
അതിജീവനത്തിന്റെ കഥ പറയുന്ന പ്രളയശേഷം ഒരു ജലക ന്യക മികച്ച അഭിപ്രായം നേടുന്നു. കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്മെന്റ് കോർപറേഷന്റെ നിർമ്മാണ സംരംഭം മനോജ് കുമാർ സംവിധാനം ചെയ്യുന്നു. ആശ അരവിന്ദ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു. മനോജ് കുമറും നവാസ് സുൽത്താനും ചേർന്നാണ് തിരക്കഥയും സംഭാഷണവും. ചിത്രം ശ്രദ്ധ നേടുമ്പോൾ സംവിധായകൻ മനോജ് കുമാർ സംസാരിക്കുന്നു
പ്രളയശേഷം ഒരു ജലകന്യക എന്ന സിനിമയുടെ ലോകം ?
പ്രളയശേഷം ഒരു ജലകന്യക പ്രളയത്തെക്കുറിച്ച് പറയുന്ന സിനിമയല്ല, പ്രളയത്തിൽ അകപ്പെട്ട രണ്ടു പ്രായമായ ആളുകളെക്കുറിച്ചുള്ള കഥയാണ്. മാളിയേക്കൽ ലൂയി അസുഖബാധിതനായ എഴുപത്തിയഞ്ച് വയസോളം പ്രായമുള്ള കുടിയേറ്റക്കാരനാണ്. അയാളുടെ ഭാര്യ പ്ലമേന വളരെ ചുറുചുറുക്കുള്ള എല്ലാ കാര്യങ്ങളും കൃത്യതയോടെ ചെയ്യുന്ന സ്ത്രീയാണ്. സമൂഹത്തിൽ വലിയ കോളിളക്കം സൃഷ്ടിച്ച വിവാഹവും അതിനുശേഷമുള്ള ജീവിതവുമായിരുന്നു പ്ലമേനയുടെയും ലൂയിസിന്റെയും. അവർക്ക് മൂന്ന് മക്കളുണ്ട്. ഈ പ്രായത്തിൽ മക്കൾ അവരുടെ അടുത്തില്ല. അവർ അന്യരാജ്യങ്ങളിലാണ്. ഒരാൾ തെട്ടടുത്തുണ്ടെങ്കിലും തങ്ങളുടെ ജീവിതത്തിൽ ഉപകാരപ്രദമാകുന്നില്ല. അങ്ങനെ ആ വീട്ടിൽ തനിച്ചു താമസിക്കുന്ന ദമ്പതികൾക്ക് ആകെ കൂട്ടുണ്ടായിരുന്നത് ഒരു നഴ്സായിരുന്നു. മഴയുടെ ശക്തികൂടുയതോടെ നഴസ് ആ വീട് വിടുകയും ദമ്പതികൾ അവിടെ ഒറ്റപ്പെടുകയുമാണ്. പ്ലമേനയ്ക്ക് അത് വലിയൊരു വിഷയമല്ല, അവർ എന്തിനെയും ചെറുത്തു നിൽക്കാനുള്ള ധൈര്യമുള്ള സ്ത്രീയായിരുന്നു.
കച്ചവട മൂല്യം കുറഞ്ഞ സിനിമകൾ ആഘോഷിക്കപ്പെടാതെ പോകുന്നുണ്ടോ?
കലാമൂല്യമുള്ള പല സിനിമകളും പണ്ടും ആഘോഷിക്കപ്പെടാതെ പോയിട്ടുണ്ട്. പദ്മരാജൻ സാറിന്റെയൊക്ക പല സിനിമകളും അന്ന് ഹിറ്റായിരുന്നില്ലെങ്കിലും ഇന്ന് അതിനെക്കുറിച്ച് ഒരുപാട് ചർച്ച ചെയ്യുന്നുണ്ട്. അതിനർത്ഥം അത്തരം കഥാമൂല്യമുള്ള സിനിമകൾ നിലനിൽക്കുമെന്നാണ്. ഇന്ന് ആസ്വാദനരീതി തന്നെ മാറിയ കാലമാണ്. അത് ഓരോ കാലഘട്ടത്തിലും മാറിക്കൊണ്ടിരിക്കും. വാണിജ്യ സിനിമകൾ പല കാലഘട്ടത്തിലും പല രീതിയിലായിരിക്കും. ലോഹിതദാസിനെപ്പോലെയും ജോൺ പോളിനെപ്പോലെയുമുള്ള ആളുകളെഴുതിയ സിനിമകൾ തിയേറ്ററിൽ നിറഞ്ഞോടിയ കാലമുണ്ടായിരുന്നു. അതൊന്നും കൊമേഴ്സ്യൽ സിനിമകളായിരുന്നില്ല. കാലഘട്ടത്തിനനുസരിച്ച് നമ്മുടെ ആസ്വാദനരീതിയിൽ വന്ന മാറ്റമാണ് കെമേഴ്സ്യൽ സിനിമകൾ ഇങ്ങനെ തന്നെ വേണമെന്ന് മാറ്റിയെടുത്തത്. എന്നിരുന്നാലും ഇതിനിടയിലൂടെ പല കലാമൂല്യ സിനിമകളും നിലനിന്നിട്ടുണ്ട്. കുമ്പളങ്ങി നൈറ്റ്സ് , മഹേഷിന്റെ പ്രതികാരം പോലുള്ള സിനിമകളൊന്നും കൊമേഴ് സ്യൽ സിനിമകളായിരുന്നില്ല. കലാമൂല്യമുള്ള നല്ല സിനിമകൾ വിജയിക്കുമെന്ന് തന്നെയാണ് വിശ്വസിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |