ചെന്നൈ: യൂട്യൂബ് നോക്കി വീട്ടിൽ പ്രസവിച്ച യുവതി അമിത രക്തസ്രാവത്തെത്തുടർന്ന് ചികിത്സയിലിരിക്കെ മരിച്ചു. തമിഴ്‌നാട് തിരുപ്പൂരിനടുത്ത് ദളവായ്‌പാളയത്താണ് സംഭവം. കർഷകനായ കുളന്തൈസാമിയുടെ ഭാര്യ ശശികല (32) ആണ് കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്.
ഈ മാസം 24നായിരുന്നു സംഭവം. സുഖപ്രസവം ഉറപ്പുവരുത്താനാണ് യൂട്യൂബ് വീഡിയോകളിൽ പറയുന്നതനുസരിച്ച് ഇവർ വീട്ടിൽ പ്രസവിച്ചതെന്നാണ് പൊലീസ് പറയുന്നത്. ശശികല ആരോഗ്യമുള്ള ആൺകുഞ്ഞിന് ജന്മംനൽകിയെങ്കിലും പ്രസവശേഷം അവർക്ക് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടായി. ഉടൻതന്നെ ബന്ധുക്കൾ ചേർന്ന് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു.
ശശികലയുടെ ആദ്യ പ്രസവം സിസേറിയൻ (സി - സെക്ഷൻ) ആയിരുന്നു. ഇതോടെ അവർക്ക് അലോപ്പതിയോട് വെറുപ്പായി. ഇനി ഒരു തവണ കൂടി സിസേറിയൻ ചെയ്യാൻ താൽപ്പര്യമില്ലാത്തതിനാലാണ് യൂട്യൂബ് നോക്കി സുഖപ്രസവം നടത്താൻ കുടുംബം തീരുമാനിച്ചത്. അതിനാൽ, ഇവർ ഗർഭത്തിന്റെ തുടക്കകാലം മുതലേ ആശുപത്രിയിൽ പോയിരുന്നില്ലെന്നാണ് പൊലീസ് പറയുന്നത്.
ഭർത്താവും ഭർതൃമാതാവും ചേർന്നാണ് ശശികലയെ വീട്ടിൽ പ്രസവിക്കാൻ നിർബന്ധിച്ചത്. ശശികലയുടെ കുടുംബം പരാതി നൽകിയിട്ടില്ലെങ്കിലും മനഃപൂർവമല്ലാത്ത നരഹത്യയ്‌ക്ക് ഇവർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ദേശീയ മെഡിക്കൽ കമ്മീഷൻ ആക്‌ടിലെ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. ശശികലയുടെ ഭർത്താവിനെയും ഭർതൃമാതാവിനെയും പൊലീസ് ചോദ്യംചെയ്‌തുവരികയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |