
തിരുവനന്തപുരം: യു.ഡി.എഫ്. അധികാരത്തിലെത്തിയ നിയമസഭാ തിരഞ്ഞെടുപ്പിന് നിയമസാധുതയുണ്ടോയെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ വ്യക്തമാക്കണമെന്ന് ബി.ജെ.പി. സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ബി.ജെ.പി. സംസ്ഥാന നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിലും തമിഴ് നാട്ടിലും ബംഗാളിലും അസാമിലും പോണ്ടിച്ചേരിയിലും നടത്തിയ നിയമസഭാ തിരഞ്ഞെടുപ്പുകൾ നിയമപരമല്ലെന്നാണ് കോൺഗ്രസിന്റേയും ഇന്ത്യ മുന്നണിയുടേയും നിലപാട്.അതിനോട് മുഖ്യമന്ത്രി യോജിക്കുന്നുണ്ടോയെന്ന് ജനങ്ങളോട് വ്യക്തമാക്കണം.
ഫേസ്ബുക്കിൽ പോസ്റ്റിട്ടതുകൊണ്ട് മാത്രം രാഷ്ട്രീയത്തിൽ ഫലം ഉണ്ടാകില്ല. ബി.ജെ.പിക്കാർ ജനങ്ങൾക്കൊപ്പം ഇറങ്ങിച്ചെന്ന് പ്രവർത്തിക്കണം. ജനങ്ങളിലേക്ക് എത്തണം, അവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കണം, അവർക്കൊപ്പം നിൽക്കണം. സേവനരാഷ്ട്രീയമാണ് ബി.ജെ.പിയുടെ അടിസ്ഥാനം.ബി.ജെ.പിക്ക് ഓരോ വോട്ടും പ്രധാനപ്പെട്ടതാണ്. കേരളത്തിൽ ബി.ജെ.പി വിജയിക്കാത്ത പാർട്ടിയാണെന്ന വാദഗതി കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മാറ്റാൻ കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.
കറന്റ് കട്ടും വിലക്കയറ്റവും തൊഴിലില്ലായ്മയും വികസനമുരടിപ്പുമാണ് 140 ദിവസങ്ങൾ പിന്നിട്ട യു.ഡി.എഫ്. സർക്കാരിന്റെ ഭരണനേട്ടം.
ബി.ജെ.പി കേരളം പ്രഭാരിയും കർണാടകയിൽ നിന്നുള്ള രാജ്യസഭാംഗവുമായ ഡോ. എം. നാഗരാജിനും കേരളം സഹപ്രഭാരി ഡോ. എം. വെങ്കിടേശനും കെ.ജി. മാരാർജി ഭവനിൽ സ്വീകരണം നൽകി. തുടർന്ന് നടന്ന ബി.ജെ.പി കോർ കമ്മിറ്റി യോഗത്തിലും 'മിഷൻ 2029' സംസ്ഥാന നേതൃയോഗത്തിലും ഇരുവരും പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |