SignIn
Kerala Kaumudi Online
Thursday, 23 July 2026 1.48 AM IST

ജീവിത ധർമ്മാചരണങ്ങൾ

ss

ശ്രീരാമൻ, ലക്ഷ്മണൻ, ഭരതൻ, ശത്രുഘ്‌നൻ എന്നിവർ പാലിച്ച ധർമ്മാചരണങ്ങൾ പ്രപഞ്ചഗതിയുടെ മഹത്‌സത്യങ്ങളാണ്. അതുകൊണ്ടുതന്നെ അവ നമുക്ക് എന്നും മാർഗദർശകങ്ങളുമാണ്. സാമാന്യ ധർമ്മം, ശേഷധർമ്മം, വിശേഷധർമ്മം, വിശേഷ ശരധർമ്മം എന്നിങ്ങനെ ജീവിത ധർമ്മാചരണങ്ങൾ എത്രയോ വ്യക്തമായി രാമായണത്തിൽ കാണാം. മക്കൾ പിതാവിനോട് എങ്ങനെ പെരുമാറണം, അമ്മയോടുള്ള കടമ എപ്രകാരം നിർവഹിക്കണം,​ ധർമ്മപത്നിയോട് ഭർത്താവിന്റെ സ്നേഹവാത്സല്യം ഏതുവിധത്തിലായിരിക്കണം,​ ഭർത്തൃമതിയായ സ്ത്രീരത്നം തന്റെ പതിയോട് സ്വധർമ്മാനുചരണത്തിൽ എങ്ങനെ വിധേയയായിരിക്കണം, കൂടെപ്പിറന്നവരെ എങ്ങനെ സ്നേഹാതിരേകംകൊണ്ടു സംരക്ഷിക്കണം എന്നതെല്ലാം രാമായണത്തിൽ പ്രാവർത്തികമാക്കി ജീവിച്ചു കാണിച്ചു തന്നു ശ്രീരാമചന്ദ്രൻ. ഇതിനെയാണ് 'സാമാന്യ ധർമ്മം' എന്നു പറയുന്നത്. അച്ചടക്കത്തോടെ സാമാന്യധർമ്മരീതികൾ പിന്തുടർന്നുപോന്നാൽ ക്രമാനുഗതമായി ഉയർന്ന് ഒടുവിൽ ആദ്ധ്യാത്മിക ഔന്നത്യം വന്നുചേരുന്നു.അപ്പോൾ ജഗത്കാരണനായ ഈശ്വരന്റെ പാദാരവിന്ദങ്ങളല്ലാതെ മറ്റൊന്നും മികച്ചതായി തോന്നുകയില്ല. ഈ ഉന്നതനിലയാണ് 'ശേഷ ധർമ്മം'. ലക്ഷ്മണൻ ശ്രീരാമനെ പിന്തുടർന്നു ജീവിച്ചു കാണിച്ചുതന്ന ഉത്കൃഷ്ടതാപൂർണമായ രീതി ഈ വിധത്തിലുള്ളതാണ്. വളരെ ദൂരത്താണെങ്കിലും എപ്പോഴും ഈശ്വര ചിന്തയോടു കൂടിയിരിക്കുന്നതാണ് 'വിശേഷധർമ്മം'. എന്തിലുമുപരി ഒന്നിനോടും മമതയില്ലാത്ത നിസീമമായ ഭക്തി. ഭരതന്റെ ജീവിതം എന്നും എപ്പോഴും അപ്രകാരമായിരുന്നു. ഈശ്വരനെക്കാൾ ഈശ്വരന്റെ ശിഷ്യസത്തമന്മാർക്ക് ഭക്തിപൂർവം സേവനംചെയ്ത് മുക്തി പ്രാപിക്കുന്നത് 'വിശേഷ ശരധർമ്മം'. ഭരതന് ഹൃദയപൂർണമായി സേവനം ചെയ്ത് ആത്മനിർവൃതിയിൽ സായൂജ്യമടഞ്ഞ ശത്രുഘ്‌നൻ ഇതിന് ഉത്തമോദാഹരണമാണ്. ഇത്രമാത്രം സ്‌നിഗ്ദ്ധവും ശുദ്ധവുമായ രാമായണധർമ്മങ്ങൾ പാലിച്ചു ജീവിച്ചാൽ ജീവിതത്തിന്റെ അനുഭൂതിപൂർണമായ സൗന്ദര്യം അനുഭവവേദ്യമാകും. രാമായണത്തിലെങ്ങും പരസ്പരാദരത്തിന്റെ ആത്മപ്രകാശപരമായ പ്രതിഫലനങ്ങളാണ് കാണുന്നത്. സീതാപരിത്യാഗവും സ്വർഗാരോഹണവും ഉൾപ്പെടുന്ന 'രാമകഥ' ഏതൊരർത്ഥത്തിലും അവാച്യമായ അനുഭൂതിയാണ് മാനവരാശിക്കു സമ്മാനിക്കുന്നത്. ഏതു പ്രകാരവും ധർമ്മാനുസരണമായ ജീവിതമേ നിലനിൽക്കൂ എന്ന് രാമായണം നമ്മെ ആദ്യന്തം ഉദ്ബോധിപ്പിക്കുന്നു

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY