ഭിൽവാര: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മുഖംമൂടി ധരിച്ച് മൊബൈൽ ഷോപ്പിൽ മോഷണം നടത്തി സംഘം. രാജസ്ഥാനിലെ ഭിൽവാര ജില്ലയിലെ കരേഡയിലാണ് സംഭവം. ഇന്നലെ രാത്രി ബസ് സ്റ്റാൻഡിന് സമീപമുള്ള മതേശ്വരി മൊബൈൽ ഷോപ്പിലാണ് മോഷണം നടന്നത്. അഞ്ച് ലക്ഷം രൂപ വിലമതിക്കുന്ന നാൽപ്പതോളം സ്‌മാർട്ട്‌ഫോണുകളാണ് മോഷണം പോയത്.
ഇന്ന് രാവിലെ കട തുറന്നപ്പോഴാണ് മോഷണം നടന്ന വിവരം കടയുടമ ലക്ഷ്‌മൺ അറിഞ്ഞത്. സിസിടിവി പരിശോധിച്ചപ്പോൾ മോദിയുടെ മുഖംമൂടി ധരിച്ചാണ് പ്രതികൾ എത്തിയതെന്ന് കണ്ടെത്തി. കടയുടെ ഗേറ്റിന്റെ പൂട്ട് തകർത്താണ് സംഘം അകത്തേക്ക് പ്രവേശിച്ചത്. പ്രധാന കമ്പനികളുടെ വിലകൂടിയ സ്‌മാർട്ട്‌ഫോണുകളാണ് മോഷ്‌ടിക്കപ്പെട്ടതെന്ന് കടയുടമ പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തിൽ കരേഡ പൊലീസ് സ്ഥലത്തെത്തി പരിശോധിച്ചു.
ഇന്നലെ രാത്രി നഗരത്തിലെ മറ്റൊരു മൊബൈൽ ഷോപ്പിലും സംഘം മോഷണത്തിന് ശ്രമിച്ചു. അവിടുത്തെ സിസിടിവി പരിശോധിച്ചപ്പോഴും മോദിയുടെ മുഖംമൂടി ധരിച്ചയാളുടെ ദൃശ്യങ്ങളുണ്ടായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |