തിരുവനന്തപുരം: വനിതകൾക്കുള്ള സൗജന്യ യാത്ര പദ്ധതിയായ 'പ്രിയദർശിനി' തുടങ്ങിയശേഷം കെ.എസ്.ആർ.ടി.സി ഓർഡിനറി സർവീസുകളിൽ മൊത്തം യാത്രക്കാരുടെ എണ്ണത്തിൽ 50.10 ശതമാനത്തിന്റെ വർദ്ധന. ഫയർഫോഴ്സ് മുൻ മേധാവി കെ. പദ്മകുമാർ അദ്ധ്യക്ഷനായ വിദഗ്ദ്ധ സമിതി തയ്യാറാക്കിയ റിപ്പോർട്ടിലാണിത്.
2025 ജൂൺ 15 മുതൽ ജൂലായ് 14 വരെ മൊത്തം ഓർഡിനറി യാത്രകൾ 3.83 കോടി. എന്നാൽ, 2026ൽ പദ്ധതി നടപ്പാക്കിയ ജൂൺ 15 മുതൽ ജൂലായ് 14 വരെ യാത്രകളുടെ എണ്ണം 5.75 കോടിയായി ഉയർന്നു. ആകെ നടത്തിയ യാത്രകളുടെയോ ഇഷ്യൂ ചെയ്ത ടിക്കറ്റുകളുടെയോ എണ്ണം അടിസ്ഥാനപ്പെടുത്തിയാണ് ഈ കണക്കെന്നാണ് റിപ്പോർട്ടിൽ.
ആകെ ഓർഡിനറി യാത്രകളിൽ 3.81 കോടിയും (66.24%) പ്രിയദർശിനി പദ്ധതി പ്രകാരമുള്ള സൗജന്യ യാത്രകളാണ്. ശേഷിക്കുന്ന 1.94 കോടി (33.76%) ടിക്കറ്റ് പ്രകാരമുള്ളതും. 30 ദിവസത്തെ സൗജന്യ യാത്രകളുടെ ആകെ ടിക്കറ്റ് മൂല്യം 81.29 കോടി രൂപ. ഒരു സൗജന്യ യാത്രയുടെ ശരാശരി മൂല്യം 21.33 രൂപ. ഏറ്റവും ഉയർന്ന ശരാശരി മൂല്യം രേഖപ്പെടുത്തിയത് മലപ്പുറത്ത്- 31.80 രൂപ.
ഓർഡിനറി യാത്രക്കാരുടെ ആകെ എണ്ണം 50.10% വർദ്ധിച്ചെങ്കിലും അതിനനുസരിച്ച് കെ.എസ്.ആർ.ടി.സി ബസുകൾ ഓടിയ ദൂരത്തിൽ കാര്യമായ മാറ്റമുണ്ടായിട്ടില്ല. 2025ൽ ഈ കാലയളവിൽ ഓർഡിനറി സർവിസ് 1.82 കോടി കിലോമീറ്റർ ആയിരുന്നത് 2026ൽ ഇത് 1.95 കോടിയായി മാത്രമാണ് ഉയർന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |