
പ്രകൃതിസൗന്ദര്യത്തിലും സമ്പത്തിലും അനുഗ്രഹിക്കപ്പെട്ട സംസ്ഥാനമാണ് കേരളം. ദൈവത്തിന്റെ നാടെന്ന അനുയോജ്യമായ വിശേഷണം അങ്ങനെ വന്നുചേർന്നതാണ്. പല കാര്യങ്ങളിലും രാജ്യത്തിന് മാതൃകയാണെങ്കിലും വികസനം, ഭൂവിസ്‌തൃതി എന്നിവയിൽ മുന്നിലാണെന്ന് പറയാനാകില്ല. വികസനകാര്യത്തിൽ ആഗ്രഹിക്കുന്ന തരത്തിലുള്ള പുരോഗതി കൈവരാത്തതിന് മുഖ്യതടസം ഭൂമിയുടെ ലഭ്യത തന്നെ. ജനസാന്ദ്രതയ്ക്കനുസരിച്ചുള്ള ഭൂമി നമുക്കില്ല. അതേസമയം പല സംസ്ഥാനങ്ങളും ഇക്കാര്യത്തിൽ വളരെ മുന്നിലാണ്. തരിശുകിടക്കുന്ന സ്ഥലങ്ങളും മറ്റ് സംസ്ഥാനങ്ങളിൽ കൂടുതലാണ്. പശ്ചിമഘട്ടത്തിനും അറബിക്കടലിനും ഇടയിൽ ഇടുങ്ങി നീളത്തിലുള്ള ഭൂപ്രകൃതിയാണ് കേരളത്തിന്. നീണ്ടുമെലിഞ്ഞ ശരീരപ്രകൃതത്തിന് തുല്യം. തല മുതൽ പാദംവരെ ഏതാണ്ട് ഒരുപോലിരിക്കും. കേരളത്തിന്റെ നെഞ്ചളവും തലപ്പൊക്കവുമൊക്കെ നോക്കിയാലും വിസ്താരം കുറവുതന്നെ. എന്നാൽ മറ്റുള്ള സംസ്ഥാനങ്ങളിൽ പലതും അമിതവണ്ണമുള്ളവയാണ്. ഭൂപ്രകൃതിയും ജനസാന്ദ്രതയും തമ്മിലുള്ള അനുപാതവും ആശാവഹമല്ല.
കേന്ദ്രത്തിന്റെ പല വികസന പദ്ധതികളും കേരളത്തിൽ നിലംതൊടാതെ പോകുന്നതിനും ഈ അനുപാത പൊരുത്തക്കേട് തന്നെയാണ് വില്ലൻ. അതുകൊണ്ട് റോഡരികിലെ കെട്ടിടങ്ങളുടെ നിർമ്മാണത്തിന് കർശനമാനദണ്ഡം വേണമെന്ന വ്യവസ്ഥയിൽ ഇളവ് തേടിയിരിക്കുകയാണ് കേരളം. റോഡുസാന്ദ്രതയിലും നമ്മൾ മുന്നിലാണ്. ദേശീയ ശരാശരിയേക്കാൾ കൂടുതലാണ് കേരളത്തിലെ റോഡുസാന്ദ്രത. ആയിരം പേർക്ക് 4.5 കി.മീ. എന്നതാണ് ദേശീയ ശരാശരി. കേരളത്തിൽ ഇത് 1000 പേർക്ക് 5.3 കി.മീ ആണ്. റോഡുകൾക്ക് ഇരുവശത്തും അതിവേഗത്തിലുള്ള നഗരവത്‌കരണമാണ് കേരളം നേരിടുന്ന വലിയൊരു പ്രശ്നം. പണ്ടൊക്കെ റോഡിൽ നിന്നു വിട്ടുമാറിയായിരുന്നു വീടുനിർമ്മാണം. ഇപ്പോൾ അതു മാറിവരുന്നു. കടകളും കെട്ടിടങ്ങളുമൊക്കെ റോഡരികിൽത്തന്നെ വേണമെന്ന നിർബന്ധബുദ്ധിയാണ് പലർക്കും. സ്ഥലമുണ്ടെങ്കിലും ഇക്കാര്യത്തിൽ വിശാലത കാട്ടാറില്ല. ദേശീയപാതയുടെ നടുക്കുനിന്ന് 40 മീറ്ററിനുള്ളിൽ വീടിനും 75 മീറ്ററിനുള്ളിൽ കച്ചവടസ്ഥാപനങ്ങൾക്കും അനുമതി നൽകരുതെന്ന് സുപ്രീംകോടതി ഇടക്കാല വിധി പുറപ്പെടുവിച്ചിരുന്നു.
അതിൽ ഇളവു നൽകണമെന്നാവശ്യപ്പെട്ടാണ് കേരളം കോടതിയെ സമീപിക്കുന്നത്. ഇക്കാര്യത്തിൽ തത്‌സ്ഥിതി തുടരണമെന്നാണ് കേരളത്തിന്റെ ആവശ്യം. 45 മീറ്റർ വീതിയിൽ ദേശീയപാത നിർമ്മിക്കാൻ നൽകിയ ഇളവ് കോടതിവിധിയിലും വേണം. നിലവിലെ വീടുകളുടെയും കെട്ടിടങ്ങളുടെയും അറ്റകുറ്റപ്പണി, പുനർ നിർമ്മാണം, നവീകരണം എന്നിവയ്ക്ക് തടസമുണ്ടാകരുതെന്നാണ് കേരളത്തിന്റെ നിലപാട്. റോഡിലേക്കും തിരിച്ചും പ്രവേശനം നിയന്ത്രിക്കരുത്. വാണിജ്യ ലൈസൻസും മറ്റു അനുമതികളും നിഷേധിക്കരുത് എന്നിവയും കേരളത്തിന്റെ ആവശ്യങ്ങളിൽ പെടുന്നു. അതേസമയം മറ്റ് റോഡ് നിയമങ്ങൾ നടപ്പാക്കാമെന്നും കേരളം ബോധിപ്പിച്ചു. ഏപ്രിൽ 13ന്റെ വിധിയിൽ നിലപാടറിയിക്കാൻ ജസ്റ്റിസുമാരായ വിക്രംനാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് ആവശ്യപ്പെട്ട പ്രകാരമാണ് സംസ്ഥാനം സുപ്രീംകോടതിയെ സമീപിക്കുന്നത്. നടുക്കുനിന്ന് 40 മീറ്ററിനുള്ളിൽ വീടും 75 മീറ്ററിനുള്ളിൽ കച്ചവടസ്ഥാപനങ്ങളും പാടില്ലെന്ന നിബന്ധന തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള ലക്ഷക്കണക്കിനാളുകളെ ബാധിക്കുന്നതാണ്. 11 ദേശീയപാതകളും ജനവാസ മേഖലകളിലൂടെയാണ്. പുതിയ ദേശീയപാത - 66 അഞ്ചു കോർപ്പറേഷനുകളെയും 25 മുനിസിപ്പാലിറ്റികളെയും 66 പഞ്ചായത്തുകളെയും ബന്ധിപ്പിക്കുന്നു. 60 ശതമാനം ഭൂമിയും വർഷങ്ങൾക്ക് മുമ്പേ വികസിപ്പിക്കപ്പെട്ടതാണ്. ഭൂമി ലഭിക്കാതെ നിർമ്മാണം തടസപ്പെട്ടതോടെയാണ് 60 മീറ്റർ വീതി 45 മീറ്ററാക്കിയത്. മാനദണ്ഡങ്ങളിൽ ഇളവ് അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യം സുപ്രീംകോടതി അനുഭാവപൂർവം പരിഗണിക്കുമെന്ന് പ്രതീക്ഷിക്കാം. സംസ്ഥാനത്തിന്റെ ജനസാന്ദ്രതയും റോഡുസാന്ദ്രതയും കോടതിയെ വേണ്ട രീതിയിൽ ധരിപ്പിക്കുകയും വേണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |