SignIn
Kerala Kaumudi Online
Tuesday, 11 August 2026 3.22 AM IST

വിശ്രമമില്ലാത്ത ഓട്ടം പാടില്ല

READ ENGLISH VERSION
1

രാത്രിയിൽ ഉണ്ടാകുന്ന പല അപകടങ്ങളുടെയും പ്രധാന കാരണ‌ങ്ങളിലൊന്ന് വണ്ടി ഓടിക്കുന്നവർ ഉറങ്ങിപ്പോകുന്നതു കൊണ്ടാണെന്ന് കണ്ടെത്തിയിട്ടുള്ളതാണ്. വിശ്രമമില്ലാതെയുള്ള ഓട്ടമാണ് പലപ്പോഴും നിമി‌‌ഷനേരത്തേക്ക് കണ്ണടയാൻ ഇടയാക്കുന്നത്. അതാകട്ടെ വലിയ അപകട‌‌ങ്ങൾക്ക് വഴിവയ്‌ക്കുകയും ചെയ്യും. കഴിഞ്ഞ ശനിയാഴ്ച ബംഗളൂരുവിനടുത്തുവച്ച് നിയന്ത്രണം വിട്ട് കെ.എസ്.ആർ.ടി.സി കോഴിക്കോട്- ബംഗളൂരു സൂപ്പർ ഡീലക്സ് ബസ് മറിഞ്ഞതിനെത്തുടർന്നുണ്ടായ അപകടത്തിൽ ഡ്രൈവർ മിഥിലേഷും കണ്ടക്ടർ അരുണും മരണമടഞ്ഞ ദാരുണ സംഭവവും വി‌ശ്രമമില്ലാത്ത ഓട്ടത്തിന്റെ പരിണിതഫലമാണെന്നാണ് പ്രാഥമിക അന്വേഷണത്തിൽ ബോദ്ധ്യമാകുന്നത്.

രാത്രി കോഴിക്കോട്ടു നിന്ന് തിരിച്ച ബസ് രാവിലെ ആറരയോടെയാണ് അപകടത്തിൽപ്പെട്ടത്. ഈ ബസിന്റെ ഡ്രൈവർ താത്‌കാലിക ജീവനക്കാരനാണ്. ഇദ്ദേഹം മൈസൂർ സർവീസ് കഴിഞ്ഞ് വെള്ളിയാഴ്ച രാവിലെയാണ് തിരിച്ചെത്തിയത്. അന്നുതന്നെ രാത്രി ബംഗളൂരു ഡീലക്സിൽ ജോലിക്ക് കയറുകയായിരുന്നു. ചട്ടപ്രകാരം ഒരു ഡബിൾ ഡ്യൂട്ടിക്ക് (16 മണിക്കൂർ) അടുത്ത ദിവസം ഓഫ് നൽകേണ്ടതാണ്. മാത്രമല്ല ഡബിൾ ഡ്യൂട്ടികളും കഴിവതും യാത്രക്കാരുടെ സുരക്ഷയെ കരുതി ഒഴിവാക്കേണ്ടതുമാണ്. അധികമായി ഡബിൾ ഡ്യൂട്ടി ചെയ്‌താൽ 1820 രൂപ ലഭിക്കുമെന്നതാണ് പലരെയും ഈ ഡ്യൂട്ടി ചെയ്യാൻ പ്രേരിപ്പിക്കുന്നത്. ദീർഘദൂര സർവീസിന് താത്‌കാലിക ഡ്രൈവർമാരെ നിയോഗിക്കുന്നതും പുനപ്പരിശോധിക്കേണ്ട കാര്യമാണ്. ഡ്രൈവർ, കണ്ടക്ടർ തസ്തികകളിൽ ആയിരത്തോളം ഒഴിവുണ്ടെങ്കിലും ഇതുവരെ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്‌തിട്ടില്ല. അതുപോലെ ദീർഘദൂര സർവീസുകളിൽ ഡ്രൈവർ കം കണ്ടക്ടറെ മാത്രമേ നിയോഗിക്കാവൂ എന്നാണ് ചട്ടം. സീറ്റുകൾ ഓൺലൈനായി റിസർവ് ചെയ്യപ്പെടുന്നതിനാൽ കണ്ടക്ടർക്ക് കാര്യമായ ജോലിയില്ല. രണ്ടുപേരും മാറി മാറി ഓടിച്ചാൽ അപകടങ്ങൾ കുറയുകയും ചെയ്യും.

വാഹനങ്ങളുടെയും അപകടങ്ങളുടെയും എണ്ണം കൂടിയപ്പോഴാണ് ഡ്രൈവർ കം കണ്ടക്ടർ തസ്തിക കൊണ്ടുവന്നത്. എഴുന്നൂറ് പേരെ നിയമിക്കാൻ തീരുമാനിച്ചെങ്കിലും നിയമനം ഇനിയും പൂർത്തിയായിട്ടില്ല. വിശ്രമമില്ലാതെ ചെയ്യേണ്ട ഒരു ജോലിയല്ല ഡ്രൈവിംഗ്. അധിക ഡ്യൂട്ടി എടുക്കുമ്പോൾ ഉറങ്ങാതിരിക്കാൻ ഡ്രൈവർമാർ കണ്ണിൽ വിക്സ് തേയ്‌ക്കാറുണ്ടെന്നതു വരെ വാർത്തകളായി പുറത്തുവന്നിട്ടുള്ളതാണ്. ഇതുപോലുള്ള അപകടങ്ങൾ നടക്കുമ്പോൾ കുറച്ചുകാലത്തേക്ക് ചട്ടങ്ങളൊക്കെ പാലിക്കാൻ ശ്രമിക്കുമെങ്കിലും വീണ്ടും പഴയപടിയായി മാറുന്ന ഒരു രീതിയും സംവിധാനവുമാണ് വർഷങ്ങളായി കെ.എസ്.ആർ.ടി.സിയിൽ നിലനിൽക്കുന്നത്. ഇതിനൊരു മാറ്റം ആവശ്യമാണ്. പ്രത്യേകിച്ചും ദീർഘദൂര സർവീസുകളുടെ കാര്യത്തിൽ. വിശ്രമമില്ലാതെ കെ.എസ്.ആർ.ടി.സി ഡ്രൈവർമാർ പണി എടുക്കുന്നുണ്ടോ എന്ന കാര്യത്തിൽ അന്വേഷണം നടത്തുമെന്ന് ഗതാഗതമന്ത്രി സി.പി.ജോൺ പറഞ്ഞിട്ടുണ്ട്. അന്വേഷണം നടത്തിയതുകൊണ്ട് മാത്രം കാര്യമില്ല. അന്വേഷണ റിപ്പോർട്ടിലെ ശുപാർശകൾ താമസംവിനാ നടപ്പാക്കിയില്ലെങ്കിൽ ഇതുപോലുള്ള ദാരുണ സംഭവങ്ങൾ ഇനിയും ആവർത്തിക്കാനാണ് സാദ്ധ്യത.

സൂപ്പർ ഫാസ്റ്റ് മുതൽ മുകളിലേക്കുള്ള എല്ലാ സൂപ്പർ ക്ളാസ് സർവീസുകളിലും പരിചയസമ്പന്നരായ സ്ഥിരം ഡ്രൈവർമാരെ നിയോഗിക്കണമെന്നത് വിട്ടുവീഴ്‌ചയില്ലാതെ നടപ്പാക്കണം. അതുപോലെ തന്നെ ബസിന്റെ കാലപ്പഴക്കവും അപകടങ്ങൾക്ക് ഇടയാക്കുന്ന കാരണങ്ങളിൽ ഒന്നാണ്. ആയിരത്തോളം പുതിയ ബസുകൾ വാങ്ങുന്നതിനായി വായ്‌പയെടുക്കുന്നതിനുള്ള നിർദ്ദേശം സർക്കാർ അടിയന്തര പ്രാധാന്യം നൽകി പരിഗണിക്കേണ്ടതാണ്. സ്വകാര്യ മേഖല ദീർഘദൂര സർവീസുകൾക്ക് പുതിയ ലക്ഷ്വറി ബസുകളാണ് ഉപയോഗിക്കുന്നത്. അന്യസംസ്ഥാനങ്ങളിലെ സർക്കാരുകളും ഏതാണ്ട് അതേ മാർഗം പിന്തുടരുന്നു. കേരളത്തിലും ദീർഘദൂര സർവീസുകൾക്ക് പുതിയ ബസുകൾ തന്നെ ഉപയോഗിക്കുന്നതും പരിഗണിക്കേണ്ടതാണ്. സുരക്ഷിതവും സുഖപ്രദവുമായ യാത്രയാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്. അതിനോട് നീതിപുലർത്താൻ കെ.എസ്.ആർ.ടി.സിക്ക് കഴിയണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KSRTC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY