
ഇടുക്കി:വിവാഹം കഴിക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ പെൺകുട്ടിയെ കൊലപ്പെടുത്തി കത്തിച്ച കേസിൽ സുഹൃത്തായ യുവാവ് പിടിയിൽ. രാജാക്കാട് സ്വദേശിയായ ഓട്ടോഡ്രൈവർ നിഷാന്തിനെയാണ്(19)പൊലീസ് കസ്റ്റഡിയിലെടുത്തത്. തമിഴ്നാട് ബോഡിനായ്ക്കന്നൂർ സ്വദേശി നിത്യയാണ്(18) കൊല്ലപ്പെട്ടത്. കഴിഞ്ഞ 14ന് പാംബ്ലയിൽ കണ്ടെത്തിയ മൃതദേഹം നിത്യയുടേതാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.
ബോഡിനായ്ക്കന്നൂർ സ്കൂളിൽ ഒന്നിച്ചുപഠിച്ച സമയത്താണ് ഇരുവരും സൗഹൃദത്തിലായത്. പെൺകുട്ടിക്ക് മറ്റൊരാളോട് അടുപ്പമുണ്ടെന്ന സംശയമാണ് തർക്കത്തിനിടയാക്കിയത്. വിവാഹം കഴിക്കാനെന്ന പേരിൽ കഴിഞ്ഞ 12ന് പെൺകുട്ടിയെ പൂപ്പാറയിലേക്ക് വിളിച്ചുവരുത്തി. നിഷാന്തിന്റെ ഓട്ടോയിലിരുന്ന് സംസാരിക്കുന്നതിനിടെ തർക്കമുണ്ടായി. തുടർന്ന് പെൺകുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. മുഖത്ത് കല്ലുകൊണ്ടിടിച്ച് മരണം ഉറപ്പാക്കി. ഓട്ടോറിക്ഷയിൽ ഒളിപ്പിച്ച മൃതദേഹം രാത്രിയോടെ പാംബ്ല പനംകുട്ടി ചെക്ക്പോസ്റ്റിന് സമീപം പെട്രോൾ ഒഴിച്ച് കത്തിച്ചു.
കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയ വിനോദസഞ്ചാരികളാണ്
കരിമണൽ പൊലീസിനെ അറിയിച്ചത്. മൃതദേഹംഇടുക്കി മെഡിക്കൽ കോളേജിലാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷമേ കൂടുതൽ വ്യക്തത നൽകാനാകൂവെന്ന പൊലീസ് അറിയിച്ചു.
പെൺകുട്ടിയെ കാണാതായ ദിവസം തേനി പൊലീസിൽ പരാതി നൽകിയിരുന്നെങ്കിലും അന്വേഷണം ഊർജ്ജിതമായിരുന്നില്ലെന്ന് വീട്ടുകാർ പറഞ്ഞു. യുവാവും പെൺകുട്ടിയുമായുള സൗഹൃദത്തെക്കുറിച്ച് വീട്ടുകാർ പൊലീസിനെ അറിയിച്ചിരുന്നു.
ഒന്നരവർഷം മുമ്പ് നിഷാന്തിനൊപ്പം ഇറങ്ങിപ്പോയ പെൺകുട്ടിയെ പ്രായപൂർത്തിയായിട്ടില്ലെന്ന കാരണത്താൽ ബന്ധുക്കൾ തിരിച്ച് വീട്ടിലേക്ക് കൊണ്ടുവന്നിരുന്നു. 18 വയസ് പൂർത്തിയാകുമ്പോൾ വിവാഹം നടത്താം എന്ന് ഉറപ്പ് നൽകിയാണ് ബന്ധുക്കൾ മടങ്ങിയത്. നിഷാന്തിന്റെ സുഹൃത്തുക്കൾക്കും കൃത്യത്തിൽ പങ്കുള്ളതായി ബന്ധുക്കൾ ആരോപിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |