SignIn
Kerala Kaumudi Online
Thursday, 23 July 2026 1.48 AM IST

ഇൻഷ്വറൻസുകാരുടെ അവ്യക്ത ഭാഷ

ss

ഇൻഷ്വറൻസ് എടുക്കുന്നവർ കരാർ വ്യവസ്ഥകൾ മുഴുവൻ വായിച്ച് മനസിലാക്കാറില്ല. വാഹനം വാങ്ങുമ്പോൾ ഇൻഷ്വറൻസ് എടുക്കേണ്ടത് നിർബന്ധമായതിനാൽ വാഹനം വിൽക്കുന്ന സ്ഥാപനം നിർദ്ദേശിക്കുന്ന കമ്പനിയുടെ പോളിസിയാവും ഭൂരിപക്ഷംപേരും എടുക്കുക. കരാർ വ്യവസ്ഥകൾ വളരെ ചെറിയ അക്ഷരത്തിലാവും നൽകിയിരിക്കുക. അതുകൊണ്ടുതന്നെ അത് വായിക്കുക ശ്രമകരമായതിനാൽ കൂടിയാണ് പലരും അത് വായിക്കാതെ വിടുന്നത്. എന്നാൽ ക്ളെയിം വരുന്ന സമയത്ത് ഈ വ്യവസ്ഥകൾ തടസമായി മുന്നിൽ നിൽക്കും. കരാർ വ്യവസ്ഥകൾ കമ്പനി ഏകപക്ഷീയമായി തയ്യാറാക്കുന്നതാണ്. പക്ഷേ നമ്മൾ ഒപ്പുവച്ചുകഴിഞ്ഞാൽ വ്യവസ്ഥകൾ പൂർണമായി അംഗീകരിച്ചു എന്നാണ് വ്യാഖ്യാനിക്കപ്പെടുന്നത്. ആരോഗ്യ ഇൻഷ്വറൻസ് ആയാലും വാഹന ഇൻഷ്വറൻസ് ആയാലും എങ്ങനെ ക്ളെയിം നൽകാതിരിക്കാം എന്നതിലാണ് ഇൻഷ്വറൻസ് കമ്പനികൾ കൂടുതൽ ഉൗന്നൽ നൽകാറുള്ളത്.

അതിനാൽ വാഹനാപകടവുമായി ബന്ധപ്പെട്ട് അർഹിക്കുന്ന നഷ്ടപരിഹാരവും മറ്റും ലഭിക്കാൻ പലർക്കും ദീർഘകാലം എം.എ.സി.ടി കേസുകൾ നടത്തേണ്ടിവരും. ഈ പ്രശ്നം മുൻനിറുത്തി കഴിഞ്ഞ ദിവസം സുപ്രീംകോടതി ശ്രദ്ധേയമായ ഒരു നിരീക്ഷണം നടത്തുകയുണ്ടായി. ഇൻഷ്വറൻസ് കമ്പനികൾ കരാർ വ്യവസ്ഥകൾ തയ്യാറാക്കുന്നതിന് ഉപയോഗിക്കുന്ന ഭാഷ അവ്യക്തവും ഏതു രീതിയിലും വ്യാഖ്യാനിക്കാനുള്ള പഴുതുകൾ ഉള്ളതുമാകയാൽ അതിന്റെ തിക്തഫലം അനുഭവിക്കേണ്ടിവരുന്നത് സാധാരണക്കാരായ പോളിസി ഉടമകൾക്കാണെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. ഇത് സൃഷ്ടിക്കുന്ന അനിശ്ചിതാവസ്ഥയാണ് പലപ്പോഴും നഷ്ടപരിഹാരം യഥാസമയം നൽകുന്നതിന് വിഘാതം സൃഷ്ടിക്കുന്നതെന്നും അഭിപ്രായപ്പെട്ടു. കരാർ വ്യവസ്ഥകളിലെ ഈ അവ്യക്തത തങ്ങൾക്ക് അനുകൂലമായി വ്യാഖ്യാനിച്ചാണ് പലപ്പോഴും ബാദ്ധ്യതയിൽ നിന്ന് അവർ ഒഴിവാകാൻ ശ്രമിക്കുന്നതെന്നും ജസ്റ്റിസ് സഞ്ജയ് കരോൾ, ജസ്റ്റിസ് കോടീശ്വർ സിംഗ് എന്നിവരടങ്ങുന്ന ബെഞ്ച് ചൂണ്ടിക്കാട്ടി.

ഛത്തീസ്‌ഗഡ് ഹൈക്കോടതിയുടെ 2025ലെ ഒരു വിധിക്കെതിരെ നൽകിയ അപ്പീൽ പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി. 32.67 ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകണമെന്നായിരുന്നു ഹൈക്കോടതി വിധി. ഇതിനെതിരെ ഓറിയന്റൽ ഇൻഷ്വറൻസ് കമ്പനിയാണ് സുപ്രീംകോടതിയെ സമീപിച്ചത്. മതപരമായ ഒരു ടൂറിന്റെ ഭാഗമായി നേപ്പാളിലേക്ക് പോയ വാഹനം ഒരു മലയിൽ ഇടിച്ചുകയറിയതിനെത്തുടർന്ന് ഡ്രൈവർ ഉൾപ്പെടെ മൂന്നുപേർ മരണമടയുകയുണ്ടായി. അപകടത്തിൽ മരണമടഞ്ഞ ഹരീഷ് യാദവ് എന്നയാളുടെ ഭാര്യയും മക്കളുമാണ് 48.99 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മോട്ടോർ ആക്സിഡന്റ് ക്ളെയിംസ് ട്രൈബ്യൂണലിനെ സമീപിച്ചത്. വാഹനത്തിന്റെ ഉടമ നഷ്ടപരിഹാരം നൽകാനാണ് ട്രൈബ്യൂണൽ വിധിച്ചത്. ഹൈക്കോടതി ഈ വിധി റദ്ദാക്കി ഇൻഷ്വറൻസ് കമ്പനി നഷ്ടപരിഹാരം നൽകണമെന്ന ഉത്തരവിറക്കി. ഇതിനെതിരെ കമ്പനി നൽകിയ കേസിലാണ് സുപ്രധാനമായ നിരീക്ഷണം സുപ്രീംകോടതി നടത്തിയത്.

അപകടം നടന്നത് ഇന്ത്യയുടെ അതിർത്തിക്ക് പുറത്തായതിനാൽ നഷ്ടപരിഹാരം നൽകാനുള്ള ബാദ്ധ്യതയില്ല എന്നാണ് കമ്പനി വാദിച്ചത്. ഇത് തള്ളിയ കോടതി, അങ്ങനെയാണെങ്കിൽ അക്കാര്യം വ്യക്തമായി കരാർവ്യവസ്ഥകളിൽ ചേർക്കണമായിരുന്നു എന്നുപറഞ്ഞു. നിയമപരമായ അനുമതിയോടെയാണ് വാഹനം നേപ്പാളിലേക്ക് പോയത്. അതിനാൽ നഷ്ടപരിഹാരം നൽകേണ്ടതാണെന്ന തീരുമാനമാണ് സുപ്രീംകോടതിയിൽ നിന്നുണ്ടായത്. അന്യരാജ്യത്ത് വച്ചുനടക്കുന്ന അപകടത്തിന് പ്രത്യേകമായ ഇൻഷ്വറൻസ് എടുക്കണമെന്ന് വ്യവസ്ഥയിൽ പറയണമായിരുന്നു. ഏതൊക്കെ കാര്യങ്ങളിൽ ഇൻഷ്വറൻസ് തുക നൽകും, നൽകില്ല എന്നത് വ്യക്തമായി ചൂണ്ടിക്കാണിക്കാതിരുന്നത് കമ്പനിയുടെ കുറ്റമായതിനാൽ നഷ്ടപരിഹാരം നൽകാൻ കമ്പനിക്ക് ഉത്തരവാദിത്വമുണ്ടെന്നാണ് കോടതി കണ്ടെത്തിയത്. ഈ വിധിയുടെ പശ്ചാത്തലത്തിൽ അവ്യക്തതയില്ലാത്ത ഭാഷ ഉപയോഗിച്ച് വ്യവസ്ഥകൾ തയ്യാറാക്കാൻ കമ്പനികൾ ശ്രദ്ധിച്ചാൽ നന്നായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY