SignIn
Kerala Kaumudi Online
Wednesday, 19 August 2026 1.11 AM IST

ഭർത്താവിനെയും നാലുവയസുകാരനായ മകനെയും ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി; ഭാര്യയും ആൺ സുഹൃത്തും അറസ്റ്റിൽ

police
പ്രതീകാത്മക ചിത്രം

ബംഗളൂരു: ഭർത്താവിനെയും നാലുവയസുകാരനായ മകനെയും വീട്ടിൽ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ കേസിൽ ഭാര്യയും സുഹൃത്തും അറസ്റ്റിൽ. ഹരിണി, വിനയ് കുമാർ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ബംഗളൂരു ചിക്കബാനവാരയിലെ വീട്ടിൽ 35കാരനായ അഭിനന്ദനെയും മകനെയും ഇന്നലെ രാവിലെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.

സംഭവത്തിൽ സംശയം തോന്നിയ പൊലീസ് വിശദമായ അന്വേഷണത്തിനൊടുവിലാണ് ഇരട്ടക്കൊലപാതകം പുറത്തുകൊണ്ടുവന്നത്. അഭിനന്ദന്റെ ഭാര്യയായ ഹരിണിക്ക് കൊലപാതകത്തിൽ പങ്കുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായി. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ ഹരിണി കുറ്റം സമ്മതിച്ചതായും ഇവരുടെ സുഹൃത്ത് കുമാറിനെയും കസ്റ്റഡിയിലെടുത്തതായും പൊലീസ് വ്യക്തമാക്കി.

ഞായറാഴ്ച രാത്രി ബന്ധുവിന്റെ വീട്ടിൽ പോയി മടങ്ങിയെത്തിയ അഭിനന്ദനും മകനും ഉറങ്ങാൻ കിടന്നതിന് പിന്നാലെയാണ് കൊലപാതകം നടന്നത്. ഹരിണിയും കുമാറും ചേർന്ന് ഇരുവരെയും ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ഭർത്താവുമായി പല കാര്യങ്ങളിലും നിരന്തരം വഴക്കുണ്ടായിരുന്നതായി ഹരിണി പൊലീസിനോട് പറഞ്ഞു. വെള്ളിയാഴ്ച ഇരുവരും തമ്മിൽ വഴക്കുണ്ടായതിന് പിന്നാലെ ഭർത്താവിനെ ഒഴിവാക്കാൻ ഹരിണി തീരുമാനിക്കുകയും സുഹൃത്തിന്റെ സഹായം തേടുകയുമായിരുന്നു. തുടർന്ന് ഇരുവരും ചേർന്ന് കൊലപാതകം ആസൂത്രണം ചെയ്‌തെന്നാണ് പൊലീസ് പറയുന്നത്.

ആദ്യഘട്ടത്തിൽ ഭർത്താവിനെ മാത്രം കൊലപ്പെടുത്താനായിരുന്നു പദ്ധതി. എന്നാൽ ആക്രമണത്തിനിടെ മകൻ ഉണർന്ന് സംഭവം കണ്ടതോടെ തെളിവുകൾ അവശേഷിക്കാതിരിക്കാൻ കുട്ടിയെയും ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്ന് പൊലീസ് വ്യക്തമാക്കി. ഭർത്താവിനെയും മകനെയും അബോധാവസ്ഥയിൽ കണ്ടെത്തിയെന്ന് പറഞ്ഞ് ഹരിണി തന്നെയാണ് പൊലീസിനെ വിവരമറിയിച്ചത്. പൊലീസ് സ്ഥലത്തെത്തിയപ്പോൾ ഇരുവരെയും മരിച്ചനിലയിൽ കണ്ടെത്തി. ശരീരത്തിൽ പരിക്കുകളോ മറ്റും ഉണ്ടായിരുന്നില്ല. തുടർന്നുള്ള അന്വേഷണത്തിലാണ് ശ്വാസംമുട്ടിച്ചാണ് ഇരുവരെയും കൊലപ്പെടുത്തിയതെന്ന് കണ്ടെത്തിയത്.

അഭിനന്ദന്റെ അമ്മ നൽകിയ പരാതിയിൽ, ഹരിണി ഒരു വർഷം മുൻപ് കുമാറിനൊപ്പം ഒളിച്ചോടിയിരുന്നതായും രണ്ട് മാസത്തിന് ശേഷം തിരികെ എത്തിയതായും പറയുന്നു. എന്നിട്ടും അഭിനന്ദൻ ഹരിണിയെ വീട്ടിലേക്ക് തിരികെ സ്വീകരിച്ചു. എന്നാൽ പിന്നീട് ഇരുവരും തമ്മിൽ നിരന്തരം വഴക്കുണ്ടായിരുന്നതായും പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു.

English Summary

A woman and her friend were arrested in Bengaluru for the alleged suffocation murders of her 35-year-old husband and their four-year-old son. Harini confessed to killing her husband due to marital disputes, with Vinay Kumar's help. Police stated the child was murdered to remove a witness after the initial attack.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CRIMENEWS, BENGALURU, LATESTNEWS, ARREST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY