
പൊലീസുകാർ ഉൾപ്പെടെ 7 പേർക്ക് പരിക്ക്
ആറ്റിങ്ങൽ: ആറ്റിങ്ങൽ ഗവ.പോളിടെക്നിക് കോളേജിൽ കോളേജ് യൂണിയൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിൽ രണ്ട് പൊലീസുകാർ ഉൾപ്പെടെ 7 പേർക്ക് പരിക്ക്. മുഴുവൻ സീറ്റിലും വിജയിച്ച കെ.എസ്.യുവിന്റെ ആഹ്ലാദപ്രകടനം ആരംഭിച്ചപ്പോൾ എസ്.എഫ്.ഐ പ്രവർത്തകരുമായുണ്ടായ വാക്കുതർക്കം സംഘർഷത്തിലെത്തുകകയായിരുന്നു.
കോളേജിന് പുറത്തുനിന്നുള്ള പ്രവർത്തകർ കൂടി ഇടപ്പെട്ടതോടെയാണ് പ്രശ്‌നം വഷളായത്. പരിക്കേറ്റ അഞ്ചുപേരിൽ മൂന്നുപേർ പുറത്ത് നിന്നുള്ളവരാണ്. സ്ഥലത്ത് വൻ പൊലീസ് സംഘം ഉണ്ടായിരുന്നത് അക്രമങ്ങൾക്ക് ആക്കം കുറച്ചു. അക്രമം തടയുന്നതിനിടെയാണ് പൊലീസുകാർക്ക് മർദ്ദനമേറ്റത്. തുടർന്ന് കൂടുതൽ പൊലീസ് സംഘം സ്ഥലത്തെത്തി സ്ഥിതി നിയന്ത്രണ വിധേയമാക്കുകയായിരുന്നു. കെ.എസ്.യു പ്രവർത്തകരായ ആഷിഷ്,മുംതാസിൻ,എസ്.എഫ്.ഐ പ്രവർത്തകരായ അർജുൻ, ബേഷ്മ,ആരോമൽ എന്നിവർക്കും ഷെർഷ,അനന്ദു എന്നീ പൊലീസുകാർക്കുമാണ് പരിക്കേറ്റത്. പരിക്കേറ്റ വിദ്യാർത്ഥികളെ ആറ്റിങ്ങൽ വലിയകുന്ന് താലൂക്ക് ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റി. പൊലീസുകാരുടെ പരിക്ക് സാരമല്ല.
വലിയകുന്ന് താലൂക്കാശുപത്രി പരിസരത്ത് ഇരുവിഭാഗങ്ങളിൽപ്പെട്ട നേതാക്കളും വിദ്യാർത്ഥികളും തമ്പടിച്ചതോടെ സംഘർഷ സാദ്ധ്യത കണക്കിലെടുത്ത് കൂടുതൽ പൊലീസിനെ വിന്യസിച്ചു. ഒ.എസ്.അംബിക എം.എൽ.എ,നഗരസഭ ചെയർപേഴ്സൺ എം.പ്രദീപ്,ജില്ലാപഞ്ചായത്ത് അംഗം നബീൽ കല്ലമ്പലം തുടങ്ങിയവർ വലിയകുന്ന് താലൂക്കാശുപത്രിയിലെത്തി പരിക്കേറ്റവരെ സന്ദർശിച്ചു.
ഫോട്ടോ: പരിക്കേറ്റ് ചികിത്സ തേടിയ ആഷിഷ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |