SignIn
Kerala Kaumudi Online
Friday, 23 October 2026 6.05 PM IST

പുതിയ ലക്ഷ്യങ്ങൾ തേടി വിജയ്, പുതുച്ചേരിയിലേക്ക് ഒരു പടപ്പുറപ്പാട്

aa

കരൂർ ദുരന്തത്തിനു ശേഷം നിറുത്തിവച്ചിരുന്ന തമിഴ് വെട്രി കഴകത്തിന്റെ (ടി.വി.കെ)​ രാഷ്ട്രീയ പ്രചാരണ യാത്ര പുനരാരംഭിക്കാൻ വഴിതേടിയുള്ള പരിശ്രമത്തിലാണ് വിജയ്. ‌ഡിസംബർ നാലിന് സേലത്ത് പ്രചാരണ പരിപാടി സംഘടിപ്പിക്കാൻ ആദ്യം തീരുമാനിച്ചെങ്കിലും,​ പൊലീസ് അനുമതി നൽകിയില്ല. പകരം അഞ്ചിന് പുതുച്ചേരിയിൽ റോഡ് ഷോയ്ക്കായി ശ്രമം. അവിടെ നിന്നും ഇതുവരെ അനുമതി കിട്ടിയിട്ടില്ല.

പുതുച്ചേരിൽ അഞ്ചിന് റോഡ് ഷോ നടത്തുന്നതിന് അനുമതി തേടി ടി.വി.കെ പ്രതിനിധികൾ പുതുച്ചേരി ഡി.ജി.പിയുടെ ഓഫീസിൽ അപേക്ഷ നല്കിയത് ഇക്കഴിഞ്ഞ 26-നാണ്. അന്നുതന്നെ പുതുച്ചേരി മുഖ്യമന്ത്രി എൻ. രംഗസ്വാമിയെ നേതാക്കൾ നേരിട്ട് സന്ദർശിക്കുകയും ചെയ്തു. മൂന്നു ദിവസമായിട്ടും അനുമതി കിട്ടാതിരുന്നതിനെ തുടർന്നാണ് ടി.വി.കെ ജനറൽ സെക്രട്ടറി ആനന്ദും,​ മുൻ എം.എൽ.എ സ്വാമിനാഥനും ഡി.ജി.പിയെ കാണാൻ പൊലീസ് ആസ്ഥാനത്തെത്തിയത്. ഡി.ജി.പി ഒരു പൊലീസ് കോൺഫറൻസിൽ പങ്കെടുക്കാൻ ഡൽഹിക്കു പോയി എന്നായിരുന്നു മറുപടി. ഇന്ന് ഡി.ജി.പി പുതുച്ചേരിയിൽ മടങ്ങിയെത്തിയ ശേഷമേ റോഡ് ഷോയുടെ കാര്യത്തിൽ ഒരു തീരുമാനമാകൂ.

കൺഫ്യൂഷനിൽ

രംഗസ്വാമി

തമിഴ്നാട്ടിൽ ഡി.എം.കെ മുന്നണിയാണ് ഭരിക്കുന്നതെങ്കിലും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിൽ ഭരണം എൻ.ഡി.എയുടെ കൈയിലാണ്. പുതുച്ചേരി മുഖ്യമന്ത്രി എൻ. രംഗസ്വാമിയാകട്ടെ,​ ഒരു വിജയ് ആരാധകനും. എന്നാൽ,​ വിജയിന് റോ‌ഡ് ഷോയ്ക്ക് അനുമതി കൊടുക്കുന്നത് പുതുച്ചേരി സർക്കാരിന് ഗുണം ചെയ്യുമോ എന്ന കാര്യത്തിൽ രംഗസ്വാമിക്കും കൂട്ടർക്കും ആശങ്കയുണ്ട്. തമിഴ്നാട്ടിൽ സംസ്ഥാന സർക്കാരിനെതിരെ ആഞ്ഞടിക്കുന്ന രീതിയാണ് വിജയ് തുടർന്നുവരുന്നത്. കരൂർ ദുരന്തത്തിനു മുമ്പ് ബി.ജെ.പിയെ നിശിതമായും അണ്ണാ ഡി.എം.കെയെ വല്ലപ്പോഴുമാണ് വിജയ് വിമർശിച്ചിരുന്നത്.

എന്നാൽ ദുരന്തത്തിനു ശേഷം കാഞ്ചീപുരത്തു നടന്ന ഇൻഡോർ സമ്മേളനത്തിൽ വിമർശനം ഡി.എം.കെയ്ക്കെതിരെ മാത്രമായി ഒതുക്കി. പുതുച്ചേരിയിൽ ഡി.എം.കെ മുന്നണി പ്രതിപക്ഷത്താണ്. ആകെയുള്ള 30 സീറ്രുകളിൽ 18 സീറ്റുമായാണ് എൻ.ഡി.എ ഭരിക്കുന്നത്. അതിൽ രംഗസ്വാമിയുടെ ആൾ ഇന്ത്യ എൻ.ആർ. കോൺഗ്രസിന് 12 സീറ്റും,​ ബി.ജെ.പിക്ക് ആറു സീറ്റുമാണ് ഉള്ളത്. ഡി.എം.കെയ്ക്ക് ആറു സീറ്റും കോൺഗ്രസിന് രണ്ടു സീറ്റുമുണ്ട്. ബാക്കി സീറ്റുകളിൽ വിജയിച്ചത് സ്വതന്ത്രന്മാരാണ്.

പുതുച്ചേരി സംസ്ഥാനത്തിന്റെ ഭൂരിഭാഗവും തമിഴ്നാടിനുള്ളിലാണെങ്കിലും മറ്റൊരു രാഷ്ട്രീയ സംസ്കാരമാണ് അവിടെ. അതിൽ വിജയ് വിള്ളലുണ്ടാക്കുമോ എന്ന ആശങ്ക എൻ.ഡി.എയ്ക്കുണ്ട്. പ്രത്യേകിച്ച്,​ ടി.വി.കെയെ എൻ.ഡി.എയിൽ എത്തിക്കാനുള്ള ശ്രമങ്ങളെല്ലാം പൊളിഞ്ഞു നിൽക്കുന്ന സാഹചര്യത്തിൽ. പുതുച്ചേരിയിൽ എത്തുമ്പോൾ അവിടെ പ്രതിപക്ഷത്തിരിക്കുന്ന ഡി.എം.കെയെ വിമർശിച്ചിട്ട് പ്രത്യേകിച്ചൊന്നും സംഭവിക്കാനില്ല. അതേസമയം എൻ.ഡി.എ സർക്കാരിനെയും ബി.ജെ.പിയെയും വിമർശിച്ചാൽ കളിമാറും. ചെറിയ സംസ്ഥാനത്ത് രാഷ്ട്രീയചിത്രം മാറിമറിയാൻ അധിക താമസമൊന്നും വേണ്ട.

കോൺഗ്രസ് ദേശീയ നേതൃത്വവുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് ഇന്നത്തെ മുഖ്യമന്ത്രി എൻ. രംഗസ്വാമി സംസ്ഥാനത്തെ കോൺഗ്രസ് പിളർത്തി 2011-ൽ രൂപീകരിച്ചതാണ് ആൾ ഇന്ത്യ എൻ.ആർ കോൺഗ്രസ്. ആ വർഷം 15 സീറ്രുമായി ഒറ്റയ്ക്ക് അധികാരത്തിലെത്തി. അണ്ണാ ഡ‌ി.എം.കെയുമായി സഖ്യത്തിലായിരുന്നെങ്കിലും അവർക്ക് ഭരണത്തിൽ പങ്കാളിത്തം നൽകിയില്ല. 2016-ൽ 15 സീറ്റുമായി കോൺഗ്രസ് അധികാരത്തിൽ തിരിച്ചെത്തി. എന്നാൽ 2020 ആയപ്പോഴേക്കും കോൺഗ്രസ് നേതാക്കളിൽ മന്ത്രിമാരുൾപ്പടെ പലരും ബി.ജെ.പിയിലേക്ക് പോകുന്നതാണ് കണ്ടത്. ട്രെന്റ് മനസിലാക്കി കളിച്ച രംഗസ്വാമി എൻ.ഡി.എയിൽ എത്തി; ഭരണവും നേടി.

ഒരു പാർട്ടി പിളർന്ന് മറ്റൊരു പാർട്ടി വളരാനും, ഒരു പാർട്ടിയിലെ നേതാക്കൾ മറ്റൊരു പാർട്ടിയിലേക്ക് ഒഴുകാനും പറ്റിയ മണ്ണാണ് പുതുച്ചേരിയെന്ന് സാരം. അവിടെ ടി.വി.കെ എത്തി വേരുറപ്പിച്ചാൽ തിരിച്ചടിയാകുന്നത് എൻ.ഡി.എയിലെ പാർട്ടികൾക്കായിരിക്കും. ഇതിനിടയിൽ, വിജയുടെ റോഡ് ഷോയ്‌ക്ക് അനുമതി നിഷേധിച്ചതായി കിംവദന്തികൾ പരന്നിരുന്നു. 'ഇതുവരെ അപേക്ഷയിൽ ഒരു ഉത്തരവുപോലും പുറപ്പെടുവിച്ചിട്ടില്ല" എന്നാാണ് പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കുന്നത്. ചീഫ് സെക്രട്ടറിയുമായും പൊലീസ് ഡയറക്ടർ ജനറലുമായും ചർച്ച നടത്തിയ ശേഷമേ സർക്കാർ തീരുമാനമെടുക്കൂ എന്ന് മുഖ്യമന്ത്രി എൻ. രംഗസ്വാമി പ്രസ്താവനയിൽ വ്യക്തമാക്കുകയും ചെയ്തു.

ജനപ്രിയന്മാരെ

ആവശ്യമുണ്ട്

മറ്റു പാർട്ടികളിൽ നിന്ന് ജനപ്രിയ നേതാക്കളെ അടർത്തിയെടുക്കാനുള്ള ശ്രമം ഒരു വശത്ത് ടി.വി.കെ നേതാക്കൾ നടത്തുന്നുണ്ട്. ഒ. പനീർശെൽവം ഉൾപ്പെടെയുള്ളവരെ മടക്കിക്കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്ന് അണ്ണാ ഡി.എം.കെയിൽ നിന്ന് പുറത്തുപോയ കെ.എ. സെങ്കോട്ടയ്യൻ നേരെ ചെന്നു കയറിയത് ഒ.പി.എസിന്റെ താവളത്തിലേക്കല്ല, വിജയ്‌യുടെ മുന്നിലേക്കാണ്. എം.ജി.ആർ കാലം മുതൽ പ്രവർത്തിക്കുന്ന സെങ്കോട്ടയ്യനെ വിജയ് ഷാൾ അണിയിച്ച് സ്വീകരിച്ച് പാർട്ടിയുടെ ചീഫ് കോ- ഓർഡിനേറ്റർ ആക്കുകയും ചെയ്തു.

അണ്ണാ ഡി.എം.കെയിലെയും ഡി.എം.കെയിലെയും കോൺഗ്രസിലെയുമൊക്കെ ചില നേതാക്കൾ വരുനാളുകളിൽ ടി.വി.കെയിലേക്ക് എത്തിയേക്കും. കോൺഗ്രസിന്റെ ഒരു വിഭാഗം നേതാക്കൾക്ക് ടി.വി.കെയുമായി സഖ്യം ചേരുന്നതാണ് നല്ലതെന്ന ചിന്തയുണ്ട്. ഇതു സംബന്ധിച്ച് അനൗദ്യോഗിക ചർച്ചകൾ നടന്നുകഴിഞ്ഞതായാണ് സൂചന. കോൺഗ്രസ് നേരത്തേ ഡി.എം.കെ സർക്കാരിൽ പങ്കാളിത്തം ആവശ്യപ്പെട്ടിരുന്നെങ്കിലും നിഷേധിച്ചിരുന്നു. സഖ്യത്തിലെത്തുന്ന പാർട്ടികൾക്ക് ഭരണ പങ്കാളിത്തം നൽകുമെന്നാണ് വിജയ്‌യുടെ വാക്ക്.

എടപ്പാടിയും

പനിനീരും!

കരൂർ ദുരന്തത്തിനു ശേഷം ടി.വി.കെ എൻ.ഡി.എയിൽ എത്തുമെന്ന് സ്വപ്നം കണ്ട നേതാവാണ് അണ്ണാ ഡി.എം.കെ ജനറൽ സെക്രട്ടറി എടപ്പാടി പളനിസാമി. അതൊന്നും നടക്കാൻ പോകുന്നില്ലെന്ന് വിജയ് തന്നെ വ്യക്തമാക്കുകയും ചെയ്തു. പാർട്ടിയിലുള്ള നേതാക്കളെ പോലും ഒപ്പം നിറുത്തുന്നതിൽ എടപ്പാടി പരാജയപ്പെടുന്നുവെന്നാണ് അണ്ണാ ഡി.എം.കെയ്ക്ക് ഉള്ളിൽത്തന്നെയുള്ള മർമ്മരം.

അണ്ണാ ഡി.എം.കെയിൽ നിന്ന് പുറത്താക്കിയ തന്നെ ഉൾപ്പെടെ തിരിച്ചെടുത്തില്ലെങ്കിൽ ഡിസംബർ 15ന് പുതിയ പാർട്ടി രൂപീകരിക്കുമെന്നാണ് മുൻ മുഖ്യമന്ത്രിയും അണ്ണാ ഡി.എം.കെ മുൻ ജനറൽ സെക്രട്ടറിയുമായ ഒ. പനീർശെൽവം അറിയിച്ചിരിക്കുന്നത്. തന്റെ ആവശ്യം സമയപരിധിക്കുള്ളിൽ പാലിച്ചില്ലെങ്കിൽ 'ജനങ്ങൾ അംഗീകരിക്കുന്ന" ഒരു തീരുമാനം എടുക്കുമെന്ന് അദ്ദേഹം ആവർത്തിക്കുന്നു. ഒ.പി.എസിന്റെ ആവശ്യം പൂർണമായും തള്ളിക്കളയാനാണ് അണ്ണാ ഡി.എം.കെയുടെ തീരുമാനം. ഇത് വ്യക്തമാക്കാനായി ഡിസംബർ 10ന് സംസ്ഥാന കമ്മിറ്റി ചേരുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EDITORIAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION