
മലയാളികളുടെ ജീവിതത്തിൽ കർക്കടക മാസത്തിന് സവിശേഷമായ സ്ഥാനമുണ്ട്. ഭക്തിയും ആരോഗ്യ സംരക്ഷണവും ജീവിതദർശനത്തിന്റെ രണ്ട് മുഖങ്ങളായി ഈ മാസം മാറുന്നു. കർക്കടകം ഭക്തിയുടെ മാത്രമല്ല, ആരോഗ്യ ജാഗ്രതയുടെ മാസം കൂടിയാണ്. കർക്കടകത്തിലെ ആത്മീയതയ്ക്ക് ഏറ്റവും വലിയ അടയാളങ്ങളിലൊന്നാണ് രാമായണ പാരായണം. ഇന്ന് സമൂഹത്തിൽ കാണുന്നതെല്ലാം രാമായണത്തിലുണ്ട്.
രാമായണം പകർന്നു നൽകുന്ന സത്യം, ധർമ്മം, കരുണ, കടമ, സഹിഷ്ണുത എന്നീ മൂല്യങ്ങൾ മനുഷ്യ ജീവിതത്തിന് ദിശാബോധം നൽകുന്നു. ആത്മീയമായ ഈ ചിന്തകൾ മാനസികാരോഗ്യത്തിനും വലിയ കരുത്താണ്. പ്രാർത്ഥനയും ധ്യാനവും മനസിലെ സമ്മർദ്ദം കുറയ്ക്കുകയും പ്രത്യാശയും ആത്മവിശ്വാസവും വളർത്തുകയും ചെയ്യുന്നു.
കർക്കടകത്തിൽ ഭക്തരുടെ വിശിഷ്ടമായ ആചാരമാണ് നാലമ്പല ദർശനം. ശ്രീരാമന്റെയും ഭരതന്റെയും ലക്ഷ്മണന്റെയും ശത്രുഘ്നന്റെയും ക്ഷേത്രങ്ങൾ ഒരേ ദിവസം ദർശിക്കുന്ന ഈ പുണ്യയാത്ര ഭക്തിയുടെ നിറവാണ്. ദേവസ്വം വകുപ്പിന്റെ നേതൃത്വത്തിൽ നാലമ്പല ദർശനത്തിന് വിപുലമായ സൗകര്യങ്ങളാണ് ഒരുക്കുന്നത്.
ഭക്തജനങ്ങളുടെ സുരക്ഷ, ശുദ്ധമായ കുടിവെള്ളം, വിശ്രമകേന്ദ്രങ്ങൾ, ശുചിത്വ സംവിധാനങ്ങൾ, ഗതാഗത ക്രമീകരണങ്ങൾ, ആരോഗ്യ സഹായ കേന്ദ്രങ്ങൾ എന്നിവ ഉറപ്പാക്കുന്നതിലൂടെ ആത്മീയാനുഭവം കൂടുതൽ സുരക്ഷിതവും സൗകര്യപ്രദവുമാക്കാൻ സർക്കാർ സംവിധാനങ്ങളും ദേവസ്വം ബോർഡുകളും ഒരുമിച്ച് പ്രവർത്തിക്കുന്നു.
കർക്കടകവും
ആയുർവേദവും
ആരോഗ്യ സംരക്ഷണത്തിനായി കർക്കടകവും ആയുർവേദവും തമ്മിലുള്ള ബന്ധം നൂറ്റാണ്ടുകളുടെ പഴക്കമുള്ളതാണ്. മഴക്കാലത്ത് ശരീരത്തിന്റെ പ്രതിരോധശേഷി കുറയാമെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിൽ ശരീരത്തെ പുനരുജ്ജീവിപ്പിക്കുന്ന ചികിത്സാരീതികൾ പൂർവികർ വികസിപ്പിച്ചു. കർക്കടകക്കഞ്ഞി, ഔഷധസസ്യങ്ങളുടെ ഉപയോഗം, പഞ്ചകർമ്മ ചികിത്സ, അഭ്യംഗം, വിവിധ രസായന ചികിത്സകൾ എന്നിവ ആരോഗ്യ പരിപാലനത്തിന്റെ ഭാഗമായി രൂപപ്പെട്ടതാണ്. ഇന്നും ഈ പാരമ്പര്യം കേരളത്തിന്റെ അഭിമാനമാണ്.
സംസ്ഥാന ആയുഷ് വകുപ്പ് എല്ലാ വർഷവും കർക്കടകത്തിൽ വിവിധ ആരോഗ്യപരിപാലന പരിപാടികൾ സംഘടിപ്പിച്ചു വരുന്നു. സർക്കാർ ആയുർവേദ ആശുപത്രികളിലും ഡിസ്പെൻസറികളിലും കർക്കടക ചികിത്സാ പദ്ധതികൾ, പഞ്ചകർമ്മ ചികിത്സകൾ, രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്ന ചികിത്സാപരിപാടികൾ, കർക്കടകക്കഞ്ഞി വിതരണം, ഔഷധസസ്യ പ്രദർശനങ്ങൾ, ആരോഗ്യബോധവത്കരണ ക്ലാസുകൾ എന്നിവയിലൂടെ ജനങ്ങൾക്ക് ആയുർവേദത്തിന്റെ സാദ്ധ്യതകൾ പരിചയപ്പെടുത്തുന്നു.
ശാസ്ത്രീയ പഠനങ്ങളുടെയും ആധുനിക ചികിത്സയുടെയും പിന്തുണയോടെ സുരക്ഷിതവും യുക്തിസഹവുമായി പാരമ്പര്യ ചികിത്സാരീതികളെ ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് ഈ പ്രവർത്തനങ്ങളുടെ ലക്ഷ്യം.
ആരോഗ്യ സംരക്ഷണം
കർക്കടകത്തിലെ ആരോഗ്യ സംരക്ഷണം ചികിത്സയിൽ മാത്രം ഒതുങ്ങുന്നതല്ല. മഴവെള്ളം കെട്ടിക്കിടക്കുന്നതും കാലാവസ്ഥയിലെ മാറ്റങ്ങളും വിവിധ പകർച്ചവ്യാധികൾക്ക് അനുകൂല സാഹചര്യം സൃഷ്ടിക്കുന്നു. ഡെങ്കിപ്പനി, എലിപ്പനി, വയറിളക്ക രോഗങ്ങൾ, വൈറൽ പനികൾ, ശ്വാസകോശ സംബന്ധമായ രോഗങ്ങൾ എന്നിവക്കെതിരെ ജാഗ്രത അനിവാര്യമാണ്.
വ്യക്തിശുചിത്വം, പരിസര ശുചിത്വം, കൊതുക് വളരുന്ന സാഹചര്യങ്ങൾ ഇല്ലാതാക്കൽ, സുരക്ഷിതമായ കുടിവെള്ളം ഉപയോഗിക്കൽ, പോഷകസമൃദ്ധമായ ഭക്ഷണം, കൃത്യമായ ഉറക്കം, ക്രമമായ വ്യായാമം എന്നിവയെല്ലാം രോഗപ്രതിരോധത്തിന്റെ അടിസ്ഥാനമാണ്. മഴവെള്ളം കെട്ടിക്കിടക്കുന്നത് ഒഴിവാക്കുക, ഭക്ഷണം ശുചിത്വത്തോടെ തയ്യാറാക്കുകയും സൂക്ഷിക്കുകയും ചെയ്യുക, രോഗലക്ഷണങ്ങൾ കണ്ടാൽ സ്വയം ചികിത്സയ്ക്ക് ശ്രമിക്കാതെ ആരോഗ്യ സ്ഥാപനങ്ങളെ സമീപിക്കുക എന്നിവ ഓരോ കുടുംബവും പാലിക്കേണ്ട ഉത്തരവാദിത്വങ്ങളാണ്.
ആരോഗ്യം എന്നത് രോഗമില്ലാത്ത അവസ്ഥ മാത്രമല്ല; ശാരീരികവും മാനസികവും സാമൂഹികവുമായ സമഗ്ര ക്ഷേമമാണ്. അതുകൊണ്ടുതന്നെ ഭക്തിയും സേവനവും സമൂഹത്തിൽ ആരോഗ്യകരമായ മാറ്റങ്ങൾ സൃഷ്ടിക്കാൻ കഴിയുന്ന ശക്തികളാണ്. ക്ഷേത്രങ്ങളും ആരാധനാലയങ്ങളും ഇന്ന് ആത്മീയ കേന്ദ്രങ്ങൾ മാത്രമല്ല, ആശുപത്രികൾ, ഡയാലിസിസ് കേന്ദ്രങ്ങൾ, രക്തദാന ക്യാമ്പുകൾ, അവയവദാന ബോധവത്കരണം, ആരോഗ്യപരിശോധനാ ക്യാമ്പുകൾ, ശുചിത്വ പ്രവർത്തനങ്ങൾ, പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ എന്നിവയുടെ സംഘാടകരായും മാറിക്കൊണ്ടിരിക്കുകയാണ്.
സമതുലിത ജീവിത ദർശനം
സാമൂഹ്യ സേവനത്തിലൂടെ പ്രകടമാകുന്ന ഭക്തിയാണ് യഥാർത്ഥ ആത്മീയത. കർക്കടകം നമ്മെ പഠിപ്പിക്കുന്നത് സമതുലിതമായ ജീവിത ദർശനമാണ്. ആത്മീയത മനസിന് സമാധാനം നൽകുന്നു; ആരോഗ്യം ജീവിതത്തിന് കരുത്ത് നൽകുന്നു.
പ്രകൃതിയോടും സമൂഹത്തോടും കുടുംബത്തോടും സ്വയം നമ്മോടുമുള്ള ഉത്തരവാദിത്വം ഈ മാസം നമ്മെ വീണ്ടും ഓർമ്മപ്പെടുത്തുന്നു. ആത്മീയതയും ശാസ്ത്രീയ ആരോഗ്യബോധവും കൈകോർക്കുന്ന ഈ കർക്കടകം ഓരോ കുടുംബത്തിനും സമാധാനവും ആരോഗ്യവും ഐശ്വര്യവും പകരട്ടെ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |