SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.12 AM IST

ശോഭാ സുരേന്ദ്രനുമായി സംഭാഷണം; 'പാർട്ടി പറയുന്നിടത്ത് മത്സരിക്കും, വനിതകളും മുഖ്യമന്ത്രിയാവണം'

s

സംസ്ഥാനത്തെ ബി.ജെ.പിയുടെ ഫയർ ബ്രാൻഡ് നേതാവായ ശോഭാ സുരേന്ദ്രനുമായുള്ള അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങളിൽ നിന്ന്:

?​ കേരളത്തിലെ ആറ് ജില്ലാ കമ്മിറ്റികൾ ശോഭാ സുരേന്ദ്രനെ തങ്ങളുടെ ജില്ലയിൽ സ്ഥാനാർത്ഥിയായി മത്സരിപ്പിക്കണമെന്ന് ആവശ്യമുയർത്തുന്നു. എവിടെയാവും മത്സരിക്കുക.

 എവിടെ മത്സരിക്കണമെന്ന് പാർട്ടി പറയുന്നോ അവിടെ മത്സരിക്കും. പാലക്കാട്ട് മത്സരിച്ചു. മലപ്പുറത്ത് മത്സരിച്ചു. എറണാകുളം, തൃശൂർ, ആറ്റിങ്ങൽ, ആലപ്പുഴ, എറണാകുളം... ഇങ്ങനെയുള്ള എല്ലായിടത്തും പാർട്ടി പറഞ്ഞപ്പോൾ മത്സരിച്ചിട്ടുണ്ട്. അറിയപ്പെടുന്ന ധാരാളം നേതാക്കൾ കേരള രാഷ്ട്രീയത്തിലുണ്ട്. എന്നാൽ എന്നെ നിയോഗിച്ചത്,​ പാർട്ടി പറയുന്ന ഇടങ്ങളിൽ മത്സരിക്കുകയും,​ അവിടെ പ്രസ്ഥാനത്തിന് കൂടുതൽ ആക്കം കൂട്ടുകയും ചെയ്യുക എന്നൊരു ദൗത്യത്തോടു കൂടിയാണ്. ഏതെങ്കിലും ഒരിടത്തുമാത്രം കേന്ദ്രീകരിച്ചാൽ ഒരുപക്ഷേ വിജയസാദ്ധ്യത കൂടും. പക്ഷെ,​ പാർട്ടിയുടെ ജനറൽ സെക്രട്ടറി എന്ന നിലയിൽ എല്ലായിടത്തും നമ്മുടെ സാന്നിദ്ധ്യം വേണം. മത്സരിക്കാൻ പാർട്ടി ഒരു മണ്ഡലം ചൂണ്ടിക്കാട്ടിയാൽ അവിടെ മത്സരിക്കും.

?​ ശോഭാ സുരേന്ദ്രൻ പാലക്കാട് മത്സരിക്കണമെന്ന് പാർട്ടി കേന്ദ്ര നേതൃത്വം പറഞ്ഞതായി കേൾക്കുന്നു...

 ഇപ്പോൾ പ്രഖ്യാപനങ്ങൾ ഒന്നുംതന്നെ വന്നിട്ടില്ല. ജില്ലാതലത്തിൽ നിന്ന് കിട്ടുന്ന അഭിപ്രായങ്ങൾ കോർ ഗ്രൂപ്പ് യോഗത്തിൽ പരിശോധിച്ചതിനു ശേഷം ദേശീയ സമിതിക്ക് കൈമാറുക എന്നുള്ളതാണ് രീതി. അവിടെ അത് എത്തുന്ന സമയത്ത് അവർ ഇലക്ഷൻ കമ്മിറ്റി യോഗമൊക്കെ ചേർന്ന് ഉചിതമായ തീരുമാനമെടുക്കും. ഒരു സീറ്റും ഇപ്പോൾ നിലവിൽ എനിക്കായി നീക്കിവച്ചിട്ടില്ല.

?​ കേരളത്തിൽ വലിയ ജനപിന്തുണയുള്ള നേതാവാണ് ശോഭ, എന്തുകൊണ്ടാണ് ഇതുവരെ പാർട്ടി സംസ്ഥാന പ്രസിഡന്റാവാത്തത്.

 ബി.ജെ.പിയുടെ സംസ്ഥാന അദ്ധ്യക്ഷനായി ഇപ്പോൾ രാജീവ് ചന്ദ്രശേഖർജിയെ കിട്ടിയിട്ടുണ്ട്. ഞങ്ങൾ ഒരു ടീം ആണ്. ഒ. രാജഗോപാൽജി മുതൽ ശ്രീധരൻപിള്ള വരെയുള്ള പ്രഗത്ഭർക്കൊപ്പം ജനറൽ സെക്രട്ടറിയായി പ്രവർത്തിക്കാൻ കഴിഞ്ഞതുതന്നെ വലിയ ഭാഗ്യമല്ലേ. പിന്നീട് ഇടക്കാലത്ത് ഞങ്ങൾ ഒരു ടീം ആളുകൾ വന്നു. അതിൽ നാലോ അഞ്ചോ പേർ ഒപ്പത്തിനൊപ്പം രാഷ്ട്രീയ രംഗത്ത് കിടപിടിക്കാൻ സാധിക്കുന്നവർ. ഒരു കൂട്ടം ആളുകൾ പാർട്ടിയിൽ വരുന്ന സമയത്ത് ആ കൂട്ടത്തിൽ നിന്ന് ഒരാളെ സെലക്ട് ചെയ്യാൻ മാത്രമേ അഖിലേന്ത്യാ ലീഡർഷിപ്പിന് സാധിക്കുകയുള്ളൂ. പിന്നെ,​ എന്നെ സെലക്ട് ചെയ്യാനുള്ള സമയമായിട്ടുണ്ടാവില്ല. കാരണം. ഇന്നുള്ളവരിൽ ചെറുത് ഞാനാണ്.


?​ കേരളത്തിന് എന്നാണ് ഒരു വനിതാ മുഖ്യമന്ത്രി ഉണ്ടാവുക? ജയസാദ്ധ്യത ഉണ്ടെങ്കിലും ഇല്ലെങ്കിലും

ബി.ജെ.പി ശോഭയെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടുമോ.

 പ്രസ്ഥാനത്തെ സംബന്ധിച്ച്,​ സ്ത്രീയാണോ പുരുഷനാണോ എന്നത് ബി.ജെ.പി ഒരുകാലത്തും നോക്കാറില്ല. സന്യാസിനി ആയിരുന്ന ഉമാഭാരതിജി മുഖ്യമന്ത്രി പദവിയിലേക്ക് വന്നിട്ടുണ്ട്. സുഷമാ സ്വരാജിനെ പോലുള്ളവർ മുഖ്യമന്ത്രിയായിട്ടുണ്ട്. പിന്നെ,​ ഇപ്പോൾ ഡൽഹിയിൽ വന്നിട്ടുള്ള രേഖ- ഇവരൊക്കെ വളരെയധികം കഴിവും പ്രാപ്തിയും തെളിയിച്ച് വന്നവരാണ്. സ്ത്രീകളെ മാറ്റിനിറുത്തുന്ന പതിവ് ബി.ജെ.പിയിലില്ല. ഇക്കുറി നിയമസഭയിൽ ശക്തമായ സ്ത്രീ പ്രാതിനിദ്ധ്യം ഉണ്ടാകുമെന്നാണ് എന്റെ വിശ്വാസം.

?​ ശോഭാ സുരേന്ദ്രനെ സി.പി.എമ്മും കോൺഗ്രസുമെല്ലാം അവരുടെ പാർട്ടിയിലേക്ക് ക്ഷണിച്ചതായി വാർത്തകളുണ്ടായിരുന്നു.

 അങ്ങനെ ആരും എന്നോട് നേരിട്ട് ആവശ്യപ്പെട്ടിട്ടില്ല. ചില ആളുകളൊക്കെ ഇങ്ങനെ പറയുന്നതായി ഇപ്പോഴും അന്തരീക്ഷത്തിൽ കേൾക്കുന്നുണ്ട്. കഴിഞ്ഞ മാസംപോലും ഞാൻ അത്തരത്തിൽ ഒരു ന്യൂസ് കേട്ടു. എം.എം. ഹസൻ ക്ഷണിച്ചതായിട്ടായിരുന്നു വാർത്ത. എന്നാൽ അത്തരത്തിൽ ഒരു നേതാവുമായും ചർച്ച നടന്നിട്ടില്ല. സി.പി.എമ്മിൽ നിന്നും ഉണ്ടായിട്ടില്ല.

?​ ശോഭയെ ഒരു ഘട്ടത്തിൽ പാർട്ടി ഒതുക്കിയതായി വാർത്തയുണ്ടായിരുന്നു.

 അങ്ങനെയൊന്നും ഇല്ല. ഞങ്ങളുടെ പാർട്ടി ജനാധിപത്യപരമായിട്ട് നല്ല ചർച്ചകൾ നടക്കുന്ന ഒരു പാർട്ടിയാണ്.
ഞാനാണെങ്കിലും അതുപോലെതന്നെ. കെ. സുരേന്ദ്രൻ ആണെങ്കിലും അതെ. ഞങ്ങളൊക്കെ ഒരു കാലഘട്ടത്തിൽ യുവമോർച്ചയിലൂടെ കടന്നുവന്ന ആളുകളാണ്. അപ്പോൾ അതിലൊക്കെ ചിലപ്പോൾ പരസ്പരം അഭിപ്രായങ്ങൾ പറയും. അഭിപ്രായ വ്യത്യാസങ്ങളുണ്ടാവും. അതിലൊക്കെ ഇടപെട്ട് പരിഹരിക്കാൻ പാർട്ടിയിൽ മുതിർന്ന നേതാക്കളുണ്ട്.

പാർട്ടിയുടെ കോർ ഗ്രൂപ്പിനകത്ത് പ്രവർത്തിക്കാൻ ചുമതലപ്പെട്ട ആൾ എന്ന നിലയിൽ കുറച്ചുകാലം പൊതുമദ്ധ്യത്തിൽ കാണാതിരുന്നില്ല എന്നത് സത്യമാണ്. അതിലൊന്നും ഒതുക്കലോ പരിഭവങ്ങളോ ഇല്ല. പിന്നെ എന്തൊക്കെ പറഞ്ഞാലും ഞാനൊരു സാധാരണക്കാരിയായ സ്ത്രീയാണ്. അപ്പോൾ ചില സങ്കടങ്ങളൊക്കെ സ്വാഭാവികം.

?​ നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി എന്താണ് പ്രതീക്ഷിക്കുന്നത്.

 ബട്ടൺ അമർത്തി താമരചിഹ്നത്തിൽ 20 ശതമാനം വോട്ട് രേഖപ്പെടുത്തിയിട്ടുള്ള ആളുകൾ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഇവിടെയുണ്ടായിരുന്നു. ആ 20 ശതമാനമുള്ള ഭാരതീയ ജനതാ പാർട്ടിക്ക് ഇന്ന് ട്വന്റി- ട്വന്റിയുടെ ആവേശമുണ്ട്. ബി.ഡി.ജെ.എസ് കൂടെയുണ്ട്. മറ്റ് രാഷ്ട്രീയ പാർട്ടികളിൽ നിന്ന് എണ്ണം പറഞ്ഞ നേതാക്കന്മാർ ബി.ജെ.പിയിലേക്ക് വരികയാണ്.

?​ എത്ര സീറ്റ് കിട്ടും.

 സീറ്റിന്റെ എണ്ണത്തിലല്ല കാര്യം. ഇവിടെ ഭരിക്കാൻ പറ്റുമോ എന്നാണ് ഞങ്ങൾ നോക്കുന്നത്. കേരളത്തിൽ എൻ.ഡി.എയുടെ നേതൃത്വത്തിലുള്ള ഒരു ഭരണകൂടം വരും.

?​ മൂന്നാം ഭരണത്തുടർച്ചയാണല്ലോ സി.പി.എം മുന്നോട്ടുവയ്ക്കുന്നത്.

 സി.പി.എമ്മിന് രണ്ടാമത് ഭരണം കിട്ടാൻ കാരണം, സി.പി.എമ്മിന് ബദലല്ല യു.ഡി.എഫ് എന്നുള്ള
ബോദ്ധ്യം കേരളത്തിലെ ജനങ്ങൾക്ക് ഉണ്ടായതുകൊണ്ടാണ്. ഇത്തവണ ബദൽ എൻ.ഡി.എ ആണ്. സംസ്ഥാനത്തെ ഏറ്രവും വലിയ ഒരു കോർപ്പറേഷൻ ബി.ജെ.പി ഭരിക്കുന്നു. ഇടതുപക്ഷത്തിന്റെ ഏറ്റവും വലിയ
കോട്ടയായിട്ടുള്ള പുന്നപ്രയും വയലാറും ഉൾപ്പെടെയുള്ള ആലപ്പുഴയിൽ വലിയ രീതിയിലുള്ള മൂവ്‌മെന്റ് ബി.ജെ.പിക്കുണ്ടായി. 75,​000 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ തൃശൂരിൽ ഞങ്ങൾക്ക് ഒരു എം.പി ഉണ്ടായി. പിന്നീട് ഒരു മന്ത്രിയായി അദ്ദേഹം മാറി. വലിയ മുന്നേറ്റമാണ് നാടാകെ.

?​ യു.ഡി.എഫ്- ജമാഅത്തെ ഇസ്ലാമി കൂട്ടുകെട്ട് വലിയ വിവാദമാണല്ലോ.

 ആദ്യം അവർ സി.പി.എമ്മിനൊപ്പമായിരുന്നു. ഇപ്പോൾ യു.ഡി.എഫിനൊപ്പം. സതീശനല്ലേ ഗുഡ് സർട്ടിഫിക്കറ്റ് നൽകിയത്. നമ്മുടെ രാജ്യത്ത് നിലനിൽക്കുന്ന ഭരണഘടനയെ വെല്ലുവിളിക്കുന്ന ഒരു സംഘടനയാണ് അവർ. മതരാഷ്ട്ര സങ്കല്പത്തിൽ ഉറച്ചുനിന്ന് ഇന്ത്യയിൽ മതരാഷ്ട്രം സ്ഥാപിക്കുകയെന്ന ലക്ഷ്യവുമായി മുന്നോട്ടുപോകുന്നവരെ കേവലം വോട്ടിനുവേണ്ടി വിലയ്ക്കെടുക്കുന്നത് രാജ്യദ്രോഹമാണ്.

?​ കാന്തപുരവും മോദിയും തമ്മിൽ കൂടിക്കാഴ്ച നടത്തിയതിനു പിന്നിലെ രാഷ്ട്രീയം.

 കാന്തപുരം നരേന്ദ്രമോദിജിയെ കണ്ട് പുറത്തിറങ്ങി വന്നിട്ട് പറഞ്ഞത്,​ ഇന്ത്യയിലെ മുസ്ലീങ്ങൾ

സുരക്ഷിതത്വത്തോടുകൂടി ജീവിക്കുന്നു എന്നാണ്. അത് ചില ആളുകൾക്ക് പ്രകോപനമുണ്ടാക്കി. നമ്മുടെ മുസ്ലിം സുഹൃത്തുക്കൾക്ക് അപകടമാണ് ഏക സിവിൽ കോഡ് വന്നാൽ. എന്നാൽ അതൊന്നും ശരിയല്ലെന്ന് കാന്തപുരത്തെപ്പോലെ,​ വലിയൊരു വിഭാഗം മുസ്ലീം സമുദായത്തിന്റെ നേതാവ് തുറന്നുപറഞ്ഞു. അതിലൊന്നും രാഷ്ട്രീയ ലക്ഷ്യങ്ങളില്ല. ഇവരൊന്നും കേരളത്തിൽ പറഞ്ഞുനടക്കുന്നതല്ല വസ്തുതയെന്ന് മുസ്ലീം സമുദായം ഉൾക്കൊണ്ടുതുടങ്ങി എന്നതാണ് യാഥാർത്ഥ്യം.

(അഭിമുഖത്തിന്റെ പൂർണ്ണരൂപം കാണാൻ ക്യൂ. ആർ കോഡ് സ്കാൻ ചെയ്യുക )

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: BJP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY