പൂനെ: മാദ്ധ്യമപ്രവർത്തകർക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ച് പൂനെ കൊലക്കേസ് പ്രതി സിയ ഗോയൽ. യുവ വ്യവസായി കേതൻ അഗർവാളിനെ (25) കാമുകനുമായി ചേർന്ന് ലോഹഗഡ് കോട്ടയിൽ നിന്നും തള്ളിയിട്ട് കൊലപ്പെടുത്തിയ സംഭവത്തിൽ സിയയെ തെളിവെടുപ്പിന് വീട്ടിലെത്തിച്ചപ്പോഴായിരുന്നു സംഭവം. പൊലീസ് അകമ്പടിയോടെ വീട്ടിൽ നിന്നും പുറത്തേക്ക് വരുമ്പോൾ പുറത്ത് നിലയുറപ്പിച്ചിരുന്ന മാദ്ധ്യമങ്ങൾക്ക് നേരെ സിയ നടുവിരൽ ഉയർത്തി അശ്ലീല ആംഗ്യം കാണിക്കുകയായിരുന്നു.
കഴിഞ്ഞ ജൂൺ 18നാണ് മഹാരാഷ്ട്രയിലെ പൂനെയ്ക്കടുത്തുള്ള ലോഹഗഡ് കോട്ടയിൽ കേതൻ അഗർവാൾ എന്ന യുവാവ് താഴ്ച്ചയിലേക്ക് വീണ് മരിക്കുന്നത്. പ്രതിശ്രുത വരനായ കേതനെ സിയയും കാമുകൻ ചേതൻ ചൗധരിയും ചേർന്ന് താഴേക്ക് തള്ളിയിടുകയായിരുന്നു. ആദ്യഘട്ടത്തിൽ കേതൻ കാൽ വഴുതി വീണതാണെന്നാണ് സിയ പൊലീസിനോട് പറഞ്ഞിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് അപകട മരണത്തിനാണ് കേസ് രജിസ്റ്റർ ചെയ്തത്. എന്നാൽ മരണശേഷവും സിയയുടെ പെരുമാറ്റത്തിൽ യാതൊരുവിധ സങ്കടമോ ഭാവഭേദമോ ഇല്ലാതിരുന്നത് പൊലീസിൽ സംശയം ജനിപ്പിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിയുകയും സിയയെയും കാമുകൻ ചേതനെയും പൊലീസ് അറസ്റ്റ് ചെയ്യുന്നതും.
Pune, Maharashtra: Siya Goyal, accused in the Ketan Agarwal murder case, was taken by Pune Rural Police to her Market Yard residence for investigation. After the investigation was completed, while leaving the house, Siya Goyal allegedly made obscene gestures and showed the middle… pic.twitter.com/mHnQKlfRrq
— IANS (@ians_india) July 2, 2026
വരുന്ന നവംബറിൽ സിയയുടെയും കേതന്റെയും വിവാഹം വീട്ടുകാർ ഉറപ്പിച്ചിരുന്നു. എന്നാൽ സിയ ചേതനുമായി പ്രണയത്തിലായിരുന്നതിനാൽ തങ്ങളുടെ ബന്ധത്തിന് കേതൻ തടസമാണെന്ന് മനസിലാക്കിയ ഇരുവരും ചേർന്ന് കേതനെ വകവരുത്താൻ ഗൂഢാലോചന നടത്തുകയായിരുന്നു.
ജൂൺ 14നായിരുന്നു കൊലപാതകം നടത്താനുള്ള സിയയുടെ ആദ്യ ശ്രമം. യുവതി കേതനെ കോട്ടയിലേക്ക് കൂട്ടിക്കൊണ്ടുപോയി താഴ്‌വരയിലേക്ക് തള്ളിവിട്ടു. എന്നാൽ ഭാഗ്യവശാൽ കേതൻ മലഞ്ചെരിവിലെ പൊന്തക്കാട്ടിൽ പിടിച്ച് രക്ഷപ്പെട്ടു. ഇതുകണ്ട് പതറിപ്പോയ സിയ അവിടെ പാമ്പിനെ കണ്ടെന്ന് കള്ളം പറഞ്ഞുനിലവിളിച്ച് കേതനെ കെട്ടിപ്പിടിച്ച് ശ്രദ്ധ തിരിക്കുകയും തന്റെ കൊലപാതക ശ്രമം മൂടിവയ്ക്കുകയുമായിരുന്നു.
ആദ്യ ശ്രമം പരാജയപ്പെട്ടതിനെ തുടർന്ന് സിയ കേതനെ വീണ്ടും ജൂൺ 18ന് കോട്ടയിലേക്ക് നിർബന്ധിച്ച് കൂട്ടിക്കൊണ്ടുപോയി. ഇത്തവണ കാമുകനായ ചേതനെയും ഒപ്പം കൂട്ടിയിരുന്നു. തുടർന്ന് ഇരുവരും ചേർന്ന് കേതനെ പിന്നിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നു. പ്രതികളായ സിയയെയും ചേതനെയും ഇന്ന് ഉച്ചയ്ക്ക് 2:30ഓടെ വഡ്‌ഗാവ് കോടതിയിൽ ഹാജരാക്കും. പ്രതികളെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി പൂനെ റൂറൽ പൊലീസ് കസ്റ്റഡി കാലാവധി നീട്ടി ചോദിക്കുമെന്നാണ് റിപ്പോർട്ടുകൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |