SignIn
Kerala Kaumudi Online
Friday, 23 October 2026 3.54 PM IST

രാജീവ് ചന്ദ്രശേഖർ, രാഷ്ട്രീയത്തിലെ ഹൈടെക് വരവ്

a

ഒന്നിൽ പിഴച്ചാൽ മൂന്ന് എന്നാണല്ലോ. രാജീവ് ചന്ദ്രശേഖറിന്റെ കാര്യത്തിൽ അത് ഫലിക്കുമെന്നാണ് ബി.ജെ.പിയുടെ പ്രതീക്ഷ. ഒന്നാംവട്ടം രാജീവ് കേരളത്തിൽ വന്നിറങ്ങിയത് തിരുവനന്തപുരം ലോക‌്സഭാ മണ്ഡലത്തിൽ മത്സരിക്കാനായിരുന്നു, ശശി തരൂരിനെ ഞെട്ടിച്ച തിരഞ്ഞെടുപ്പിൽ പിഴച്ചെങ്കിലും രണ്ടാംവരവ് സംസ്ഥാനത്തെ പാർട്ടിയെത്തന്നെ കൈപ്പിടിയിലാക്കി, അതിന്റെ അദ്ധ്യക്ഷനാകാനാണ്. മൂന്നാംവരവിൽ സംസ്ഥാനം ബി.ജെ.പി പിടിച്ചെടുക്കുമോ എന്നാണിനി നോട്ടം.

നവകേരള സൃഷ്ടിക്കായി മുഖ്യമന്ത്രി പിണറായി വിജയനും ഇടതു മുന്നണിയും പരിശ്രമിക്കുമ്പോൾ ഒരു ഹൈടെക്ക് സംസ്ഥാന പ്രസിഡന്റിനെയാണ് ബി.ജെ.പി.രംഗത്തിറക്കിയതെന്ന് പറയാം. കോർപറേറ്റ് ശൈലിയും പ്രൊഫഷണൽ പ്രവർത്തനരീതികളുംകൊണ്ട് വ്യത്യസ്തനാണ് രാജീവ് ചന്ദ്രശേഖർ.സംഘപരിവാർ പശ്ചാത്തലമില്ലാതെ പാർട്ടി സംസ്ഥാന പ്രസിഡന്റാകുന്ന ആദ്യ ബി.ജെ.പി നേതാവെന്ന പ്രത്യേകതയുമുണ്ട്. രണ്ടു പതിറ്റാണ്ടിന്റെ രാഷ്ട്രീയ പരിചയമേയുള്ളൂ. അതും കേരളത്തിനു പുറത്ത്. അതിൽത്തന്നെ പൂർണമായും ബി.ജെ.പിയിലുമല്ല. ഒരു പാർട്ടി പ്രവർത്തകന് കൈയെത്തിപ്പിടാക്കാവുന്ന പദിവകളിൽ പലതും ഇതിനകം കയ്യിലാക്കിയിട്ടുമുണ്ട്.

ബി.പി.എല്ലിലൂടെ

ബിസിനസ് വിജയം

മലയാളം ഉൾപ്പെടെ ആറു ഭാഷകൾ അനായാസം സംസാരിക്കുന്ന രാജീവ് ചന്ദ്രശേഖറിന്റെ സ്വദേശം തൃശൂരാണ്. ദേശമംഗലം കൊണ്ടയൂർ സ്വദേശികളായ മുൻ വ്യോമസേനാ ഉദ്യോഗസ്ഥൻ എം.കെ. ചന്ദ്രശേഖറിന്റെയും വല്ലി ചന്ദ്രശേഖറിന്റെയും മകനായി 1964-ൽ അഹമ്മദാബിൽ ജനനം. സ്‌കൂൾ വിദ്യാഭ്യാസത്തിനു ശേഷം തുടർപഠനത്തിന് ബംഗളൂരുവിലെത്തി. മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജിയിൽ നിന്ന് ഇലക്ട്രിക്കൽ എൻജിനിയറിംഗിൽ ബിരുദവും ഷിക്കാഗോ ഇലിനോയ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജിയിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ ബിരുദാനന്തര ബിരുദവും. ഹാർവാർഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് അഡ്വാൻസ്ഡ് മാനേജ്‌മെന്റ് പ്രോഗ്രാം പൂർത്തിയാക്കിയിട്ടുണ്ട്.

അച്ഛനെപ്പോലെ പൈലറ്റ് ആകാനാണ് കൊതിച്ചതെങ്കിലും കാഴ്ചപരിമിതി തടസമായതോടെയാണ് ഐ.ടിയിലേക്ക് തിരിഞ്ഞത്. 1988 മുതൽ 1991വരെ അമേരിക്കയിലെ ഇന്റൽ കമ്പ്യൂട്ടർ കമ്പനിയിൽ ചിപ്പ് പ്രൊസസർ ഉദ്യോഗസ്ഥനായി ജോലി നോക്കി. 1991ൽ ബി.പി.എൽ ഗ്രൂപ്പ് ചെയർമാൻ ടി.പി.ജി നമ്പ്യാരുടെ മകൾ അഞ്ജുവിനെ വിവാഹം ചെയ്തതോടെ ബി.പി.എല്ലിൽ ചേർന്ന് 1994-ൽ ബി.പി.എല്ലിന്റെ തന്നെ മൊബൈൽ ഫോൺ കമ്പനി രൂപീകരിച്ചു. അത് പിന്നീട് മറ്റൊരു കമ്പനിയിൽ ലയിച്ചു.

2005- ൽ ജുപ്പീറ്റർ ഫിനാഷ്യൽ ഇൻവെസ്റ്റ്‌മെന്റ് കമ്പനി തുടങ്ങി. 2013-ൽ ബെൽഗാമിലെ വിശ്വേശ്വരയ്യ ടെക്‌നോളജിക്കൽ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് നൽകി രാജീവിനെ ആദരിച്ചു. ഇന്ത്യാ ടുഡേ മാഗസിൻ 2017-ൽ തിരഞ്ഞെടുത്ത രാജ്യത്തെ ഏറ്റവും ശക്തരായ വ്യക്തികളുടെ പട്ടികയിൽ നാൽപത്തിയൊന്നാം സ്ഥാനത്ത് രാജീവ് ചന്ദ്രശേഖർ ആയിരുന്നു. സായുധ സേനയ്ക്കും മുതിർന്ന പൗരന്മാർക്കും വേണ്ടി അദ്ദേഹം നടത്തിയ പ്രവർത്തനങ്ങൾക്ക് കരസേനയുടെ വെസ്‌റ്റേൺ കമാൻഡ് ജി.ഒ.സി. ഇൻ കമൻഡേഷൻ നൽകി ആദരിച്ചിട്ടുണ്ട്.

പ്രയത്നത്തിന്റെ

വിജയം

കർണാടകത്തിൽ നിന്ന് സ്വതന്ത്രനായി രാജ്യസഭയിലെത്തിയാണ് രാജീവ് ചന്ദ്രശേഖറിന്റെ രാഷ്ട്രീയം തുടങ്ങുന്നത്. 2006 മുതൽ 2018 വരെയുള്ള കാലയളവിൽ തുടർച്ചയായി രണ്ടുതവണ കർണാടകയിൽ നിന്നുള്ള സ്വതന്ത്ര രാജ്യസഭാംഗമായിരുന്നു. 2007-ൽ പ്രതിപക്ഷ എം.പിയായിരിക്കെ, 2ജി സ്‌പെക്ട്രം അഴിമതിയെക്കുറിച്ച് പാർലമെന്റിൽ ശബ്ദമുയർത്തിയതോടെ ദേശീയതലത്തിൽ ശ്രദ്ധ നേടി. സ്‌പെക്ട്രം ലേല മാഫിയയുടെ സമ്മർദത്തിനു വഴങ്ങാതെ 3ജി ലേലനടപടികൾ സുതാര്യമായി നടന്നതിനു പിന്നിൽ രാജീവിന്റെ പരിശ്രമങ്ങളായിരുന്നു.

അതോടെ ബി.ജെ.പി.യുമായി അടുത്തു. 2012-ൽ കർണാടകത്തിലെ ഉത്തരമേഖലകളിൽ വെള്ളപ്പൊക്കമുണ്ടായപ്പോൾ പുനരധിവാസ പ്രവർത്തനങ്ങൾക്ക് പുതിയ രീതിയുമായി എത്തിയതോടെ അന്ന് മുഖ്യമന്ത്രിയായിരുന്ന യെദിയൂരപ്പയുമായും അടുത്തു. അതോടെ രാജീവ് ബി.ജെ.പി സഹയാത്രികനായി. 2018-ൽ മൂന്നാം തവണ കർണാടകയിൽനിന്നു തന്നെ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് ബി.ജെ.പി സഹായത്തോടെ. രണ്ടാം നരേന്ദ്രമോദി മന്ത്രിസഭയിൽ ഐടി, നൈപുണ്യവികസന വകുപ്പ് മന്ത്രിയായി.

എല്ലാം നേരത്തേ

അറിഞ്ഞ്...

തിരുവനന്തപുരത്ത് ലോക്‌സഭാ സ്ഥാനാർത്ഥിയായി വരുന്നതിനു മുമ്പേ അമിത്ഷായും പ്രധാനമന്ത്രി മോദിയും കേരളത്തിന്റെ കാര്യത്തിൽ രാജീവ് ചന്ദ്രശേഖറിൽ പ്രതീക്ഷ വച്ചിരുന്നു. ബി.ജെ.പിയുടെ ദേശീയ വക്താവായും പ്രവർത്തിച്ചു. 2019 ലോക‌്സഭാ തിരഞ്ഞെടുപ്പിനു മുമ്പ് കേരളത്തിലെ എൻ.ഡി.എയുടെ വൈസ് ചെയർമാനായി. എൻ.ഡി.എ ഘടകകക്ഷിയായിരുന്ന ബി.ഡി.ജെ.എസ്,​ സംസ്ഥാന ബി.ജെ.പി നേതൃത്വത്തെക്കുറിച്ച് പരാതിപ്പെട്ടപ്പോഴായിരുന്നു സമർത്ഥനും നയചതുരനുമായ രാജിവിനെ മുന്നണി വൈസ് ചെയർമാനാക്കിയുള്ള,​ കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം.

തിരുവനന്തപുരത്തെ തിരഞ്ഞെടുപ്പ് ദൗത്യം വിജയിച്ചില്ലെങ്കിലും തലസ്ഥാനത്ത് വീടു വാങ്ങിയ രാജീവ്, അടുത്ത തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് മണ്ഡലം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നു എന്നായിരുന്നു റിപ്പോർട്ടുകൾ. ബി.ജെ.പി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് ഒരു ഘട്ടത്തിൽ രാജീവിന്റെ പേര് സജീവമായി ഉയർന്നു കേൾക്കുകയും ചെയ്തു.

''എനിക്ക് സാദ്ധ്യതയുണ്ട്. എനിക്കു മാത്രമല്ല,​ എല്ലാവർക്കും സാദ്ധ്യതയുണ്ട്! എന്തായാലും മാർച്ചിൽ അദ്ധ്യക്ഷനെ സംബന്ധിച്ച തീരുമാനമുണ്ടാകും!'' അഭ്യൂഹങ്ങൾ തള്ളാതെ അന്ന് രാജീവിന്റെ പ്രതികരണം അങ്ങനെയായിരുന്നു.

എല്ലാ വിഭാഗത്തെയും, പ്രത്യേകിച്ച് യുവജനങ്ങളെ ആകർഷിക്കാൻ കഴിയുന്ന നേതാവ് സംസ്ഥാന അധ്യക്ഷനായി വരണമെന്ന ബി.ജെ.പി ദേശീയ നേതൃത്വത്തിന്റെ താത്പര്യമാണ് ഈ ഹൈടെക് നേതാവിലേക്കു തന്നെ തീരുമാനം എത്തിച്ചേരാൻ ഇടയാക്കിയതെന്നു കരുതാം. അഞ്ജുവാണ് ഭാര്യ. മക്കൾ വേദ്, ദേവിക. കുടുംബത്തിന്റെ താമസം ബംഗളൂരുവിൽ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EDITORIAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION