌തനാർബുദവുമാണ് കണ്ടുവരുന്നത്. രോഗം ഇങ്ങനെ നേരത്തേ കണ്ടെത്തുന്നത് ഇതിന്റെ ചികിത്സ നേരത്തേ തുടങ്ങാനും രോഗം ഭേദമാക്കാനും അവസരമൊരുക്കും. ഈ പദ്ധതിയുടെ ഭാഗമായി ക്യാൻസർ അതിജീവിതരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും സംഗമങ്ങളും സംഘടിപ്പിക്കാറുണ്ട്. രോഗികൾ സ്വന്തം അനുഭവങ്ങൾ വിവരിക്കുന്ന ഇത്തരം സംഗമങ്ങൾ ഈ രോഗത്തെക്കുറിച്ച് നിലനിൽക്കുന്ന പല അകാരണ ഭയാശങ്കകളും ഒഴിവാക്കാൻ വളരെ സഹായകമാണ്. ക്യാൻസർ അതിജീവിതരുടെ വാക്കുകളും അവർ കടന്നുവന്ന വഴികളും മറ്റുള്ളവരിൽ ഏറെ പ്രചോദനമുണ്ടാക്കും. ക്യാൻസർ സ്‌ക്രീനിംഗിനെ ഇപ്പോഴും ഭയപ്പാടോടെ വീക്ഷിക്കുന്നവരുടെ എണ്ണം സമൂഹത്തിൽ കുറവല്ല. ബോധവത്‌ക്കരണത്തിലൂടെ ഇത്തരം മനോഭാവം മാറ്റിയെടുക്കാനുള്ള ശ്രമങ്ങൾ തുടരേണ്ടതാണ്. 30 വയസ് കഴിഞ്ഞ എല്ലാ സ്‌ത്രീകളും ഇത്തരം സ്‌ക്രീനിംഗിന് വിധേയരാകേണ്ടതാണ്.

സി.എസ്.ആർ ഫണ്ട് ഉപയോഗപ്പെടുത്തിയാണ് കുറഞ്ഞ നിരക്കിൽ സംസ്ഥാനത്ത് പരിശോധനകൾ സാദ്ധ്യമാക്കുന്നത്. പരിശോധനയിൽ എന്തെങ്കിലും തരത്തിലുള്ള ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അവരെ മാമോഗ്രാം പരിശോധനയ്ക്ക് വിധേയരാക്കിയാണ് രോഗനിർണയം നടത്തുന്നത്. ഗർഭാശയഗള ക്യാൻസർ സംശയം തോന്നിയാൽ പ്രധാന ആശുപത്രികളിൽ കോൾപോപെക്സി പരിശോധനയ്ക്ക് വിധേയരാക്കും. രോഗം സ്ഥിരീകരിക്കുന്നവർക്ക് മെഡിക്കൽ കോളേജുകൾ, ജില്ലാ, ജനറൽ ആശുപത്രികൾ റീജിയണൽ ക്യാൻസർ സെന്റർ, മലബാർ ക്യാൻസർ സെന്റർ തുടങ്ങിയ ചികിത്സാ കേന്ദ്രങ്ങളിലാണ് മാനദണ്ഡങ്ങൾക്കു വിധേയമായി ചികിത്സ ഒരുക്കുന്നത്. ഈ പദ്ധതിയുടെ ഭാഗമായി നടത്തുന്ന പ്രതിരോധ പ്രവർത്തനങ്ങൾ ദീർഘകാലത്തേക്ക് നീട്ടാനുള്ള തീരുമാനം സർക്കാർ എടുക്കേണ്ടതും ആവശ്യമാണ്. പ്രത്യേകിച്ച്, ക്യാൻസർ രോഗികളുടെ എണ്ണം ക്രമാതീതമായി ഉയർന്നുവരുന്ന സാഹചര്യത്തിൽ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CANCER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION