തിരുവനന്തപുരം: സ്വകാര്യ ബസുകളെ ഉൾപ്പെടുത്തി സംസ്ഥാനത്തെ ട്രാൻസ്‌പോർട്ട് സർവീസ് കെ.എസ്.ആർ.ടി.സിയ്‌ക്ക് കീഴിലാക്കാൻ ഗതാഗതവകുപ്പ്.
ആദ്യഘട്ടത്തിൽ 1000 ബസുകൾ കൈമാറും. ഇവ ഓർഡിനറി സർവീസാണെങ്കിലും പ്രിയദർശിനിയുടെ ഗണത്തിൽ വരില്ല. വെറ്റ് ലീസ് വ്യവസ്ഥയിലാണ് കൈമാറ്റം. ഘട്ടങ്ങളിലായി എല്ലാ സ്വകാര്യബസുകളും കെ.എസ്.ആർ.ടി.സിയുടെ ഭാഗമാകുമെന്നാണ് പ്രതീക്ഷ.
പ്രിയദർശിനി സർവീസിനെ തുടർന്ന് പ്രതിസന്ധിയിലായ സ്വകാര്യബസ് മേഖലയെ സംരക്ഷിക്കാൻ ബസുകൾ വെറ്റ് ലീസിനെടുക്കുമെന്ന് ബസുടമകളുടെ സംഘടനാ പ്രതിനിധികളുമായി നടത്തിയ ചർച്ചയിൽ മന്ത്രി സി.പി. ജോൺ അറിയിച്ചിരുന്നു. ഒരേസമയം കെ.എസ്.ആർ.ടി.സിക്കും സ്വകാര്യബസുടമകൾക്കും ഗുണം ചെയ്യുന്നതാണ് പദ്ധതി. ധാരണയനുസരിച്ച് തെക്കൻ ജില്ലകളിൽ സർവീസ് നടത്തുന്ന 1000 ബസുകളുടെ പട്ടിക പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ തയ്യാറാക്കിയിട്ടുണ്ട്. വാടകത്തുക തീരുമാനിച്ചാൽ കൈമാറും.
കിലോമീറ്ററിന് 55 രൂപ വാടക വേണമെന്നാണ് സംഘടനയുടെ ആവശ്യം. 50 രൂപ നൽകാമെന്നാണ് ഗതാഗത വകുപ്പ് അറിയിച്ചത്. വാടകത്തുക ആഴ്ചയിൽ കിട്ടണമെന്ന ഉടമളുടെ ആവശ്യം അംഗീകരിച്ചിട്ടുണ്ട്. ബസുകൾ ലഭ്യമായാൽ കെ.എസ്.ആർ.ടി.സി സർവീസുകൾ റീ ഷെഡ്യൂൾ ചെയ്യും. കൊവിഡിനു മുമ്പ് നടത്തിയിരുന്നതും അവസാനിപ്പിച്ചതുമായ സർവീസുകൾ പുനഃരാരംഭിക്കും.
അതേസമയം പ്രിയദർശിനി സർവീസുകൾ കൂട്ടുന്നതിൽ തീരുമാനമായില്ല. ദീർഘദൂരം സർവീസുള്ള സ്വകാര്യബസുകൾ ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറിയായിട്ടാണ് ഓടുന്നത്. അത് കെ.എസ്.ആർ.ടി.സിക്ക് കൈമാറുമ്പോൾ ഫാസ്റ്റ് പാസഞ്ചറുകളായേക്കും.
വെറ്റ് ലീസ്
നിശ്ചിത വാടക സ്വകാര്യബസുകൾക്ക് നൽകും.
കണ്ടക്ടറെ കെ.എസ്.ആർ.ടി.സി നിയമിക്കും.
ഡ്രൈവറെ ബസ് ഉടമയ്ക്ക് നിയോഗിക്കാം.
ഡീസൽ ഉൾപ്പെടെയുള്ള ചെലവ് ബസ് ഉടമ വഹിക്കണം.
പുതിയ ബസിന്റെ പണം ലാഭം
സർക്കാരിന് പുതിയ ബസുകൾ വാങ്ങേണ്ട, ആ തുക ലാഭിക്കാം
ചാർജ് വർദ്ധന, വിദ്യാർത്ഥി നിരക്ക് എന്നിവ ന്യായമായി തീരുമാനിക്കാം
ബസുടമകൾക്ക് വരുമാനക്കുറവിനെ ചൊല്ലി ടെൻഷൻ വേണ്ട.
മത്സര ഓട്ടത്തിന് അവസാനം
മുന്നിൽ സ്വകാര്യ ബസ്
കെ.എസ്.ആർ.ടി.സി ബസുകൾ-5,765
സർവീസ് നടത്തുന്നത്-4,468
സ്വകാര്യ ബസുകൾ-12,000
സർവീസ് നടത്തുന്നത്-8,200
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |