ചണ്ഡീഗഡ്: ഭാര്യയെ കോടാലികൊണ്ട് വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് വിഷം കഴിച്ച് മരിച്ചു. പഞ്ചാബിലെ ബർണാല സ്വദേശികളായ ഭോലാ സിംഗ്(50), ഭാര്യ കരംജിത് കൗർ(50) എന്നിവരാണ് മരിച്ചത്. ചന്നൻവാൽ ഗ്രാമത്തിന് സമീപമുള്ള വയലിൽ വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം.
പൊലീസ് നൽകുന്ന വിവരമനുസരിച്ച് വെള്ളിയാഴ്ച ഉച്ചയോടെ കരംജിത് കൗർ ഗ്രാമവാസിയായ മൻജിത് കൗറിനൊപ്പം കാലിത്തീറ്റ ശേഖരിക്കാൻ വയലിലെത്തിയിരുന്നു. പുല്ല് മുറിക്കുന്നതിനിടെ പിന്നിലൂടെ എത്തിയ ഭോലാ സിംഗ് കോടാലികൊണ്ട് പലതവണ വെട്ടുകയായിരുന്നു. ആക്രമണം നടന്നയുടൻതന്നെ കരംജിത്തിന്റെ മരണം സംഭവിച്ചു.
സംഭവത്തിന് ശേഷം വീട്ടിലേക്ക് മടങ്ങിയ ഭോലാ സിംഗ് വിഷം കഴിച്ച് ആത്മഹത്യചെയ്യുകയായിരുന്നു. തുടർന്ന് ഇയാളെ ബർണാല സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. കൊലപാതകത്തിലേക്ക് നയിച്ച കാരണം വ്യക്തമല്ല. ദമ്പതികൾക്ക് മൂന്ന് പെൺമക്കളും മകനുമടക്കം നാല് മക്കളുണ്ട്. മൂത്ത മകളുടെ വിവാഹം കഴിഞ്ഞു. മറ്റുള്ളവർ വിദ്യാർത്ഥികളാണ്.
ദിവസവേതന തൊഴിലാളിയായിരുന്ന ഭോലാ സിംഗ് ലഹരിക്ക് അടിമയായിരുന്നെന്നും ഇതിന്റെ പേരിൽ കുടുംബത്തിൽ പതിവായി തർക്കങ്ങൾ ഉണ്ടായിരുന്നെന്നുമാണ് പ്രാഥമിക വിവരം. എന്നാൽ, ലഹരിയുടെ ഉപയോഗമോ ഭാര്യയ്ക്കുമേലുള്ള സംശയമോ കൊലപാതകത്തിലേക്ക് നയിച്ചിട്ടുണ്ടോയെന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി. വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
A man allegedly killed his wife with an axe in Punjab’s Barnala district before consuming poison and dying at a hospital.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |