
ഇന്ത്യയിലെ മിക്കവാറും ക്ഷേത്രങ്ങളിൽ ഭക്തർക്ക് പ്രസാദമായി പഞ്ചാമൃതം, പായസം, ലഡു, അരവണ, പഴംതുടങ്ങിയവയാണ് നൽകുന്നത്. കടല. മീൻ, കള്ള് എന്നിവ പ്രസാദമായി ലഭിക്കുന്ന ക്ഷേത്രങ്ങളെ കുറിച്ചും നാം കേട്ടിട്ടുണ്ട്. എന്നാൽ പണം പ്രസാദമായി നൽകുന്ന ഒരു ക്ഷേത്രത്തിലെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. തമിഴ്നാട്ടിലെ ഒരു ക്ഷേത്രത്തിൽ ഭക്തർക്ക് പ്രസാദമായി നാണയങ്ങൾ നൽകുന്ന വീഡിയോയാണ് വൈറലായത്. ദൃശ്യങ്ങളിൽ വായിൽ സിഗരറ്റ് പുകച്ചുകൊണ്ട് പൂജാരി എന്ന് കരുതുന്ന ഒരാൾ ക്ഷേത്രദർശനത്തിനെത്തിയവർക്ക് നാണയങ്ങൾ വിതരണം ചെയ്യുന്നത് കാണാം.
തമിഴ്നാട്ടിലെ തേനി ജില്ലയിൽപ്പെടുന്ന കടമലക്കുണ്ടിനടുത്തുള്ള കുന്നിൻ പ്രദേശത്തെ ശ്രീവാരംതാരം മാളിഗൈപാറൈ കറുപ്പസ്വാമി ക്ഷേത്രത്തിലാണ് ഈ സവിശേഷമായ ആചാരം നിലനിൽക്കുന്നത്. 'പിടി കാസ്' എന്ന പേരിലാണ് പ്രസാദമായി നാണയങ്ങൾ നൽകപ്പെടുന്നത്. കറുപ്പസ്വാമി എന്നും അറുപ്പസ്വാമി എന്നും അറിയപ്പെടുന്ന ഈ മൂർത്തിയെ ത്മിഴ്നാട്ടിലും കേരളത്തിലും കാവൽ ദേവതയായോ കാവൽ ദൈവമോ ആയി ആരാധിക്കപ്പെടുന്നു. ഗ്രാമങ്ങളിലെ പ്രാന്തപ്രദേശങ്ങളിലാണ് കറുപ്പസ്വാമിക്കായി സമർപ്പിച്ചിരിക്കുന്ന ക്ഷേത്രങ്ങൾ സ്ഥിതി ചെയ്യുന്നത്.
Tamil Nadu temple goes viral for giving money as prasad instead of taking donations. pic.twitter.com/8Uud7gNVXv
— ʀᴀᴍ (@ramdevkar07) May 12, 2026
പതിനെട്ടാംപടി കറുപ്പസ്വാമിയാണ് മാളിഗൈപാറെയിലെ പ്രധാനദേവൻ. നീതി നടപ്പാക്കുകയും മനസറിഞ്ഞ് പ്രാർത്ഥിക്കുന്നവർക്ക് അനുഗ്രഹങ്ങൾ ചൊരിയുകയും ചെയ്യുന്ന ദേവനാണ് ഇവിടെയുള്ളത് എന്നാണ് വിശ്വാസം. വരങ്ങൾ നൽകുന്നവൻ എന്നർത്ഥം വരുന്ന വാരംതാരം എന്ന പേര് തന്നെ അതിന്റെ പ്രതീകമാണ്. വ്യാഴം, വെള്ളി, അമാവാസി ദിവസങ്ങളിലാണ് ക്ഷേത്രത്തിൽ നല്ല തിരക്കുള്ളത്, ഈ ദിവസങ്ങളിൽ പ്രത്യേക പൂജയും ദിവ്യപ്രവചനവും നടക്കുന്നു.വ്യക്തിപരമായ പ്രതിസന്ധികൾ, നിയമപരമായ തർക്കങ്ങൾ, കുടുംബ പ്രശ്നങ്ങൾ എന്നിവയ്ക്ക് പരിഹാരം തേടിയാണ് ഭക്തർ ക്ഷേത്രത്തിൽ എത്തുന്നത്.

|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |